ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന് പകല്‍ 2ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര പകല്‍ ഒന്നിന് ക്ഷേത്ര കടവില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്യും. മത്സര വള്ളംകളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30ന് ആറന്മുള ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കലക്ടര്‍ ദിവ്യാ എസ് അയ്യര്‍ പതാക ഉയര്‍ത്തുന്നതോടെ ജലോത്സവ പരിപാടികള്‍ ആരംഭിക്കും. 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയില്‍ പങ്കെടുക്കുക. മത്സര വള്ളംകളിയില്‍ 48 പള്ളിയോടങ്ങളും പങ്കെടുക്കുമെന്ന് പള്ളിയോടസേവാ സംഘം ഭാരവാഹികള്‍ അറിയിച്ചു.
വള്ളംകളിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ‘പാഞ്ചജന്യം’ സുവനീര്‍ കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്യും. പള്ളിയോട സേവാ സംഘം നല്‍കുന്ന രാമപുരത്തു വാര്യര്‍ പുരസ്‌കാരം മാളികപ്പുറം സിനിമ സംവിധായകന്‍ അഭിലാഷ് പിള്ളയ്ക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ സമ്മാനിക്കും. പള്ളിയോട ശില്പി സന്തോഷ് ആചാരിയെ ആന്റോ ആന്റണി എംപിയും വഞ്ചിപ്പാട്ട് ആചാര്യന്‍ ശിവന്‍കുട്ടി ആശാനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ആദരിക്കും. കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തും. മത്സര വള്ളംകളിയിലെ വിജയികള്‍ക്കുള്ള സമ്മാനം എന്‍എസ്എസ് ട്രഷറര്‍ എന്‍ വി അയ്യപ്പന്‍ പിള്ള വിതരണം ചെയ്യും.
നദിയില്‍ ജലനിരപ്പ് കുറവായതിനാല്‍ ശനിയാഴ്ച പുലര്‍ച്ചെ നാലിന് മണിയാര്‍ അണക്കെട്ട് തുറന്ന് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതോടെ വള്ളംകളി സുഗമമായി നടക്കാന്‍ ആവശ്യമായ വെള്ളം ലഭിക്കുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച രാത്രി പമ്പാ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ പെയ്തിരുന്നു. ഇതും ജലനിരപ്പ് കൂടാന്‍ ഇടയാക്കുമെന്ന് കരുതുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല