കവിത
അഹ് മദ് മുഈനുദ്ദീൻ.
രണ്ട് കരകളെപ്പറ്റിപ്പറയാൻ
ഞാനൊരു പുഴയായി
കണ്ടതും കേട്ടതും
കരകവിഞ്ഞു പറയാം
ഭാഷയിൽ
ദേശക്കാരെ തിരിച്ചറിയാം
പൊഴയെന്നും, എലയെന്നും
പൊതുവേ പറയുമെങ്കിലും
ചിലതെല്ലാം വേറെ വേറെത്തന്നെ
തേങ്ങയെന്ന് ഇക്കരെ
നാളികേരമെന്ന് അക്കരെ
മത്തിയെന്നിവിടെ
ചാളയെന്നവിടെ.
അങ്ങോട്ട്,
കൊപ്ര
ഉണക്കമീൻ,
നല്ലെണ്ണ
പപ്പടം..
ഇങ്ങോട്ട്,
ചക്ക
ചക്കര
കൊടമ്പുളി
ചെറുതേൻ..
ഇക്കരെയാശുപത്രി
അക്കരെ പഞ്ചായത്ത്..
ഇവർക്കിടയിൽ
കുറച്ചൊന്നുമല്ല ഞാനൊഴുകിയത്.
മേനി പറച്ചിലുണ്ട്
സംവാദമുണ്ട്
പ്രണയവും,നാടകവുമുണ്ട്
അവർക്കിടയിൽ നിന്നാണ്
പാലമെന്ന ആശയം വരുന്നത്.
മഴയും മീനും കിളികളും
അതിരുവെക്കാത്ത നിലാവും
പണ്ടേ കൂടെയുണ്ട്.
പുഴ
അവരുടെ ജീവിതത്തിൽ നിന്ന്
വറ്റിപ്പോവുകയാണ്.
രണ്ട് കരകൾക്കിടയിൽ
ഞാനൊരു പാലമാവുകയാണ്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.