ഷമൽ സുക്കൂർ
സിനിമയെ ആഴത്തിൽ കാണുന്ന ഏതൊരു വ്യക്തിയും ഒരിക്കലും മറക്കാത്ത ഒരു ചിത്രമായിരിക്കും കാപ്പർനോം എന്ന ലബനീസ് ചിത്രം.
ലബനോണിലെ ബെയ്‌റൂട്ടിൽ ചിത്രീകരിച്ചിരിക്കുന്ന റിയലിസ്റ്റിക് സിനിമയാണിത്. സെയ്ൻ എന്ന 12 വയസ്സുകാരനായ, പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടമാക്കുന്ന കുട്ടിയിലൂടെയാണ് സിനിമയുടെ പ്രയാണം. സിനിമയുടെ പ്രധാന ആകർഷണവും ഈ 12 വയസ്സുകാരൻ തന്നെയാണ്.
തീക്ഷ്ണത കണ്ണുകളിലും പക്വത ചിന്തകളിലും ആവാഹിച്ച്, അഭിനയിക്കുകയാണെന്ന് സിനിമയിൽ ഒരിടത്തും മനസ്സിലാക്കാൻ സാധിക്കാത്ത പ്രകടനമാണ് സെയ്ൻ എന്ന കഥാപാത്രത്തിന്റേത്.
സിറിയയിൽ അഭയാർത്ഥി ആയിരിക്കെ ഡെലിവറി ജോലി ചെയ്യുന്നതിന്നിടയിലാണ് സെയ്ൻ അൽ റഫീയ എന്ന കുട്ടിയെ സംവിധായിക നദൈൻ ലബാകി കണ്ടെത്തുന്നതും സെയ്ൻ എന്ന കഥാപാത്രത്തിനായി തിരഞ്ഞെടുക്കുന്നതും. അത്രയും പരുക്കമായ ജീവിതസാഹചര്യങ്ങളിൽ വളർന്ന ആ ബാലന് തീർച്ചയായും കാപ്പർനോമിലെ സെയ്‌നിൽ തന്റെ ജീവിതം തന്നെ കണ്ടിരിക്കാനാണ് സാധ്യത. അത്രയും മനോഹരമായാണ് ഓരോ ഫ്രയിമിലും സെയ്നിന്റെ അഭിനയം.
കോടതി വിചാരണയിലൂടെ ആരംഭിക്കുന്ന സിനിമ, വിചാരണക്കിടയിലെ ചോദ്യങ്ങളിൽ നിന്നും പൂർവ്വദൃശ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ആഖ്യാനരീതിയാണ് സംവിധായിക ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്.
അവികസിത രാജ്യങ്ങളിലെ പട്ടിണിയും അരക്ഷിതാവസ്ഥയും കുഞ്ഞുമനസ്സുകളിൽ സൃഷ്ടിക്കുന്ന വികാരവിക്ഷോഭങ്ങളെ അടുത്തറിയാൻ ഈ ചിത്രം നിങ്ങളെ സഹായിക്കുമെന്നതിൽ തർക്കമില്ല.
അരക്ഷിതമായ, കൊടും പട്ടിണി നടമാടുന്ന ഏത് പ്രദേശത്തെയും കുഞ്ഞിന്റെ പ്രതിരോധത്തിന്റെ പാഠമായി നമുക്ക് കാപ്പർനോം എന്ന ലബനീസ് ചിത്രത്തെ വിലയിരുത്താം. അത്രമേൽ ഹൃദയഹാരിയായ ചിത്രം നമുക്ക് മുന്നിലേക്ക് എത്തിച്ചത് നദൈൻ ലബാകി എന്ന സംവിധായികയാണ്. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.
കണ്ടതിനുശേഷം സിനിമയുടെ അഭിപ്രായം കമന്റ് ആയി അറിയിക്കുമല്ലോ..
…
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന രചനകൾ editor@athmaonline.in എന്ന ഇ–മെയിൽ വിലാസത്തിൽ അയയ്ക്കുക. അയയ്കുമ്പോൾ പേരും ഫോൺനമ്പറും കൂടി ചേർക്കുക.