പൂനൂർ: മനുഷ്യൻ തന്റെ ചുറ്റുപാടുകളോട് ഉത്തരവാദിത്വത്തോടെ പെരുമാറുമ്പോഴാണ് അയാളിൽ നൻമയിരിക്കുന്നതെന്നും ‘ഹൃദയത്തിൽ’ പ്രാർത്ഥനയുള്ളവർക്ക് മാത്രമേ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാവാൻ കഴിയൂവെന്നും പ്രമുഖ എഴുത്തുകാരനും യാത്രികനും പ്രഭാഷകനുമായ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
പൂനൂർ അല അക്ഷരോത്സവത്തിന്റെ നാലാം ദിവസം നടന്ന ‘ഹൃദയത്തിൽ നിന്ന്’ മുഖമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
മനുഷ്യൻ മാത്രമല്ല, ലോകത്തിലെ എല്ലാ ജീവജാലങ്ങളും ആഗ്രഹിക്കുന്നത് സ്വസ്ഥവും സമാധാനവുമായിരിക്കാനാണ്.
ആ അർത്ഥത്തിൽ ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഒരു മതമേയുള്ളൂ. ആ മതത്തെ കുറിച്ചാണ് പ്രവാചകനും ശ്രീകൃഷ്ണനും ബുദ്ധനും തുടങ്ങി എല്ലാവരും പറഞ്ഞിട്ടുള്ളത്.
വെളിച്ചമുള്ള കാലത്ത് ചെറിയ ഇരുട്ടുപോലും നമുക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് പുതിയ കാലത്ത് ഇത്രയേറെ കാലുഷ്യം നമുക്ക് അനുഭവപ്പെടുന്നത്.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരുപറഞ്ഞ് തമ്മിൽ തല്ലുമ്പോൾ അസ്വസ്ഥമാവുന്ന മനസ്സുകൾ നല്ല ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സലാം വട്ടോളി മോഡറേറ്ററായിരുന്നു.
തുടർന്ന് നടന്ന വായനയുടെ നാനാർത്ഥങ്ങൾ സെഷനിൽ ഡോ.സോമൻ കടലൂർ പ്രഭാഷണം നടത്തി.
രാത്രി പഴയ കാല ചലചിത്ര ഗാനാലാപന പരിപാടി പാട്ടരുവിക്ക്
എളേറ്റിൽ മ്യൂസിക് ലവേഴ്സ് നേതൃത്വം നൽകി.
അക്ഷരോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് വൈകിട്ട് 5 മണിക്ക് ജനാധിപത്യത്തിന്റെ ഉൾ സാരം എന്ന വിഷയത്തിൽ ഡോ.എം.എൻ കാരശ്ശേരി പ്രഭാഷണം നടത്തും.