കവിത
ആദി
ഞാൻ ആത്മഹത്യ
ചെയ്യുമെന്ന് നീ കരുതിക്കാണില്ല,
എന്റെ വരികളിലെ
ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല.
ഞാൻ
വാ കീറി ചിരിക്കുമ്പോളൊക്കെ
നിന്റെ കണ്ണുകൾ,
കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും.
പകൽ വെളിച്ചങ്ങളിൽ
നമ്മളുമ്മ വയ്ക്കുകയോ
വിരൽ കോർത്ത്
നടക്കുകയോ ചെയ്തില്ല.
ഒരിക്കൽ പോലും
നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ,
മീനുകളോടൊപ്പം നീന്തിത്തുടിക്കുകയോ ചെയ്തില്ല. പേരിട്ടൊരിക്കലും
വിളിക്കപ്പെടാത്ത നമ്മുടെ പ്രണയത്തിന്റെ പേരു കൂടിയായിരുന്നു,
എന്റെ മരണം ! സ്നേഹിക്കപ്പെടാതയാണല്ലോ
ഞാൻ മരിച്ചുപോയതെന്ന്
മിഷേൽ,
എന്നെ അത്രമേൽ പ്രേമിച്ചവൾ ന്യായമായും കരുതും.
അവളെ എനിക്ക് പ്രേമിക്കാനാകില്ലെന്ന് അവളോടൊരിക്കൽ പോലും പറഞ്ഞില്ലല്ലോ എന്നോർത്ത്
ഞാൻ നെടുവീർപ്പിടും.
ചില നേരങ്ങളിൽ വാക്കുകൾ കൊണ്ടൊരു കാര്യവുമില്ലെന്നറിയുന്നതു കൊണ്ടാണല്ലോ
ഞാൻ കവിതയെഴുതുന്നതെന്നോർക്കും.
കഴുക്കോലിലെ,
കെട്ടഴിച്ച് കിടത്തുമ്പോൾ,
എന്റെ കഴുത്തിലെ പൂക്കളുള്ള തുണിക്കീർ നിന്നെ മുറിവേൽപ്പിച്ചേക്കാം,
വെളിച്ചം
ഇല്ലാത്തിടങ്ങളിൽ വച്ച് മാത്രം നമ്മൾ പ്രേമിച്ചിരുന്നുവെന്ന്
നീ അപ്പോഴെങ്കിലും വിളിച്ചു പറയുമെന്ന്
ഞാൻ കിനാവ് കാണും. നിന്റെയന്നേരത്തെ
വിറയെയോർത്ത്
എനിക്കിപ്പോഴെ ചിരി വരുന്നു.
മരിച്ചവർ ചിരിക്കാൻ
പാടില്ലെന്നത് കൊണ്ട് മാത്രം,
ഞാൻ കണ്ണും പൂട്ടി
ഇരുട്ടിനെ കെട്ടിപ്പിടിച്ചങ്ങുറങ്ങിപോയി, ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിക്കപ്പെട്ടവൻ!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.