കവിത
അഞ്ജു ഫ്രാൻസിസ്
അത്രമേൽ
ദുഃഖം നിറഞ്ഞ
രാത്രിയൊന്നിലാവണം,
മഴയതിന്റെ
പഞ്ഞിക്കുപ്പായമുരിഞ്ഞ്
തുളുമ്പി വീണത്.
പെയ്യരുതേയെന്ന്
പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ
അത് താരാട്ട് കൊട്ടി.
കറുത്തെല്ലിച്ച
പട്ടിണിക്കുഞ്ഞുങ്ങൾ
ഉറക്കത്തിലേയ്ക്കുരുണ്ടു പോയി.
ഈയൽ ചിറകെരിച്ച
കടും മഞ്ഞ നാളത്തെ,
മഴ,
ഒരുതുള്ളിയുമ്മ കൊണ്ടണച്ചു.
അമ്മയിലേയ്ക്ക് കുത്തിച്ചാരി വെച്ച
പട്ടിണി നോട്ടങ്ങളെ
ഒറ്റയിരുട്ടിൽ കെടുത്തി.
ഇരുട്ടത്ത്,
എല്ലാവരെയും
കെട്ടിപ്പിടിച്ചുറക്കിയിട്ട്
മഴ,
ആരും
മരുന്ന് വെയ്ക്കാനില്ലാത്ത
അമ്മയുടെ
പൊള്ളലുകളിലേയ്ക്ക്
ധാരയാകുന്നുണ്ടാകാം…
പഞ്ഞിക്കുപ്പായമുരിഞ്ഞ്
തുളുമ്പി വീണ മഴ
ഇന്ന് കുട്ടിയല്ല !
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
❤️
Suuuuper ❤️❤️❤️