“ഞെരളത്തും” “ദേവാസുര” വും…

0
780
ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി നിയമിതനായി.വലിയ പ്രതിഭയായിരുന്നിട്ടും വിശപ്പിന്‍റെ വിളികൊണ്ട് ക്ഷേത്രസോപൊനത്തില്‍ നിന്നു പുറത്തേക്കിറങ്ങേണ്ടിവന്ന ഞെരളത്തിനെ സഹായിക്കാന്‍ വേണ്ടികൂടി ആയിരുന്നു ഈ തീരുമാനം.അദ്ദേഹത്തിന്‍റെ പ്രകൃതം അനുസരിച്ച് വീടുള്‍പ്പെടെ ഒരിടത്തും ഒരു മാസത്തിലധികമൊന്നും സ്ഥിരമായി നില്‍ക്കില്ലാത്ത സവിശേഷ അവധൂത ലക്ഷണങ്ങളുള്ള കലാകാരന്‍.അവിടെ ആ കാലത്ത് വിദ്യാര്‍ഥിയായിരുന്ന രഞ്ജിത് എന്ന പ്രസിദ്ധ മലയാള ചലചിത്രപ്രവര്‍ത്തകന്‍റെ ഞെരളത്തുമായുള്ള നേരനുഭവമാണ് ദേവാസുരം എന്ന സിനിമയിലെ പെരിങ്ങോടന്‍ എന്ന കഥാപാത്രത്തിനാധാരം.ആ കഥാപാത്രത്തെ ഞെരളത്ത് രാമപ്പൊതുവാളുടെ തനിസ്വരൂപമായി രഞ്ജിത് അവതരപ്പിച്ചതിലൂടെ സോപാനസംഗീതം എന്ന കലാരൂപത്തിന് രഞ്ജിതും അതിന്‍റെ സംവിധായകന്‍ IV ശശിയും ചെയ്ത വലിയ സംഭാവന എടുത്തുപറയേണ്ടതാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കലാരൂപത്തിന് അതിന്‍റെ യഥാര്‍ത്ഥ പ്രയോക്താക്കളാല്‍ ചെയ്യാന്‍ കഴിയാതിരുന്ന അസാമാന്യ ജനകീയതയാണ് ഈ രംഗത്തിലൂടെ രഞ്ജിതും IV ശശിയും ചേര്‍ന്നു നല്‍കിയത്.ഞെരളത്ത് പാടാറുണ്ടായിരുന്ന ”നാരായണ ജയ..നരകാന്തക ജയ..”എന്ന തനി കേരളീയരാഗമായ സാമന്ത മലഹരിയില്‍ എം.ജി.രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തി പാടിയ ഈ ഗാനം ഗിരീഷ്പുത്തഞ്ചേരി രചിച്ചതാണ്.ഈ ചലച്ചിത്രത്തിന്‍റെ രണ്ടാംഭാഗത്തില്‍ ദേവാസുരത്തിലെ കഥാപാത്രങ്ങളുടെയൊക്കെ രണ്ടാംതലമുറയെ രഞ്ജിത് കൊണ്ടുവന്നു..അങ്ങനെ ഞെരളത്തിന്‍റെ മകനും ഇപ്പോള്‍ കേരളത്തിലെ സോപാനസംഗീതത്തിന്‍റെ Brand Ambassodor എന്നു വിളിക്കാവുന്ന ഏറെ വ്യത്യസ്ത സമീപനങ്ങളുമുള്ള കലാകാരനുമായ ഞെരളത്ത് ഹരിഗോവിന്ദനെ അനുകരിച്ച് ”രാവണപ്രഭു”വില്‍ ഒരു കഥാപാത്രം വന്ദേ മുകുന്ദ ഹരേ എന്ന കൃതി തന്നെ പാടുന്നു..സിനിമക്കായി യഥാര്‍ഥ ജീവിത സംഭവങ്ങളില്‍ ചെറിയ കൂട്ടുകള്‍ ചേര്‍ത്തെങ്കിലും ഈ രണ്ടു സിനിമകളിലും ഈ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശ്രീ രഞ്ജിത് ചെയ്ത സാംസ്കാരിക അടയാളപ്പെടുത്തല്‍ മലയാളിക്കു കിട്ടിയ വലിയ നിധികളാണ്.ഞെരളത്തിന്‍റെ ജീവിതം പോലെത്തന്നെ ഒരുപക്ഷെ അതിനേക്കാള്‍ സംഭവബഹുലമായി മുന്നോട്ടു പോവുന്ന ഹരിഗോവിന്ദന്‍റെ ജീവിതം കേന്ദ്രീകരിച്ച് ഒരു ചലച്ചിത്രമെന്ന സ്വപ്നവും മലയാളിക്കിടയിലുണ്ട്..കലാരംഗത്തെ ജാതീയതക്കും വെട്ടിനിരത്തിലിനും എതിരായി മതാതീതമായ ഒരു ആത്മീയ തലത്തില്‍ അചഞ്ചലനായി നിലകൊണ്ട് പിതാവിനെപ്പോലെ കലമാത്രം ആന്തരിക ലഹരിയായി ഉള്‍ക്കൊണ്ട് ആ പിതാവിന് 60ാം വയസില്‍ ജനിച്ച ഹരിഗോവിന്ദന്‍റെ വിപ്ളവം,പ്രണയം,ആത്മീയത എന്നിവയുടെ വേര്‍തിരിച്ചറിയാനാവാത്തവിധം ഉള്‍ച്ചേര്‍ന്ന സമാന ചേരുവയാര്‍ന്ന സ്വാഭാവിക ജീവിതത്തെ മലയാളി കൗതുകത്തോടെ കാത്തിരിക്കുന്നുണ്ടാവാം….മലയാളത്തില്‍ തംപ് എന്ന ചലച്ചിത്രത്തില്‍ ഞെരളത്തിനെ നേരിട്ടവതരിപ്പിച്ച ജി.അരവിന്ദന്‍,ദേവാസുരത്തിലൂടെ രഞ്ജിത്…ഇങ്ങനെ വലിയ ജീവിതങ്ങളുടെ പകര്‍പ്പെടുക്കല്‍ മഹാ പ്രതിഭകള്‍ക്കു മാത്രം സാധ്യമായ ഒരു സര്‍ഗ പ്രക്രിയയാണ്…ഇതും അതില്‍ പെടും എന്നതിനാല്‍ പ്രതിഭാ ദാരിദ്ര്യമില്ലാത്ത മലയാള സിനിമയില്‍ ഒരാളുടെ നേതൃത്വത്തില്‍ ഇതും സംഭവിക്കും…..

PSV

LEAVE A REPLY

Please enter your comment!
Please enter your name here