രാജേഷ് ശിവ
ആക്രമണോത്സുകതയോടൊരു പട്ടി
എന്നെയോടിച്ചുകൊണ്ടേയിരുന്നു
ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു
തുണിയിൽ പല്ലമർത്തുകയും
കടിച്ചുകീറുകയും
കാലിൽ കടിയേറ്റു ഞാൻ
നിലവിളിച്ചുകൊണ്ടോടുകയും ചെയ്തു
അങ്ങനെയിരിക്കെയൊരുദിവസം
ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു
അപ്പോളതു ശാന്തമായി
എന്റെ മുന്നിൽക്കയറിപ്പോയി
അതൊരുപാടുമുന്നിലായി
പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും
ഒരോർമയാകുകയും ചെയ്തുവെങ്കിലും
മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി
അതുമായികൂട്ടിയിടിക്കുമെന്ന ഭീതി
എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.
ബാക്കിവച്ച കുരശ്ശബ്ദങ്ങൾ
അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു
പുറത്തുവിട്ടുകൊണ്ടിരുന്നു!
കുരയോർമകളിൽ നിന്നുള്ള പല്ലുകൾ
പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു
എന്റെ രോദനങ്ങൾ
അഷ്ടദിക്കുകളിൽന്നും
കുരയായി പ്രതിധ്വനിച്ചുകൊണ്ടിരുന്നു
മുന്നിലോടിപ്പോയിട്ടപ്രത്യക്ഷമായ പട്ടി
ശൂന്യതയിൽനിന്നും വീണ്ടും തെളിഞ്ഞുവന്നു
അതടുത്തടുത്തുവന്നു
വീണ്ടുമെന്റെ പിന്നിലായി
പട്ടിയെപ്പേടിച്ചു പിന്നെയും
ഞാനോട്ടവേഗം പതിന്മടങ്ങുകൂട്ടി
ദേഹമാസകലം കടിയേറ്റ മുറിവുകളായി
മുന്നിലുംപിന്നിലുമായി ഗെയിമിങ്ങനെതുടർന്നു.
ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കിയപ്പോൾ,
മുന്നിലെ ശൂന്യതയിൽനിന്നെവിടെനിന്നോ
എന്നോയിണചേർന്ന പട്ടി
ഗർഭിണിയെന്നറിയുന്നു!
അതിന്റെയുദരത്തിൽ,
കുട്ടികൾ ഓട്ടം
പരിശീലിക്കുന്നെന്ന ചിന്തയാൽ
പേപിടിച്ചുകൊണ്ടിപ്പോൾ ഞാൻ
കുരച്ചുകൊണ്ടോടാൻ തുടങ്ങുന്നു,
ഞാൻതന്നെയൊരു പട്ടിയാകുന്നു!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in