കോവിഡ് ഓർമ്മിപ്പിക്കുന്ന കാലങ്ങൾ

0
338
aneesha-p

ഓർമ്മക്കുറിപ്പ്

അനീഷ പി

കേവലമായൊരു സൂക്ഷ്മാണുവിനെ ഭയന്ന് മനുഷ്യരെല്ലാം മുറികളിൽ അടച്ചിരിയ്ക്കുകയാണല്ലോ. കൊറോണ ഭീതിയാണ് ഒരോരുത്തരിൽ നിന്നും വെപ്രാളമായി പുറത്തേയ്ക്ക് തെറിക്കുന്നത്‌. ആ കാഴ്ച ആസ്വദിയ്ക്കുന്നൊരു സൈക്കോ ഉള്ളിലുണ്ടായി പോകുന്നുവെന്ന രഹസ്യമാണ് എനിക്ക് പറയാനുള്ളത്. ഒ.സി.ഡി എന്ന് ഓമന പേരിട്ട് വിളിയ്ക്കുന്ന വസ്വാസിന്റെ സൂക്കേട്, ഓർമ്മ വെച്ച നാൾ മുതലേ മുതുകിൽ പേറുന്നവളാണ്. നിങ്ങൾക്കിപ്പോൾ ഇതൊരു കൊറോണപ്പേടിയാണെങ്കിൽ എന്റെ എത്രയെത്ര ദിവസങ്ങളും മാസങ്ങളുമാണിങ്ങനെ പല ജാതി വൈറസുകളും ബാക്ടീരിയകളും പങ്കിട്ടെടുത്തിരിയ്ക്കുന്നത്. പേവിഷബാധ പടർത്തുന്ന റാബീസിനെ പേടിച്ച് അയലത്തു വീട്ടിലെ എത്ര പട്ടികളെയാണ് ഞാൻ കല്ലെറിഞ്ഞോടിച്ചിട്ടുള്ളത്. ലബോറട്ടറികളിൽ, ദിവാ സ്വപ്നം കണ്ട് (എന്ന് എനിയ്ക്കു തോന്നുന്ന) രക്ത പരിശോധന നടത്തുന്ന ചേച്ചി എന്നെ കുത്താൻ പഴയ സൂചി എങ്ങാനും ആണെങ്കിലോ എടുത്തത് എന്ന പ്രാന്തൻ ചിന്തയിൽ ഹെപ്പറ്റൈറ്റിസൊ എച്.ഐ.വി തന്നെയോ പകർന്നിട്ടുണ്ടാകുമോ എന്ന് എന്തു മാത്രമാണ് ഉരുകി തീർന്നിരുന്നത്. അന്നതെല്ലാം ആരോട് പറയാൻ, ആര് കേൾക്കാൻ എന്നൊരു അവസ്ഥയായിരുന്നല്ലോ. അസുഖപ്പേടിയെന്ന ഹൈപ്പോ കോൺഡ്രിയാസിസും പേറി ഞാനങ്ങനെ നടന്നു… അന്നൊക്കെ നാട്ടിലോ വീട്ടിലോ ആർക്കെന്ത് അസുഖം വന്നാലും, അതിത്തിരി പേരും പെരുമയുമുള്ള സൂക്കേടാണെങ്കിൽ പ്രത്യേകിച്ചും ഉള്ളിലെ സംശയ രോഗി ഉണരും.. എനിക്കതുണ്ടാകുമോ എന്ന സംശയമായിരിക്കും പിന്നെ. ഇന്നത്തെ പോലെ അത്ര എളുപ്പത്തിൽ ഗൂഗിൾ ചെയ്ത് നെഞ്ചത്തടിച്ചു കരയാൻ ഒക്കില്ലായിരുന്നു. ഉപ്പയുടെ അലമാരിയിലേക്ക് വലിഞ്ഞു കയറുകയും മെഡിക്കൽ എൻസൈക്ളോപീഡിയ എടുത്ത് തുറന്ന് വെച്ച്, ഒരു മാതിരി ത്രില്ലർ നോവൽ വായിക്കുമ്പോലെ ഒറ്റയിരുപ്പിൽ സംശയിക്കുന്ന അസുഖത്തെ കുറിച്ച് അസാധ്യ പഠനം നടത്തുകയും ചെയ്യുക എന്നതായിരിക്കും ആദ്യ നടപടി. പിന്നീടങ്ങോട്ട് അടിവയറ്റിൽ നിന്നൊരു പെരുത്ത് കയറ്റമാണ്. എനിക്കീ അസുഖം തന്നെ… വഴക്ക് കേൾക്കുമെന്നുറപ്പുണ്ടായിട്ടും അടുക്കളയിൽ ചെന്ന്, ഉമ്മയുടെ വസ്ത്രത്തുമ്പിൽ പ്രാഞ്ചി പ്രാഞ്ചി നിൽക്കും.”അതേയ് എനിക്ക് തല വേദനിക്കുന്നുണ്ടുമ്മാ.. ദേഹത്ത് ചുവന്ന തടിപ്പുണ്ടുമ്മാ.” നമുക്ക് ഡോക്ടറെ ഒന്ന് പോയി കണ്ടാലോ..? മുൻ കോപക്കാരി ആയിരുന്നിട്ടും പലപ്പോഴുമവസാനം എന്റെ നാടകീയമായ ആവലാതികളെ കയ്യിൽ പിടിച്ചു കൊണ്ട് ഉമ്മ ഡോക്ടറുടെ അടുത്തെത്തും..ഒരു കാര്യവുമില്ലാഞ്ഞിട്ടും രക്തവും മൂത്രവും പരിശോധിപ്പിച്ച് പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന മാതിരി സമയം തള്ളി നീക്കുകയായിരിയ്ക്കും പിന്നീട്. ഇ.എസ്.ആറിന്റെ ചെറിയ വ്യതിയാനമോ, ഹീമോ ഗ്ലോബിന്റെ ചില്ലറ കുറവോ കാണുമ്പോൾ എന്റെ നെറ്റി ചുളിയുമെന്ന് ഉറപ്പാണ്. “നീ ഇവളെയും കൊണ്ടിങ്ങനെ നടന്നോ ട്ടാ.. എന്തൊരു പ്രഹസനാണ് പെങ്ങളേ”എന്ന് അമ്മാവന്മാർ ഉമ്മയെ പലപ്പോഴും കളിയാക്കും. ബസ് യാത്രകളിൽ, “ഞാനിവിടെ ഇരിക്കുന്നതിനും മുൻപ്, ആരായിരിക്കും ഈ സീറ്റിൽ ഇരുന്നിട്ടുണ്ടാകുക എന്ന് ചിന്തിയ്ക്കാതിരിയ്ക്കാൻ കഴിയാതെ തല പെരുത്ത ഓർമ്മകളുണ്ട്. വീട്ടിൽ തിരിച്ചെത്തി, സാനിറ്റൈസറുകൾ ഇല്ലാത്ത ബാത്‌റൂമിൽ ഒരു മണിക്കൂർ കുളിച്ചു തീർത്ത എത്രയെത്ര ദിവസങ്ങളാണുണ്ടായിട്ടുള്ളത്..

ഹൈസ്ക്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ അടുത്ത കൂട്ടുകാരിയ്ക്ക് രക്തത്തിൽ ന്യൂട്രോ ഫിൽസ് കുറഞ്ഞുണ്ടായ ആരോഗ്യപ്രശ്നങ്ങളോട് എന്റെ ശരീരവും അടിപൊളി ആയിട്ടങ്ങ് താദാത്മ്യം പ്രാപിയ്ക്കാൻ തുടങ്ങി. അവൾക്ക് അനുഭവപ്പെടുന്ന കാലു വേദനയും ക്ഷീണവും പിറ്റേന്ന് മുതലെനിക്കും ഉണ്ടെന്നങ്ങ്‌ തോന്നിത്തുടങ്ങുകയാണ്. നീയൊരു തികഞ്ഞ സൈക്കോ ആണെന്ന് കഴിഞ്ഞ കൊല്ലം ഞങ്ങൾക്ക് മനസ്സിലായതല്ലേയെന്ന് വീട്ടുകാരും ബന്ധുക്കളും ആ സംഭവത്തോട് കൈ മലർത്തുകയാണുണ്ടായത്. അവരപ്പോളും ഇപ്പോളും പ്രതിപാദിയ്ക്കാറുള്ള, ആ കഥയിൽ എന്നെ മക്കാറാക്കിയ അർബുദപ്പേടിയോളം വരില്ല നാട്ടുകാരുടെ കൊറോണ പേടി.

കഥയിങ്ങനെ; ഏഴാം ക്ലാസ്സിലെ ഓണാവധിക്കാലം. എം. മുകുന്ദന്റെ “രാവും പകലും” എന്ന നോവൽ പത്ത് പേജെങ്കിലും വായിച്ചു തീർത്തേ ദിവസവും രാവിലെ പല്ല് പോലും തേയ്ക്കൂ എന്ന് ശപഥമെടുത്ത പുസ്തകക്കാലംകൂടെ പഠിക്കുന്ന കൊച്ചിന്റെ സഹോദരൻ ബ്ലഡ് കാൻസർ വന്നു മരിച്ച വേദനിപ്പിക്കുന്ന സംഭവം വീടുകളിൽ നിന്ന് വീടുകളിലേക്ക് ഉമ്മയും അമ്മായിമാരും ടെലഫോണിലൂടെ പങ്ക് വെയ്ക്കുന്നത് കേട്ടതിന്റെ അന്ന് വൈകീട്ട്, മുകുന്ദന്റെ നോവലിലെ സ്ത്രീ കഥാ പാത്രത്തിനും കൃത്യമായി ബ്ലഡ് കാൻസർ ഉണ്ടെന്നെനിക്ക് മനസ്സിലാവുകയായിരുന്നു. രാവും പകലും ഒരേ ഇരിപ്പിരുന്ന് “രാവും പകലും” വായിച്ചു തീർത്തു കഴിഞ്ഞ്, പതിവ് പോലെ മെഡിക്കൽ എൻസൈക്ളോപീഡിയ താഴെ എടുത്ത് വായിച്ചു തുടങ്ങിയ പിരാന്ത് അവസാനിയ്ക്കാൻ നഗരത്തിലെ പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ പോയി കൗൺസിലിങ് നടത്തേണ്ടി വന്നു എന്നതാണ് ചരിത്രം.

രക്താർബുദമാണെന്ന് ഞാനുറപ്പിച്ചിരുന്നു.. ഇടയ്ക്കിടെ വരുന്ന തലവേദനയും മറവിയും പിന്നെന്താണ്? എന്റെ ശരീരത്തിന് മറ്റുള്ളവരുടേതിനേക്കാൾ ചൂടനുഭവപ്പെടുന്നുണ്ടല്ലോ. ദിവസങ്ങൾ എണ്ണപ്പെട്ട ക്യാൻസർ രോഗിയെ പോലെ ഞാൻ ഒരിടത്തിരുന്ന് കണ്ണീർ വാർത്തു തുടങ്ങി. വിദേശത്തുള്ള ഉപ്പയെ ഇനി ഒരിയ്ക്കലും കാണാൻ കഴിയില്ലെന്നു തന്നെ കരുതി, രാത്രികളിൽ ഞെട്ടിയെഴുന്നേറ്റു. ഒരു ദിവസം പോലും ക്ലാസ് മുടക്കാറില്ലാത്ത എനിക്ക് ഓണാവധി കഴിഞ്ഞിട്ടും സ്‌കൂളിൽ പോകാൻ വയ്യെന്നായി. തറവാട്ടു വീട്ടിൽ പോയി ഉപ്പപ്പയെയും ഉമ്മമ്മയെയും കാണുന്ന നേരങ്ങളിൽ മാത്രം ഈ വൃത്തികെട്ട ചിന്തകൾ അതിന്റെ ക്രൗര്യം കുറയ്ക്കും.. തിരിച്ച് വരുമ്പോൾ എന്റെ വീടിന്റെ വാതിൽക്കൽ അസ്വസ്ഥതകൾ കാത്തു നിൽക്കുന്ന പോലെ തോന്നും. വീട്ടിലേക്ക് കയറാൻ കൂട്ടാക്കുക പോലും ചെയ്യാതെ പുറത്തു വാശി പിടിച്ചു നില്ക്കാൻ തുടങ്ങിയപ്പോഴാണ് ഉമ്മ മുകുന്ദനെ കയ്യിലെടുത്ത് ചീത്ത വിളിയ്ക്കാൻ തുടങ്ങിയത്. ഇത്രയൊക്കെ ആയിട്ടും പുസ്തക വായന ഞാൻ നിർത്തിയിരുന്നില്ല. ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ട് വരുന്ന പുസ്തകങ്ങളാണ് എന്റെ പിരാന്തുകളുടെ കാരണക്കാർ എന്ന് ഉമ്മ ബഹളം വെച്ചു തുടങ്ങി. ക്യാൻസർ ഉണ്ടെന്നുള്ള വിചാരണമാണ് എനിക്കെന്ന് തുറന്നു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. കുട്ടി ഇങ്ങനെ അസാധാരണമായി പെരുമാറുന്നത് പുറത്താരോടും പറയല്ലേ എന്ന് ബന്ധുക്കൾ ഉമ്മയെ ഭയപ്പെടുത്തുകയും ഉണ്ടായി. അപ്പോഴും “ആകാശ ദൂതിലെ അർബുദക്കാരി നായികയെ പോലെ ” രാപ്പാടി കേഴുന്നുവോ ” എന്ന് ഞാൻ മൗനമായി പാടി കൊണ്ടേ ഇരുന്നു.. ഉള്ളിൽ തോന്നുന്ന ഭ്രാന്തൻ ചിന്തകൾ മുഴുവാനായിട്ടൊരാളോടും പറയാൻ കഴിയണമെന്നില്ലല്ലോ! ഇതിപ്പോ ശരിയാക്കി തരാമെന്ന ഭാവത്തിൽ ആശുപത്രിയിൽ കണ്ട മധ്യ വയസ്കനായിരുന്ന ആ സൈക്കോളജിസ്റ് എന്നെ പിടിച്ച് കിടത്തി, ഹിപ്നോടൈസ് ചെയ്ത സമയത്തെ കുറിച്ചുള്ള ആധി കേറി അർബുദപ്പേടിയെ ഞാൻ സ്വയമങ്ങ് അടിച്ചമർത്തി എന്നതാണ് പിന്നീടുണ്ടായ സത്യ കഥ.

ഇത്തരം പിരാന്തുകൾ കൊണ്ട് സമ്പന്നമായിരുന്നു ജീവിതം. ചിന്തകൾ പ്രവർത്തിക്കുന്നതിന്റെ തീവ്രത കൊണ്ടാണിതെന്ന് മനസ്സിലായി തുടങ്ങിയതിന് ശേഷം പിന്നെയിപ്പോൾ അസുഖപ്പേടികൾ വരുമ്പോളേ തയ്യാറെടുക്കും. ആലോചനപ്പിശാചുകൾ, ആട്ടിയോടിച്ചാലും സ്വൈര്യം തരാതെ ചിലപ്പോഴൊക്കെ തലയിൽ നൃത്തം ചെയ്യാറുമുണ്ട്. ചുറ്റിലുമുള്ള ലോകം മുഴുവനും ഇപ്പോൾ കോവിഡിനെയാണല്ലോ ഭയക്കുന്നത്. മിക്കവരും തന്നെ സർജിക്കൽ മാസ്‌ക്കാണോ റെസ്പിറേറ്ററാണോ നല്ലതെന്ന് ചുണ്ട് കൂർപ്പിയ്ക്കുന്നത് കാണാം. ഗ്ലൗസിന് ദ്വാരം വീണോ എന്ന് ആധി പിടിയ്ക്കുന്നവരും കുറവല്ല. കൈകൾ വീണ്ടും വീണ്ടും കഴുകി മടുക്കുന്ന ഒ. സി. ഡിക്കാരുമുണ്ട്. സാധാരണ കാണാത്തൊരു ധൈര്യം എന്റെ മുഖത്ത് കണ്ടിട്ടാവണം ഇവരുടെയെല്ലാം ചോദ്യങ്ങൾ ഇങ്ങനെയാണ്, “നിനക്ക് വലിയ ഭയം ഒന്നും കാണുന്നില്ലല്ലോ?” ഈ കളിയിൽ ഞാനൊറ്റയ്ക്കല്ലല്ലോ എന്ന് മനസ്സിൽ തമാശ പറയുകയാണ് ഞാൻ. ആളുകൾക്കൊന്നും എന്താ അസുഖങ്ങളെ പേടിയില്ലാത്തതെന്ന എന്റെ പഴയ ആകുലതയാണ് കോവിഡ് തീർത്തു തന്നിരിയ്ക്കുന്നത്. എല്ലാവരെയും അത് ഒ.സി.ഡിക്കാരാക്കിയിരിയ്ക്കുന്നു. കളിയാക്കലുകളുടെ പൊറുതികേട്‌ താങ്ങി തളർന്ന എന്റെ ബാല്യ-കൗമാരങ്ങളെയോർത്ത് ഞാൻ ഇവിടെയൊരു സൈക്കോ ചിരി ചിരിയ്ക്കുന്നുണ്ട് കേട്ടോ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

LEAVE A REPLY

Please enter your comment!
Please enter your name here