കവിത
അജേഷ് പി
മഴയത്ത്
ആകാശം കണ്ടു കിടന്നിരുന്ന
ഒരു വീടുണ്ടായിരുന്നു
ഞങ്ങൾക്ക്.
ഓലപ്പഴുതിലൂടെ
മിന്നലുകൊണ്ട്
വെള്ളത്തുള്ളികൾക്ക്
ആകാശം
പതിയെ അകത്തേക്ക്
വഴി കാണിക്കുന്ന വീട്.
തണുത്തുറഞ്ഞ
നിലത്തേക്ക്
മഴയെ കടത്തില്ലെന്ന്
വാശി പിടിച്ച്
അമ്മ
പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.
അമ്മമ്മ
കരിങ്കുട്ട്യേ
പറക്കുട്ട്യേ.,,,
എന്നു ദൈവങ്ങളെ
വിളിക്കും,
തലയിൽ കൈകൾ വെച്ച്
വേനൽച്ചൂടിൽ
പറയാതെ വന്ന
മഴയെ പ്രാകും.
മോന്തിയിലെ
റാക്കിൻ്റെ മണം കൊണ്ട്
മഴയുടെ കുളിരിനെ
വരിഞ്ഞു കെട്ടി
അച്ഛൻ മാത്രം
കയറുകട്ടിലിൽ
കിടന്നുറങ്ങും.
രാവു വെളുക്കുമ്പോൾ
ചാണകം തൂവിയ നിലത്ത്
അമ്മയെ അനുസരിക്കാതെ
മഴ പാടുകെട്ടി കിടക്കും.
പുലർച്ചക്കെ
പുരമേയുന്ന
ക്ലാരിയേട്ടനെയും
കുറുമ്പയേടത്തിയെയും
തേടി
അമ്മ പോകും,
പുര മേച്ചിൽ
ദിവസം
നാടിനാകെ
ഞങ്ങടെ മുറ്റത്തു
വറുക്കുന്ന
മത്തിയുടെ മണമാകും.
അച്ഛനും കൂട്ടർക്കും
മാത്രം
വളവിലെ ഷാപ്പിലെ
കള്ളിൻ്റെ ചൂരും.
പുരമേഞ്ഞന്നന്തിക്ക്
വൈക്കോലിന്റെ പുതുമണം നുകർന്ന്
അമ്മ
പ്രാർത്ഥിച്ച് കിടന്നുറങ്ങും
അന്നത്തെ രാത്രിയിൽ
ഞാൻ മാത്രം
മഴമണം മാഞ്ഞ
വീടിനേയോർത്ത്
സങ്കടപ്പെട്ട്
ഉറങ്ങാതിരിക്കും
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.