ലേഖനം
അഖിൽജിത്ത് കല്ലറ
ബ്രാഹ്മണാധിപത്യത്തിനെതിരെ ശക്തമായി പോരാടുകയും ഗണപതി വിഗ്രഹങ്ങൾ ഉടച്ചു കൊണ്ട് ഹിന്ദുമതത്തിനെതിരെ ശക്തമായി പോരാട്ടം നയിക്കുകയും ദ്രാവിഡ രാഷ്ട്രീയം ഉയർത്തിക്കൊണ്ട് വരുകയും ചെയ്ത ഇ. വി. രാമസ്വാമി നായ്ക്കർ എന്ന തന്തൈ പെരിയാർ. ബാബ സാഹേബ് അംബേദ്കറെ പോലെ തന്നെ, ഈ ഹിന്ദു മതവും ജാതിയും ബ്രാഹ്മണരുമാണ് അവർണരുടെ ദുരിതങ്ങൾക്കും അനുഭവിക്കുന്ന ചൂഷണങ്ങൾക്കും മൂല കാരണം എന്ന് വ്യക്തമാക്കിയ വ്യക്തി കൂടിയായിരുന്നു പെരിയാർ. ബാബയെ പോലെ തന്നെ കോൺഗ്രസ്സിന്റെയും ഗാന്ധിയുടെയും ശക്തനായ ഒരു വിമർശകൻ കൂടിയായിരുന്നു പെരിയാർ.
സ്വാതന്ത്ര്യ സമരത്തെയും അതിന്റെ വിജയത്തെയും പെരിയാർ മറ്റൊരു രീതിയിലാണ് നോക്കി കണ്ടത്. ബ്രാഹ്മണര്‍ക്കും ബനിയകള്‍ക്കും അബ്രാഹ്മണരെ ചൂഷണം ചെയ്യുവാനുള്ള അധികാരം ലഭിക്കുവാനും തങ്ങളുടെ സാമൂഹ്യ സാംസ്‌ക്കാരിക ആധിപത്യത്തെ സ്ഥിരപ്പെടുത്തുവാനും വേണ്ടി മാത്രമുള്ള കേവലം അധികാര കൈമാറ്റമാണ് ഇതെന്നാണ് പെരിയാർ തുറന്നു കാണിച്ചത്. അത് വളരെ സത്യമാണ് എന്നുള്ളത് ഇന്ത്യയുടെ ഇന്നത്തെ സ്ഥിതികൾ നോക്കിയാൽ വളരെ വ്യക്തമായി മനസിലാകുന്നതാണ്. എല്ലാ തരം അധികാര കേന്ദ്രങ്ങളിലും ബ്രാഹ്മണൻ ഇരുന്നു ഭരിക്കുന്ന അവസ്ഥയിൽ നിന്നു ഇന്ത്യയിൽ ഒന്നിനും തന്നെ മാറ്റമില്ല. രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്ത് മുതൽ ഐ ഐ ടി പോലെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ വരെ ഇത്തരം ബ്രാഹ്മണ ആധിപത്യത്തിനു ഇന്നും വിധേയമാണ് എന്നുള്ളത് പെരിയാറിന്റെ ആ പ്രസ്താവനയെ ശരി വയ്ക്കുന്നു.
കറുപ്പിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച പെരിയാറിൽ നിന്നുമാണ് ഇപ്പോൾ ഇന്ത്യൻ സിനിമയെ പുത്തനുണർവിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പാ രഞ്ജിത്തിനെ പോലെയുള്ള സംവിധായകർ ഉയർന്നു വന്നതും കറുപ്പിനെ, ആ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടുമുള്ള ‘കാലാ’ പോലുള്ള സിനിമകൾ ഉണ്ടായതും. അതേ പോലെ പെരിയാറിന്റെ പ്രവർത്തനങ്ങളെ പിന്തുടർന്നു കൊണ്ടു പെരിയോർ ദ്രാവിഡ കഴകം പ്രവർത്തകർ പന്നിക്കു പൂണൂൽ ധരിപ്പിച്ചു നടത്തിയ പരിപാടി ബ്രാഹ്മണിസത്തിനെതിരെയുള്ള ശക്തമായ താക്കീതായിരുന്നു. ഏത് ഹീനനും പൂണൂല്‍ ധരിച്ചാല്‍ ബ്രാഹ്മണനാകും എന്ന വാക്കുകളോടെ പൂണൂല്‍ ധരിച്ച പന്നിയെ അവതരിപ്പിക്കുന്ന പോസ്റ്ററുകള്‍ പ്രദേശത്ത് വ്യാപകമായി പതിച്ചു നടത്തിയ ആ പ്രതിഷേധം വൻ ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ, ഈയിടെ വൈറൽ ആയി മാറിയ ‘നാനാ നീയാ’ എന്ന തമിഴ് ടി വി ഷോയിൽ വെച്ചു മലയാളി താരം പാർവതി നായരെ ജാതിവാലിന്റെ പേരിൽ തുറന്നു കാണിച്ചു ജാതി അഭിമാനത്തെ തകർത്തെറിഞ്ഞ ഷോയിൽ അവതാരകൻ പറഞ്ഞ ഒരു കാര്യം “ഇത്രയും വിദ്യാസമ്പന്നരൊക്കെയായ നിങ്ങൾ മലയാളികൾക്കു ജാതിയുടെ പ്രശ്നം മനസ്സിലാകാത്തത് ഞങ്ങൾക്കുണ്ടായിരുന്ന പോലെ ഒരു പെരിയാർ നിങ്ങൾക്ക് ഇല്ലാതിരുന്നത് കൊണ്ടാണ്” എന്നാണ്. ഇതൊക്കെ വ്യക്തമാക്കി തരുന്ന കാര്യം ഇന്നും ഈ കാലത്തും പെരിയോരും അദ്ദേഹത്തിന്റെ ആശയങ്ങളും വളരെയധികം പ്രസക്തമാണ് എന്നുള്ളതാണ്. ബ്രാഹ്മണിസത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ശബ്ദമാണ് പേരിയോറിന്റേത്.
അവർണരുടെ എല്ലാ ദുരിതങ്ങൾക്കും കാരണമായ ജാതിക്കെതിരെ, ഹിന്ദു മതത്തിനെതിരെ തീവ്രമായി പോരാട്ടം നയിച്ച പെരിയോർ വാക്കുകളിലൂടെ മാത്രമല്ല ആക്രമണം നടത്തിയത്. ഗണപതി വിഗ്രഹങ്ങൾ നിലത്തെറിഞ്ഞു ഉടക്കുക, ആര്യൻ ഇതിഹാസമായ രാമായണം പബ്ലിക് ആയി കത്തിക്കുക തുടങ്ങിയ തീവ്രമായ പോരാട്ടങ്ങളിലൂടെയുമാണ് തന്റെ നിലപാടുകൾ ജനങ്ങളിലേക്ക് എത്തിച്ചത്.
ബാബാ സാഹിബിനെ പോലെ ബുദ്ധന്റെ ഒരു ആരാധകനായിരുന്നു പെരിയോരും. ഇവിടുത്തെ ദളിത് പിന്നോക്ക ജനങ്ങൾ ബുദ്ധനെ പിന്തുടരണം എന്ന അഭിപ്രായക്കാരനായിരുന്നു പെരിയാർ. ബുദ്ധന്റെ 2500-ാംമത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു സമ്മേളനം 1954 ജനുവരി 2ന് ഈറോഡില്‍ സംഘടിപ്പിച്ചു. ആ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. ‘നാം (പിന്നോക്കവിഭാഗങ്ങള്‍) ദൈവങ്ങളാലും ദേവതകളാലും മതാനുശാസനങ്ങളാലും മതസംഹിതകളാലും അടിമകളാക്കപ്പെട്ടിരിക്കുകയാണ് അവയില്‍ നിന്നെല്ലാം വിമോചിതരാകുന്നതിനായി ബുദ്ധന്റെ പ്രബോധനങ്ങളും അദേഹത്തിന്റെ ദര്‍ശനങ്ങളും നമുക്ക് മഹത്തായ തരത്തില്‍ ഉപയോഗപ്പെടും.’ എന്നാണ്. കൂടാതെ 1959 ഫെബ്രുവരിയില്‍ തന്റെ വടക്കേന്ത്യന്‍ പര്യടനത്തിനിടയില്‍ പെരിയാര്‍ കാണ്‍പൂരില്‍ പ്രസംഗിച്ചിരുന്നു. ആ സമ്മേളനങ്ങളില്‍ അദ്ദേഹം പറഞ്ഞത്. ‘ഇന്ന് പിന്നോക്കവിഭാഗക്കാരെന്നു വിളിക്കപ്പെടുന്ന ശൂദ്രരുടെയും പഞ്ചമരുടേയും തരംതാഴ്ത്തല്‍ ഇല്ലായ്മ ചെയ്യുന്നതിനായി നാം ആര്യന്‍മാര്‍ സൃഷ്ടിച്ച മതത്തേയും ശാസനങ്ങളേയും ദൈവങ്ങളേയും ഇല്ലായ്മ ചെയ്യണം. ഇത്തരം വസ്തുക്കള്‍ നിലനില്‍ക്കുന്നതുവരെ നമുക്ക് ജാതിയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയില്ല. ഇക്കാരണം കൊണ്ടാണ് അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിച്ചത്. അദ്ദേഹം വളരെയധികം ആള്‍ക്കാരെ ബുദ്ധിസത്തിലേയക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തു. അതിനാല്‍ ബുദ്ധമാര്‍ഗ്ഗം സ്വീകരിച്ച് ഹിന്ദുമതത്തില്‍ നിന്നും അതിന്റെ ദൈവങ്ങളില്‍ നിന്നും ജാതികളില്‍ നിന്നും സ്വതന്ത്രരാകാന്‍ എല്ലാവരും മുന്നോട്ടു വരണം.” എന്നുമാണ്.
ബ്രാഹ്മണിസവും അതിന്റെ പ്രത്യക്ഷ രൂപമായ സംഘപരിവാർ ശക്തികളും കൂടുതൽ ശക്തി പ്രാപിച്ചു ബഹുജൻ സമാജിനെ അഥവാ ദളിത് പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മൾ ഒന്നടങ്കം പിന്തുടരേണ്ട ഗുരുവാണ് പെരിയാർ. അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടർന്നു മുന്നോട്ടു പോയാൽ തകർന്നു വീഴുന്നത് സംഘപരിവാർ ശക്തികളാണ്. ആ വീഴ്ചക്ക് ആക്കം കൂട്ടേണ്ടത് ജനാധിപത്യ ബോധമുള്ള എല്ലാവരുടേയും കടമയാണ്. നീതിക്കും ന്യായത്തിനും തുല്യതക്കും വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തിൽ നെഞ്ചോട് ചേർത്ത് പിടിക്കാം നമുക്ക് തന്തൈ പെരിയോറിനെ..
അഖിൽജിത്ത് കല്ലറ
സാമൂഹിക പ്രവർത്തകൻ, എഴുത്തുകാരൻ
കോട്ടയം ജില്ലയിലെ കല്ലറ സ്വദേശി. കോട്ടയം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പഠനം. ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെടൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തകൻ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.