ഓർത്ത് തോൽക്കുമ്പോൾ

0
277
ajesh-nallanji

അജേഷ് നല്ലാഞ്ചി

കിണറ് മണ്ണ് മണക്കുന്ന
കാറ്റാണ്
മരിപ്പ് കാണാൻ
ആദ്യമെത്തിയിട്ടുണ്ടാവുക
കൈതപ്പായയിൽ പൊതിഞ്ഞ
രണ്ട് കാലുകളാണ്
അവസാനത്തെക്കാഴ്ച.

ഇരുന്നിരുന്ന്
തേഞ്ഞും കറുത്തും പോയ
നാലുകാൽ ബെഞ്ചിലാണ്
തോറ്റു പോയൊരു മനുഷ്യൻ
വശങ്ങളിലേക്ക്
വീണുപോവുമോ എന്ന മട്ടിൽ
വിറങ്ങലിച്ചു കിടന്നത്

ചാപ്പയിൽ തൂങ്ങിയ
കയറിന്റെയറ്റത്ത്
കാക്കപ്പൊന്നിന്റെ
തിളക്കമുണ്ടായിരുന്നു..

കറുത്ത ട്രൗസർ ധരിച്ച
ഉറക്കച്ചടവുള്ള
ഒരു കുട്ടി
ആരുടെ കൈകളാണ്
തന്നെയെടുത്തിരിക്കുന്നതെന്നു പോലുമറിയാതെ
ഒരു ദൂരക്കാഴ്ച്ചയ്ക്ക്
കൊതിച്ച് നിൽപ്പുണ്ടായിരുന്നു

പിന്നീടൊരു
സ്വപ്നത്തിൽ പോലും
വന്ന് ആശ്ലേഷിച്ചിട്ടില്ലാത്ത
ഒരാളെ
ഓർത്തെടുക്കാൻ പറ്റാതെ
തോറ്റു തോറ്റിരിക്കുന്നു
ഞാൻ.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827

LEAVE A REPLY

Please enter your comment!
Please enter your name here