വിനോദ സഞ്ചാര-പൊതുമരാമത്ത് വകുപ്പുകള്‍ ചേര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പാക്കുന്ന പാലങ്ങള്‍ക്കടിയിലെ പാര്‍ക്കുകള്‍ക്ക് രൂപരേഖ തയാറായി കഴിഞ്ഞു. പാലങ്ങളുടെ അടിവശത്തെ സ്ഥലം ഉപയോഗപ്പെടുത്തുക എന്ന ആശയത്തില്‍ നിന്നാണ് വയോജന പാര്‍ക്കിന്റെ പിറവി. നീളവും വീതിയേറിയതുമായ മേല്‍പ്പാലങ്ങള്‍ കൂടുതലാണ് കേരളത്തില്‍. സര്‍ക്കാര്‍ ഭൂമിയില്‍ വെറുതേ കിടക്കുന്ന സ്ഥലങ്ങള്‍ പലപ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനധികൃത ഷെഡ്ഡുകള്‍ നിര്‍മിച്ച് കയ്യേറാനുമാണ് പലരും ഉപയോഗിക്കുന്നത്. ഇത്തരം കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പാലങ്ങളുടെ അടിവശത്തെ സ്ഥലം പ്രയോജനപ്പെടുത്തി വയോജന പാര്‍ക്കൊരുക്കാന്‍ തീരുമാനിച്ചത്.
കേരളത്തിലെ പൊതുമരാത്ത്-ടൂറിസം പ്രവൃത്തികള്‍ക്കായി ഒരു ഡിസൈന്‍ പോളിസി തയാറാക്കുന്നതിന് 4 മാസം മുന്‍പ് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്ത് ശില്‍പ്പശാല നടന്നു. പാലങ്ങളുടെ അടിവശത്തെ സ്ഥലം വിനിയോഗിച്ച് വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി മനോഹരമായ പാര്‍ക്കുകളും കളി സ്ഥലങ്ങളും നിര്‍മിക്കാന്‍ തീരുമാനിച്ചു. വായനമുറിയും ഓപ്പണ്‍ ജിമ്മും ഇവിടെ സജ്ജമാക്കും. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് ടൂറിസം വകുപ്പിന്റെ വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചു. അടുത്തയാഴ്ച ഉത്തരവ് പുറത്തിറങ്ങും. ഓരോ സ്ഥലത്തെയും സൗകര്യങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലയിലും ഈ പദ്ധതി നടപ്പാക്കാനാണ് ആലോചന.
ആദ്യഘട്ടത്തില്‍ കൊല്ലത്ത് എസ്എന്‍ കോളേജിന് സമീപത്തെ റെയില്‍വേ മേല്‍പ്പാലത്തിന് താഴെയാണ് പാര്‍ക്കൊരുങ്ങുക. 1.5 കോടി രൂപ ചെലവിട്ട് ഡിസംബറിനകം ഇവിടെ പാര്‍ക്ക് സജ്ജമാക്കും. ഇതിനുശേഷം നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ മേല്‍പ്പാലത്തിനടിയിലും വയോജന പാര്‍ക്കുകളും കളിസ്ഥലങ്ങളും നിര്‍മിക്കും. പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷനാണ് നെടുമ്പാശേരിയിലെ നിര്‍മാണ ചുമതല. പോജക്ട് തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല