മെഹബൂബില്ലാത്ത 37 വർഷങ്ങൾ

0
511

നിധിൻ. വി. എൻ.

മലയാള സിനിമ ഗാനചരിത്രത്തിൽ ഏറെ തിളക്കമുള്ള പേരാണ് മെഹബൂബ്. ചെറുപ്പത്തിൽ തന്നെ ഉപ്പയുടെ മരണം തീർത്ത ശൂന്യതയിൽ വീടിന്റെ ഭാരം സ്വന്തം ചുമലിലേറ്റി സംഗീതത്തെ പ്രണയിച്ച ഗായകനാണ് മെഹബൂബ്. കല്യാണപുരകളിലും മറ്റ് ജനവേദികളിലും പാടി മലയാള സിനിമാ പിന്നണിഗായകനിരയിലേക്ക് എത്തപ്പെട്ട വ്യക്തിയാണ് അദ്ദേഹം.

പ്രശസ്ത ഗസൽ ഗായകനായ പങ്കജ് മല്ലിക്കാണ് മെഹബൂബിലെ ഗായകനെ തിരിച്ചറിയുകയും അദ്ദേഹത്തെ കച്ചേരികളിൽ പങ്കെടുപ്പിക്കുന്നതും. തുടർന്ന്,ബോംബേയിലെ ബാർവാലകളുടെ ഇടയിൽ പോലും മെഹബൂബ് പ്രശസ്തനായി. ഫോർട്ടു കൊച്ചിയിൽ താമസിച്ചിരുന്ന വെള്ളക്കാർക്ക് പോലും മെഹബൂബിന്റെ ഗാനങ്ങൾ ഹരമായിരുന്നു എന്നത് ചരിത്രം. മട്ടാഞ്ചേരിയിലെ തന്നെ സംഗീതപ്രേമികളുടെ ഒരു വലിയ സൗഹൃദവൃന്ദം മെഹബൂബിനുണ്ടായിരുന്നു.

മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ “ജീവിത നൗക”യിലാണ് മെഹബൂബ് ആദ്യമായി പാടുന്നത്. സുഹൃത്തും നടനുമായ  ടി.എസ്.മുത്തയ്യയാണ്  അദ്ദേഹത്തെ ഈ ചിത്രത്തിനായി ശുപാർശ ചെയ്തത്. മുഹമ്മദ് റാഫിയുടെ അതിപ്രശസ്തമായ “സുഹാനി രാത് ഢൽ ചുക്കി” എന്ന ഗാനത്തിന്റെ മലയാളം പതിപ്പിനു ഓർക്കസ്റ്റ്രേഷൻ ഒരുക്കിയത് ദക്ഷിണാമൂർത്തിയായിരുന്നു. ഈ ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും നീലക്കുയിലിലെ “മാനെന്നും വിളിക്കില്ല” എന്ന ഗാനമാണ് ഒരു ഗായകൻ എന്ന നിലയിൽ മലയാളികളുടെ ഇടയിൽ മെഹബൂബിന് ഇടം നൽകിയത്. തുടർന്ന് ബാബുരാജ്, കെ.രാഘവൻ,ദേവരാജൻ, ആർ.കെ.ശേഖർ തുടങ്ങി പ്രഗല്ഭരുടെ സംഗീതത്തിൽ നിരവധി ഗാനങ്ങൾ. പാടിയ എല്ലാ ഗാനങ്ങളും ഹിറ്റാക്കിയ ചുരുക്കം ഗായകരിലൊരാളാണ് മെഹബൂബ്. പി. ഭാസ്കരന്റെ രചനയിലാണ് അദ്ദേഹം കൂടുതലായും പാടിയത്. തമാശരൂപേണയുള്ള ഗാനങ്ങളായിരുന്നു ഇവയിൽ മിക്കതും. സിനിമയിൽ പാടിയതിലും എത്രയോ കൂടുതൽ ഗാനങ്ങൾ സ്വകാര്യവേദികളിലും നാടകങ്ങളിലും മെഹബൂബ് പാടിയിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല എന്നത് ദു:ഖകരമാണ്. മേപ്പള്ളി ബാലൻ എന്ന സുഹൃത്താണ് ഈ ഗാനങ്ങളിൽ പലതിനും സംഗീതം നൽകിയത്.

എഴുപതുകളുടെ അവസാനം തന്നെ ചലച്ചിത്രരംഗത്തോടു വിട പറഞ്ഞ മെഹബൂബ് പിന്നീട്, കച്ചേരികളിലും സ്വകാര്യവേദികളിലും മാത്രമായി ഒതുങ്ങിക്കൂടി. അവസാനകാലത്ത് രോഗങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന അദ്ദേഹം 1981 ഏപ്രിൽ 22ന് അന്തരിച്ചു. സംഗീതത്തിലും സൗഹൃദത്തിലും ലയിച്ചു ചേർന്ന ആ മാന്ത്രികനെ നമുക്ക് നഷ്ടമായിട്ട് ഇന്നേക്ക് 37 വർഷങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here