“അഞ്ചുവിളക്ക് പറയുന്ന കഥ” നവംബർ ഒന്നിന് പാലക്കാട് ടൗൺഹാളിൽ

0
811

പാലക്കാട് :  പാലക്കാട് നഗരസഭാ ചരിത്രം അനാവരണം ചെയ്യുന്ന “അഞ്ചുവിളക്ക് പറയുന്ന കഥ” എന്ന നാടകം പ്രദർശനത്തിനൊരുങ്ങുന്നു. തൃപ്തി ആർട്സ് പാലക്കാട്  ( ടാപ് ) ആണ്  നാടകം അരങ്ങിലെത്തിക്കുന്നത്.

നാടകത്തെക്കുറിച്ച്…

പുലിക്കാട്ട് രത്നവേലുച്ചെട്ടിയാർ ഇംഗ്ലണ്ടിൽ നിന്നും ബാർ അറ്റ് ലോ പാസ്സായി. പാലക്കാട്  നഗരത്തിലെ ഹെഡ് അസിസ്റ്റൻറ് കലക്ടറും മുനിസിപ്പാലിറ്റിയിലെ വൈസ് പ്രസിഡണ്ടുമായിരുന്നു. ഭരണകാര്യങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച മഹാനുഭാവൻ. സ്വന്തം ഫോട്ടോകളോ രേഖാചിത്രങ്ങളോ അവശേഷിപ്പിക്കാതെയാണ് രത്നവേലുച്ചെട്ടിയാർ ജീവിതത്തോടു വിട പറഞ്ഞത്.

1881 സെപ്തംബർ 28 പാലക്കാട് നഗരസഭയുടെ പതിനഞ്ചാം പിറന്നാൾ. വെള്ളക്കാരായ ഉദ്യോഗസ്ഥർ നിറഞ്ഞിരിക്കുന്ന വേദി. രത്നവേലുച്ചെട്ടിയാർ ആദരവോടെ മലബാർ കലക്ടർക്ക് ഹസ്തദാനം നൽകി. കറുത്തവനം കുറിയവനുമായ രത്നവേലുച്ചെട്ടിയാർ ഹസ്തദാനം നൽകിയതിൽ രോഷാകുലനായ കലക്ടർ പരസ്യമായി തന്റെ കൈകൾ കഴുകി ശുദ്ധിയാക്കിയത് രത്നവേലുവിൻറെ ഹൃദയത്തിൽ മുറിപ്പാടുണ്ടാക്കി. ചുവന്ന തൊലിയുള്ള സായിപ്പിനു മുന്നിൽ മുട്ടുമടക്കാതെ ആത്മഹനനത്തിലൂടെ രത്നവേലു തൻറെ ജീവിതം ബലിയർപ്പിച്ചു. കൈവിരലിലെ വജ്രമോതിരം വിഴുങ്ങിയും കൈയിലുണ്ടായിരുന്ന തോക്കിലെ വെടിയുണ്ടകൾ ശിരസ്സിലൂടെ തുളച്ചു കയറിയും മരണം സംഭവിച്ചിരിക്കാമെന്നുമാണ് അനുമാനിക്കുന്നത്.

ആത്മാഭിമാനത്തിൻറെ അഗ്നിസ്ഫുലിംഗങ്ങളായി പാലക്കാട്ടെ ജനങ്ങളുടെ ഹൃദയങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെ ദീപപ്രഭയിൽ ജ്വലിച്ചു നിന്ന രത്നവേലുവിൻറെ ഓർമകളുറങ്ങുന്ന ജ്വാലാമണ്ഡപം ഇംഗ്ലീഷുകാരുടെ കണ്ണിലെ കരടായി ജ്വാലാമണ്ഡപം അവർ പൂർണ്ണമായും നശിപ്പിച്ചു. ജനവികാരം തിരിച്ചറിഞ്ഞ മദ്രാസ്സ് ഗവർണർ ജോർജ് സ്റ്റാൻലി ഗ്രേറ്റ് ഇന്ത്യനെ ബഹുമാനിക്കാൻ അഞ്ചു തലയുള്ള വിളക്ക് യാഥാർത്ഥ്യമാക്കി.

പാലക്കാട്ടുകാരനായ ആദ്യത്തെ ചെയർമാൻ പി.ഐ.ചിന്നസ്വാമിപ്പിള്ള നാട്ടുകാരിൽ നിന്നും പിരിവെടുത്തു അഞ്ചുവിളക്ക് പുന:സ്ഥാപിച്ചു. രത്നവേലുച്ചെട്ടിയാരുടെയും അഞ്ചുവിളക്കിന്രെയും കഥ ടാപ് നാടകവേദി അരങ്ങിലെത്തിക്കുന്നു.  നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രവി തൈക്കാടാണ്.

2017 നവംബർ ഒന്നിന് വൈകീട്ട് അഞ്ചിന് പാലക്കാട് ടൗൺഹാളിൽ എം.ബി.രാജേഷ് എം.പി നാടകം ഉദ്ഘാടനം ചെയ്യും. ഷാഫി പറന്പിൽ എം.എൽ.എ മുഖ്യാതിഥിയാവും.

LEAVE A REPLY

Please enter your comment!
Please enter your name here