ശരണ്യ. എം ചാരു
വിവാദങ്ങൾക്കും വെല്ലുവിളികൾക്കും ഭീഷണികൾക്കും ശേഷം തസ്ലീമ നസ്രിൻ വീണ്ടും ഒരിക്കൽ കൂടി കേരളത്തിൽ എത്തി. ‘സ്പ്ലിറ്റ് ഓഫ് എ ലൈഫ്’ എന്ന അവരുടെ പുസ്തക പ്രകാശന പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കവെ തനിക്ക് ഇന്ത്യയിൽ കിട്ടിയ അംഗീകാരവും ആതിഥ്യ മര്യാദയും അവർ ഓർത്തു.
എഴുത്തുകാരന്‍ ടി.പി രാജീവന്‍, കോഴിക്കോട് സാംസ്‌കാരിക വേദി അധ്യക്ഷനും എഴുത്തുകാരനുമായ അബ്ദുല്‍ ഹക്കീം. എ. കെ ക്ക് നല്‍കി കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. ലിജീഷ് കുമാര്‍, സംഗീത ജയ എന്നിവര്‍ സംസാരിച്ചു.
സ്വന്തം രാജ്യത്തുനിന്നും വർഷങ്ങൾക്ക് മുൻപ് നാടുകടത്തപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ ഇന്ത്യ ഒരിക്കലും എന്നെ കണ്ടിട്ടില്ല എന്നും എനിക്ക് പിന്തുണയും അഭയവും നൽകിയ ചുരുക്കം ചിലയിടങ്ങളിൽ ഒന്നാണ് ഇവിടമെന്നും കോഴിക്കോട് വച്ചു നടന്ന ചടങ്ങിൽ അവർ പറഞ്ഞു.
പുസ്തകങ്ങൾ സെൻസർ ചെയ്യുന്ന രീതിയോട് ഒരിക്കലും യോജിക്കാൻ സാധിക്കില്ല എന്നും, തന്റെ തഴയപ്പെട്ട രചനകളൊക്കെ തന്നെ ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും അംഗീകരിക്കുകയും ചെയ്യുന്നതാണെന്ന്‍ അവർ കൂട്ടിച്ചേർത്തു. മാത്രവുമല്ല, അറിവ് നേടുക അല്ലെങ്കിൽ വായിക്കുക എഴുതുക എന്നത് ഏതൊരു മനുഷ്യന്റെയും മൗലികമായ അവകാശം ആണെന്നിരിക്കെ അതിനെ എതിർക്കുന്നതിനോട് ഒരു കാലത്തും യോജിക്കാൻ സാധിക്കില്ല.
ഇന്ത്യയിലടക്കം സമൂഹത്തിന്റെ വിവാദ ഭാഗങ്ങളിൽ സ്ത്രീകളോടുള്ള സമീപനം മാറി വരുന്നുണ്ട് എന്ന് പറയുമ്പോഴും’ കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നവരെ തൂക്കിക്കൊല്ലുക പോലുള്ള ശിക്ഷകളോട് അവർ യോജിക്കുന്നില്ല. മറിച്ച് സമൂഹത്തെ സ്ത്രീയെ ബഹുമാനിക്കാനും അംഗീകരിക്കാനും പഠിപ്പിക്കുകയാണ് ചെയ്യേണ്ടത് എന്നവർ പറയുന്നു. അത് സ്വന്തം കുടുംബത്തിൽ നിന്നും ഉണ്ടാവേണ്ടതാണെന്നും സമൂഹമാണ് തിരുത്തലുകൾ നടത്തേണ്ടത് എന്നും അവർ കൂട്ടിച്ചേർക്കുന്നു.
മതത്തിനെതിരെ സംസാരിക്കുക, അതിന്റെ തിന്മകളെ കുറിച്ച് എഴുതുക തുടങ്ങി വ്യത്യസ്തമായി എന്ത് ചെയ്യുന്നവരും തിരഞ്ഞു പിടിച്ച് ആക്രമിക്കപ്പെടുന്ന കാലത്ത് തസ്ലീമായുടെ വാക്കുകൾ, അവരുടെ എഴുത്തുകൾ ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്. വിവാദമായ എഴുത്തിനെ കുറിച്ചോ പ്രശ്നങ്ങളെ കുറിച്ചോ അധികമൊന്നും സംസാരിച്ചില്ലെങ്കിലും സ്ത്രീകൾ അംഗീകരിക്കപ്പെടേണ്ടതിനെ കുറിച്ച് അവർ ഏറെ സംസാരിച്ചു.
കനത്ത സുരക്ഷയിൽ മാധ്യമ പ്രവർത്തകരും എഴുത്തുകാരും സാമൂഹികപ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ അവർ സംസാരിച്ചതൊക്കെയും എഴുത്തിലൂടെ നേടിയ അറിവുകളും സമൂഹം നൽകിയ നല്ലതും ചീത്തയുമായ അനുഭവങ്ങളും ആയിരുന്നു. എന്നിലെ മനുഷ്യത്വമാണ് എന്റ്റെ മതം. അതിൽ കവിഞ്ഞ ഒരു മതത്തിലും വിശ്വാസത്തിലും വിശ്വസിക്കുന്നില്ല എന്നവർ വീണ്ടും വീണ്ടും തെളിയിക്കുന്നു.