ശരണ്യ. എം ചാരു
കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്ന വലിയൊരു ലോകമാണ് ഹോപ്പ്. ആദ്യമായി അവിടേയ്ക്ക് പോകുമ്പോള്‍ സ്വപ്നത്തിലോ മനസ്സിലോ ഒരിക്കലും ചിന്തിച്ചില്ല ആ യാത്രയിലെ കാഴ്ചകള്‍ നീണ്ട നാളത്തെ എന്റെ ഉറക്കം കെടുത്തുന്നതായിരിക്കും എന്ന്. പിന്നീട് ആ വഴി പരിചിതമായി, കാഴ്ചകള്‍ കണ്ണുനനയിക്കാതെയായി.
എന്നുമവിടേയ്ക്ക് ചെല്ലുമ്പോള്‍ ഓടിച്ചാടി നടക്കുന്ന പ്രായം ചെന്ന ജയമോഹന്‍ സാറിനെ കാണും, കേള്‍വിശക്തി തീരെ കുറവുള്ള അദ്ദേഹത്തോട് വളരെ ഉറക്കെ സംസാരിക്കേണ്ടി വരുന്നു, പലപ്പോഴും അദ്ദേഹത്തിന്റെ കൂടെ വിരലില്‍ വിരല്‍കോര്‍ത്ത് കുഞ്ഞു കുട്ടികള്‍ കാണും. അല്ലെങ്കില്‍ മടിയിലിരിപ്പുണ്ടാവും ഏതെങ്കിലും കൊച്ചുകുട്ടി. ഈ പോക്കില്‍ പക്ഷെ പതിവ് കാഴ്ചകള്‍ കണ്ടില്ല. ഉറക്കച്ചടവുള്ള കണ്ണുകളോടെ അദ്ദേഹം ഓഫീസ് മുറിയില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കമുകിന്‍കോട് പട്ടക്കുടി വീട്ടില്‍ അധ്യാപകദമ്പതികളായ സുകുമാരന്റെയും കമലയുടേയും മകനായി ജനനം. 9-ാം വയസ്സില്‍ രോഗം തളര്‍ത്തിയത് അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമായിരുന്നു എന്ന് കാലം തെളിയിച്ചു. ബാല്യവും, കൗമാരവും സന്തോഷങ്ങളും എന്നേക്കുമായി ഇല്ലാതാക്കാന്‍ ശരീരം തളര്‍ത്തിയ പോളിയോ രോഗത്തിനു കഴിഞ്ഞു. മരുന്നും ആശുപത്രിയുമായി ജീവിതം മുന്നോട്ട് പോയപ്പോള്‍ എല്ലുകളില്‍ ദ്വാരമുണ്ടാകുന്ന ഓസ്റ്റിയോ മൈലറ്റിക് എന്ന അപൂര്‍വരോഗവും അദ്ദേഹത്തില്‍ കയറിപ്പറ്റി. ദൈവത്തിന്റെ രണ്ടാം വികൃതിയായി ഇന്നും അദ്ദേഹം ആ രോഗങ്ങളെ ഓര്‍ക്കുന്നു.
അരയ്ക്ക് താഴോട്ട് പൂര്‍ണ്ണമായും തളര്‍ന്ന നിലയില്‍ മരുന്നും മന്ത്രവും പ്രാര്‍ത്ഥനയുമായി ജീവിതത്തിന്റെ നല്ലനാളുകള്‍, ഒരു മനുഷ്യായുസ്സിലെ നീണ്ട 21വര്‍ഷങ്ങള്‍ രോഗം കൊണ്ടുപോയി. ഈ കാലയളവിനുള്ളില്‍ സഹനത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും ആള്‍രൂപമായ അമ്മയില്‍ നിന്നും, താന്‍ അനുഭവിച്ചു തീര്‍ത്ത ജീവിത ദൈന്യതകളിൽ നിന്നും തന്റെ ജീവിതദൗത്യം അദ്ദേഹം തിരിച്ചറിഞ്ഞു.
ദുരിത ജിവിതമനുഭവിക്കുന്ന ഒരുപാട് പാവങ്ങള്‍ക്ക് വേണ്ടി ഒരു ജീവായുസ്സ് മാറ്റിവച്ചപ്പോള്‍ തന്നെതേടി എത്തുന്ന അവാര്‍ഡുകളോ, ബഹുമതികളോ അദ്ദേഹം സ്വപ്നം കണ്ടില്ല. ആരംഭം കുറിച്ച പാതയില്‍ കാലിടറിയപ്പോള്‍ കുടുംബം കൈചേര്‍ത്ത് പിടിച്ചു. ബാധ്യതകളില്‍ സ്വന്തം വീടുപോലും വില്‍ക്കേണ്ടി വന്നപ്പോള്‍, താമസം എന്നെന്നേക്കുമായി ഹോപ്പിലേക്ക് മാറ്റി .
രോഗാവസ്ഥയില്‍ ആയിരുന്ന 21 വര്‍ഷത്തിനിടയില്‍ 28 ശസ്ത്രക്രിയകള്‍ അദ്ദേഹത്തില്‍ നടന്നു. മരുന്നിന്റെ ശക്തിയില്‍ കാഴ്ചയ്ക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചു. തിരിച്ച് കിട്ടാത്തവിധം കേള്‍വിശക്തി 75% വും ഇല്ലാതായപ്പോള്‍ കാഴ്ചയിലും മങ്ങലുകള്‍ ഉണ്ടായി. ഇതേ രോഗവുമായി ഒരേസമയം കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ കണ്‍മുന്നില്‍ മരണത്തിന് കീഴടങ്ങി എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുകയും, കണ്ണ് നിറയുകയും ചെയ്യുന്നു. ആശുപത്രി വിട്ടശേഷമുള്ള തന്റെ ജീവിതം സര്‍വ്വേശ്വരന്‍ തനിക്ക് തന്ന ബോണസാണെന്നും ഇനി അങ്ങോട്ടുള്ളതും അങ്ങനെ മാത്രമായി കാണാനാണിഷ്ടമെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പരിശോധിച്ചാല്‍ മൂന്ന് കിലോയില്‍ കൂടുതല്‍ ഭാരമെടുക്കാനോ യാത്ര ചെയ്യാനോ അദ്ദേഹത്തിന് അനുമതിയില്ല. ഇതിനെ പരസ്യമായി തന്നെ അവഗണിച്ചാണ് തന്റെ ജീവിതവും പ്രവര്‍ത്തിയുമെന്ന് ജയമോഹന്‍ പറയുമ്പോള്‍ ഇതൊന്നുമില്ലാതെ തന്റെ തൊഴിലോ, ജീവിതമോ മുന്നോട്ട് പോകില്ലല്ലോ എന്ന കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാകും.
രോഗം ശരീരത്തെ തളര്‍ത്തിയപ്പോഴും പഠനമുപേക്ഷിക്കാന്‍ തയ്യാറാവാത്തതുകൊണ്ടാകാം 1996 -ല്‍ മട്ടന്നൂരിലെ എല്‍.ഐ.സി ഓഫിസില്‍ ഉദ്യോഗസ്ഥനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പിന്നിട് 2 വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റം. സമൂഹത്തിലേക്കിറങ്ങിയ അദ്ദേഹം അവിടെ നടക്കുന്ന അസമത്വത്തേയും അനീതിയേയും കണ്ട് ഭയന്നില്ല. ഞെട്ടലോടെ എങ്കിലും പ്രതികരിക്കാന്‍ തന്നെ തീരുമാനിച്ചു. കാഞ്ഞങ്ങാട് നഗരസഭാ മാര്‍ക്കറ്റിലെ ശുചിത്വമില്ലായ്മയ്ക്കും പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ക്കുമെതിരെ ആദ്യം പ്രതിഷേധം, പിന്നീട് നിയമപരമായ നീക്കം. ഒടുവില്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ പൊതു താത്പര്യ ഹര്‍ജിയില്‍ അദ്ദേഹം അർഹിച്ച വിജയം. അന്ന് തുടങ്ങിയ സാമൂഹ്യ സേവനം വേറിട്ട വഴികളിലൂടെ ഇന്നും തുടരുന്നു. മനുഷ്യനിലെ സ്‌നേഹവും കരുണയും ഇന്നും വറ്റിപോയിട്ടില്ല എന്ന് തെളിയിക്കും വിധം സ്വമനസ്സുകള്‍ സഹായ ഹസ്തവുമായ് അദ്ദേഹത്തിനൊപ്പമുണ്ട്. ആ സഹായമാണ് ഹോപ്പിന്റെ പിറവിക്കും ഇന്നത്തെ പ്രവര്‍ത്തനത്തിനും നിലനില്‍പ്പിനും അടിസ്ഥാനം.
“ഉപാധികളില്ലാത്ത സ്‌നേഹം” അതാണ് ഹോപ്പ് മുന്നോട്ട് വയ്ക്കുന്ന ആശയം. കണ്ണൂര്‍ ബിഷപ്പ് ഡോ വര്‍ഗീസ്സ് ചക്കാലക്കല്‍ മുഖ്യരക്ഷാധികാരിയും, ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി പള്ളിയിലെ ഫാദര്‍ ജോര്‍ജ്ജ് പൈനാടത്ത് പ്രസിഡന്റുമായി തുടക്കമിട്ട ഹോപ്പ് ഇന്ന് വിവിധ മേഖലകളിലേക്ക് തന്റെ കര്‍മ്മമണ്ഡലം വ്യാപിപ്പിച്ചു കഴിഞ്ഞു.
കാൻസർ രോഗികള്‍, കിഡ്നിയുടെ പ്രവര്‍ത്തനം തകരിലായവര്‍, ഹൃദ്യോഗബാധിതർ തുടങ്ങി സെറിബ്രല്‍ പാല്‍സിയും, ഓട്ടിസവുമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ വരെ ഹോപ്പ് നല്‍കുന്ന പരിചരണങ്ങള്‍ കൊണ്ടുമാത്രം ഇന്ന് ജീവിക്കുന്നു.
ഹോപ്പിന്റെ പ്രവര്‍ത്തനം 14 വര്‍ഷം പിന്നിടുമ്പോള്‍ ഈ കാലയളവിനുള്ളില്‍ 37000 പേര്‍ക്ക് വീല്‍ച്ചെയറുകള്‍, 39317 നേത്രശസ്ത്രക്രിയകള്‍, 215 ഹൃദയശസ്ത്രക്രിയ, 1776 പേര്‍ക്ക് കൃത്രിമ കൈകാലുകള്‍ എന്നിവ നല്‍കാന്‍ കഴിഞ്ഞു. 1277 ക്യാന്‍സര്‍ രോഗികള്‍ ഇതിനോടകം ഹോപ്പിന് കീഴില്‍ ചികിത്സ നേടിയിട്ടുണ്ട്. തിരുവനന്തപുരം ആര്‍.സി.സി യുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം. 100 മുതല്‍ 110 വരെ രോഗികളെ ഇത് വഴി ചികിത്സിക്കുന്നു. 9 പേര്‍ക്ക് കിഡ്‌നി ട്രാന്‍സ്പ്ലാന്‍ന്റേഷനും, 5 വയസ്സില്‍ താഴെയുള്ള 7 കുട്ടികള്‍ക്ക് കോക്ലിയര്‍ ഇന്‍പ്ലാന്റേഷനും, ഹോപ്പിന് കീഴില്‍ നടന്നു. ശാരീരിക വൈകല്യമനുഭവിക്കുന്ന 21 പേര്‍ക്ക് വീട് വച്ച് നല്‍കുകയും 2 വീടിന്റെ പണി പുരോഗമിക്കുകയും ചെയ്യുന്നു. അത്യാവശ്യ സേവനങ്ങള്‍ മാത്രം നല്‍കിക്കൊണ്ട് ഹോപ്പിന്റെ കീഴില്‍ ഇപ്പോൾ 4 ആംബുലന്‍സ് സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുന്നു.
ഹോപ്പിനെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മറ്റു മൂന്ന് പ്രശ്‌നങ്ങളാണ് ഉള്ളത്. 132 പേര്‍ ഇപ്പോള്‍ പിലാത്തറയില്‍ മാത്രം താമസിച്ച് വരുന്നു. തിരുവനന്തപുരം നഗരസഭയുമായി ചേര്‍ന്ന് രണ്ട് അനാഥാലയങ്ങളിലായി 40 പേര്‍ വേറെയും ഉണ്ട്. പിലാത്തറയില്‍ ഇപ്പോഴുള്ള കെട്ടിടത്തില്‍ 195 പേരെ പാര്‍പ്പിക്കാന്‍ കഴിയും. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 350 പേരെ അധിവസിപ്പിക്കാം. സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത ആള്‍ക്കാരാണ് ഇവരില്‍ ഭൂരിഭാഗവും. പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്തവര്‍. അതുകൊണ്ട്തന്നെ നിലവിലെ 26 ജീവനക്കാരെ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു ഇവരുടെ ജീവിതചര്യകളെ. മലമൂത്ര വിസര്‍ജനമടക്കം എല്ലാ പ്രാഥമിക ദിനചര്യയും കിടന്നിടത്ത് ചെയ്യേണ്ടി വരുന്ന താമസക്കാര്‍, അത് കൊണ്ട് തന്നെ ശുചികരണപ്രവര്‍ത്തനം ജിവനക്കാരെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാകുന്നു.
ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഹോപ്പില്‍ എത്തുന്ന പാവങ്ങളുടെ രോഗവസ്ഥ തന്നെയാണ്. പോലീസോ, സര്‍ക്കാര്‍ ഏജന്‍സികളോ ആണ് ഹോപ്പിലേക്ക് ഒട്ടുമിക്ക ആള്‍ക്കാരെയും എത്തിക്കുന്നത്. പ്രായം തളര്‍ത്തിയവരോ രോഗവസ്ഥകാരണം വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവരോ ആയിരിക്കും ഇവര്‍. പല വിധ അസുഖങ്ങളാല്‍ തളര്‍ന്നു പോയ ഇവരുടെ പേരോ, നാളോ, സ്ഥലമോ പോലും പലപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും ഹോപ്പില്‍ ഇവര്‍ സുരക്ഷിതരാണ്. സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സ നേടേണ്ട അസുഖങ്ങളാണ് പലര്‍ക്കുമുള്ളത്. ഇതിന് വരുന്ന ചിലവ് ഹോപ്പിന്റെ ബജറ്റ് തെറ്റിക്കുന്നതായാണ് ജയമോഹന്‍ സാര്‍ പറയുന്നത്. ഒരു മാസം മരുന്നിന് മാത്രം 75,000 രൂപയിലധികം ചിലവ് വരും. ഭക്ഷണവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചിലവും വേറെയും.
ഒരു രീതിയിലുള്ള സാമ്പത്തിക സഹായവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഹോപ്പിന് ലഭ്യമാകുന്നില്ല. നിയമത്തിന്റെയും, നികുതിയുടെയും കാര്യത്തിലെ നൂലാമാലകളില്‍ നിന്നും ഗവണ്‍മെന്റെ് ഹോപ്പിന് ഇളവ് നല്‍കി പോരുന്നുണ്ട്. സ്‌കൂളുകളും, കോളേജുകളും കുടുംബശ്രീ പോലുള്ള കൂട്ടായ്മകളും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും നടത്തിയാണ് ഹോപ്പിന്റെ പ്രവര്‍ത്തനം. സ്വമനസ്സുകള്‍ എത്തുച്ചു നല്‍കുന്ന ഭക്ഷണവും വസ്ത്രവും പണവും എത്ര ചെറുതാണെങ്കിലും സ്വീകരിക്കുന്നു.
ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുള്ള കേന്ദ്രം, വൃദ്ധമന്ദിരം, സാന്ത്വനപരിചരണ കേന്ദ്രം, എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്കുള്ള പരിചരണ കേന്ദ്രം, മൊബൈല്‍ ഡയാലിസസ് യൂണിറ്റ് എന്നിവ ഹോപ്പിന്റെ ഭാഗമായുണ്ട്. ഒരുപാട് സ്വപ്നങ്ങള്‍ ഇനിയുമുണ്ട് ഹോപ്പിന്, ശരീരത്തെ രോഗം തളര്‍ത്തിയപ്പോഴും മനസ്സിന്റെ കരുത്തില്‍ ജയമോഹന്‍ തുടങ്ങിവെച്ച വഴികളോരോന്നും മുന്നോട്ട് നീങ്ങുന്നു. മാനസികനില തെറ്റിയ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പരിചരണകേന്ദ്രം പിലാത്തറയില്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ഒരു കോടി 85 ലക്ഷം രൂപ ചിലവു വരുന്ന പദ്ധതിയാണിത്. ഇടുക്കിയില്‍ സൗജന്യ ഡയാലിസസ് കേന്ദ്രവും, അഞ്ച് ജില്ലകളില്‍ തൊഴിലദ്ധിഷ്ടിത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഹോപ്പിന്റെ ലക്ഷ്യമാണ്. നിലവില്‍ നേഴ്‌സിങ്ങ്, എം.ബി.എ, ബി.എസ്.സി നേഴ്‌സിങ്ങ് തുടങ്ങിയ മേഖലകളില്‍ 15-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഹോപ്പിന്റെ ചിലവില്‍ പഠിക്കുന്നു. 7500 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കിപോരുന്നുണ്ട്.
ബോംബൈയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിറ്റേഷന്‍ മാതൃകയില്‍ കേരളത്തിലെ ഏറ്റവും വലിയ റീഹാബിറ്റേഷന്‍ സെന്ററിന് രൂപം നല്‍കുക എന്ന സ്വപ്ന പദ്ധതിയുടെ പണിപ്പുരയിലാണ് ജയമോഹനിപ്പോള്‍. കാസര്‍ക്കോട് ജില്ലയില്‍ ആരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പദ്ധതി അടുത്ത 7 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
സഹനത്തിന്റെ പാതയില്‍ തനിക്കു കിട്ടിയ ബഹുമതികളെയും ആദരവിനെയും അദ്ദേഹം ഓര്‍ക്കാറില്ല. മറിച്ച് ഓരോ പുരസ്‌ക്കാരവും തന്നെ കൂടുതല്‍ ഉത്തരവാദിത്വത്തിലേക്ക് എത്തിക്കുകയാണെന്ന് ഓര്‍ക്കുന്നു.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് തന്റെ പ്രവര്‍ത്തനത്തിന് എന്നും കരുത്ത് പകരുന്നതെന്ന് അദ്ദേഹം പറയുന്നു. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ബി.ടി.റാണിയാണ് ഭാര്യ. ബി.ടെക് എഞ്ചിനീയറായ ആദര്‍ശ് ആർ.ജയന്‍, വിദ്യാര്‍ത്ഥിയായ നിഥി.ആര്‍.കമല എന്നിവര്‍ മക്കളാണ്. സേവന തത്പരരായ കുടുംബവുമൊന്നിച്ച് ഹോപ്പിലെ ഒറ്റപ്പെട്ട ഒരുപാട് പേര്‍ക്കൊപ്പം ജീവിതം. രാഷ്ട്രീയമൊഴിച്ച് മറ്റ് എന്തും കണ്ണൂരിന്റെ മണ്ണില്‍ പൂത്തുകായ്ക്കും എന്ന തിരിച്ചറിവാണ്, തന്റെ കര്‍മ്മ മണ്ഡലമായി കണ്ണൂരിനെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതത്രേ.
കുട്ടികളിലും യുവജനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഹോപ്പിന്റെ യുവജന വിഭാഗമായ ‘ക്യാമ്പസ് ഹോപ്പി’ന്റെ പ്രവർത്തന ഫലമായി നിരവധി കുട്ടികളെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്. കെ എസ് ജയമോഹൻ സാറിന്റെ ക്യാമ്പസ് ഹോപ്പ് എന്ന ഈ ആശയം രാഷ്ട്രബോധമുള്ള നല്ല മനസുള്ള കുട്ടികളെ സൃഷ്ടിക്കുകയാണ്. ഹോപ്പിന്റെ ബിൽഡിംഗ് ഫണ്ടിലേക്കായി ഒരു കല്ല് സഹായം എന്ന പ്രോജെക്റ്റുമായാണ് സ്കൂളുകളിൽ എത്തിയത് . തുടർന്ന് നിരവധി സ്കൂളുകളിൽ 3 ലക്ഷത്തോളം വൃക്ഷതൈ നൽകി കഴിഞ്ഞു. ഈ വർഷത്തോടെ 10 ലക്ഷം തൈകളാണ് ഹോപ്പ് ലക്ഷ്യമിടുന്നത്.
നിലവില്‍ കേരളത്തിന് പുറത്ത് തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഹോപ്പിന്റെ സേവനം ഭാഗികമായി ലഭ്യമാകുന്നുണ്ട്. ഇത് വ്യാപിപ്പിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് ജയമോഹൻ സാറിന്.