പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ. കെ.എസ്. മാധവൻ
ഡോ. ടി.എസ്. ശ്യാംകുമാർ
ഡോക്ടർ ബി ആർ അംബേദ്കർ ‘അനിഹിലേഷ൯ ഓഫ് കാസ്റ്റ്’ എന്ന സമരോത്സുകവും വിമോചനാത്മകവുമായ ഗ്രന്ഥം രചിച്ചിട്ട് എൺപത്തഞ്ചാണ്ടുകൾ പൂർത്തിയായിരിക്കുകയാണ്. 1936 ൽ ലാഹോറിലെ ജാത്-പാത് തോഡക് മണ്ഡലിൽ അംബേദ്കർ നടത്താതെ പോയ പ്രഭാഷണത്തിന്റെ ലിഖിതരൂപമാണ് അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന വിഖ്യാത ഗ്രന്ഥം. മുപ്പതുകളിൽ (1936 ) എഴുതപ്പെടുകയും, മലയാളമുൾപ്പെടെ ഒട്ടുമിക്ക ഇന്ത്യൻ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ഈ കൃതി ഇന്ത്യൻ സമൂഹത്തിന്റെയും ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻറെയും ഭരണഘടനാജനാധിപത്യത്തിൻറെയും മേൽ ബ്രാഹ്മണ്യാശയലോകവും വരേണ്യ-ആധിപത്യ വ്യവസ്ഥയും ചെലുത്തുന്ന അപകടകരമായ സ്വാധീനത്തെക്കുറിച്ച് നിതാന്തമായ രാഷ്ട്രീയ ജാഗ്രതയാണ് ആവശ്യപ്പെടുന്നത്. ജാതിഹിന്ദുത്വ-വരേണ്യ വ്യവസ്ഥ ഇന്ത്യ ഭരിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന ജ്ഞാനാത്മക പ്രായോഗിക പദ്ധതിയായും സാമൂഹിക-രാഷ്ട്രീയ ദർശനങ്ങൾ ഉൾവഹിക്കുന്ന വിമോചനാത്കമായ ഗ്രന്ഥവുമായാണ് വർത്തമാനകാലത്ത് ‘അനിഹിലേഷ൯ ഓഫ് കാസ്റ്റ്’ അതിൻറെ ചരിത്ര ജീവിതം തുടരുന്നത്.
ഇന്ത്യയെ ആധുനിക ഇന്ത്യയാക്കി പരിവർത്തിപ്പിക്കുന്ന ഗ്രന്ഥം
1920-കളിലുണ്ടായി വന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രവും വരേണ്യ ബ്രാഹ്മണ്യാശയങ്ങളും ദേശീയപ്രസ്ഥാനത്തെ ആഴത്തിൽ പിടിമുറുക്കിയിരുന്നു. സമകാലിക ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തെയും വരിഞ്ഞുമുറുക്കുന്ന ബ്രാഹ്മണ്യ- ഹിന്ദുത്വ വ്യവസ്ഥയ്ക്ക് എതിരായ ശക്തമായ പ്രതിരോധം ആണ് ജാതി ഉന്മൂലനം (അനിഹിലേഷ൯ ഓഫ് കാസ്റ്റ്). ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഇന്ത്യയുടെ ചരിത്ര ജീവിതത്തെ ഹിന്ദുത്വ- ബ്രാഹ്മണിക ശക്തികൾ ഹിംസാത്മകമായി പിടിമുറുക്കുന്ന അവസരത്തിലാണ് ഡോക്ടർ ബി ആർ അംബേദ്കർ ജാതി ഉന്മൂലനം രചിക്കുന്നതെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്മണ്യാധിപത്യം ഇന്ത്യയുടെ രാഷ്ട്രീയ ജനാധിപത്യത്തിൽ മേൽക്കോയ്മ സ്ഥാപിക്കാനുള്ള സാധ്യതയെ ദീർഘദർശനം ചെയ്തു കൊണ്ട് അതിനെ പ്രതിരോധിക്കുവാനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പദ്ധതിയാണ് ജാതി ഉന്മൂലനത്തിലൂടെ അംബേദ്കർ ആവിഷ്കരിച്ചത്. ഇന്ത്യ ഒരു ഹിന്ദു രാജ്യമായി രൂപം മാറിയാൽ ഇന്ത്യയുടെ സമത്വത്തിനും രാഷ്ട്രീയ ജനാധിപത്യത്തിനും പൗരത്വ സങ്കല്പത്തിനും സമ്പൂർണമായി എതിരായിട്ടുള്ള ഒരു രാഷ്ട്ര രൂപമായിരിക്കും അതെന്നും അതിനെ തടയേണ്ടതുണ്ടെന്നും അംബേദ്കർ പിൽകാലത്ത് സൂചിപ്പിക്കുന്നതിന്റെ ദാർശനിക ചിന്താധാരയും സാമൂഹ്യശാസ്ത്ര ഉൾക്കാഴ്ചയും അനിഹിലേഷൻ ഓഫ് കാസ്റ്റിൽ വ്യക്തമായി പതിഞ്ഞു കിടക്കുന്നുണ്ട്. ഏഴു പതിറ്റാണ്ടിനുശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ ജനാധിപത്യത്തിന്റെ അവസ്ഥയും സമഗ്രാധിപത്യ ഹിന്ദുത്വത്തിൻറെ തേർവാഴ്ചയും ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള പകർച്ചയും സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ അതിൻറെ മൂല കാരണത്തെ പ്രത്യയശാസ്ത്രപരമായി തന്നെ അഗാധദർശനം ചെയ്യുന്ന കൃതിയാണ് ഡോക്ടർ അംബേദ്കറുടെ ജാതി ഉന്മൂലന൦. “ജാതിയുടെ അടിത്തറയ്ക്ക് മേൽ ഒന്നും നിങ്ങൾക്ക് കെട്ടിപ്പടുക്കാൻ ആവില്ല. നിങ്ങൾക്ക് രാഷ്ട്രം പണിതുയർത്താൻ, നിങ്ങൾക്ക് ധാർമികത പടുത്തുയർത്താൻ പറ്റില്ല. ജാതിയുടെ അടിത്തറയ്ക്കുമേൽ നിങ്ങൾ പണിയുന്നത് എന്തായാലും അത് തകരും” എന്ന് അംബേദ്കറുടെ നിരീക്ഷണം സമഗ്രാധിപത്യ ഹിന്ദുത്വ വ്യവസ്ഥയെ മുൻകൂട്ടി കണ്ടു കൊണ്ടുള്ളതാണ്. ഇന്ത്യയിൽ നിലനിന്നുപോരുന്ന അസമത്വത്തിന്റെയു൦ നീതി നിഷേധത്തിന്റെയും ദാരിദ്ര്യത്തിന്റെയും നാരായവേര് ജാതിവ്യവസ്ഥയും അതിൻറെ സാധൂകരണയുക്തികളും ആണെന്ന് അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. അതു കൊണ്ടു തന്നെ ഇന്ത്യ ഒരു ആധുനിക ജനാധിപത്യ ഇന്ത്യയായി പരിവ൪ത്തിക്കണമെങ്കിൽ ജാതി നിർമൂലനം അടിയന്തിരമായ സാമൂഹ്യ-രാഷ്ട്രീയ ആവശ്യമായിരിക്കണമെന്ന് അംബേദ്കർക്ക് ബോധ്യപ്പെട്ടിരുന്നു. ഹൈന്ദവ ബ്രാഹ്മണ്യ വ്യവസ്ഥയെ പരിഷ്കരിക്കാൻ സാധ്യമല്ല അതിനാൽ ബ്രാഹ്മണ്യ മൂല്യ വ്യവസ്ഥ, അതിൻറെ മത സ്വരൂപം, ഗ്രന്ഥപാരമ്പര്യം എന്നിവകളിൽ നിന്നു വിടുതൽ നേടിയാൽ മാത്രമേ ഇന്ത്യക്ക് ഒരു ആധുനിക ദേശ രാഷ്ട്രം ആയി മാറി തീരാൻ കഴിയുകയുള്ളൂ എന്ന് അനിഹിലേഷൻ ഓഫ് കാസ്റ്റ് ഉദ്ഘോഷിക്കുന്നു. ഇന്ത്യയിൽ വിഭവാധികാരത്തിന്റെയും ഭൂവധികാരത്തിന്റെയും പാരമ്പര്യ സംവാഹകരായും അധികാരങ്ങളിൽ ഭൂരിപക്ഷവർഗ്ഗം ആയും വരേണ്യ-ത്രൈ വർണ്ണിക വൃന്ദങ്ങൾ നിരന്തരം മാറി തീരുന്നതിന്റെയും ദളിതരും പിന്നോക്ക ജാതി വിഭാഗങ്ങളും ന്യൂനപക്ഷ മത വിഭാഗങ്ങളും പുറന്തള്ളപ്പെടുന്നതിന്റെയും പിന്നിൽ സദാ പ്രവർത്തിക്കുന്നത് ജാതി വരേണ്യ യുക്തികളാണ്. അതുകൊണ്ടുതന്നെ അരിക് വൽക്കരിക്കപ്പെട്ട സാമൂഹ്യജനവിഭാഗങ്ങളുടെ ഉൾക്കൊള്ളൽ ഇന്ത്യയുടെ ദേശരാഷ്ട്ര ജനാധിപത്യത്തിൽ വികസിച്ചു വരണമെങ്കിൽ ജാതി ഉന്മൂലനം അതിൻറെ പ്രഥമപരിഗണനയായി തീരണം. ഇന്ത്യയെ കൊടിയ അന്ധവിശ്വാസങ്ങളിലും സാമൂഹ്യ തിന്മകളിലും ആഴ്ത്തുന്ന സമഗ്രാധിപത്യ വ്യവസ്ഥയാണ് ജാതി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ജാതി ഉന്മൂലനം ആധുനിക ഇന്ത്യയുടെ പരിണതിക്കാവശ്യമായ ഘടകമായി അംബേദ്കർ കണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഹിന്ദുത്വ ബ്രാഹ്മണ്യത്തെയും ത്രൈവ൪ണിക കോർപ്പറേറ്റ് ഭരണക്രമത്തെയും പ്രതിരോധിക്കാനുള്ള രാഷ്ട്രീയ പാഠമായി ഉയർത്തിപ്പിടിക്കേണ്ട ഗ്രന്ഥമാണ് “ജാതി ഉന്മൂലനം”.
വിമോചനാത്മകമായ തുല്യതയുടെ പുസ്തകം
അനിഹിലേഷൻ ഓഫ് കാസ്റ്റ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ദാർശനിക താക്കോൽ വാക്യം വിമോചനാത്മകമായ തുല്യതയും സമത്വ ജനാധിപത്യവും ആണ്. “ജനാധിപത്യത്തിൻറെ മറ്റൊരുപേര് മാത്രമാണ് സാഹോദര്യം എന്നും”, “ജനാധിപത്യമെന്നത് സഹ മനുഷ്യരോടുള്ള ആദരവിന്റെയും അംഗീകാരത്തിന്റെയു൦ ആവശ്യമായ മനോഭാവവുമായാണ്” അംബേദ്കർ ദർശിച്ചത്. ജനാധിപത്യത്തെ കേവലം ഒരു സർക്കാർ രൂപം മാത്രമായല്ല അംബേദ്കർ നോക്കിക്കണ്ടത്; അത് ജീവിതത്തിൻറെ സമസ്ത തലങ്ങളിലും വ്യാപിക്കുന്ന ഒന്നായാണ് അംബേദ്കർ വിചിന്തനം ചെയ്തത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഉന്നത മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതരീതിക്ക് അടിസ്ഥാന വിഘാതമായി നിലകൊള്ളുന്നത് ‘ജാതി’ ആയതിനാൽ ജാതിയുടെ ഉന്മൂലനത്തിലൂടെ മാത്രമേ സമത്വവും, സ്വാതന്ത്ര്യവും, സാഹോദര്യവും പുലരുകയുള്ളൂ എന്ന് അനിഹിലേഷൻ ഓഫ് കാസ്റ്റ് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തിൽ ‘നന്മകൾ’ ജാതി നിയന്ത്രിതവും ‘ധാർമികത’ ജാതി ബന്ധിതവുമാകയാൽ സമത്വ പൂർണ്ണമായ സാമൂഹിക ജീവിതത്തിന് ജാതി നിർമൂലനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
ജാതിയെ പറ്റി പഠിക്കാൻ വിമോചനാത്മകമായ ഒരു ഭൂഗോള തെക്കൻ (Global South) വിശകലനരീതി ഉപയോഗിച്ചു എന്നതും ജാതിവ്യവസ്ഥയും അതിൻറെ ജീവിതമൂല്യങ്ങളും ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഇന്ത്യൻ സമൂഹത്തെ ആധുനിക ഇന്ത്യൻ സമൂഹമായി പരിവർത്തിപ്പിക്കാൻ വിമോചനാത്മകമായ തുല്യതയിലു൦ സമത്വ ജനാധിപത്യത്തിലും ഊന്നിയുള്ള ജ്ഞാനാത്മക- രാഷ്ട്രീയ ദർശന പദ്ധതി ഇന്ത്യയുടെ സാമൂഹ്യശാസ്ത്ര വൈജ്ഞാനികതയ്ക്കും രാഷ്ട്രീയ ജനാധിപത്യത്തിനും അംബേദ്കർ നൽകി എന്നുള്ളതുമാണ് ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ എന്ന ഗ്രന്ഥത്തിൻറെ രാഷ്ട്രീയ ചരിത്രപ്രാധാന്യം. ബ്രാഹ്മണ്യഹിന്ദുത്വ വ്യവസ്ഥയും അതിൻറെ മൂല്യബോധവും ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ പിടിമുറുക്കുമ്പോൾ അനിഹിലേഷൻ ഓഫ് കാസ്റ്റിൽ മുന്നോട്ടു വയ്ക്കുന്ന വിമോചനാത്മകമായ തുല്യതയും, സമത്വ ജനാധിപത്യത്തിൻറെ രാഷ്ട്രീയ ദർശനവും ഉയർത്തി പിടിക്കേണ്ടത് തീർത്തും അനിവാര്യമാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.