ചൈനക്കാരുടെ പന്തലായിനി : നമ്മുടെ കൊയിലാണ്ടി

0
815
athmaonline-the-arteria-majni-thiruvangoor-1200

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

മജ്നി തിരുവങ്ങൂർ

കേരളത്തിലെ ഒരു ശരാശരി പട്ടണമായ കൊയിലാണ്ടിയുടെ ഗതകാല സ്മരണകളിൽ ഉറങ്ങിക്കിടക്കുന്ന മൺമറഞ്ഞ ഒരു ചരിത്രത്തെ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. കാലത്തിന്റെ ഒഴുക്കിൽ ആഴ്ന്നു പോയ ഒരു കച്ചവട നഗരത്തിന്റെ ചരിത്രം; ലോകം മുഴുവൻ പുകഴ് കൊണ്ട പന്തലായിനി കൊല്ലം എന്ന തുറമുഖത്തിന്റെ ചരിത്രത്തിലെ ഒരേട് : പന്തലായിനിയിലെ ചൈനക്കാർ … കോഴിക്കോട് തുറമുഖം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് പന്തലായനി കൊല്ലം നിരവധി വിദേശ കച്ചവടക്കാരെ ആകർഷിച്ച് നിലകൊണ്ടു. അതിൽ റോമാക്കാരും ഗ്രീക്കുകാരും ഫിനീഷ്യരും ജൂതൻമാരും അറബികളും ഉണ്ടായിരുന്നു.

കൊയിലാണ്ടി എന്ന നഗരത്തിന്റെ പുറംപാളികളിൽ ഒന്നും തന്നെ ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട ഈ വിദേശ കച്ചവട ചരിത്രത്തിന്റെ പ്രതിഫലനങ്ങൾ കാണുവാൻ സാധിക്കുകയില്ല. എന്നാൽ ആഴത്തിൽ മനസിലാക്കുമ്പോൾ ഒരു സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥകളെ സ്വാധീനിക്കുന്ന പലഘടകങ്ങളും അതിന്റെ നൂറ്റാണ്ടുകൾ പഴകിയ വേരുകളിൽ നിന്ന് ആരംഭിക്കുന്നു.

CE :125 ൽ ചൈനയിൽ നിന്നുള്ള പാൻ – കോ-യൂ എന്ന എഴുത്തുകാരൻ ഇന്ത്യയിൽ നിന്നുള്ള കച്ചവടവസ്തുകളുടെ കൂട്ടത്തിൽ ചുക്കും കുരുമുളകും ഉണ്ടായിരുന്നതായും അവ കേരളത്തിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നവയായിരുന്നു എന്നും പറയുന്നുണ്ട്. CE :1226 ൽ ചൈനയിൽ എഴുതപ്പെട്ട സൊവ്വരാഗ്വാ സുഫാൻസി (Sowragawa Su fancy) എന്ന ഗ്രന്ഥം മലബാറിനെ നാൻ – പി (Nan-pi) കളുടെ അഥവാ ‘നായർ’മാരുടെ രാജ്യമായി ചിത്രീകരിക്കുന്നു. ചോ- ജൂ – ക്വാ എന്ന ഒരു ചൈനീസ് എഴുത്തുകാരൻ കേരളത്തിൽ നിന്നുള്ള കപ്പലുകൾ സാൻ – ഫോ-സി ( സുമാത്ര), കിൻപി, കിട്ടോ എന്നിവിടങ്ങളിലേക്ക് എല്ലാവർഷവും യാത്ര ചെയ്യുന്നു എന്ന് എഴുതുന്നു. ഇവർ കൈകാര്യം ചെയ്യുന്ന ചരക്കുകൾ നാൻ – പി ( നായർമാരുടെ ) രാജ്യത്തിൽ നിന്നും വരുന്നതാണന്നും അവടെ നിരവധി താ- ഷി ( അറബി ) കൾ താമസിക്കുന്നുണ്ട് എന്നും വിവരിക്കുന്നു. പന്തലായിനിയിലെ അറബി സെറ്റിൽമെന്റുകൾ മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ ലോകപ്രസിദ്ധമായിരുന്നുവല്ലോ.

പ്രസിദ്ധ അറബ് സഞ്ചാരിയായ സുലൈമാൻ പന്തലായിനി കൊല്ലത്ത് എത്തുന്ന ചൈനക്കപ്പലുകളിൽ നിന്ന് ആയിരം ദിർഹം വീതം തുറമുഖ ചുങ്കം പിരിച്ചിരുന്നതായി പറയുന്നുണ്ട്. കേരളത്തിലേക്ക് വലിയ തോതിൽ ചൈനീസ് വ്യാപാരം ഇക്കാലത്ത് നടന്നിരുന്നു. മലബാറുമായുള്ള കച്ചവടം വലിയ തോതിൽ സമ്പത്ത് കേരളത്തിലേക്ക് ഒഴുകുന്നതിന് കാരണമാവുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിൽ 10449 ഭാരം കുരുമുളക് മലബാറിൽ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു എന്നും രേഖകൾ തെളിയിക്കുന്നു. ഇത് ചൈനയിൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും തെക്കൻ സങ്ങ് രാജവംശം വിദേശ വ്യാപാരത്തിൽ നിന്ന്സ്വർണ്ണം, വെള്ളി, വെങ്കലം തുടങ്ങിയ ലോഹനാണയങ്ങളുടെ ഉപയോഗം നിരോധിക്കുകയും പകരം കൈമാറ്റ സംബ്രദായത്തിൽ (ബാർട്ടർ സിസ്റ്റം) ചീനപ്പട്ട്, ചൈനീസ് വെൺ കളിമൺ പാത്രങ്ങൾ (ചൈനീസ് പോർ സലേൻ) തുടങ്ങിയവ ഉപയോഗിക്കാൻ ഉത്തരവിടുകയും ചെയ്തു.

സങ്ങ് രാജവംശത്തിന്റെ കാലത്ത് തന്നെ കോല രാജ്യത്തു നിന്ന് ഒരു പ്രതിനിധിസംഘം വ്യാപാര ബന്ധത്തിന്റെ ഉന്നമനത്തെക്കുറിച്ച് ചർച്ച ചെയ്യാനായി ചൈനയിൽ എത്തിയിരുന്നതായി പറയപ്പെടുന്നു. കോലത്തുനാടിന്റെ സ്വാധീനം ആദ്യകാലത്ത് പന്തലായിനിയോളം വ്യാപിച്ചിരുന്നു.

Ma-li-ke
Ma-li-ke

യാൻ രാജവംശത്തിന്റെ ഭരണകാലത്ത് മലബാറിലെ ഒരു കൂട്ടം കച്ചവടക്കാർ ചൈനയിൽ എത്തിയിരുന്നതായും അവരുടെ ഇന്നത്തെ തലമുറയെ ചൈനയിൽ ‘ഗുലിയുടെ മക്കൾ (guli’s children) എന്ന് ഇന്നും അറിയപ്പെടുന്നു എന്നും അവർ ഇന്ന് ഇരുപതാം തലമുറയിൽ എത്തിനിൽക്കുന്നു എന്നും ഇതിനെക്കുറിച്ച് പഠിച്ച ചെന്നൈ IIT യിലെ ഹ്യൂമാനിറ്റീസ് പ്രൊഫസ്സർ ആയ ജോ തോമസ് കാരക്കാട്ട് വിശദീകരിക്കുന്നു 700 വർഷം മുന്നേ ചൈനയിൽ എത്തിയ മാ- ലി – കി(Ma – Li- Ke )(Malik or Malaki) എന്ന ഒരു കച്ചവടക്കാരന്റെ പിൻഗാമികൾ ആണ് ഇവർ എന്ന് ജിയാ ഉപ്പു (jiaupu) എന്ന ചൈനീസ് കുടുംബ ചരിത്ര പുസ്തകം പറയുന്നു. മാലിക്കി എന്ന വാക്കിനെ ഗുലി എന്നാണ് ചൈനീസ് ഭാഷയിൽ അഭിസംബോധന ചെയ്യുന്നത്.

സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഇബൻ ബത്തൂത്ത തന്റെ യാത്രാ വിവരണ ഗ്രന്ഥമായ കിത്താബ് ഉൾ റഹ്‌ല യിൽ പന്തലായിനി തീരത്ത് നങ്കൂരമിട്ട ചൈനക്കപ്പലുകളേക്കുറിച്ച് വിവരിക്കുന്നുണ്ട്. ചൈനയിൽ നിന്ന് എത്തിയിരുന്ന കപ്പലുകൾ മൂന്നായി തിരിച്ചിരുന്നു. ജങ്ക് എന്നറിയപ്പെട്ട പടുകൂറ്റൻ കപ്പലുകളും സവ എന്നറിയപ്പെടുന്ന ഇടത്തരം കപ്പലുകളും കകം എന്നറിയപ്പെട്ട ചെറിയ കപ്പലുകളും ആയിരുന്നു അവ. 300 ൽ കൂടുതൽ ആളുകളും 6000 ത്തിലേറെ ചാക്കുകൾ നിറച്ച് കുരുമുളകും വഹിക്കാൻ ശേഷിയുണ്ടായിരുന്നു അവക്ക്.

ഓരോ കപ്പലിനും വലിപ്പമനുസരിച്ച് 3 മുതൽ മുതൽ 12 വരെ ചൂരൽ കൊണ്ടു മടഞ്ഞ കപ്പൽപ്പായകൾ ഉണ്ടായിരിക്കും ഈ കപ്പലുകളിൽ ചരക്കിന്റെ കാവലിന് പടയാളികളും ഉണ്ടായിരുന്നു. ഇബൻ ബത്തൂത്തയുടെ വാക്കുകളിൽ “സെ – ങ്ങ് – ഹീ യുടെ കപ്പലുകൾ വളരെ വലുതായിരുന്നു അവ 44 ചെങ്ങ് (ചൈനീസ് അളവ് പ്രകാരം 143 മീറ്റർ നീളം) ഉണ്ടായിരുന്നു. ഇത്തരം 62 കപ്പലുകൾ ഒൻപത് പായ്മരങ്ങളോട് കൂടി പന്തലായിനിയിൽ എത്തിയിരുന്നു. ഇതിൽ 27000 സൈനികർ തന്നെ ഉണ്ടായിരുന്നു. ”
ഇതേക്കുറിച്ച് മലയാളത്തിലെ ചമ്പു കാവ്യങ്ങളിൽ പ്രധാനപ്പെട്ട സന്ദേശകാവ്യങ്ങളിൽ ഒന്നായ ഉണ്ണുനീലിസന്ദേശത്തിൽ പന്തലായിനി തുറമുഖത്തെ ഇങ്ങനെ വിവരിക്കുന്നു :

” ചൊങ്കും ചമ്പ്രാണിയു –
മുടൻ വന്ന ചോണാടനും
കൊണ്ടാക്രാമന്തീ ജലധി –
മഖിലം നിന്നുടെ കീർത്തി പോലെ …….”

ഇതിലെ ചൊങ്ക് എന്ന വാക്ക് സൂചിപ്പിക്കുന്നത് ചൈനീസ്
കപ്പലായ ജങ്ക് ആണന്ന് ഭാഷാശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.

കേരളത്തിലെ മറ്റ് തുറമുഖങ്ങളിൽ നിന്ന് പന്തലായിനി കൊല്ലത്തിനുണ്ടായിരുന്ന വ്യത്യാസം അതൊരു പ്രകൃതിദത്ത തുറമുഖമായിരുന്നു എന്നും മഴക്കാലത്ത് കേരളത്തിലെ ഏറ്റവും സുരക്ഷിതമായ തുറമുഖമായിരുന്നു എന്നതുമാണ്. മഴക്കാലത്ത്‌ കേരളത്തിന്റെ തീരങ്ങളിൽ അടുപ്പിക്കുന്ന കപ്പലുകളുടെ പേടിസ്വപ്നമായിരുന്ന “ചേറ്റു മലരി” ഇല്ലാത്ത ഏക തുറമുഖം ഇതായിരുന്നു. മഴ ശക്തമാകുമ്പോൾ കടലിന്റെ അടിത്തട്ടിൽ നിന്ന് ചളിയും തടിക്കഷ്ണങ്ങളും ചുഴി പോലെ പൊങ്ങി വരുന്ന പ്രതിഭാസമായിരുന്നു ചേറ്റു മലരി. ഇത് മരം കൊണ്ട് നിർമ്മിച്ച കപ്പലുകളുടെ അടിത്തട്ടിനെ കേടുവരുത്തും. സുരക്ഷിതമായ ഈ തുറമുഖത്ത് മഴക്കാലത്തും കച്ചവടം സാധ്യമായതിനാൽ ചൈനക്കാര ഇവിടം തിരഞ്ഞെടുത്തു
ചൈനയിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ചരക്കുകളിൽ പ്രധാനപ്പെട്ടത് ചൈനയുടെ അഭിമാനമായിരുന്ന വെൺക ളി മൺപാത്രങ്ങൾ ആയിരുന്നു. സ്വർണ്ണത്തിനും വെളളിക്കും വിദേശ വാണിജ്യത്തിൽ മേലുണ്ടായിരുന്ന നിരോധനംചീനകളിമൺപാത്രങ്ങൾക്ക് (ചൈനീസ് പോർ സലേൻ ) വിദേശ വാണിജ്യത്തിൽ വലിയ സ്ഥാനം നേടിക്കൊടുത്തു കേരളത്തിലെ തുറമുഖങ്ങളിലൂടെ ചൈനക്കാർ നിരവധി ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളും കച്ചവടം നടത്തി. പന്തലായിനിയിൽ എത്തിയിരുന്ന ചൈന പിഞ്ഞാണപാത്രങ്ങൾ വിവിധതരങ്ങളിൽ ഉളളതായിരുന്നു. അവയിൽ പ്രധാനം സെൽഡൻ , വെളുപ്പിൽ നീലപൂക്കൾ ഉള്ളത്, നീലയും വെള്ളയും, ദെഹുവ, ക്വാസി ദെഹുവ (അർദ്ധ ദെഹുവ ) തിളങ്ങുന്ന തവിട്ട് നിറത്തിൽ മിനുക്കിയത്, വൈറ്റ് യുവാൻ, വ്യാളികളുടെ ചിത്രം പതിച്ചത് തുടങ്ങിവയായിരുന്നു. പന്തലായിനിയിൽ നടന്ന പുരാവസ്തു ഖനനങ്ങളിൽ . നിരവധിയായി ലഭിച്ച പാത്ര കഷ്ണങ്ങൾ (Pottery shreds) സൂചിപ്പിക്കുന്നത് ഇവയുടെ ഉപയോഗം സാധാരണക്കാരുടെ ഇടയിൽ ധാരാളമായി നിലനിന്നിരുന്നു എന്നാണ്. പന്തലായിനിയിൽ നിന്ന് ലഭിച്ച പാത്രകഷ്ണങ്ങളേക്കുറിച്ച് പഠിച്ച പ്രശസ്തജാപ്പനീസ് പുരാവസ്തു ശാസ്ത്രജ്ഞൻ നൊബേരുകരാഷിമ യുടെ അഭിപ്രായത്തിൽ ഇവ 13 മുതൽ 18 വരെ നൂറ്റാണ്ടുകളെ സൂചിപ്പിക്കുന്നു എന്നാണ്. ഇവ ലോംഗ് ക്വാനിലെ ക്ലിംസിലേയും ജിംഗദേഷാനിലേയും പണിപ്പുരകളിലെ ഉത്പന്നങ്ങൾ ആയിരുന്നു എന്നും ഇവയുടെ ഏറ്റവും ഗുണനിലവാരമുള്ള ഇനങ്ങൾ വന്നിരുന്നത് പന്തലായിനി കൊല്ലത്തേക്കും കുരക്കേണി കൊല്ലത്തേക്കും ആയിരുന്നു എന്നും കരാഷിമ അഭിപ്രായപ്പെടുന്നു.

കൂടാതെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ലോഹ ഉരുപ്പടികൾ മലബാറിന്റെ മാത്രമല്ല കേരളത്തിന്റെയാകെ തന്നെ നിത്യജീവിതത്തെ നിയന്ത്രിക്കുന്നവയായിരുന്നു. ചെമ്പ്, രസം (മെർക്കുറി) ടിൻ, ഈയം തുടങ്ങിയവ ഇവിടുത്തെ ലോഹ സാങ്കേതികതയുടെ അസംസ്കൃതവസ്തുകൾ ആയിരുന്നു. ചെമ്പും ഓടും (വെങ്കലം)ഇവിടുത്തെ പാത്രനിർമ്മാണത്തിന്റെ ആണിക്കല്ലായിരുന്നു മധ്യകാല ക്ഷേത്രങ്ങളിലും വീടുകളിലും ഉപയോഗിച്ചിരുന്ന ചെമ്പ്, ചരക്ക്, ഉരുളി, വിളക്കുകൾ, കിണ്ണം, കിണ്ടി, . ചരുവം, തൂക്ക് തുടങ്ങിയ എല്ലാ ഉപകരണങ്ങളും ഓട് കൊണ്ട് നിർമ്മിച്ചതായിരുന്നു. ചെമ്പും ഈയവും ടിന്നും ആയിരുന്നു ഇതിന്റെ അടിസ്ഥാനം. മെർക്കുറി (രസം) ഉപയോഗിച്ചിരുന്നത് പ്രധാനമായും മൺ മറഞ്ഞു പോയ പ്രസിദ്ധമായ മുചുകുന്ന്‌ ലോഹക്കണ്ണാടിയുടെ നിർമ്മാണത്തിനായിരുന്നു. അറബികൾ പന്തലായിനിയിൽ കണ്ട അത്ഭുതവസ്തുവായ കൊയിലാണ്ടി ഹുക്കകൾ അലങ്കരിച്ചിരുന്നത് പിച്ചള (Brass) ഉപയോഗിച്ചായിരുന്നു. കേരളത്തിൽ വ്യാപകമായി ഉപയോഗിച്ച ഈ കൂട്ടുലോഹത്തിന്റെ ഉറവിടം ചൈനയായിരുന്നു.
പന്തലായിനിയിൽ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ട പ്രധാനപ്പെട്ട ഒരു ഉത്പന്നം തേങ്ങ ആയിരുന്നു. “ദ ഓയി സിലൂയി ” എന്ന പതിനാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചൈനീസ് ഗ്രന്ഥത്തിൽ തേങ്ങയെക്കുറിച്ചും തെങ്ങുകൃഷിയെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചും പറയുന്നുണ്ട്. കൂടാതെ അടക്ക, കുരുമുളക് എന്നിവക്കും വലിയ ഡിമാന്റ് ഉണ്ടായിരുന്നു. ചൈനീസ് സഞ്ചാരിയായ മാ- ഹുവാൻ ” പോ–ഹോ ” എന്ന വാക്കാണ് കുരുമുളകിന്റെ ഭാരത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്. ഇത് അറബികളുടെ അളവായ “ബഹാറി ” ന് തുല്യമായിരുന്നു. മലയാളത്തിലും സംസ്കൃതത്തിലും ഉള്ള ഭാരം എന്ന അളവിന് തുല്യമായിരുന്നു അത്. ഒരു ഭാരം എന്നത് ചൈനയിലെ അളവായ 400 ചിൻ ന് തുല്യമായിരുന്നു. 90 മുതൽ 100 വരെ സ്വർണ്ണ നാണയങ്ങയിരുന്നു ഇതിന്റെ വില. ഇതുപ്രകാരം 500 ഗ്രാം കുരുമുളകിന് 13 സ്വർണ്ണ നാണയങ്ങൾ വിലയുണ്ടായിരുന്നു.
പന്തലായിനിയിലേക്ക് ഇറക്കുമതി ചെയ്തതും ഇവിടെ നിന്ന് കയറ്റുമതി ചെയ്തതു പ്രധാനമായും ചൈനയിലെ മക്കാവോ തുറമുഖം വഴിയായിരുന്നു. ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കൾ പ്രധാനമായും പട്ടുവസ്ത്രങ്ങൾ പാത്രങ്ങൾ ചീനക്കുട മരുന്നുകൾ തുടങ്ങി നിരവധി വസ്തുക്കളും കയറ്റുമതി ചെയ്തത് പ്രധാനമായും ചന്ദനം, സുഗന്ധവസ്തുക്കൾ ആനക്കൊമ്പ് പരുത്തി തുടങ്ങിയവയായിരുന്നു.

ഇവിടെ നിന്ന് കയറ്റുമതി ചെയ്യപ്പെട്ട മിക്ക വസ്തുക്കളും മറ്റ് വിദേശ സ്വദേശ പ്രദേശങ്ങളുമായുള്ള കച്ചവടത്തിന്റെ ഉത്പന്നങ്ങൾ കൂടെയായിരുന്നു. കാരണം നിരവധി കച്ചവട പാതകളുടെ സംഗമസ്ഥാനമായിരുന്നു പന്തലായിനി കൊല്ലം .

cheriya-palli-koyilandi
കൊയിലാണ്ടി ചെറിയ പള്ളി ‌

 

meethalekkandi-palli-cheenam-palli-koyilandi
കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളി (ചീനംപള്ളി ) | ഫോട്ടോ – റിസ്വാൻ

പന്ത്രണ്ടാം നൂറ്റാണ്ടു വരെ ചൈനീസ് കടൽ വ്യാപാരം വളരെ ശക്തമായി നിലനിന്നിരുന്നു. ഇതിൽ ഉയർച്ചതാഴ്ച്ചകൾ വ്യക്തമായിരുന്നു. കാരണം ചൈനയിൽ നിന്നുള്ള സമുദ്ര വ്യാപാരത്തിൽ നിന്ന് ലഭ്യമായിരുന്ന നികുതി കാർഷിക രംഗത്തു നിന്ന് ലഭിച്ചിരുന്ന നികുതിയേക്കാൾ കുറവായതു കൊണ്ട് പ്രാദേശിക ഭരണാധികാരികൾക്ക് ഇത് ഒരു താൽപര്യ വിഷയമായിരുന്നില്ല. മാത്രവുമല്ല ചൈനീസ് കടൽ വ്യാപാരം പ്രധാനമായും ആഢംബരവസ്തുക്കൾക്ക് വേണ്ടിയുള്ളതായതിനാലും സമ്പന്ന വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചു ഉള്ളതും ആയതിനാൽ ചൈനയുടെ രാഷ്ട്രീയ സുസ്ഥിരതയും സാമ്പത്തികപുരോഗതിയും ഈ കച്ചവട പ്രക്രിയയെ ബാധിച്ചിരുന്നു. നീണ്ട നൂറ്റാണ്ടുകൾ ചൈനക്കാർ മലബാർ തീരത്ത് ഉണ്ടായിരുന്നുവെങ്കിലും തദ്ദേശീയരുമായി യാതൊരു തരത്തിലും ഉള്ള സാംസ്കാരിക സമന്വയം.. ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. ചൈനക്കാർ പുറം ലോകത്തു നിന്നും ഒന്നും സ്വീകരിച്ചിരുന്നില്ല. അവർ ഉയർന്ന തോതിലുള സാംസ്കാരിക സ്വയംപര്യാപ്തത പ്രകടിപ്പിച്ചിരുന്നു എന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. മലബാറിന്റെ സാംസ്കാരിക ചരിത്രത്തിൽ ചില പദങ്ങളും പ്രാദേശിക നാമങ്ങളും മാത്രമാണ് നമുക്കിന്ന് ആ സമന്വയത്തിന്റെ ചെറിയ അടയാളമെന്ന രീതിയിൽ പറയാനുള്ളത്. ചീന ഓടം (ഒരു തരം തോണി ) ചീനവല , ചീന ചട്ടി, ചീന വെടി, ചീനക്കുട, ചീനപ്പട്ട് തുടങ്ങിയ വാക്കുകളും കോഴിക്കോട്ടങ്ങാടിയിലെ പട്ടു തെരുവും പല നൂറ്റാണ്ടുകൾ നീണ്ട ചൈനീസ് സ്വാധീനത്തിന്റെ ബാക്കിയെന്നോണം ചില അടയാങ്ങളും മാത്രമാണ്. അതിൽ കാപ്പാട് ഉള്ള ചീന ചേരി ഒരു ചൈനീസ് സെറ്റിൽമെന്റ് ആയിരുന്നു എന്നു കരുതാവുന്നതാണ്. ഇബൻ ബത്തൂത്ത പന്തലായിനിയിൽ എത്തുന്ന ഭൂരിഭാഗം ചൈനക്കാരും മുസ്ലിം വിശ്വാസികളാണ് എന്ന് രേഖപ്പെടുത്തുന്നുണ്ട്. പന്തലായിനിയിൽ ആരാധനാ സൗകര്യത്തോട് കൂടിയ ഒരു ചെനീസ് സെറ്റിൽമെന്റ് ഉണ്ടായിരുന്നുഎന്ന് അടയാളപ്പെടുത്തുന്നു ഇത് കൊയിലാണ്ടി ചെറിയപളളി എന്ന ആരാധനാലയമാണ്. ഇതിന്റെ ചുമരിൽ ആലേഖനം ചെയ്യപെട്ട ലിഖിത പ്രകാരം ഈ പളളിയിലെ ആദ്യത്തെ ഖുത്വുബ 643 വർഷങ്ങൾക്ക് മുൻപായിരുന്നു എന്ന് രേഖപ്പെടുത്തുന്നുണ്ട്. നിലവിൽ കൊയിലാണ്ടി ഹൈവേയുടെ പടിഞ്ഞാറു ഭാഗത്താണിത് സ്ഥിതി ചെയ്യുന്നത്. ചൈനീസ് സ്വാധീനമുള്ള മറ്റൊരു മുസ്ലിം പള്ളിയാണ് ചീനം പള്ളി എന്നറിയപ്പെടുന്ന കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളി.
കൊയിലാണ്ടിയുടെ ചരിത്രത്തിൽ ആയിരക്കണക്കിന് വർഷങ്ങൾ വേരിറക്കിയ ചീന കച്ചവട ചരിത്രത്തിന്റെ പ്രതിഫലനങ്ങൾ നിലവിൽ ഈ സമൂഹത്തിന്റെ മുഖ്യധാരയിൽ നമുക്ക് കണ്ടെത്തുവാൻ സാധിക്കില്ല. കൊയിലാണ്ടിയുടെ ഈ ഭൂതകാല ചിത്രം ഒരു ഓർമ്മ മാത്രമാണിന്ന്. അതുകൊണ്ടു തന്നെ അക്കാദമിക തലത്തിൽ ഇത് ചർച്ചയാവാറില്ല എന്നു തന്നെ പറയാം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here