തലശ്ശേരി: അണ്ടലൂർ കാവിൽ തീർഥാടന സമുച്ചയവും തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ടൂറിസം വകുപ്പ് മൂന്ന് കോടി 65 ലക്ഷം രൂപ ചെലവിലാണ‌് തീർഥാടന സമുച്ചയവും തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രവും ഒരുക്കിയത‌്.
ഊട്ടുപുര, താമസിക്കുന്നതിനുള്ള സൗകര്യം, ശൗചാലയം തുടങ്ങിയവ ഉൾപ്പെട്ടതാണ‌് തീർഥാടന സമുച്ചയം. അണ്ടലൂർ കാവിലെ ജൈവ വൃക്ഷസമ്പത്തുകൾ സംരക്ഷിക്കുന്നതിനായി ചുറ്റുമതിലും പണിതിട്ടുണ്ട‌്.
തെയ്യത്തിന്റെ സാംസ്‌കാരികവും കലാപരവുമായ സാധ്യതകളെ മനസ്സിലാക്കുന്നതിനും ഇത് ഉപയോഗിച്ച് വിനോദ സഞ്ചാര രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ നമ്മുടെ നാടിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ടൂറിസ്റ്റുകൾക്ക് അടുത്തറിയാൻ സാധിക്കും. അതോടൊപ്പം കലാകാരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും കഴിയും.
ചരിത്രത്തിൽനിന്നും സംസ്‌കാരത്തിൽനിന്നും ഉണർന്നുവന്ന കഥാപാത്രങ്ങളാണ് തെയ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അടിച്ചമർത്തലിന്റെ കാലത്ത് അതിനെതിരായി നടന്ന പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകങ്ങളാണ് തെയ്യങ്ങൾ. വീരോചിതമായി ജീവിച്ചവരോട് സമൂഹത്തിന് എന്നും വലിയ ആരാധന ഉണ്ടായിട്ടുണ്ട്. അത്തരം കഥാപാത്രങ്ങളെ ദൈവങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കാൻ സമൂഹം സന്നദ്ധമായിട്ടുണ്ട്. നമ്മുടെ നാട്ടിൽത്തന്നെ ജീവിച്ചുമരിച്ചവർ ഇത്തരം കലാരൂപങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി ഉയർന്നുവന്നിട്ടുണ്ട്.
കലാപത്തിന്റെ കനൽ നീറിനിൽക്കുന്ന കലാരൂപങ്ങളാണ് തെയ്യങ്ങൾ. നീതി നിഷേധിക്കുന്ന വ്യവസ്ഥിതിക്കെതിരായ പോരാട്ടത്തിന്റെ കനൽ ജ്വലിപ്പിച്ചുനിർത്താൻ കഴിയുന്നു എന്നതു തന്നെയാണ് തെയ്യത്തിന്റെ സമകാലീന പ്രസക്തി. പൊട്ടൻ തെയ്യം ശങ്കരാചാര്യരുമായുള്ള സംവാദത്തിൽ ചോദിച്ച ‘എന്നെ കൊത്തിയാലും നിങ്ങളെ കൊത്തിയാലും ചോരയല്ലേ’ എന്ന ചോദ്യം അയിത്തത്തിന് എതിരായ ചോദ്യമായിരുന്നു. ദ്രാവിഡ സ്വഭാവമുള്ള ഈ കലാരൂപം അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാൻ വലിയ ഗവേഷണം ആവശ്യമാണ്.
മലബാറിലെ ടൂറിസം സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താനായാണ് കണ്ണൂർ, കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലബാർ റിവർ ക്രൂയിസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പുത്തൻ മാതൃകയാണ് അണ്ടലൂർ കാവിൽ ആവിഷ‌്കരിച്ചിട്ടുള്ളതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.