ലേഖനം
ആദി
അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പ്രൊഫസറും എഴുത്തുകാരനുമായ ഡോ.ശ്രീനിവാസ് രാമചന്ദ്ര സിറസിനെ 2010 ഏപ്രിൽ ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന് അറുപത്തിനാല് വയസ്സുണ്ടായിരുന്നു. ഈ മരണം പല അഭ്യൂഹങ്ങൾക്കും വഴിവെച്ചെങ്കിലും ഏറ്റവുമൊടുവിൽ സിറസിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസെത്തിയത്. ഫെബ്രുവരി 8,2010 നാണ് സിറസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അനുമാനിക്കാവുന്ന സംഭവങ്ങൾ നടക്കുന്നത്. അന്നേ ദിവസം ഒരു റിക്ഷാക്കാരനുമായി സിറസ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ചിലർ ഷൂട്ട് ചെയ്യുകയും, അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്ത ദിവസം തന്നെ ഈ ചിത്രങ്ങൾ യൂണിവേഴ്‌സിറ്റി അധികൃതർക്ക് ലഭിക്കുകയും സിറസ് സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തു.
പ്രേമ ദിനത്തിൽ അറുപത്തിനാലുകാരനായ സിറസിനെ ഓർമ്മിക്കുന്നതെന്തിനാണ്? അതിനുള്ള ഉത്തരത്തിലേക്ക് വഴിയേ വരാം. പ്രേമത്തെ,അതിന്റെ എല്ലാ സങ്കീർണ്ണതകളോടും കൂടി മനസ്സിലാക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. ബഷീറെഴുതുമ്പോൾ ഒരു ജയിൽപ്പുള്ളി പ്രേമിക്കപ്പെടുന്നുണ്ട്. ഒരുണക്ക കമ്പ് പ്രേമത്തിന്റെ അടയാളമാകുന്നുണ്ട്. സൈനബ പ്രേമിക്കുന്നത് മണ്ടൻ മുത്തപ്പയെയാണ്.
പക്ഷേ പ്രേമമെന്ന് കേൾക്കുമ്പോൾ ഏത് തരം ശരീരങ്ങളാണ് നമ്മുടെ മനസ്സിലേക്ക് വരുന്നത് ? ആരുടെ പ്രേമമാണ് നമ്മുടെ പരിഗണനയിലുള്ളത് ? ഏത് ശരീരങ്ങളാണ് പ്രേമിക്കപ്പെടാൻ യോഗ്യമെന്ന് നമുക്ക് തോന്നുന്നത് ? ഒരു കറുത്ത-തടിച്ച സ്ത്രീയെ ചൂണ്ടിക്കാട്ടി “ഇത് പോലെ ഒരു സാധനത്തെ നീ പ്രേമിച്ചു,അത് തല്ല് കൊള്ളേണ്ട കാര്യമാണെന്ന് പറയുന്ന ഒരു രംഗം ആക്ഷൻ ഹീറോ ബിജുവിലുണ്ട്.
നമ്മളെല്ലാവരുമത് കണ്ട് ചിരിച്ചതാണ്. ചില സാധനങ്ങളൊന്നും പ്രേമിക്കപ്പെടാൻ യോഗ്യരല്ല. അത് ഡിസേബിൾഡായ ശരീരങ്ങളാകാം,കറുത്ത ശരീരങ്ങളാകാം,ദളിത്-മുസ്ലിം-ക്വിയർ ശരീരങ്ങളുമാകാം.
പ്രേമത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തവരെ നമുക്കറിയാം . പ്രേമത്തിന്റെ പേരിൽ കൊല്ലപ്പെട്ടവരെയും കൊന്നവരേയും നമുക്കറിയാം. പ്രേമത്തെ ‘ലവ് ജിഹാദെ’ന്നാണ് നമ്മുടെ ഭരണകൂടം വിളിക്കുന്നത്. ദളിതരെ പ്രേമത്തിന്റെ പേരിലും കൂടിയാണ് ചുട്ടുകൊല്ലുന്നത്. അതുകൊണ്ട് പ്രേമം വളരെ നിഷ്‌കളങ്കമായ,ഒരൊറ്റ സ്വഭാവം മാത്രമുള്ള അനുഭവമേയല്ല.
സിറസിലേക്ക് വരാം. സിറസിന്റെ വളരെ സ്ഥാപനവത്കൃതമായ കൊലപാതകത്തെ മുൻനിർത്തി ഹൻസൽ മെഹ്ത്തയുടെ സംവിധാനത്തിൽ ‘അലിഗഡ്’(2015) എന്ന പേരിൽ ഒരു ബോളിവുഡ് സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. മനോജ് ബാജ്പേ, രാജ്കുമാർ റാവു തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്. സിനിമയ്ക്ക് കഥയെഴുതിയ അപൂർവ അസ്രാനിയുടെ കമിങ് ഔട്ടും പിന്നീട് വലിയ വാർത്തയായിരുന്നു
വളരെ വിവാദം സൃഷ്‌ടിച്ച ഒരു വിഷയത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നിരിക്കെ,പല രീതിയിലാണ് ‘അലിഗഡ്’ പ്രേക്ഷകരാൽ സ്വീകരിക്കപ്പെട്ടത്. സിനിമയ്ക്ക് നേരെ ഉയർന്ന വലിയ വിമർശനങ്ങളിലൊന്ന് സിനിമയുടെ കാസ്റ്റിങ്ങിനെ മുൻനിർത്തിയുള്ളതാണ്. നിലനിൽക്കുന്ന സൗന്ദര്യസങ്കല്പത്തിന് പുറമേ നിൽക്കുന്ന, ഇരുണ്ട അറുപത് കഴിഞ്ഞ സിറസിനെ സിനിമയിൽ അവതരിപ്പിച്ചത് വെളുത്ത ‘സുന്ദരനായ’ മനോജ് ബാജ്‌പേയായിരുന്നു. ഏത് തരം ശരീരങ്ങളെയാണ് നാം സ്‌ക്രീനിൽ കാണാനാഗ്രഹിക്കുന്നത് ? തീർച്ചയായും,കാണാൻ കൊള്ളാത്ത ഒരു ‘സാധന’ത്തിനെയാകില്ല. അത്തരം ശരീരങ്ങളുടെ പ്രേമം നമുക്ക് ചിരിക്കാനുള്ള വക മാത്രമാണ്. അതുകൊണ്ട്,ഈ തെരഞ്ഞെടുപ്പ് വളരെ സ്വാഭാവികമായി നമുക്ക് തോന്നിയേക്കാം.
സിനിമ ഹെറ്ററോസെക്ഷ്വലായ ജേണലിസ്റ്റിന്റെ കണ്ണിലൂടെയാണെന്നും സിറസും റിക്ഷാഡ്രൈവറും നേരിട്ട വലിയ അതിക്രമങ്ങളെ കുറിച്ച് സിനിമ നിശബ്ദത പാലിക്കുന്നെന്നുമായിരുന്നു മറ്റൊരു വിമർശനം. സിനിമയിൽ സിറസുമായി ബന്ധമുള്ള റിക്ഷാക്കാരനായി പ്രത്യക്ഷപ്പെടുന്നത് കൗമാരപ്രായത്തിലുള്ള ഒരു ‘സുന്ദര’നാണ്. യഥാർത്ഥ്യം മറ്റൊന്നാണ്. ദരിദ്രനും വിവാഹിതനുമായ ഒരു വ്യക്തിയുമായാണ് സിറസ് ബന്ധപ്പെട്ടിരുന്നത്; ആ ബന്ധമാകട്ടെ പണത്തിന് വേണ്ടിയുള്ളതായിരുന്നു. ഇതിനെയെല്ലാം സിനിമ സമർത്ഥമായി ഒളിപ്പിക്കുന്നുണ്ട്. എന്തു കൊണ്ടാണ് സിറസിന്റെ കാമുകനെന്ന മട്ടിൽ ഒരു കൗമാരക്കാരനെ സിനിമ അവതരിപ്പിക്കുന്നത് ? അതെന്തായാലും വളരെ നിഷ്‌കളങ്കമായ ഒരു തെരഞ്ഞെടുപ്പാണെന്ന് കരുതാൻ വയ്യ. അതെ, നിലവിലെ സൗന്ദര്യസങ്കല്പങ്ങൾക്കും ഹെറ്ററോനോർമാറ്റിവായ സദാചാരഭാവനയ്ക്കും അനുയോജ്യമായ ഒരു കഥ മെനയുകയാണ് സിനിമ ചെയ്യുന്നത്.
എന്തുകൊണ്ടാണ്, പ്രേമത്തിന്റെ സങ്കീർണ്ണതകളെ തിരിച്ചറിയാൻ നമുക്ക് കഴിയാത്തത്. എന്തുകൊണ്ടാണ്, നമുക്ക് ലൈംഗികതയെയൂറ്റിക്കളഞ്ഞ് പ്രേമത്തെ വിശുദ്ധമാക്കി നിർത്തേണ്ടിവരുന്നത് ? എന്തുകൊണ്ടാണ് പണത്തിന് വേണ്ടിയുള്ള ലൈംഗികബന്ധം നമുക്ക് മോശമായി തോന്നുന്നത് ? പ്രേമമില്ലാതെ രതിയിലേർപ്പെടാനാകില്ലെന്ന് നമുക്ക് തോന്നുന്നതെങ്ങനെയാണ് ?
ആദർശവത്കരിക്കപ്പെടേണ്ടത് മോണോഗമസായ ബന്ധങ്ങൾ മാത്രമാണെന്ന് ഞാൻ കരുതുന്നില്ല. എന്നിട്ടും ശരീരത്തെയും ലൈംഗികതയെയും ഒളിപ്പിച്ചുവെച്ച് ഭൂരിപക്ഷസദാചാരത്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രേമ കഥ നമുക്ക് പറയേണ്ടി വരുന്നു. നമുക്കതേപ്പറ്റി ചിന്തിക്കാം.
കേരളത്തിലെ ആഘോഷിക്കപ്പെട്ട ഒരു ഗേ കപ്പിൾസ് പിരിഞ്ഞപ്പോൾ ചില സിസ്-ഹെറ്ററോസെക്ഷ്വൽ മനുഷ്യരത് വലിയ പുകിലാക്കിയിരുന്നു. ‘നിങ്ങളുടെ ബന്ധം ഇങ്ങനെയൊക്കെയാണ്,ഇത്രയൊക്കെ ആയുസ്സേയുണ്ടാകൂ… തുടങ്ങി അങ്ങേയറ്റം ഹോമോഫോബിക്കായ കമന്റുകൾ സോഷ്യൽ മീഡിയയിൽ കുമിഞ്ഞുകൂടിയിരുന്നു. എല്ലാ ക്വിയർ മനുഷ്യരും ഈ വേർപിരിയലിന്റെ വിശദീകരണം നൽകാൻ ബാധ്യസ്ഥരാണെന്ന മട്ടിലാണ് അന്ന് കാര്യങ്ങൾ പോയിരുന്നത്. വലിയൊരു ഹോമോഫോബിക്ക് അന്തരീക്ഷം ആ ചർച്ച സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചെടുക്കുകയുമുണ്ടായി. മനുഷ്യർ പ്രേമിക്കുന്നതും പിരിയുന്നതുമൊക്കെ വളരെ സ്വാഭാവികമായ കാര്യമാണ്. പക്ഷേ ചില മനുഷ്യരുടെ തല മേൽ മാത്രം ബന്ധം ജീവിതകാലം നിലനിർത്തേണ്ട അധിക ബാധ്യതയുണ്ടാകുന്നു. അതിലൊരു പ്രശ്നമുണ്ട്.
ഇനിയെങ്കിലും മനുഷ്യരെ വെറുതെ വിടുക. മനുഷ്യരുടെ അങ്ങേയറ്റം വ്യക്തിപരമായ തീരുമാനങ്ങളെ മാനിക്കുക. മൂന്നാമതൊരാൾക്ക് വേണ്ടി,സമൂഹത്തിന് വേണ്ടി ജീവിതകാലം മുഴുവൻ ഏതെങ്കിലുമൊരു ബന്ധത്തിൽ തളച്ചിടേണ്ട കാര്യം ഒരു വ്യക്തിയ്ക്കുമില്ല.
ഇത്തവണ പ്രേമ ദിനത്തിന്റെ ഭാഗമായി പല കോളേജുകളിലും മഴവിൽ നിറത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഈ പുതിയ മാറ്റത്തിന് പിന്നിൽ നിശ്ചയമായും ക്വിയർ മനുഷ്യരുടെ കുറേയേറെ കാലത്തെ ഒച്ചകളാണുള്ളത്. വളരെ പെട്ടന്ന് സംഭവിക്കുന്ന മാറ്റമൊന്നുമല്ലത്. അതേ സമയം, ഈ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കാൻ ‘ഗേ കപ്പിൾസ്/ലെസ്ബിയൻ കപ്പിൾസ് ഉണ്ടോ ’ എന്ന് ചോദിച്ച് പലരും മെസേജയച്ചിരുന്നു. എനിക്കത് വലിയ തമാശയായി തോന്നി. ഹെറ്ററോസെക്ഷ്വലായ ഒരു പ്രേമത്തിന്റെ ആദർശ മാതൃകയെ പിൻപറ്റി,ഒരു ‘പ്രേമ’കഥ പറയുന്നതിൽ വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ആ കഥ പറച്ചിലിന്റെ ഭാഗമായി രൂപപ്പെട്ടേക്കാവുന്ന വളരെ താൽക്കാലികമായ സിമ്പതി ക്വിയർ കമ്യൂണിറ്റിയെയാകെ രക്ഷിക്കുകയുമില്ല. ഞാൻ ചിന്തിക്കുന്നത് പ്രേമത്തിന്റെ സങ്കീർണ്ണതകളെ കുറിച്ചാണ്,അതിന്റെ സാധ്യതകളെയും അസാധ്യതകളെയും കുറിച്ചാണ്. നമുക്ക് പ്രേമത്തെ കുറിച്ച് സംസാരിക്കം. പ്രേമത്തിന്റെ പല്ലും നഖവും നമുക്ക് ചർച്ചയാക്കാം. അതെ, പ്രേമത്തെ ഇനിയെങ്കിലും അതിന്റെ മുഴുവൻ സങ്കീർണ്ണതകളോടും കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
????