ഒറ്റച്ചോദ്യം – വി.ടി മുരളി

0
374

സംഭാഷണം – അജു അഷ്‌റഫ് / വി.ടി മുരളി

മുരളിയേട്ടൻ പാടിത്തുടങ്ങിയ കാലത്ത് പാട്ടിന്റെ ധർമം കേൾവിയിൽ അധിഷ്ഠിതമായിരുന്നു. റേഡിയോകളിലും ചിത്രഗീതങ്ങളിലുമായി മലയാളികൾ പാട്ടുകേട്ട് വാങ്മയചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ദൃശ്യം മേൽക്കോയ്മ നേടിക്കഴിഞ്ഞു. വിഷ്വൽ ട്രീറ്റിന് പ്രാധാന്യമേറിയതോടെ പാട്ടാസ്വാദനവും പുതിയൊരു തലത്തിലേക്ക് എത്തി. പതിറ്റാണ്ടുകൾ കൊണ്ടുണ്ടായ ഈ പരിണാമത്തെ എങ്ങനെ വിലയിരുത്തുന്നു?

സത്യത്തിൽ, ചോദ്യത്തിൽ തന്നെയുണ്ട് ഉത്തരം. ദൃശ്യമാക്കി മാറ്റാവുന്ന ഒന്നല്ലല്ലോ സംഗീതം. സംഗീതം സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ നമ്മുടെ ഉള്ളിലാണ്, പുറമെയല്ല. ഒരു പാട്ട് കേൾക്കുമ്പോൾ, ഒരു സംഗീതോപകരണത്തിന്റെ ശബ്ദം കേൾക്കുമ്പോൾ, ശാസ്ത്രീയസംഗീതത്തിലെ രാഗാലാപനം കേൾക്കുമ്പോൾ.. അപ്പോഴൊക്കെ മനസ്സിൽ ദൃശ്യങ്ങൾ സൃഷ്ട്ടിക്കപ്പെടും. അവ നമ്മളുടെ വൈകാരികമായി തൊടും. ദൃശ്യത്തിലേക്ക് എത്തുന്നതോടെ ഇത് മാറുന്നു. എല്ലാവരിലേക്കും ഒരേ കാഴ്ച്ചയാണല്ലോ എത്തുന്നത്. ഇത് സംഗീതത്തെ ബാധിക്കുന്നു.

ശ്രീരാമനെ രാമായണത്തിൽ വായിക്കുമ്പോൾ മനസിൽ ഒരു രൂപം തെളിഞ്ഞേക്കും. ഓരോരുത്തരിലും അത് വ്യത്യസ്തമാവും. പ്രേം നസീർ ശ്രീരാമവേഷത്തിലെത്തുന്ന ഒരു ചിത്രം ഉണ്ടെങ്കിലോ? പിന്നീട് മനസിൽ പ്രേം നസീറിന്റെ രൂപത്തിലാവും ശ്രീരാമൻ. സിനിമാഗാനങ്ങളേക്കാൾ ഈ മാറ്റം ബാധിച്ചത് ലളിതഗാനങ്ങളെയാണ്. യൂടൂബിൽ നോക്കൂ, ദൃശ്യങ്ങളിൽ ഇല്ലാത്ത ലളിതഗാനങ്ങൾ ഏറെക്കുറെ ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം. അവിടെ ലളിതഗാനത്തിന്റെ പ്രസക്തി നഷ്ടപെടുകയാണ്. കടയ്ക്കൽ കത്തി വെക്കപ്പെടുകയാണ്. കേൾവിക്കാരന്റെ ഭാവനയെ ദൃശ്യത്തിന്റെ ഈ അതിപ്രസരം മുരടിപ്പിക്കുന്നുമുണ്ട്. ‘ആർട്ട് ഓഫ് ഇയർ’ ആണ് സംഗീതം. സിനിമയാകട്ടെ, ‘ആർട്ട് ഓഫ് ഐ’ എന്ന് വിളിക്കാവുന്നതും. ഇവ ഒന്നിക്കുമ്പോഴുള്ള പ്രശ്നങ്ങൾ നിലവിലെ സിനിമാ സംഗീതത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. ഒറ്റവരിയിൽ പറഞ്ഞാൽ.. സംഗീതത്തിൽ സംഗീതമില്ലാതെ വരുന്നു !.


വി.ടി. മുരളി

ഓത്തുപള്ളി എന്ന നിത്യഹരിത ഗാനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി തീർന്ന പിന്നണി ഗായകൻ. നാടകഗാനത്തിലൂടെയും, ലളിതഗാനത്തിലൂടെയും കേരളം സംഗീത നാടക അക്കാദമി അവാർഡ് നേടിയ വി.ടി മുരളി, പാട്ടിന്റെ ലോകത്ത് പാതി നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here