ലേഖനപരമ്പര
ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ് പ്രതിവിധി ബുദ്ധധമ്മമോ? ഭാഗം 1
അജിത് വാസു
ആമുഖം
സാമൂഹിക ജീവിതം വളരെ ദുസ്സഹമായ ഒരു ഇന്ത്യയാണ് ഇന്ന് നമുക്കു മുന്നില്‍ ഉള്ളത്. ജാതി, മതം, വര്‍ഗീയത, വെറുപ്പ്, കലാപം ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, സ്ത്രീപീഢനം, അന്ധവിശ്വാസങ്ങള്‍ തുടങ്ങി ഒരു ആധുനിക സമൂഹത്തിന് ഒട്ടുമേ ചേരാത്ത, മലിനമായ ഒരു അന്തരീക്ഷമാണ് ഇന്ത്യയില്‍ ഉള്ളത്. അതേസമയം മതപൗരോഹിത്യവും അന്ധവിശ്വാസവും കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നതും നമുക്ക് കാണാവുന്നതാണ്. എല്ലാ ഇസങ്ങളും പരാജയപ്പെട്ടു പകച്ചുനില്‍ക്കുന്ന ഈ ഒരു ദുരവസ്ഥയില്‍ ഒരു പരിഹാരത്തിനായി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും ഒടുവില്‍ ഒരു അഭയകേന്ദ്രമായി മാറുന്നത് ബാബാസാഹേബ് ഡോ.ബി.ആര്‍ അംബേദ്ക്കറാണ് എന്ന് ഏവരും തിരിച്ചറിയുകയാണ്. അതുകൊണ്ടുതന്നെ, വര്‍ത്തമാനകാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് അംബേദ്കറും അംബേദ്ക്കറിസവുമാണ്. എങ്കിലും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രാഷ്ട്രീയസാമൂഹ്യ രംഗത്തെ ഏറ്റവും സുപ്രധാനമായ നീക്കമായ ‘ഹിന്ദുമത തിരസ്‌കരണവും ബുദ്ധമത സ്വീകരണവും’ വേണ്ട രീതിയില്‍ പൊതുസമൂഹം മനസിലാക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല എന്നും നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ടു തന്നെ ആ വിഷയത്തിലേക്ക് ഒന്നു വെളിച്ചം വീശുക എന്നതാണ് ഈ ലേഖന പരമ്പര കൊണ്ട് ഉദ്ദേശിക്കുന്നത്. അദ്ദേഹത്തെ മനസിലാക്കുന്നതിലേക്കുള്ള ആദ്യപടി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചില സുപ്രധാന പ്രസ്താവനകളിലേക്കൊന്നു നോക്കാം.
അംബേദ്കറുടെ ചില പ്രധാന ഉദ്ധരണികള്‍ / പ്രസ്താവനകള്‍
- ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചുപോയി, എന്നാല്‍ അത് എന്റെ നിയന്ത്രണത്തില്‍ പെട്ട തീരുമാനമായിരുന്നില്ലല്ലോ… പക്ഷേ ഞാന്‍ ഒരു ഹിന്ദുവായി മരിക്കില്ല. അത് എനിക്ക് തീരുമാനിക്കാവുന്ന കാര്യമാണ്. (13 ഒക്ടോബർ 1935, yeola conference,Nasik,Maharashtra)
- ഞാന്‍ ഒരു തത്വശാസ്ത്രത്തെ മതമെന്ന് വിളിക്കണമെങ്കില്‍ അത് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നായിരിക്കണം.
‘വ്യക്തമായിപ്പറയുകയാണെങ്കില്‍ എന്റെ സാമൂഹ്യ തത്വശാസ്ത്രം മൂന്നു വാക്കുകളിലായി ചുരുക്കാം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം. പലര്‍ക്കും തോന്നാം ഞാന്‍ ഈ മൂല്യങ്ങള്‍ ഫ്രഞ്ചുവിപ്ലവത്തില്‍ നിന്നും കടം കൊണ്ടതാവാം എന്ന്. പക്ഷെ അല്ല, ഞാനിവ എന്റെ ഗുരുവായ ശ്രീബുദ്ധനില്‍ നിന്നാണ് എടുത്തിട്ടുള്ളത്. (writings and speeches, vol 17,page 503) - ‘സാഹോദര്യം (fraternity) എന്ന മൂല്യമാണ് ജനാധിപത്യത്തിന്റെ തായ് വേര്.’
‘രാഷ്ട്രീയ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ അതിന്റെ അടിത്തറയായി ഒരു സാമൂഹിക ജനാധിപത്യം ഉണ്ടായിരിക്കണം. എന്താണ് സാമൂഹിക ജനാധിപത്യം എന്ന് വെച്ചാല്‍ അര്‍ത്ഥം ആക്കേണ്ടത്? സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു ജീവിതചര്യ ഒരു സമൂഹത്തില്‍ ഉണ്ടെങ്കില്‍ അതിനെയാണ് സാമൂഹിക ജനാധിപത്യം എന്ന് വിളിക്കുന്നത്.
‘ഹിന്ദുരാഷ്ട്രം ഒരു യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിലും വലിയ ഒരു ദുരന്തം വരാനില്ല. ഹിന്ദുനേതാക്കന്മാര്‍ എന്തൊക്കെ ന്യായീകരിച്ചാലും ഹിന്ദുമതം ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്നീ മൂല്യങ്ങളെ തരിമ്പും ഉള്‍ക്കൊള്ളുന്നില്ല. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ ശത്രുവാണ് ഹിന്ദുമതം. നാമേവരും നമ്മുടെ സര്‍വ്വശക്തിയുമുപയോഗിച്ച് ഹിന്ദുരാഷ്ട്രം ഒരു യാഥാര്‍ത്ഥ്യമാക്കുന്നതിനെ തടയണം.’
ജനാധിപത്യത്തിന്റെ തായ് വേര് സാഹോദര്യം (fraternity)
മുകളില്‍ ഉദ്ധരിച്ച പ്രസ്താവനകളിലൊക്കെ അദ്ദേഹം ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് സമൂഹത്തിലെ സാഹോദര്യം എന്ന മൂല്യത്തെയാണ്. അതില്ലാത്ത ഒരു സമൂഹത്തില്‍ ജനാധിപത്യം (democracy) പ്രവര്‍ത്തിക്കില്ല.
എബ്രഹാം ലിങ്കന്റെ നിര്‍വചനമനുസരിച്ച് ജനാധിപത്യം എന്നത് ‘ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന പ്രാതിനിധ്യ സ്വഭാവമുള്ള ഒരു ഭരണസംവിധാനമാണ്.’ അതായത് ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ വോട്ടിലൂടെ തെരഞ്ഞെടുത്ത് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി നിയോഗിക്കുന്നു.
പക്ഷേ വോട്ടുചെയ്യുന്ന ഒരു വിഭാഗം ജനങ്ങളുടെ നേര്‍ വിപരീത താല്പര്യങ്ങളാണ് അധികാരത്തിലേറുന്നവര്‍ ചെയ്യുന്നതെങ്കിലോ? ഉദാഹരണത്തിന് ഇന്ത്യയിലെ തദ്ദേശീയജനതയെ ഒരിക്കലും ഉയരാന്‍ അനുവദിക്കരുതെന്ന നിലപാടാണ് ഇന്ത്യയിലെ ആര്യവംശപാരമ്പര്യമുള്ള സവര്‍ണ്ണ വിഭാഗങ്ങള്‍ക്കുള്ളത്. അതിനുവേണ്ടിതന്നെയാണ് അവരുടെ വിദ്യ അഭ്യസിക്കാനുള്ള, ഭൂമി കൈവശം വെക്കാനുള്ള, ആയുധം ഉപയോഗിക്കാനുളള, സമ്പത്ത് ആര്‍ജ്ജിക്കാനുള്ള, പൊതുവഴിയില്‍ നടക്കാനുള്ള, ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാനുള്ള, നല്ല പേരുകള്‍ ഇടാനുള്ള, ഇഷ്ടവസ്ത്രം ധരിക്കാനുള്ള…. തുടങ്ങിയ എല്ലാ മനുഷ്യാവകാശങ്ങളും രാജഭരണകാലത്ത് മനുസ്മൃതി എന്ന ഭരണനിയമം ഉപയോഗിച്ച് തടഞ്ഞത്. അവര്‍ണ്ണരുടെ ഉയര്‍ച്ച സവര്‍ണ്ണര്‍ക്ക് മനഃപ്രയാസം ഉണ്ടാക്കും എന്നായിരുന്നു സാമൂഹ്യ തത്വം തന്നെ.
ആടുകളും ചെന്നായ്ക്കളും ഒരു ജനാധിപത്യ സംവിധാനം ഉണ്ടാക്കിയാല്‍?
ആടുകള്‍ ശക്തി പ്രാപിക്കുന്നത് ചെന്നായ്ക്കള്‍ക്കും ചെന്നായ്ക്കള്‍ ശക്തരാവുന്നത് ആടുകള്‍ക്കും അലോസരമുണ്ടാക്കും എന്നത് വ്യക്തമാണ്. ഇവിടെ രണ്ടു കൂട്ടരും വിരുദ്ധ താല്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരുകൂട്ടര്‍ മറ്റേ കൂട്ടരുടെ പ്രതിനിധിയാവുന്നത് അപകടകരമാണ്. ഇങ്ങനെയാണ് സാഹോദര്യമില്ലാത്ത വിരുദ്ധതാല്പര്യക്കാര്‍ ജനാധിപത്യത്തിനായി ഒരേ ഇടത്തില്‍ പ്രവര്‍ത്തിച്ചാല്‍ അത് ഇരുകൂട്ടര്‍ക്കും ദോഷകരമായ ഫലം ഉണ്ടാക്കുന്നത്. കാരണം ഒരു കൂട്ടര്‍ക്ക് മറ്റേക്കൂട്ടരെ പ്രതിനിധാനം ചെയ്യാനോ മറ്റേ കൂട്ടരുടെ പ്രതിനിധികളാവാനോ സാധ്യമല്ല എന്ന വസ്തുത തന്നെ. കാരണം സാഹോദര്യം അവര്‍ക്കിടയില്‍ ഇല്ല എന്നതുതന്നെ. അത്തരം ഭരണസംവിധാനത്തില്‍ ഒരു കൂട്ടത്തില്‍ പെട്ട ആള്‍ മറ്റേക്കൂട്ടരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അവിടെ ഒരു കൂട്ടര്‍ക്ക് ജനാധിപത്യം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.
പ്രത്യേക മണ്ഡലങ്ങളും ജോയിന്റ് മണ്ഡലങ്ങളും ( seperate electorate vs joint electorate)
ഇവിടെ ഇരുകൂട്ടര്‍ക്കും ജനാധിപത്യം കിട്ടണമെന്നുണ്ടെങ്കില്‍ അവരവരുടെ തന്നെ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാവണം. അതാണ് ദക്ഷിണാഫ്രിക്കയില്‍ കറുത്ത വംശജരും വെളുത്ത വംശജരും ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ തന്നെ പ്രതിനിധികളെ തെരഞ്ഞെടുത്ത് അയക്കുന്നു.
ഇതുതന്നെയാണ് വട്ടമേശ സമ്മേളനങ്ങളില്‍ അംബേദ്കര്‍ വാദിച്ചു നേടിയെടുത്ത separate electorate എന്ന ആശയത്തിൽ അധിഷ്ഠിതമായ communal award. പക്ഷേ അതാണ് ഗാന്ധിജി സത്യാഗ്രഹം നടത്തി അട്ടിമറിച്ചത്. ഫലമോ, അധഃസ്ഥിത ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമുള്ള അവസരം കിട്ടി. പക്ഷെ തങ്ങളോട് ആഭിമുഖ്യമുള്ള ,തങ്ങളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ‘ജനാധിപത്യം’ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ഫലമോ വെറും ‘വോട്ടുകുത്തികള്‍‘ മാത്രമായി അവര്‍ മാറി. അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ അവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം കിട്ടും. പക്ഷെ സര്‍വ്വരും ഉള്‍പ്പെടുന്ന joint മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ അടിസ്ഥാന ജനതയെ മൈന്‍ഡ് ചെയ്യുന്നുപോലുമില്ല.
കഴിഞ്ഞ 75 വര്‍ഷമായി ‘ജനാധിപത്യം’ കിട്ടാത്ത ഒരു ജനതയാണ് തങ്ങള്‍ എന്ന് ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന ജനതയ്ക്ക് ഇന്നും അറിഞ്ഞുകൂടാ എന്നതാണ് സത്യം. തങ്ങള്‍ വോട്ടു ചെയ്യുന്നുണ്ട്, അതുകൊണ്ട് തങ്ങള്‍ക്ക് democracy ഉണ്ട് എന്ന് അവര്‍ തെറ്റിദ്ധരിച്ച് ജീവിക്കുന്നു, മരിക്കുന്നു. തങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ ഒരിക്കലും തങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന വസ്തുത അവര്‍ അറിയുന്നുപോലുമില്ല. ജോയിന്റ് മണ്ഡലങ്ങള്‍ വന്നതോടെ സംവരണ സീറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ പോലും അവരുടെ പ്രതിനിധികള്‍ അല്ലാതെ ആയി മാറി.
തലങ്ങും വിലങ്ങും സാമൂഹികമായി വിഭജിക്കപ്പെട്ട ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ രാജ്യമാണോ ?
ഓരോ ജനപ്രതിനിധിയും തങ്ങളുടെ മാത്രം സ്വന്തക്കാര്‍ക്കുവേണ്ടി പണിയെടുക്കുന്ന തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു ഭരണസംവിധാനമാണ് ഇന്ത്യയിലുള്ളത്. പാര്‍ട്ടികള്‍ മാറിമാറി വന്നിട്ടും കോരന്റെ കഞ്ഞി പഴയ കുമ്പിളില്‍തന്നെ ആവുന്നതിന്റെ കാരണം ഈ ജനാധിപത്യമില്ലായ്മയാണ്. അതിനുകാരണം പൊതുസമൂഹത്തിലെ ഈ സാഹോദര്യമില്ലായ്മയാണ്. അതിനുകാരണം മനുഷ്യനെ വിവാഹത്തില്‍ വിലക്കേര്‍പ്പെടുത്തി, ജാതിയുടെ തട്ടുകളായി പരസ്പരം വെറുക്കാന്‍ പഠിപ്പിച്ച്, മനസില്‍ അശുദ്ധിയുടെയും വിവേചനത്തിന്റെയും വിഷം കുത്തി വെക്കുന്ന ബ്രാഹ്മണമതം (ഹിന്ദുമതം) എന്ന ‘വെറുപ്പിന്റെ തത്വശാസ്ത്രം’ ഉണ്ടാക്കിവെച്ച ഒരു സാമൂഹിക വീക്ഷണം (social culture) ആണ്.
സംവരണ മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ പോലും സമൂഹത്തിലെ വരേണ്യവര്‍ഗ്ഗത്തിന്റെ ചട്ടുകങ്ങളായി മാത്രം പ്രവര്‍ത്തിക്കുന്നതും നിത്യേനയുള്ള കാഴ്ചയായി മാറി. യു.പിയിലെ ഹത്രാസില്‍ അതിഭീകരമായി ഒരു മൂല്‍ നിവാസി പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും 130 ഓളം വരുന്ന പട്ടികജാതി എം.പിമാര്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എന്ന് നമ്മള്‍ കണ്ടു. കാരണം അവര്‍ പ്രതിനിധാനം ചെയ്യുന്നത് പട്ടികജാതിക്കാരെ അല്ല എന്നതാണ്. പട്ടികവിഭാഗ പീഡനം നടക്കുന്നു എന്നതില്‍ ഒരു അത്ഭുതവുമില്ല. കാരണം സ്വന്തമായി പ്രതിനിധികള്‍ ഇല്ലാത്ത, ജനാധിപത്യമില്ലാത്ത ഒരു ജനതക്ക് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല. പക്ഷേ ലോകത്തിനു മുന്നില്‍ ഇന്ത്യ ഏറ്റവും വലിയ ‘ജനാധിപത്യ’ രാജ്യമായി സ്വയം വിശേഷിപ്പിക്കുന്നു എന്നതാണ് വിരോധാഭാസം.
അംബേദ്കറുടെ മുന്നറിയിപ്പ്
1949 നവംബര്‍ 25ന് കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്ലിയിലെ തന്റെ പ്രസംഗത്തില്‍ ഈ പ്രശ്‌നത്തെപ്പറ്റിയാണ് അംബേദ്കര്‍ മുന്നറിയിപ്പു നല്‍കിയത്. ഇന്ത്യയില്‍ political democracy യില്‍ ഒരു വ്യക്തി ഒരു വോട്ട് = ഒരു മൂല്യം ആണ്. പക്ഷെ സാമൂഹിക ജീവിതത്തില്‍ ഓരോ വ്യക്തികള്‍ക്കും ഒരേ മൂല്യമല്ല എന്ന വിരോധാഭാസം നമ്മെ തുറിച്ചു നോക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സാമൂഹിക ജീവിതത്തില്‍ ജനാധിപത്യമില്ലെങ്കില്‍ നാം കഷ്ടപ്പെട്ടു നേടിയെടുത്ത രാഷ്ട്രീയ ജനാധിപത്യം തകര്‍ന്നടിയും എന്ന് അദ്ദേഹം നമ്മോടു പറഞ്ഞു. കാരണം ഇന്ത്യന്‍ സമൂഹത്തില്‍ ‘സാഹോദര്യം’ (fraternity) ഇല്ല എന്നതുതന്നെ.
ഭരണഘടനയിലെ പ്രധാന തത്വങ്ങളായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ വാക്കുകള്‍ വെറും കടലാസില്‍ മാത്രമാണെന്നും ഹിന്ദുസംസ്‌കാരം മേല്‍ക്കൈ (graded inequality) പുലര്‍ത്തുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ആ വാക്കുകള്‍ക്ക് ഒരു അര്‍ത്ഥവും ആരും കല്പിക്കുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ബി.ബി.സി ഇന്റര്‍വ്യൂയില്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടത്
ഇന്നും യൂട്യൂബില്‍ ലഭ്യമായ ഒരു വീഡിയോ ഉണ്ട്. ബി.ബി.സി റിപ്പോര്‍ട്ടര്‍ അംബേദ്കറെ ഇന്റര്‍വ്യൂ ചെയ്യുന്നത്. റിപ്പോര്‍ട്ടറുടെ ചോദ്യമിതാണ്. ഡോ.അംബേദ്കര്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ഇന്ത്യയില്‍ ഡമോക്രസി നടപ്പാകുമെന്ന്?
അംബേദ്കര്‍ : ഇല്ല നടപ്പാകില്ല.
റിപ്പോര്‍ട്ടര്‍: ഹിന്ദുമതത്തിലെ കാസ്റ്റ് സിസ്റ്റം കാരണം?
അംബേദ്കര്‍: yes. ഡമോക്രസിയുടെ കെട്ടുകാഴ്ചകളായ ഇലക്ഷന്‍, വോട്ടെടുപ്പ്, തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാവും. പക്ഷെ ഹിന്ദുമതവും ജനാധിപത്യവും ഒരുമിച്ചു പോവില്ല.
മനുഷ്യനെ പലതായി കാണുന്ന സാഹോദര്യമില്ലായ്മ, ബ്രാഹ്മണിക സംസ്‌കാരത്തിന്റെ (ബ്രാഹ്മണിക് കള്‍ച്ചര്‍) സംഭാവന
രണ്ടു സമൂഹങ്ങൾക്കിടയിൽ വിവാഹത്തിന് വിലക്കുണ്ട് എങ്കിൽ ആ രണ്ടു സമൂഹങ്ങളും തമ്മിൽ സാഹോദര്യം ഇല്ല എന്ന് കണക്കാക്കാം. ഇന്ന് ഈ വേര്‍തിരിവിന്റെ ഉയര്‍ച്ച താഴ്ചയുടെ സംസ്‌കാരം ഇന്ത്യയിലെ മറ്റു മതവിഭാഗങ്ങളിലും കയറിക്കൂടിയിരിക്കുന്നു. ആ മതങ്ങളുടെ പ്രാമാണിക ഗ്രന്ഥങ്ങളൊന്നും അതിന് സാധുത നല്‍കുന്നില്ലെങ്കിലും ഇതു മനസിലാക്കിയാണ് അംബേദ്കര്‍ നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ മതങ്ങളെയൊന്നും തെരഞ്ഞെടുക്കാന്‍ കൂട്ടാക്കാതിരുന്നത്.
പക്ഷേ ഭരണഘടനയില്‍ ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്ന ജനാധിപത്യ തത്വങ്ങള്‍ എഴുതിവെച്ച ആ വ്യക്തിക്ക് ആ മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായ ഒരു തത്വശാസ്ത്രത്തില്‍ ഒരു നിമിഷം പോലും തുടരുക എന്നത് ഹൃദയഭേദകമായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണിക് കള്‍ച്ചര്‍ ഇല്ലാതാക്കാന്‍ പറ്റുമോ എന്ന് അറ്റകൈക്ക് ഒരു പരീക്ഷണം കൂടി അദ്ദേഹം നടത്തിനോക്കി. ഹിന്ദുകോഡ് ബില്ലിലൂടെ. ഹിന്ദുമതത്തിനുള്ളില്‍ ‘സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ കൊണ്ടുവരാന്‍ പറ്റുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാനശ്രമം. പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബ്രാഹ്മണനേതൃത്വം ആ നീക്കം മണത്തറിഞ്ഞു. ബില്ലിന് അനുമതി നിഷേധിച്ചു. പിന്നെ ജനാധിപത്യത്തിന്റെ കരുത്തനായ വക്താവായ അദ്ദേഹത്തിന് ജനാധിപത്യവിരുദ്ധമായ ആ മതത്തിന്റെയുള്ളില്‍ നിന്ന് പുറത്തുപോവുകയല്ലാതെ മറ്റു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. കാരണം ambedkarism = liberty,equality,fraternity എന്നതാണ്. hinduism = graded inequality എന്നതാണ്.
ഒന്നുകില്‍ അംബേദ്കറൈറ്റ് ആയിരിക്കുക, അല്ലെങ്കില്‍ ഹിന്ദുസംസ്‌കാരത്തില്‍ നില്‍ക്കുക.
1927 ഡിസംബര്‍ 25ന് തന്നെ ഇന്ത്യന്‍ ഡെമോക്രസിയുടെ ശത്രു ‘സാഹോദര്യമില്ലായ്മ’ ആണെന്നും അതിനു കാരണം മനുസ്മൃതിയില്‍ അധിഷ്ഠിതമായ ബ്രാഹ്മണ സംസ്‌കാരം ആണെന്നും മനസ്സിലാക്കി, ‘മനുസ്മൃതി ചുട്ടുകരിക്കല്‍’ അദ്ദേഹം നടത്തി. ഇന്ത്യക്ക് മനുഷ്യനെ മനുഷ്യനായി കാണുന്ന തുല്യതയുടെ ഒരു പുതിയ സംസ്‌കാരം കൂടിയേ തീരു എന്ന തിരിച്ചറിവില്‍ അദ്ദേഹം മതങ്ങളെ എല്ലാം എടുത്തു പഠിക്കുവാന്‍ ആരംഭിച്ചു. ഉച്ചനീചത്വഭാവങ്ങള്‍ മനുഷ്യ മനസില്‍ നിന്നും ഉന്മൂലനം ചെയ്യുവാന്‍ അങ്ങിനെ ജനാധിപത്യം നടപ്പിലാക്കാന്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളിലധിഷ്ഠിതമായ ഒരു പുതിയ ജീവിത വീക്ഷണം, ഒരു സാമൂഹ്യക്രമം സാമൂഹ്യ സംസ്‌കാരം കൂടിയേ തീരൂ എന്നദ്ദേഹത്തിന് വ്യക്തമായി. ആ തിരച്ചില്‍ ശ്രീബുദ്ധന്റെ ധര്‍മ്മമാര്‍ഗ്ഗത്തില്‍ അവസാനിച്ചു.
അടുത്ത ലക്കം: ബുദ്ധനും ധര്‍മ്മവും എങ്ങിനെ സമൂഹത്തില്‍ സാഹോദര്യം സംജാതമാക്കും?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
പൊതുജനങ്ങൾക്ക് കാര്യകാരണങ്ങൾ അറിയില്ല എന്നത് തന്നെയാണ് ഇന്ത്യ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം…വളരെ നന്നായി എഴുതി sir… ഈ പരമ്പരയിലൂടെ ആളുകളുടെ പൊതു ബോധത്തിന് മാറ്റങ്ങൾ സംഭവിക്കട്ടെ എന്ന് ആശിക്കുന്നു…