നിധിൻ. വി. എൻ
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റെക്കോര്‍ഡുകള്‍ ഒറ്റദിവസം ഏറ്റുവാങ്ങി ഗിന്നസ് പക്രു. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതാണു മൂന്നു റെക്കോര്‍ഡുകള്‍ക്ക് പക്രുവിനെ അര്‍ഹനാക്കിയത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് എന്നിവ ശനിയാഴ്ച ഒരുവേദിയില്‍ വച്ചു ഗിന്നസ് പക്രു ഏറ്റുവാങ്ങി.
എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയും യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഡോ. സുനില്‍ ജോസഫും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ടോളിയും സമ്മാനിച്ചു. ഇതില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ആറു മാസം മുമ്പേ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു റിക്കാര്‍ഡുകളുടെ പ്രഖ്യാപനം അടുത്ത ദിവസമാണു നടന്നത്. വിനയന്റെ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.