ആനയ്ക്കുണ്ടൊരു കഥ പറയാൻ

0
1747

പോൾ സെബാസ്റ്റ്യൻ

കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയും കരയിൽ ജീവിക്കുന്ന ഏറ്റവും ബുദ്ധി കൂടിയതെന്നവകാശപ്പെടുന്ന ജീവിയും തമ്മിലുള്ള ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ആധിപത്യശ്രമങ്ങളുടെയും പ്രതിഷേധത്തിന്റെയും അടിമത്തത്തിന്റെയും സ്നേഹത്തിന്റെയും സഹവർത്തിത്തത്തിന്റെയും കഥകളാണ് ‘ആനക്കുണ്ടൊരു കഥ പറയാൻ’ എന്ന പുസ്തകത്തിൽ നമ്മെ കാത്തിരിക്കുന്നത്. ‘ഇ ഫോർ എലിഫന്റ്’ എന്ന ടി വി പരിപാടിയിൽ അവതരിപ്പിച്ചതിൽ നിന്ന് തിരഞ്ഞെടുത്ത 50 ആനകളെപ്പറ്റിയുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിൽ ശ്രീകുമാർ അരൂക്കുറ്റി പറയുന്നത്.

ആനക്കമ്പക്കാർക്കും ആനയെ പീഡിപ്പിക്കുന്നെന്ന പരാതിയുള്ളവർക്കും ഒരു പോലെ സ്വന്തമെന്ന് കരുതാവുന്ന പുസ്തകമായി ഇത് മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ശ്രീകുമാറിന്റെ തന്നെ വാക്കുകളിലുണ്ട്. “ആനക്കമ്പത്തിന്റെയും ഉത്സവാഘോഷത്തിന്റെയും പേരിൽ നാട്ടാനകൾ വൻതോതിൽ പീഡിപ്പിക്കപ്പെടുന്നു എന്ന സന്ദേശവുമായി ഡോക്യൂമെന്ററി ചെയ്യാൻ ഇറങ്ങിത്തിരിച്ചയാൾ, അവസാനം ആനക്കമ്പത്തിന്റെ കാണാപ്പുറങ്ങളിലൂടെ അതിന് ചൂട്ടു കത്തിച്ചുകൊണ്ട് നടക്കേണ്ടി വരുകയെന്നാൽ അതിനെ വിധിവൈപരീത്യം എന്നല്ലാതെ മറ്റെന്ത് പറയാൻ.”

ഉടമകൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ആനകളെപ്പറ്റിയാണ് ഇതിൽ ഭൂരിഭാഗവും പറയുന്നത്. ഇതിനിടയിലും തളക്കപ്പെട്ട ആനയെന്ന വന്യജീവിയുടെ നിസ്സഹായാവസ്ഥയും പ്രശ്നങ്ങളും എഴുത്തുകാരൻ നന്നായി അവതരിപ്പിക്കുന്നുണ്ട്. അരച്ചാൺ വയറു നിറക്കാൻ വേണ്ടി ആനപ്പാപ്പാന്മാരാവാൻ ഇറങ്ങിത്തിരിക്കുന്നവർ ഇടയുന്ന ആനകൊമ്പിലൊടുങ്ങേണ്ടി വരുന്ന അവസ്ഥ. അനിശ്ചിതമായ ഈ തൊഴിലിടത്തിൽ മരണം ഏതൊരു തിരിവിലും അത്ഭുതവുമായി കടന്നെത്തും. ഒപ്പം, പാപ്പാന്മാരുടെ അശ്രദ്ധയും ക്രൂരതയും പലപ്പോഴും ആനകളെ കൊലകാരികളുമാക്കാറുണ്ട്. ഉത്സവത്തിനെഴുന്നള്ളിക്കുന്ന ആനകൾക്കും തടി പിടിപ്പിക്കുന്ന ആനകൾക്കും വെവ്വേറെ പ്രശ്നങ്ങളാണ്. കേരളത്തിലെ ആനകൾക്കും മറ്റു സംസ്ഥാനങ്ങളിലെ ആനകൾക്കും വേറിട്ട അവസ്ഥകളിലാണ് ജീവിക്കേണ്ടി വരുന്നത്. മദപ്പാട് കാലത്തെ ശരിയായ പരിചരണമില്ലായ്മയും ശരിയായുള്ള ഭക്ഷണം കിട്ടായ്മയുമെല്ലാം എങ്ങനെ ആനകളെ അക്രമകാരികളാക്കുന്നു എന്ന് ഈ പുസ്തകം തെളിവായി പറയുന്നുണ്ട്.

ഗുരുവായൂർ പദ്മനാഭൻ, പാമ്പാടി രാജൻ, സാജ് പ്രസാദ്, തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, എഴുത്തച്ഛൻ ശ്രീനിവാസൻ, കൊടുങ്ങല്ലൂർ ഗിരീശൻ, തിരുവമ്പാടി ശിവസുന്ദർ, മംഗലാംകുന്ന് കർണ്ണൻ, ചിറയ്ക്കൽ കാളിദാസൻ, ബാസ്റ്റ്യൻ വിനയശങ്കർ, അടിയാട്ട് അയ്യപ്പൻ തുടങ്ങി പേരെടുത്ത നാട്ടുകൊമ്പന്മാരുടെ മഹാഭൂരിപക്ഷത്തിനിടയിലും വാർത്തകളിൽ ഏറെ പ്രാധാന്യം നേടിയ കൊലകൊല്ലി, ബൊമ്മൻ എന്നീ കാട്ടാനകളും നാമമാത്രമായ വിധം കുറച്ചു പിടിയാനകളും മോഴകളും ഈ അൻപതിൽ പെടും. കൊലകൊല്ലിയുടെയും ഏഷ്യാഡ്‌ അപ്പു എന്ന മോഴയുടെയും മുതുമല രതി എന്ന ആനയമ്മൂമ്മയുടെയും കഥകൾ ഏവരുടെയും കരളലിയിക്കും.

ഐതിഹ്യമാലയിൽ കാണുന്നതുപോലുള്ള ആനക്കഥകൾ ഈ പുസ്തകത്തിൽ കാണാൻ സാധിക്കുകയില്ല എന്ന് എഴുത്തുകാരൻ പറയുന്നുണ്ടെങ്കിലും ഏതാണ്ടതുപോലുള്ള കഥകളും പുസ്തകത്തിൽ ഉണ്ട് എന്നതാണ് യാഥാർഥ്യം. അത്ഭുതപ്പെടുത്തുകയും കണ്ണു നനയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ അനേകമുണ്ട് ഈ പുസ്തകത്തിൽ.

ഇത്രയധികം നാട്ടാനകൾ ഉണ്ടായിട്ടും നാട്ടിൽ പിറക്കുന്ന ആനക്കുട്ടികൾ വിരളമാണ് എന്നത് എന്നെ അതിശയിപ്പിക്കുന്നുണ്ട്. നാട്ടാനകൾക്ക് ഇണ ചേരാനും കുട്ടികളെ പ്രസവിക്കാനും ഉള്ള അവസരങ്ങൾ കൊടുക്കേണ്ടത് ഒരു അനിവാര്യതയാണ് എന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നുണ്ട്.
മുതുമല ആനക്യാമ്പിന്റെ രൂപത്തിൽ കേരളത്തിലെ നാലോ അഞ്ചോ ജില്ലകളിൽ ആന ക്യാമ്പുകൾ നിർമ്മിക്കുകയും അവയെ ടൂറിസവുമായി കൂട്ടിയിണക്കി ആനകൾക്കും മനുഷ്യർക്കും ഒരു പോലെ സന്തോഷപ്രദമായ ദിനങ്ങളെ സൃഷ്ടിക്കാൻ നമ്മുടെ ഭരണാധികാരികൾ മനസ്സിരുത്തിയെങ്കിൽ എന്നാശിക്കുന്നു. ആന സഫാരിയും ഇതോടനുബന്ധിച്ച സാധ്യതയാണ്.

ആദിമകാലത്ത് മനുഷ്യനും മൃഗങ്ങളും എല്ലാം കാട്ടിലാണ് താമസിച്ചിരുന്നത്. ക്രൂര മൃഗങ്ങൾക്കിടയിൽ പേടിച്ചു വിറച്ചു ജീവിച്ചിരുന്ന മനുഷ്യരും മൃഗങ്ങളും സ്വരക്ഷക്കായി കഷ്ടപ്പെട്ടുകൊണ്ടിരുന്നു. ബുദ്ധികൂർമ്മതയുള്ള മനുഷ്യൻ പതിയെ പതിയെ കാട്ടു മൃഗങ്ങൾക്ക് മേൽ ആധിപത്യം നേടിയെടുത്തു. ആയുധങ്ങളും അഗ്നിയും മാത്രമല്ല മൃഗങ്ങളെയും മനുഷ്യർ ഈ മേൽക്കോയ്മ നേടാനായി ഉപയോഗിച്ചു. ക്രൂര മൃഗങ്ങളുമായി യുദ്ധം ചെയ്തു ജയിച്ച മനുഷ്യൻ കാട് വെട്ടിത്തെളിച്ച് നാട് എന്നൊരു ഭൂപ്രദേശം സ്വന്തമാക്കി. മനുഷ്യൻ അവരുടെ ആവശ്യങ്ങൾക്കനുസരിച്ചു കാട് വെട്ടിത്തെളിച്ചു നാട് വികസിപ്പിച്ചു കൊണ്ടിരുന്നു. അവശേഷിക്കുന്ന കാടുകളിൽ പോലെ ആദിവാസികൾ എന്ന പേരിൽ മനുഷ്യർക്ക് തന്നെയായിരുന്നു പ്രഥമ പരിഗണന. തങ്ങളുടെ സ്വത്തിനും സ്വാതന്ത്ര്യത്തിനും കരുതലായി ആയുധങ്ങൾക്കൊപ്പം നായയെയും കുതിരയെയും ആനയെയുമെല്ലാം കൂടെ കൂട്ടി. മനുഷ്യർക്ക് വേണ്ടി ജീവൻ കൊടുക്കാൻ ഈ മൃഗങ്ങൾ സ്വമേധയായോ അല്ലാതെയോ തയ്യാറാവേണ്ടിയിരുന്നു. ഇതിനിടയിലും മനുഷ്യരിൽ ഉറങ്ങിക്കിടക്കുന്ന വന്യതയെക്കാൾ പ്രകടമായി ആനകളിലെ വന്യത പ്രകടമായിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് പ്രകൃതിയുടെ പുരുഷൻ എന്ന വിളി കേൾക്കുന്ന ആനകൾക്ക്. മനുഷ്യരിൽ ഈ വന്യത മൊത്തം വർഷത്തിലേക്കായി വിഭജിക്കപ്പെടുമ്പോൾ ആനകളിൽ ഇത് ഏതാനും മാസങ്ങളിലേക്കായി പ്രകൃതി ചുരുക്കിയിരിക്കുന്നു. ഈ മാസങ്ങളിൽ അവർ മറ്റൊരു അവസ്ഥയിൽ എത്തപ്പെടുന്നു. കരയിലെ ഏറ്റവും വലിയ ജീവി അവന്റെ ഏറ്റവും വലിയ ശക്തിയുടെ മൂർത്ത ഭാവത്തിൽ നാടു വിറപ്പിക്കുന്നു. മനുഷ്യന്റെ ബുദ്ധിയോ സ്നേഹമോ അവനപ്പോൾ പ്രശ്നമല്ല. മനുഷ്യൻ അവന്റെ സ്വാർത്ഥതയുടെ സൂര്യനെ എല്ലാ ദിവസവും ഉണർത്തുകയും അപൂർവ്വം സമയത്തൊഴികെ ഉറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോൾ സ്വാർത്ഥതയും കരുത്തും തമ്മിലുള്ള മത്സരം ഒരു തുടർക്കഥയാവുന്നു. മനുഷ്യരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിൽ യാതൊരു മടിയുമില്ലാത്തവർക്കിടയിൽ മൃഗങ്ങളുടെ അവകാശങ്ങൾക്ക് എന്ത് പ്രസക്തി? വികാരങ്ങൾക്കെന്തു പ്രസക്തി? ഈ ചിന്തകളുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകത്തെ വായിക്കേണ്ടതെന്ന് എനിക്ക് തോന്നുന്നു.

എന്നെങ്കിലും ഒരാനയെ വാങ്ങണം എന്ന മോഹവുമായി നടക്കുന്ന എന്റെ ഒരു സുഹൃത്തിന്റെ സ്വന്തമാണ് ഞാൻ വായിച്ച ഈ പുസ്തകം. 2008 മാർച്ചിൽ AUTHENTIC BOOKS പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് 440 പേജുകൾ ഉണ്ട്. ഒരു പക്ഷെ, ഈ പുസ്തകത്തിന്റെ ഓരോ കോപ്പിയും ഇതു പോലെ ഓരോ ആനക്കമ്പക്കാരുടെ കൈയ്യിലായാലും അതിശയിക്കാനില്ല. നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്കൊപ്പം 12 ആനകളുടെ മുഴു പേജ് വർണ്ണ ചിത്രങ്ങളും സജീവമായ വരച്ചിത്രങ്ങളും ഈ പുസ്തകത്തെ ഏറെ മൂല്യവത്താക്കുന്നു. ജീവിച്ചിരിക്കുന്ന ആനകളുടെ കാര്യത്തിൽ ഓരോ വർഷവും പുതു പുതു സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആനകൾ വളർന്നു കൊണ്ടിരിക്കുന്നു…പുതു ചരിത്രങ്ങൾ കൊണ്ട് ഓരോ വർഷവും ഈ ആനകളുടെ ചരിത്രത്തെ നവീകരിക്കേണ്ടി വരും എന്ന കനത്ത ഉത്തരവാദിത്വം നില നിൽക്കുന്നതിനാൽ ഇതിനൊരു പുതുപതിപ്പുണ്ടായോ എന്നെനിക്കുറപ്പില്ല. ഇത് പോലുള്ള പുസ്തകങ്ങൾ വായിക്കാൻ കിട്ടുക എന്നത് വായനക്കാരുടെ ഭാഗ്യമാണ് എന്നേ എനിക്ക് പറയാനുള്ളൂ. ഇതെവിടെ കിട്ടുമെന്നെനിക്കറിയില്ല. പക്ഷെ, അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ പറഞ്ഞിരിക്കുന്നത്? ശ്രമിക്കൂ.

അടിക്കുറിപ്പ്: ശ്രീകുമാർ അരൂക്കുറ്റി ആദ്യമായി കഥയെഴുതിയ സിനിമയാണ് ദേശാടനം എന്നത് എന്നെ അത്ഭുതപ്പെടുത്തി. പതിറ്റാണ്ടുകൾക്ക് ശേഷവും ആ എഴുത്തുകാരനിൽ നിന്ന് അതുപോലുള്ള കൂടുതൽ സിനിമകൾ വന്നില്ലല്ലോ എന്നതിലെ സങ്കടവും ഒളിച്ചു വെക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here