The Reader’s View
അന്‍വര്‍ ഹുസൈന്‍
പി പത്മരാജൻ 1978 ൽ എഴുതിയ നോവലാണ് വാടകയ്ക്ക് ഒരു ഹൃദയം. പിന്നീട് ഐ വി ശശിയുടെ സംവിധാനത്തിൽ ഇത് ചലച്ചിത്രമായി. സ്ത്രീ മനസുകളുടെ കഥ പറയുന്ന നോവൽ എന്ന നിലയിൽ ഇത് സവിശേഷമായി ശ്രദ്ധയാകർഷിക്കുന്നു.
അശ്വതിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് പുരുഷന്മാരും അവർ അവളുടെ ഹൃദയത്തിലുണ്ടാക്കുന്ന ചലനങ്ങളുമാണ് കേന്ദ്ര പ്രമേയം. ആദ്യ ഭർത്താവുമൊത്തുള്ള അസംതൃപ്തമായ ദാമ്പത്യത്തെത്തുടർന്ന് അവൾ കേശവൻകുട്ടിയിലെത്തുകയായിരുന്നു. എന്നാൽ അവളുടെ ഹൃദയം അയാളും അറിഞ്ഞില്ല. ഒടുവിൽ സദാശിവൻ പിള്ള അവളെ സ്വീകരിച്ചു. ഒട്ടേറെ ആത്മസംഘർഷങ്ങളാണ് അശ്വതി അഭിമുഖീകരിക്കുന്നത്. തൻ്റെ ആദ്യ ഭർത്താവ് പരമേശ്വരൻ പിള്ളയെ അവൾ പക്ഷേ ഹൃദയത്തിൽ സൂക്ഷിക്കുന്നു.
മാലിനി എന്ന ഒരു നാടകക്കാരിയും അവളുടെ അനുജത്തി സരസ്വതിയും നോവലിൽ മിഴിവോടെ കടന്നു വരുന്നുണ്ട്. പഠിക്കാൻ ഏറെ മിടുക്കിയായ സരസ്വതിയെയും സമൂഹം ജ്യേഷ്ഠത്തിയുടെ പാതയിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്നത് കാണാം. കലാകാരിയുടെ ജീവിതത്തിൻ്റെ അക്കാലത്തെ ചിത്രമാണ് നോവലിസ്റ്റ് വരച്ചു കാട്ടിയിരിക്കുന്നത്. പിൽക്കാലത്ത് ഈ സമീപനത്തിൽ കുറച്ച് മാറ്റങ്ങൾ ഉണ്ടായി.
സ്ത്രീ മനസുകളെ മാത്രമല്ല, പുരുഷ കഥാപാത്രങ്ങളുടെയും ഉള്ളറകളിലേക്ക് നോവലിസ്റ്റ് കടന്നു പോവുന്നു. രാഷ്ട്രീയ രംഗത്ത് കൂടി നിലയുറപ്പിക്കുന്ന കേശവൻ കുട്ടിയും പല വിധ ആത്മ സംഘർഷങ്ങൾക്ക് വഴിപ്പെടുന്നു. അsക്കാനാവാത്ത കാമാസക്തി അയാളെ പലതിലേക്കും നയിക്കുന്നു.
പരമേശ്വരൻ പിള്ളയെന്ന കഥാപാത്രം നിശബ്ദനാണ്. പക്ഷേ അയാളുടെ ഉള്ളിൽ വികാര വിചാരങ്ങൾ മാറിമറിയുന്നുണ്ട്. പക്ഷേ അതനുസരിച്ച് പ്രതികരിക്കാൻ അയാൾക്കാവുന്നില്ല.
ഒരു സ്ത്രീലമ്പടനായ കഥാപാത്രമായി ആണ് സദാശിവൻ പിള്ള ആദ്യം കടന്നു വരുന്നത്. പക്ഷേ പിന്നീട് അയാൾ രംഗം കീഴടക്കുന്നു.
രതിയും പ്രണയവും ജീവിതവുമെല്ലാം പരസ്പരം ഏതോ താളത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു. അതിനിടയിൽ ഒരു മനസ്സും. പത്മരാജൻ ആ മനസിൻ്റെ കഥയാണ് പറയുന്നത്. അദ്ദേഹത്തിൻ്റെ പിന്നീട് വന്ന രചനകളേക്കാൾ സ്വാഭാവികമായി ഇതിന് മാറ്റു കുറവുണ്ടാവാം. എങ്കിലും ഈ രചനയും വേറിട്ട് നിൽക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല