സിനിമയുടെ ഗ്യാസ്ചേംബറോ കേരള ഫിലിം ചേംബർ?

0
309
cinema-film-chamber-prathapjoseph-wp

പ്രതാപ് ജോസഫ്

സിനിമയുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ കേരള ഫിലിം ചേംബർ പുനരാരഭിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പത്രവാർത്തയാണ് ഈ കുറിപ്പിന് ആധാരം. ഒരു സിനിമയുടെ ടൈറ്റിൽ രെജിസ്റ്റർ ചെയ്യുന്നതിന് 25000 രൂപയാണ് കേരള ഫിലിം ചേംബർ നാളിതുവരെ ഈടാക്കിക്കൊണ്ടിരുന്നത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഫീസിൽ 10,000 രൂപ ഇളവുവരുത്തുന്നു എന്നതാണ് ഫിലിം ചേംബർ പുതുതായി പ്രഖ്യാപിച്ച വലിയ ഔദാര്യങ്ങളിൽ ഒന്ന്.

“ഫിലിം ചേംബറിൽ സിനിമയുടെ പേര് രെജിസ്റ്റർ ചെയ്യുന്നതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും ഡേറ്റ് കിട്ടാനും സെൻസർഷിപ്പിനുള്ള അപേക്ഷ നൽകാനും വരെ ചേംബറിലെ ടൈറ്റിൽ രജിസ്‌ട്രേഷൻ ആവശ്യമാണ്”. എന്ന് വാർത്ത തുടരുന്നു. ചേംബറിൽ രെജിസ്റ്റർ ചെയ്യുന്ന സിനിമകൾ തിയേറ്റർ റിലീസ് ചെയ്ത് 42 ദിവസങ്ങൾ കഴിഞ്ഞുമാത്രമേ ഒ.ടി. ടി. റിലീസ് ചെയ്യാവൂ എന്നും ചേമ്പർ നിർദ്ദേശിക്കുന്നതായി വാർത്തയിൽ കാണുന്നു.

സാധാരണ ഗതിയിൽ ഒരേ ടൈറ്റിൽ പല ആളുകൾ ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ടൈറ്റിൽ രജിസ്‌ട്രേഷൻ എന്ന കടമ്പ. ടൈറ്റിൽ രെജിസ്റ്റർ ചെയ്യുന്നവരുമുണ്ട് ചെയ്യാത്തവരുമുണ്ട്. മലയാളത്തിൽ തന്നെ ലോബഡ്ജറ്റ് സിനിമകളിൽ ബഹുഭൂരിപക്ഷവും പേര് രെജിസ്റ്റർ ചെയ്യാറില്ല. സിനിമ സെൻസർ ചെയ്യുന്നതിന് സെൻസർ ബോർഡിന്റെ മുന്നിൽ ടൈറ്റിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിന്റെ യാതൊരു കാര്യവുമില്ല. തിയേറ്റർ റിലീസിനും ടൈറ്റിൽ രെജിസ്റ്റർ ചെയ്യാത്തത് ഒരു തടസ്സമല്ല. കോവിഡ് പ്രതിസന്ധി മുതലെടുത്തുകൊണ്ട് കേരളത്തിലെ സിനിമാ സംഘടനകൾ തങ്ങളാണ് സിനിമയുടെ കാര്യങ്ങൾ മുഴുവൻ തീരുമാനിക്കുന്നത് എന്ന വിധത്തിൽ വ്യാജവാർത്തകൾ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പറയുന്ന കാര്യത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് അന്വേഷിക്കാതെ കേരളത്തിലെ മാധ്യമങ്ങൾ അത് ഏറ്റുപാടുകയും ചെയ്യുന്നു.

10,000 രൂപയ്ക്കും 25,000 രൂപയ്ക്കും പുതിയ ചെറുപ്പക്കാർ ഫീച്ചർ സിനിമകൾ പൂർത്തിയാക്കുന്ന കാലത്താണ് ഒരു സിനിമയുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനുമാത്രം ചേംബർ 25,000 രൂപ വാങ്ങിക്കൊണ്ടിരുന്നത് എന്നും ഓർക്കണം.

ഒരു സിനിമയുടെ പേര് രജിസ്റ്റർ ചെയ്യണമെന്ന് അതിന്റെ നിർമ്മാതാക്കൾ ആഗ്രഹിക്കുകയാണെങ്കിൽ ലോകത്താകമാനം അതിന് നിരവധി ബോഡികളുമുണ്ട്. ഇന്ത്യയിലും റൈറ്റേഴ്‌സ് ഗിൽഡ്, പ്രൊഡ്യൂസേഴ്‌സ് ഗിൽഡ്, വിവിധ ഫിലിം ചേംബറുകൾ എന്നിവയുടെയൊക്കെ പേരിൽ ഓരോ ഇൻഡസ്ട്രിയിലും ഒന്നിലധികം ഏജൻസികൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇവയൊക്കെ തമ്മിൽ തർക്കങ്ങളും പതിവാണ്.
സമീപകാലത്തുതന്നെ ചുരുളി എന്നപേരിൽ മലയാളത്തിൽ രണ്ട് സിനിമകൾ അനൗൻസ് ചെയ്യുകയുണ്ടായി. ലിജോ ജോസ് പെല്ലിശ്ശേരിയും സുധാ രാധികയും. തന്റെ സിനിമ വർഷങ്ങൾക്ക് മുൻപേ തന്നെ അമേരിക്കൻ റൈറ്റേഴ്‌സ് ഗിൽഡിൽ രെജിസ്റ്റർ ചെയ്തതാണ് എന്നാണ് സുധാ രാധിക അവകാശപ്പെടുന്നത്. രണ്ട് സംവിധായകരും തങ്ങളുടെ സിനിമകളും പേരുകളുമായി മുന്നോട്ട് പോവുകയുമാണ്.
ഒരേ കാലത്ത് ഒരേ പേരിൽ രണ്ട് സിനിമകൾ വരുന്നത് എന്തായാലും അഭികാമ്യമല്ല. അതുകൊണ്ടുതന്നെ ടൈറ്റിൽ രെജിസ്റ്റർ ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷേ, അത് ഫിലിം ചേംബർ പോലൊരു സ്വകാര്യ ഏജൻസിയുടെ കീഴിൽ വലിയ മുതൽ മുടക്കിൽ വരുന്നതിനുപകരം സൗജന്യമായോ ഒരു നാമമാത്ര തുകയോ വെച്ച് ഒരു ഗവണ്മെന്റ് സംവിധാനത്തിന് കീഴിലാണ് കൊണ്ടുവരേണ്ടത്. കേരള ഗവണ്മെന്റിന് പിന്നെന്തിനാണ് ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും ഒക്കെ.

മലയാള സിനിമാ മേഖലയെപ്പറ്റി പഠിച്ച് ആവശ്യമായ മാറ്റങ്ങളും പരിഷ്കാരങ്ങളും ശുപാർശ ചെയ്യുന്നതിനായി സർക്കാർ നിയോഗിക്കുകയും 2014 ആഗസ്റ്റിൽ സമർപ്പിക്കപ്പെടുകയും ചെയ്ത അടൂർ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. നിലവിലുള്ള സിനിമാ റെഗുലേഷൻസ് ആക്റ്റ് റദ്ദുചെയ്തുകൊണ്ട് ചലച്ചിത്ര മേഖലയെ സംബന്ധിച്ച സമസ്ത വിഷയങ്ങളും കൈകാര്യം ചെയ്യാനുതകുന്ന റെഗുലേറ്ററി അതോറിറ്റി പുതിയ നിയമനിർമ്മാണത്തിലൂടെ കൊണ്ടുവരണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള സിനിമാ സംഘടനകളെയെല്ലാം അതോറിറ്റിയുടെ കീഴിൽ കൊണ്ടുവരണമെന്നും അതുമാത്രമേ സിനിമാ മേഖലയിൽ അടിക്കടിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയുള്ളൂ എന്നും അടൂർ കമ്മിറ്റി റിപ്പോർട്ട് പറയുന്നു. സിനിമയുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ ഈ അതോറിറ്റിയയുടെ കീഴിൽ കൊണ്ടുവരണമെന്നും ഒന്നരക്കോടിയുടെ താഴെ മുതൽമുടക്കുള്ള സിനിമകളെ ട്രേഡ് യൂണിയനുകളുടെ നിർമാണ നിബന്ധനകളിൽനിന്നും ഒഴിവാക്കേണ്ടതാണെന്നും റിപ്പോർട്ട് പറയുന്നു. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന അടൂർ കമ്മിറ്റി റിപ്പോർട്ട് 7 വർഷം കഴിഞ്ഞിട്ടും ഇനിയും നടപ്പാക്കാത്തതിന്റെ കാരണവും വ്യക്തമാണ്. അങ്ങനെയൊരു സിനിമാ റെഗുലേറ്ററി അതോറിറ്റി നിലവിൽ വന്നുകഴിഞ്ഞാൽ സിനിമാ സംഘടനകളുടെ നാട്ടുരാജ്യവാഴ്ച അതോടെ അവസാനിക്കും. അതിനുള്ള ആർജ്ജവം മാറിമാറി വരുന്ന സർക്കാരുകൾ കാണിക്കുന്നില്ലെങ്കിൽ സിനിമാസംഘടനകളുടെ ഇത്തരം തിട്ടൂരങ്ങൾക്ക് ഇനിയും നാം ചെവികൊടുക്കേണ്ടിവരും. സിനിമാ ചെയ്യാനിറങ്ങുന്ന പുതുതലമുറ അതിന് അക്ഷരാർത്ഥത്തിൽ വിലകൊടുക്കേണ്ടിയും വരും.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

LEAVE A REPLY

Please enter your comment!
Please enter your name here