ഉടൽക്കണ്ണാടിയാവുന്ന കല

0
231
sudheesh-kottembram

സുധീഷ് കോട്ടേമ്പ്രം

ആശാൻ പറഞ്ഞു, ”മാംസനിബദ്ധമല്ല രാഗം”. എന്നിട്ടും പ്രണയികളാരും തൊടാതിരുന്നില്ല. ഉടലുകളിൽനിന്ന് ഉടലുകളിലേക്ക് പടരാതിരുന്നില്ല പ്രണയം. ഉദാത്തപ്രേമം ഉടൽവിമുക്തമാണന്ന വാദം ഒട്ടൊക്കെ ആത്മീയപരിവേഷമുള്ള പ്രണയസങ്കല്പങ്ങൾക്ക് ചൂടുപകർന്നേക്കാം എന്നല്ലാതെ, ഉടലുകളൊന്നും സന്ന്യസിച്ചിട്ടല്ല പ്രണയം പ്രണയമായത്. ‘ഉദാത്ത പ്രണയം’ മാംസനിബദ്ധമല്ല രാഗം എന്ന കീർത്തനം ആലപിച്ചുകൊണ്ടിരിക്കെത്തന്നെ, ‘വസന്തം ചെറിമരത്തോട് ചെയ്യുന്നത്’ ഉടൽ ഉടലിൽ ചെയ്തു.

കലയും ഇത്തരം ഉദാത്തവാദങ്ങൾ നിരത്തുകയും അവയോട് കലഹിക്കുകയും ചെയ്യുന്നുണ്ട്‌. കലാചരിത്രത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തിൽ സ്വാധീനിച്ച കാന്റിയൻ നിർവൈകാരികതയിലൂന്നിയ തൃപ്തി (disinterested satisfaction) കലാസ്വാദനത്തിൽ ഇന്ദ്രിയാനുഭൂതികളിൽനിന്ന് അകലം പാലിക്കണം എന്ന ധാരണ സ്ഥാപിക്കപ്പെടാൻ കാരണമായി തീർന്നിട്ടുണ്ട്. കലാസ്വദനത്തിന്റെ ‘മാതൃകാ സ്‌കൂൾ’ ആയി കാന്റിയൻ സങ്കല്പങ്ങൾ ആധുനികതവരെയും നീണ്ടുകിടക്കുന്നു. വിവേചനബുദ്ധിയാണ് അതിൽ നെടൂംതൂണായി പ്രവർത്തിക്കുന്നത്. അയുക്തികരമായ കലാസന്ദർഭത്തെയും യുക്തിസഹമായി നോക്കിക്കാണാനുള്ള കണ്ണട അതിന്റെ കൈയ്യിലുണ്ട്. പോൾ ഡങ്കൻ സൂചിപ്പിക്കുന്നതുപോലെ, കലാചരിത്രവ്യവഹാരത്തിന്റെ പുറത്താണ് ‘ശരീരം’. അഥവാ കലാചരിത്രനിരൂപണപദ്ധതികൾ ശരീരകേന്ദ്രിതമായ ഇന്ദ്രിയാനുഭവത്തെ ‘നികൃഷ്ട’മെന്നോ തരംതാണതെന്നോ കരുതിപ്പോന്നു.

കണ്ണിനെ മെരുക്കിയെടുത്ത ആളാണ് വിഷ്വൽ ആർട്ടിന്റെ കാണി. കാണുന്നതിനെപ്പറ്റിയും കാണപ്പെടുന്നതിനെപ്പറ്റിയും അയാൾക്ക് ഒരു ഉന്നതമായ അവബോധം (heightened sensibility) ഉണ്ടെന്നാണ് പറയാറ്. ദൃശ്യകലയുടെ കാണി സ്പർശത്തെയും കേൾവിയെയും രുചിയെയും മണത്തെയും പൂർണമായും അവഗണിക്കുന്നു എന്ന് വില്യം ബോഷോഫ് പറഞ്ഞു. ദൃശ്യകല-പ്രത്യേകിച്ചും ചിത്ര-ശില്പകല നയനേന്ദ്രിയത്തെ കേന്ദ്രത്തിൽ നിർത്തിയാണ് അതിന്റെ വ്യവഹാരപദ്ധതികൾ ആവിഷ്‌കരിക്കുന്നത്. കലാചരിത്രവും കാഴ്ചയെ ആണ് ഏറ്റവും കൂടുതൽ പ്രശ്‌നവത്കരിച്ചിട്ടുള്ളതും.

‘കണ്ണിന്റെ കല മാത്രമാണോ ചിത്രകല?’ എന്ന ചോദ്യം ആധുനികാനന്തര കലാചിന്ത ഉന്നയിക്കുന്നുണ്ട്. ഒറ്റ ഇന്ദ്രിയത്തിന്റെ ഉല്പ്പന്നമല്ല കല എന്നതിനാൽ തന്നെ എല്ലാത്തരം ഇന്ദ്രിയാനുഭവങ്ങളെയും ബന്ധിപ്പിക്കുന്ന ആലോചനകൾ കലാചിന്തയിൽ ഉയർന്നുവരേണ്ടതുണ്ടെന്ന് ഫ്രാൻസിസ് ഹൽസാലിനെപ്പോലുള്ള സംസ്‌കാര പഠിതാക്കൾ പറയുന്നു.
സംഗീതം കേൾവിയുടെ കലയാണ് എന്നൊരാൾ വാദിക്കുമ്പോൾ ഒറ്റക്കേൾവിയിൽ അത് ശരിയെന്നുതോന്നാം. എന്നാൽ, സംഗീതം കേൾവിയുടെ മാത്രം കലയാണോ? അപ്പോൾ ബിഥോവനെ കേൾക്കുമ്പോൾ എനിക്ക് വരുന്ന ഇമേജുകൾ എന്തുചെയ്യും? എം.ഡി. ആറിനെ കേൾക്കുമ്പോൾ കുത്തിയൊലിച്ചുവരുന്ന വെള്ളച്ചാട്ടത്തെ എന്തുചെയ്യും? ബിസ്മില്ലാ ഖാന്റെ ഷഹ്നായിയിലെ ഏകാന്തമരുഭൂമികളെ എന്തുചെയ്യും? ടി വി ശങ്കരനാരായണനെ കേൾക്കുമ്പോൾ ഞരമ്പിന്റെ കെട്ടുവള്ളികളിലൂടൊഴുകുന്ന അജ്ഞാതത്തുടിപ്പിനെ എന്തുചെയ്യും? ഇന്ദ്രിയാനുഭവം എന്നത് ഏതെങ്കിലും ഒരൊറ്റ അവയവനിഷ്ഠതയിൽനിന്ന് വരുന്നതല്ല, അത് ഇന്റർ-കണക്റ്റഡ് ആണ്. അവയെക്കുറിച്ചുള്ള പഠനവും അതിനാൽത്തന്നെ ഇന്റർ-ഡിസിപ്ലിനറി ആവേണ്ടതുണ്ട്.

കേവലചിത്രം കാണുന്നതുതന്നെ ഒരു വിവിധേന്ദ്രിയപ്രവർത്തനമാണ്. ഒരു കലാവസ്തുവിനെ ആന്തരികവല്ക്കരിക്കുന്നിടത്ത് ബുദ്ധികേന്ദ്രിതമായ സാംസ്‌കാരിക അസ്തിത്വം മാത്രമല്ല, ഉടൽകേന്ദ്രിതമായ ഇന്ദ്രിയാസ്തിത്വവും കൂടി ഉൾച്ചേർന്ന് പ്രവർത്തിക്കുന്നു. മെർല്യു പോൺടി മുന്നോട്ടുവെക്കുന്നതുപോലെ, ‘നിരീക്ഷക-നിരീക്ഷണവസ്തു ബന്ധ’മെന്നത് രണ്ടകന്ന ബിന്ദുക്കളല്ല, അത് പരസ്പരം കൂടിച്ചേരുന്ന ഒന്നാണ്. അത് ശരീരകേന്ദ്രിത സംവാദത്തെ ഉദ്ഘാടനം ചെയ്യുന്നു. ആധുനികതയുടെ ഒടുവിലും സമകാലികതയിലും ദൃശ്യകലയിലെ ‘കൺകേന്ദ്രിതത്വം’ തച്ചുടക്കപ്പെടുകയും ഇന്ദ്രിയാനുഭവമായി കല പരുവപ്പെടുകയും ചെയ്യുന്നതുകാണാം. കൃത്യമായി പറഞ്ഞാൽ, ചുവരിൽ തൂങ്ങുന്ന ചിത്രം അവിടെനിന്ന് ഇറങ്ങിനടക്കുന്നതുമുതൽ, ബഹുവിധങ്ങളിൽ കലാകൃതികൾ ആവിഷ്‌കരിക്കപ്പെടുന്നതുമുതൽ ഇന്ദ്രിയപരതയെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതലായി ഉന്നയിക്കപ്പെടുന്നു. ഇൻസ്റ്റലേഷൻ ആർട്ടിലെ കാണി അതാര്യമായ ഒരു പ്രതലത്തിലേക്കല്ല നോക്കുന്നത്. അയാൾക്ക് ചുറ്റുമാണ് കല. കണ്ണിന്റെ നേർരേഖയിൽ നിന്ന് കല ഇറങ്ങിനടന്നു അവിടെ. കേൾവിയും മണവും രുചിയും സപർശവും ഒപ്പം കൂടി.

മാറിനിന്ന് നോക്കുന്ന ആധുനികകലയുടെ കാണിയെ കസേരയിട്ട് ഇരുത്തുകയും കലാകൃതിയിൽ നടത്തുകയും ഒച്ച കേൾപ്പിക്കുകയും മണപ്പിക്കുകയും തൊടുകയും ചെയ്ത് അയാളിലെ ഉടൽനാഗരികതകളെ പുതുകല പുറത്തെടുക്കുന്നു. അയാൾക്ക് ‘നിർവികാരിയച്ചനാ’വാനുള്ള എല്ലാ പഴുതുകളും നവമാധ്യമകല ആവുന്നത്ര അടച്ചുകൊടുക്കുന്നു. അത് ഇന്ദ്രിയങ്ങളാൽ ആലിംഗനം ചെയ്യാൻ കൈനീട്ടുന്നു. വിഷ്വൽ ആർട്ട് കണ്ണിന്റെ കലയാണെന്ന് ഇപ്പോൾ പറയാൻ പറ്റാതായി. അവിടെ കലാവിശകലനങ്ങൾക്ക് പൂർവ്വകാല മാതൃകകൾ പോരാതെവരുന്നു. പൂർവ്വകാല മാതൃകകൾ വെച്ചളക്കുന്ന ഒരു കലാനിരൂപകന് പുതിയകല ചെടിപ്പുളവാക്കുന്ന ഒന്നായി മാറുന്നു.

ദൃശ്യാധിപത്യത്തിന്റെയും അതിലൂടെ കൈവന്ന ജ്ഞാനാധികാരത്തിന്റെയും സൗന്ദര്യസങ്കല്പങ്ങൾക്ക് പുതുകലയിൽ പുതുതായൊന്നും ചെയ്യാനില്ല. വ്യാഖ്യാനിക്കപ്പെടാൻ ഒരുങ്ങിനിൽക്കുന്ന പ്രതിനിധാനസംഘാതമല്ല മനുഷ്യാനുഭവം എന്ന് നവമാധ്യമകലയിലെ ഓരോ കലാവൃത്തിയും പറയാതെ പറയുന്നു. പുതിയ കലയുടെ പഠിതാവിന് കലയെ പ്രതിനിധാനത്തിന്റെ കള്ളിയിൽവെച്ച് മാത്രം നിരൂപിച്ചാൽ പോര എന്നുവരുന്നു. അയാൾക്ക് മുൻകൂട്ടി തയ്യാറാക്കിവെച്ച സോഷ്യൽ കൺസ്ട്രക്ഷനിൽനിന്ന് ഇറങ്ങിവരണമെന്ന് വരുന്നു. ഇന്ദ്രിയാനുഭൂതിപരമായ ഒരു കലാകൃതിയെ അവയുടെ സാമൂഹ്യസന്ദർഭത്തെയോ ശരീരസന്ദർഭത്തെയോ മുൻനിർത്തി പരിശോധിച്ചാൽ പോരാ, ഇന്ദ്രിയാനുഭവങ്ങളെ ശരീരത്തിൽ പേറുന്ന അതിന്റെ കാണിയെക്കൂടി സ്പർശിക്കേണ്ടതായി വരുന്നു. ഉദാത്ത-അകൽച്ചയിൽനിന്ന് സമീപസ്ഥമായ അടുപ്പത്തിലേക്ക് അയാൾക്ക് ഇറങ്ങിവരേണ്ടതുണ്ടെന്ന് വരുന്നു.

പ്രണയലേഖനേമെഴുതിയാൽ പോരാ, പ്രണയിക്കണമെന്ന് വരുന്നു.
പ്രണയത്തിലെനിക്കെന്റെ ഉടലിനെക്കൂടി വിവർത്തനം ചെയ്യണമെന്ന് വരുന്നു. ശരീരം കലയിൽ തെറ്റല്ല എന്നുവരുന്നു.
ശരീരകേന്ദ്രിതമായ അനുഭൂതികളും.

LEAVE A REPLY

Please enter your comment!
Please enter your name here