സംഭാഷണം – അജു അഷ്‌റഫ് / പ്രതാപ് ജോസഫ്
ചോ: സമരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുക എന്നതാണ് കേരളത്തിന്റെ പതിവും ചരിത്രവും. നാടിന്നോളം കണ്ട, അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള സമരങ്ങൾക്കൊക്കെയും ലഭിച്ച ആ പ്രിവിലേജ് പക്ഷേ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവാഴ്ച്ചക്കെതിരായ സമരത്തിന് മാത്രമില്ല !. അത്രമേൽ പ്രാധാന്യം അർഹിക്കുന്ന വിഷയമായിട്ടും, വേണ്ടത്ര ശ്രദ്ധ കിട്ടാത്തൊരു ദുരവസ്ഥ !.സമരത്തെ കുറിച്ച് അന്വേഷിച്ചാൽ മാത്രം സമരത്തെ കുറിച്ച് അറിയാൻ കഴിയുന്ന വല്ലാത്ത ഒരവസ്ഥ! എന്തുകൊണ്ടാണിത് ?
ഉ : ”കൂടുതുറന്നാലുടനെ
കുതിച്ചു പായാറുള്ള
വളര്‍ത്തുനായക്ക്
ഒരെല്ലിന്‍ കഷണമിട്ടുകൊടുത്തു
കാളയുടേയോ
കോഴിയുടെയോ
എല്ലല്ല
കെന്നല്‍ കടയിൽനിന്ന്
കവറില്‍ വാങ്ങിയ
ഒരു പ്ലാസ്റ്റിക് എല്ല്
കാലത്ത്
കോഴി കൂവുന്നതുവരെ
കുരയോ കുറുകലോ കൂത്താട്ടമോ ഇല്ലാതെ
അകമെന്നോ പുറമെന്നോ ഭേദമില്ലാതെ
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചിന്തപോലുമില്ലാതെ
കടിച്ചതില്‍ തന്നെ
കടിച്ചുകിടന്നു അത്”
(സാംസ്കാരിക നായ)
പഴയൊരു കവിതയിൽ നിന്ന് തുടങ്ങാം. നായ സംസ്‌കാരമുള്ള ഒരു ജീവിയാണ്. പക്ഷേ, ഉടമസ്ഥനോടുള്ള വിധേയത്വമാണ് അതിന്റെ അടിസ്ഥാന ഭാവം. ബഹുഭൂരിപക്ഷം മലയാളി ബുദ്ധിജീവികളുടെയും അവസ്ഥ ഈ വിധേയത്വമാണ്. അത് ഭരണകൂടങ്ങളോടാവാം പാർട്ടി സംവിധാനങ്ങളോടാവാം സാംസ്കാരിക നായകന്മാരോടാവാം. പക്ഷേ നിങ്ങൾ ഉടമസ്ഥനുനേരെ നോക്കി കുരച്ചുതുടങ്ങിയാൽ കാര്യങ്ങൾ കീഴ്മേൽ മറിയും. അതാണല്ലോ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് സംഭവിച്ചത്. വിദ്യാർത്ഥികൾ പഠിക്കാൻ വരുന്നവരാണ് എന്ന അടൂരിന്റെ പ്രസ്താവനയുടെ സൂചനയും മറ്റൊന്നല്ല.
ഇവിടെ ഒരു വശത്ത് കുറച്ചു വിദ്യാർഥികളും നാലഞ്ചു തൊഴിലാളികളും മാത്രമാണ്. മറുവശത്താകട്ടെ ഭരണകൂടവും ഭരിക്കുന്ന പാർട്ടികളും അവരുടെ പ്രതിനിധികളായിരിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ചെയർമാനും ഒക്കെയാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ അടൂർ ഗോപാലകൃഷ്ണൻ എന്ന ചെയർമാന്റെ സാംസ്കാരിക മൂലധനത്തോടാണ് തൊഴിലാളികളും വിദ്യാർഥികളും ഏറ്റുമുട്ടുന്നത്. ഭരിക്കുന്ന പാർട്ടിയും ആ മൂലധനത്തെ തന്നെയാണ് ഭയക്കുന്നത്. ഇരുപതാം വയസ്സിൽ ജാതിവാലുപേക്ഷിച്ചതാണ് എന്ന് വീമ്പിളക്കുന്ന ഈ സാംസ്കാരിക നായർമാർ കൊണ്ടാടുന്ന സാംസ്കാരിക മൂലധനം തന്നെയാണ് സവർണത. അടൂർ മഹാനായ ചലച്ചിത്രകാരനാണ് എന്ന് അസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന എം.എ. ബേബിയായാലും, പിണറായി വിജയനായാലും ആ സവർണതയ്ക്ക് അടിയിൽതന്നെയാണ് നിലകൊള്ളുന്നത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും പൊതുസമൂഹവും കൊണ്ടാടുന്നത് അതേ സവർണത തന്നെയായതുകൊണ്ടാണ് അവർക്കിതൊരു വിഷയമാവാത്തതും.
പ്രതാപ് ജോസഫ്
ചലച്ചിത്ര സംവിധായകൻ, മാധ്യമ പ്രവർത്തകൻ, സിനിമാറ്റോഗ്രഫർ എന്നീ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ച വ്യക്തി. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ ജാതി വിവേചനത്തിനെതിരായ സമരത്തിലെ മുന്നണിപ്പോരാളികളിലൊരാൾ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
????