ഇരുള്‍

0
105

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 9

മാപ്പിള പിന്നെയും പലപ്രാവശ്യങ്ങളിലായി അവിടെ വന്നുപോയി. ആദ്യമൊന്നും അന്ന സഹകരിച്ചില്ലെങ്കിലും പിന്നെപ്പിന്നെ  അവളും അതിനോട് പാകപ്പെട്ടുവന്നു. മാപ്പിളക്ക് പുറമെ രണ്ടുമൂന്ന് അബ്ക്കാരി പ്രമാണിമാരും അന്നയെ തേടിവന്നു. എല്ലാം വര്‍ക്കി തന്നെയാണ് ശരിയാക്കിയത്. അവരുടെ അടുത്തുനിന്നും വര്‍ക്കി നല്ല കമ്മീഷന്‍ വാങ്ങി.

അന്നയുടെ ശരീരഭാഷ ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ അന്നയെ തേടിവരുന്ന ആളുകളുടെ എണ്ണവും ദിവസം കഴിയുംതോറും വര്‍ദ്ധിച്ചുവന്നു. പ്രമാണിമാര്‍, രാഷ്ട്രീയക്കാര്‍, മതനേതാക്കള്‍ അങ്ങനെ തുടങ്ങി സമൂഹത്തില്‍ അന്തസിന്റെയും സദാചാരമൂല്യത്തിന്റെയും നേര്‍മുഖങ്ങളായ പലരും രാത്രിയുടെ മറവില്‍ അന്നയുടെ അടിപ്പാവാടയ്ക്കടിയിലേക്ക് വലിഞ്ഞുകയറി. അന്നയുടെ അടുത്ത് അവരെല്ലാം മുഖംമൂടികളഴിച്ച് നഗ്നരായ പച്ചമനുഷ്യരാവുന്നു എന്നതാണ് മഹാത്ഭുതം.

ചുരുക്കിപ്പറഞ്ഞാല്‍ റാഫേലിനേക്കാളും ഈ ബിസിനസ്സില്‍ ലാഭം വര്‍ക്കിക്കായിരുന്നു. അതുകൊണ്ടുതന്നെ വര്‍ക്കി ഓരോ ദിവസം കഴിയുംതോറും പുതിയ പുതിയ കസ്റ്റമറെ ഉാക്കിക്കൊണ്ടേയിരുന്നു. കള്ളുകച്ചവടത്തേക്കാളും ലാഭം അതുവഴി വര്‍ക്കിക്ക് വന്നുചേര്‍ന്നു.വർക്കി കൗശലക്കാരനായ കുറുക്കനായിരുന്നു.

ആ രാത്രി അന്നയെ സംബന്ധിച്ച് ഭയത്തിന്റെ ഒരു ദിവസം കൂടിയായിരുന്നു. അയാള്‍ ഭയത്തിന്റെ ആള്‍രൂപമെന്നേ പറയാനൊക്കൂ. രാത്രിയുടെ കൂരിരുട്ടില്‍ നിശബ്ദതയുടെ തേരിലേറി ഇരുട്ടിന്റെ രാജകുമാരനെപ്പോലെ അയാള്‍ വന്നു.  പാമ്പുമുക്കില്‍നിന്നും അവസാനത്തെ കുടിയനും പിരിഞ്ഞുപോയതിനുശേഷം, രാത്രിയെ പുതപ്പാക്കി ഒരു മേഘക്കീറിലെന്ന പോലെ അയാള്‍ നടന്നുവരുന്നത് തുരുമ്പിച്ച ജനലഴികള്‍ക്കിടയിലൂടെ അന്ന നോക്കിനിന്നു. ശരീരമാസകലം മൂടുന്ന  കറുത്ത ഗൗണ്‍, അതിന്റെ തൊപ്പി തലയില്‍ മറച്ച് മുഖംതാഴ്ത്തിയാണ് അയാള്‍ നടന്നുവരുന്നത്. ഭയത്തോടൊപ്പം അമ്പരപ്പോടെയാണ് അന്ന നോക്കിനിന്നത്. കാര്യങ്ങളൊക്കെ വര്‍ക്കിക്ക് അറിയാവുന്നതല്ലേ എന്നിട്ടും ഈ രാത്രി കസ്റ്റമര്‍ അവള്‍ അത്ഭുതപ്പെട്ടു. ഈ ദിവസങ്ങളില്‍ കസ്റ്റമറെ വിടരുതെന്ന് വര്‍ക്കിയോട് പറഞ്ഞതായിരുന്നു. എനിയും മൂന്നു ദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. ഈ ദിവസങ്ങളില്‍ പുരുഷന്മാരെ കാണുന്നതുതന്നെ അറപ്പാണ് പിന്നെ എങ്ങനെ കൂടെ കിടക്കും? അന്ന ആകെ അസ്വസ്ഥയായി. സാധാരണ ഏഴിന്റെ അന്നേ കുളിക്കാറുള്ളൂ ആര്‍ത്തവസമയത്തുള്ള അസ്വസ്ഥതകള്‍ ഏത് ആണിനോട് പറഞ്ഞാലാണ് മനസ്സിലാവുക? ആദ്യത്തെ രണ്ടുദിവസം വയറ് കീറിമു റിക്കുന്ന വേദനയാണ് പുരുഷന്മാരെ കണ്ടാല്‍ ഛര്‍ദ്ദിയും മനംപുരട്ടലും വേറെയും.

ചെറിയ തോതില്‍ വെള്ളക്കെട്ടുള്ള ഇടവഴിയും കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയില്‍ അയാൾ പ്രവേശിച്ചു. കാട്ടുചെടികള്‍ക്കിടയില്‍നിന്ന് മുറ്റത്തോട് നടന്നു കയറി. കറുത്ത നീളൻ ഗൗൺ ,തലമയ്ക്കുന്ന തൊപ്പി.മുഖം കാണാത്ത വിധം ചുറ്റിയ കറുത്തതുണി. ഇരുട്ടിൽ മറ്റൊരിരുട്ടു പോലെ അയാൾ ചടുലമായ വീട്ടിലേക്ക് കയറി വന്നു. കാറ്റുപോലെ വേഗത തോന്നി അയാളുടെ വരവിന് തന്റെ കുടിലിന്റെ ശക്തികുറഞ്ഞ വാതില്‍ തുറന്ന് തള്ളിത്തുറന്ന് അയാൾ അകത്തേക്ക് കടന്നു. ഒരു പിശാചിനെപ്പോലെ. ആർത്തിപൂണ്ട അയാളുടെ കരങ്ങൾ അന്നയെ മുൾച്ചങ്ങല പോലെ തലോടി. അവളുടെ അസ്വസ്ഥതകള്‍ മുഴുവനും ആ ഇരുണ്ട മുറിയില്‍ അയാളുടെ ഒരു സ്പര്‍ശനത്തില്‍  തന്നെ ഇല്ലാതായി. വന്നയാൾ ഒരു മാന്ത്രികനെപ്പോലെ പൂർണ്ണമായും അന്നയെ അയാളിലേക്ക് വശീകരിച്ചു.അയാള്‍ തന്നെ വാരിപ്പുണരുമെന്ന പ്രതീക്ഷയില്‍ അവളില്‍ ഒരാനന്ദനിര്‍വൃതിയുണ്ടായി. അയാള്‍ ഒരു  ശാന്തമായ മഞ്ഞുമലപോലെ അവളില്‍ തണുത്തുറയുമ്പോള്‍ താനൊരു ആർത്തവകാരിയാണെന്നവള്‍ മറന്നുപോയി. അയാളുടെ സാന്നിധ്യം അവളെ വല്ലാതെ മോഹിപ്പിച്ചു. വല്ലാത്തൊരു വശീകരണ ശക്തി. ഇനിയും ഇനിയും എന്ന് മനസ്സ് മന്ത്രിക്കുന്നതുപോലെയവള്‍ക്ക് തോന്നി.

അവര്‍ പരസ്പരം മറന്ന് അലിഞ്ഞുചേരുകയായിരുന്നു. ഇന്നുവരെ ഇല്ലാത്ത അനുഭൂതി, ആനന്ദം. എത്രയെത്ര പുരുഷന്മാര്‍  വന്നുപോയി. ഇതുപോലെ ഒരാള്‍ ഇതാദ്യം. അവളുടെ മനസ്സ് അയാളെ എല്ലാ രാത്രിയിലും കൊതിച്ചുപോയി. നിലാവില്ലാത്ത രാത്രിയില്‍ മുറിയുടെ മൂലയില്‍ എരിഞ്ഞുകത്തുന്ന മുറിവിളക്കിന്റെ വെളിച്ചത്തില്‍ ഒരുമാത്ര അയാളുടെ മുഖം അന്ന ദര്‍ശിച്ചു. ആ ദര്‍ശനം ആനന്ദലഹരിയില്‍നിന്നും സ്വബോധത്തിലേക്ക് ഭയത്തിന്റെ കരിങ്കല്‍ തലത്തിലേക്കവളെ  വലിച്ചെറിഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഒന്നുപിടയാന്‍പോലുമാകാതെ അവള്‍ സ്തംഭിച്ചു പോയി. ഒരു മഹാപാപത്തിന്റെ തീച്ചൂളയിലായിരുന്നു അവള്‍. തന്റെ എല്ലാ മുന്‍ധാരണകളും ഊരിവെച്ച് സംശയത്തിന്റെ കൊടുമുടിയിലേക്ക് നഗ്നമായ പാദങ്ങളാല്‍ സഞ്ചരിക്കുകയായിരുന്നു. മനസ്സ് ഇരുട്ട് നിറഞ്ഞ ഒരു കൊടുംവനമായതുപോലെ. ഉള്ള അമ്പരപ്പിനേക്കാളും കൂടുതല്‍ ഭയത്തിന്റെ മൂടുപടലം തീര്‍ക്കുകയായിരുന്നു. ‘കര്‍ത്താവേ’ എന്നറിയാതെ അവള്‍ വിളിച്ചുപോയി.

ദൈവവും പിശാചും ഒന്നുതന്നെ ചിലപ്പോള്‍ ഒരു ബാറ്ററിസെല്ലുപോലെയായിരിക്കും ഒരു ഭാഗം പോസിറ്റീവ്. മറുഭാഗം  നെഗറ്റീവ്. ഏതായാലും ഒന്നിന്റെ രണ്ടുവശംതന്നെയല്ലേ. ചിലപ്പോള്‍ ദൈവം പിശാചാവുന്നു. പിശാച് ദൈവമാവുന്നു. ഇവിടെ ഇപ്പോള്‍ ദൈവം പിശാചായിരിക്കുന്നു. മനസ്സ് ആകെ മരവിച്ചതുപോലെ ആ മരവിപ്പിനിടയില്‍ എപ്പോഴാണ്  അയാള്‍ ഇറങ്ങിപ്പോയതെന്ന് അവളറിഞ്ഞില്ല. ഭൂമി മുഴുവന്‍ ശൂന്യതയുടെ ഇരുട്ട് നിറഞ്ഞതുപോലെ അവള്‍ക്കു തോന്നി.  സംഭവിച്ചത് ഓര്‍ക്കുംതോറും അവള്‍ക്കുതന്നെ അവളോട് അറപ്പുതോന്നി. തന്നിലെ വൃത്തികെട്ട രക്തത്തെവരെ അയാള്‍ ഒരു പിശാചിനെപ്പോലെയായിരുന്നു ഊറ്റിക്കുടിച്ചത്.

‘ഞാനൊരു രഹസ്യമാണ്. ആ രഹസ്യം പുറത്തറിഞ്ഞാല്‍ മരണമല്ലാതെ മറ്റെന്താണ്?’- അയാളുടെ വാക്കുകള്‍ അവളുടെ ചെവിയില്‍ ഒരു അശരീരി പോലെ അലതല്ലിക്കൊണ്ടേയിരുന്നു.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

ആളുകളുടെ കൂട്ടമായുള്ള ഓട്ടവും ബഹളവും കേട്ടാണ് അന്ന സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്. അവള്‍ ജനാലവഴി  പുറത്തേക്ക് നോക്കി. പന്തവും ടോര്‍ച്ചും വടിയുമായി ആളുകള്‍ പരക്കംപായുന്നു. രണ്ടുമൂന്ന് ദിവസങ്ങളായി നാട്ടില്‍ ചെറിയ തോതില്‍ അരക്ഷിതാവസ്ഥ ഉടലെടുത്തിട്ട്. അതിന് പ്രധാന കാരണം കര്‍ഷകരുടെ കൃഷിമുഴുവന്‍  നശിപ്പിക്കപ്പെട്ടിരിക്കുന്നു. വാഴയും മരച്ചീനിയും പിഴുതിട്ടിരിക്കുന്നു! ആദ്യമൊക്കെ കരുതിയത് വല്ല മുള്ളന്‍പന്നിയോ പെരുച്ചാഴിയോ ഒക്കെ ആയിരിക്കുമെന്നാണ്. കര്‍ഷകര്‍ രാത്രി ഉറങ്ങാതെ കാവലിരുന്നു. പക്ഷേ, ഒന്നിനെയും കാണാന്‍ കഴിഞ്ഞില്ല. നിരാശയോടെ ഉറക്കമൊഴിഞ്ഞത് മിച്ചമെന്ന് കരുതി അവര്‍ മടങ്ങി.

തിരച്ചിലവസാനിച്ച് ആളുകളൊക്കെ പുലര്‍ച്ചെയോടെയാണ് മടങ്ങിയത്. പതിവുപോലെ തോമ തന്റെ ബാറ്ററിടോര്‍ച്ചും പാല്‍പാത്രവുമെടുത്ത് കടതുറക്കാന്‍ കവലയിലേക്ക് പുറപ്പെട്ടു. ചുറ്റും കാടുമൂടിയ ഇടവഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് പെട്ടെന്ന് തന്റെ മുതുകിലേക്ക് കറുത്ത ജന്തു ചാടിവീണത്. കാട്ടുപന്നി. പന്നി തോമയെ നന്നായി ആക്രമിച്ചെങ്കിലും ദൈവാധീനംകൊണ്ട് രക്ഷപ്പെട്ടു എന്നുതന്നെ പറയണം. നേരം നന്നായി വെളുക്കുവോളം തോമ പാതിജീവനില്‍ അതേകിടപ്പ് കിടന്നു.

ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് തോമയെ ആംബുലന്‍സിലാണ് കൊണ്ടുവന്നത്. വീഴ്ചയില്‍ ഇടതുകാലിന്റെയും വലതുകൈയുടെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കൂടിനിന്ന ആളുകള്‍ പതിയെ പൊക്കിയെടുത്ത് തോമയെ അകത്ത് കൊണ്ടുപോയിക്കിടത്തി. വിവരമറിഞ്ഞവര്‍ അറിഞ്ഞവര്‍ തോമയുടെ വീട്ടിലേക്ക് ഓടിവന്നു. സംഭവത്തിന്റെ വിശദവിവരങ്ങളറിയാന്‍  ആകാംഷയോടെ വന്നവരൊക്കെ പിരിഞ്ഞുപോവാതെ വീടിനെ ചുറ്റിപ്പറ്റി നിന്നു. നാട്ടിലെ തലമുതിര്‍ന്ന രണ്ടുമൂന്ന് പേരുമാത്രം അകത്തുകയറി തോമായുടെ കട്ടിലിനടുത്തിരുന്നു. സംസാരങ്ങള്‍ കേള്‍ക്കാന്‍ ബാക്കിയുള്ളവര്‍ തോമ കിടക്കുന്ന മുറിയുടെ ജനലിനും വാതിലിനുമടുത്ത് തടിച്ചുകൂടി. പന്നി ആക്രമിച്ചാലെന്താ നാട്ടുകാര്‍ മുഴുവനും ഒരത്ഭുതത്തോടെയല്ലേ തന്നെ നോക്കുന്നത്. അതിന്റെ ഗമ മുഴുവന്‍ അയാള്‍  മുഖത്ത് പ്രതിഫലിപ്പിച്ചു. ഭാര്യ ചായയും  ബിസ്‌കറ്റുമായും വന്നു. ചായയില്‍ ബിസ്‌കറ്റ് മുക്കി എടുക്കുന്നതിനിടയില്‍ പുതിയ പള്ളി പ്രസിഡന്റ് അവറാച്ചന്‍ ചോദിച്ചു: ‘എന്തായിരുന്നു തോമാ സംഭവിച്ചത്?”

അയാള്‍ പ്രസിഡന്റായതിനുശേഷമുള്ള ആദ്യത്തെ പ്രശ്‌നമായിരുന്നു അത്. നേതാക്കന്മാരും അണികളുമടക്കം ഒരു നാടുതന്നെ തന്റെ അടുത്ത് വന്നിരിക്കുന്നു. ഈ സംഭവത്തിനുശേഷം താനൊരു മഹാസംഭവമായിരിക്കുന്നു എന്ന് തോമായ്ക്ക് സ്വയം തോന്നി.

ഗമ ഇത്തിരിയും കുറക്കാതെ കിടന്ന കിടപ്പില്‍നിന്നും തലയണിയില്‍ നിന്നു തല കുറച്ചുയര്‍ത്തി നടുവൊന്ന് പൊക്കിവെച്ച് തോമ പറഞ്ഞുതുടങ്ങി. ഒരു നാടിന്റെതന്നെ മഹാധൈര്യത്തിന്റെ  നായകന്‍ സംഭവം വിവരിച്ചുതുടങ്ങി: ‘പ്രസിഡന്റേ…,  എന്റെ ധൈര്യം ഒന്നുകൊണ്ടുമാത്രമാണ് ഞാനിന്നീ നിലയില്‍ ഇവിടെ ഇരുക്കുന്നേ. വേറെ ആരേലും ആയിരുന്നേ അതിനെ  കണ്ട ഉടനെ പേടിച്ച് ചത്തുപോയേനേ,’ തോമ എല്ലാവരെയും നോക്കി പുച്ഛത്തോടെ ചിരിച്ചു. ആളുകളും ആ ചിരിയില്‍  ഒപ്പം കൂടി.

‘ഒരാനയുടെ വലിപ്പമുണ്ടായിരുന്നു ആ ജന്തുവിന്. പന്നി എന്നൊന്നും പറഞ്ഞാപോര…’ ആളുകള്‍ ചായകുടി നിര്‍ത്തി  തോമയുടെ സംസാരം സസൂക്ഷ്മം ശ്രദ്ധിച്ചു. പ്രസിഡന്റിന്റെ ചായയില്‍ കുതിര്‍ന്ന ബിസ്‌കറ്റ് പാതിമുറിഞ്ഞ്  നിലത്തുവീണു. ബാക്കിപാതി സംസാരത്തിനു ഭംഗം വരാത്ത നിലയില്‍ ശബ്ദമുണ്ടാക്കാതെ അകത്താക്കി. തോമ പ്രസിഡന്റിനോട് ഒരു ബീഡി ചോദിച്ചു. അയാള്‍ തന്റെ പോക്കറ്റില്‍നിന്നും സിഗരറ്റെടുത്ത് കത്തിച്ചു തോമയുടെ കൈയില്‍ കൊടുത്തു. ‘സംഭവങ്ങളറിയണമല്ലോ എനി ഇതുപോലൊരപകടം നാട്ടില്‍ സംഭവിക്കരുതല്ലോ’ തന്റെ ഒരു വലിയ ഉത്തരവാദിത്വത്തെ പ്രസിഡന്റ് ജനങ്ങളെ അറിയിച്ചു.

‘ഇനി ഇതുപോലെ സംഭവിച്ചാ തോമാച്ചായന്‍ രക്ഷപ്പെട്ടതുപോലെ രക്ഷപ്പെടണമെന്നില്ലല്ലോ…’ കൂട്ടത്തില്‍ ആരോ പ്രസിഡന്റിന് പിന്തുണ കൊടുത്തു. ‘ശരിയാണ്. ഏതായാലും ആ കാട്ടുപന്നിയെ എങ്ങനേലും പിടിക്കണം.’ കൂടിയവര്‍ ഒറ്റക്കെട്ടായി പറഞ്ഞു

തോമയ്ക്ക് തന്നെ ഓര്‍ത്ത് അഭിമാനം തോന്നി. അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി: ‘കാലത്ത് ടോര്‍ച്ചും പാല്‍പാത്രവുമായി കടതുറക്കാന്‍ പോവുന്ന വഴിയിലായിരുന്നു സംഭവം. വേഗം കടയിലെത്താന്‍ നിരത്തുവഴിയല്ല ഞാന്‍ പോവാറ്. നമ്മുടെ  പൂട്ടിക്കിടക്കുന്ന അണ്ടി ആപ്പീസിന്റെ പുറകുവശത്തെ കുറ്റിക്കാട് വഴിയാണ് പോവാറ്. ചോയി മാപ്പിളയുടെ വീടുകഴിഞ്ഞുള്ള  കുളത്തോടുചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ ഒരനക്കം. വല്ല കള്ളനോ മറ്റോ ആവുമെന്ന് കരുതി ആരാ അവിടെ എന്നും ചോദിച്ച് ടോര്‍ച്ചടിച്ച് ഞാനങ്ങ് ചെന്നു. പെട്ടെന്നായിരുന്നു ആക്രമണം. കറുകറുത്ത ഒരു സാധനം എന്റെ മേലേക്ക് ചാടിവീണു. ആ രൂപത്തെ കണ്ടാല്‍ത്തന്നെ പാതിജീവന്‍ തീരും. ധൈര്യത്തിന്റെ പുറത്ത് ഞാനും പന്നിയുമായി ഒരു മല്‍പിടുത്തം  തന്നെ നടന്നു. ഒടുക്കം എന്നെയും തള്ളിയിട്ട് ആ രൂപം കാട്ടിലേക്ക് ഓടിമറഞ്ഞു. പിന്നെ എങ്ങനെയാണ് തോമയുടെ പിന്നില്‍ കുത്തുകിട്ടിയതെന്ന സംശയം വര്‍ക്കിക്കുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. കൂടിയവര്‍ക്ക് മുഴുവനും അതേ സംശയം മനസില്‍ ഉടലെടുത്തെങ്കിലും നാവിനെ വായിക്കകത്തുതന്നെ കഷ്ടപ്പെട്ട് പിടിച്ചുനിര്‍ത്തി. വെറുതെ തോമയുടെ മൂഡുകളയണ്ടല്ലോ.

അപ്പന്റെ തള്ളുകേട്ട് സഹികെട്ടാവണം പമ്പരം കറക്കിക്കൊണ്ടിരുന്ന മകന്‍ സോളമന്‍ പ്രതികരിച്ചത്, ‘കുറ്റിക്കാട്ടിലെ അനക്കം കേട്ട് അപ്പന്‍ തിരിഞ്ഞുനോക്കുമ്പോഴാ കുത്തുകിട്ടിയത്’ അവന്‍ ചുണ്ടില്‍ കൈവച്ച് കുണുങ്ങിച്ചിരിച്ചു. അതുവരെ ശ്വാസം അടക്കിപ്പിടിച്ച മുഴുവന്‍ ചുണ്ടുകളും പൊട്ടിച്ചിരിയില്‍ ആശ്വാസം കണ്ടു. തോമ നാറി, തന്റെ അഭിമാനത്തിന് മകന്‍ തന്നെ ക്ഷതം വരുത്തിയിരിക്കുന്നു. പേടിക്കൊടലന്‍ എന്നുവിളിച്ച നാട്ടുകാര്‍ക്കിടയില്‍ താനൊരു ധൈര്യശാലിയാണെന്ന് തെളിയിച്ച ദിവസമായിരുന്നു. എല്ലാം ആ കുരുത്തംകെട്ടവന്‍ നശിപ്പിച്ചിരിക്കുന്നു. കോപവും ജാള്യതയും നിറഞ്ഞ മുഖഭാവത്തോടെ തോമ കണ്ണുരുട്ടി അവനെ നോക്കി. സാഹചര്യം പന്തിയല്ലെന്നു കണ്ടപ്പോള്‍ അവന്‍ പുറത്തേക്കോടി.

അര്‍ദ്ധരാത്രി അയാള്‍ ഇറങ്ങിപ്പോയിട്ടും ആ ഭയം മാത്രം അന്നയെ വിട്ടുപോയില്ല. അയാള്‍ ഇരുട്ടിന്റെ മഹാരഹസ്യമായിരുന്നു. ആ രഹസ്യം മരണഭയംപോലെ അവളുടെ ചിന്തയെ ആകമാനം അസ്വസ്ഥപ്പെടുത്തി. ഇരുട്ട് തന്നെയാണ് ലോകം, വെളിച്ചം എപ്പോള്‍ വേണമെങ്കിലും അസ്തമിച്ചു പോകാവുന്ന മിഥ്യ മാത്രമാവുന്നു. അവള്‍ വാതില്‍പഴുതിലൂടെ പുറത്തേക്ക് നോക്കി റാഫേല്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. യുവത്വം മുഴുവനും ആ രാത്രി വീടുവിട്ട് പുറത്ത് പോയിരിക്കുന്നു.

പന്തംകൊളുത്തി കൃഷിയിടങ്ങളില്‍ തിരഞ്ഞവര്‍ പല സംഘങ്ങളായി. ഓരോ സംഘവും നാടും കാടും അരിച്ചുപെറുക്കി ആ കാട്ടുജന്തുവിനെ തിരഞ്ഞു യാത്രയായി. വര്‍ക്കിയും റാഫേലും സേവിയറും രാഹുലനും പിന്നെ നാലഞ്ചുപേരും ചേര്‍ന്ന ഒരു സംഘം ചോലമലയിലേക്ക് പുറപ്പെട്ടു. പന്തം, വടി, ടോര്‍ച്ച് ഇതായിരുന്നു അവരുടെ ആയുധം. കുറച്ചാളുകള്‍ തെക്ക്  കരിന്തന്‍മലയിലേക്കും കുറച്ചാളുകള്‍ നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങളിലും കുറച്ചുപേര്‍ കഴുകപ്പാറയിലും തിരച്ചില്‍ ആരംഭിച്ചു.

തോമയ്ക്ക് പറ്റിയപോലെ ഒരപകടം ഇനി ഇവിടെ സംഭവിച്ചുകൂടാ. ആളുകള്‍ക്കിനി ധൈര്യമായി സഞ്ചരിക്കാനും കൃഷിഭൂമിയില്‍ പോവാനും ആ കാട്ടുപന്നിയെ പിടിച്ചേ തീരൂ. രണ്ടുദിവസങ്ങള്‍ നീണ്ട തിരച്ചിലില്‍ കാട്ടുപന്നി പോയിട്ട് കാട്ടുകോഴിയെപ്പോലും അവർക്ക് കിട്ടിയില്ല. തുടര്‍ച്ചയായുള്ള ആ തിരച്ചിലില്‍

പലര്‍ക്കും ഒന്നുംകിട്ടാത്തതില്‍ നീരസം തോന്നി. അതുപിന്നെ മടുപ്പായി. സംഘങ്ങളില്‍നിന്ന് ഓരോരുത്തരായി കാടിറങ്ങാന്‍ തുടങ്ങി.

‘തോമയുടെ വെടിപറച്ചിലല്ലാതെ ഇത് മറ്റൊന്നുമല്ല. വല്ല മാക്കാച്ചിയെയും കണ്ടുപേടിച്ച് തൂറിക്കാണും മുരടന്‍. അല്ലെങ്കില്‍ തന്നെ ഒരെണ്ണം വീശാതെ തോമയ്ക്ക് ഒറ്റയ്ക്ക് ഇരുട്ടില്‍ ഈ വഴി നടക്കാനുള്ള ധൈര്യമുണ്ടോ? എല്ലാം അവന്റെ തോന്നലായിരിക്കുമെന്നേ”. കള്ളിലെ പാതിബോധത്തിന്റെ എന്തോ കണ്ടുപേടിച്ചു കാണും പാവം.’

കയ്യിലുണ്ടായിരുന്ന കുപ്പി ഒന്നുകൂടി വായിലേക്ക് കമഴ്ത്തി നോക്കി. കുടിച്ചുവറ്റിച്ച കുപ്പിയില്‍നിന്ന് എന്തുവരാന്‍! ആ കുപ്പി മൂക്കോട് ചേര്‍ത്ത് കള്ളിന്റെ ഗന്ധത്തെ ഉള്ളിലേക്ക് ആഞ്ഞുവലിച്ചു. ഹാ… എന്തൊരു കുളിരുകോരല്‍. സേവിയര്‍ ആടിയാടി  വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പി കുപ്പി  തോട്ടിലേക്ക് വലിച്ചെറിഞ്ഞു. സേവിയറും രാഹുലനും തോട്ടുവക്കില്‍ കുനിഞ്ഞിരുന്ന് കൈവള്ളയില്‍ വെള്ളം കോരിയെടുത്ത് മുഖം കഴുകി.

ഒരു ചന്തകഴിഞ്ഞ രാത്രിയില്‍, ഒറ്റയുംതെറ്റയുമായും, കൂട്ടമായും ഒഴിഞ്ഞുപോരുന്നതുപോലെ ആളുകള്‍ ചൂട്ടും മിന്നിച്ച് പരാജയകഥയും രണ്ടുദിവസത്തെ മെനക്കേടിന്റെ ദണ്ണവും പറഞ്ഞ് നടന്നുപോവുന്നുണ്ടായിരുന്നു. ഏറ്റെടുത്ത ഒരു വലിയ  ദൗത്യം പരാജയമായിരിക്കുന്നു. പന്നിയെയും പിടിച്ച് ആര്‍പ്പുവിളിയുമായി നാട്ടില്‍പോവേണ്ടവര്‍ നിരാശയോടെ മുഖത്ത് തോര്‍ത്തുമുണ്ടുമിട്ട് പോവേണ്ട അവസ്ഥ. നാട്ടില്‍ കാത്തിരിക്കുന്ന ആബാലവൃദ്ധം ജനങ്ങളുടെ പരിഹാസത്തെ ഓര്‍ത്ത് അവര്‍ ഓരോരുത്തരുടെയും ഉള്ള് നീറുന്നുണ്ടായിരുന്നു.

‘രാഹുലാ നമ്മുടെ നാട്ടിലെ കൃഷിയൊക്കെ ആരാ നശിപ്പിച്ചിരിക്കുക?’

‘അതുവല്ല മുള്ളന്‍പന്നിയോ പെരുച്ചാഴിയോ ആയിരിക്കും. അല്ലാതെ പിന്നെ ഈ നാടുംകാടും മുഴുവനും അരിച്ചുപെറുക്കിയിട്ടും ഒരു പൂച്ചയെപ്പോലും കിട്ടിയില്ല. പിന്നെ തോമയുടെ കാര്യം അത് വിട്, അയാള്‍ പൂച്ചയെ കണ്ടാല്‍  പുലിയെ കണ്ടു എന്ന് പറയുന്ന ഇനമാ പേടിക്കൊടലന്‍.’

സേവിയര്‍ ചിരിച്ചു രാഹുലനും.

‘സേവിയറേ, ആ തോമയുടെ കാടുകെട്ടിയ മുടിയും കൊമ്പന്‍മീശയൊക്കെ കണ്ടാല്‍ ആളൊരു ഗജപോക്കിരിയാണെന്ന്  തോന്നും. പക്ഷേ,  ഉള്ളുപൊള്ളയാ… കാതലില്ലാത്ത വെറും പൊള്ള….  ഇരുട്ടില്‍ അയാള്‍ പേടിമാറ്റാന്‍ ചെയ്യുന്ന ഒരു വിദ്യയുണ്ട്. അതെന്താണെന്ന് നിനക്കറിയോ?’ അറിയില്ലെന്ന ഭാവത്തില്‍ സേവിയര്‍ തലയാട്ടി. ഇരുട്ടില്‍ സേവിയറുടെ തലയാട്ടല്‍  രാഹുലന്‍ കണ്ടില്ല. ചോദ്യത്തിന് മറുപടി കിട്ടാതായപ്പോള്‍ അവന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു ‘അറിയോ?’

‘ഇല്ല.’

‘ഹാ, അങ്ങനെ ഉറക്കെ പറയണം.’

രാഹുലന്‍ തുടര്‍ന്നു, ‘പാട്ടുപാടും… ഉറക്കെ പാട്ടുപാടും. ആ പാട്ട് കേട്ടായിരുന്നു എന്റെ അമ്മ കാലത്ത് എഴുന്നേറ്റിരുന്നത്. രാവിലെ കടയില്‍ പോവുമ്പോള്‍ ഉറക്കെ പാടും. നേരം വെളുക്കാറായെന്ന് അമ്മ അങ്ങനെ മനസ്സിലാക്കും. അപ്പോള്‍ സമയം അഞ്ചര മണിയായിക്കാണും. എന്റെ  വീടുണരും. രാത്രിയും അതുപോലെ തോമ കടയടച്ച് ഉറക്കെ പാട്ടുംപാടി പോവും അമ്മ ഉറങ്ങാന്‍ വിളക്കണയ്ക്കും അപ്പോള്‍ സമയം പതിനൊന്ന് പതിനൊന്നരയായിക്കാണും. മൂപ്പര് പാടുന്ന പാട്ടേതാണെന്ന് നിനക്കറിയോ?’

നേരത്തെ ചോദ്യത്തിന്റെ അനുഭവമുള്ളത് കൊണ്ടുതന്നെ സേവിയര്‍ ഉറക്കെ ഇല്ല എന്നു പറഞ്ഞു.

‘പതിയെ പറഞ്ഞാ മതി. എനിക്ക് കേള്‍വിക്ക് കുറവൊന്നുമില്ല.’ സേവിയര്‍ ഒന്നും മിണ്ടിയില്ല. പകരം വെറുതെ വെള്ളത്തില്‍ കൈയിട്ടിളക്കിക്കൊണ്ടിരുന്നു. രാഹുലന്‍ ഇരുന്ന ഇരിപ്പില്‍നിന്നും എഴുന്നേറ്റ് നിന്ന് ആ പാട്ട് ഉറക്കെ പാടി.

‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്

കരിങ്കല്ലാണ് നെഞ്ചിലെന്ന്

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കള്ളാണ് ഉള്ളിലെന്ന്

വാറ്റ് കള്ളാണ് ഉള്ളിലെന്ന്’

പാട്ട് നിര്‍ത്തി രാഹുലന്‍ ഉറക്കെച്ചിരിച്ചു പരിസരം മറന്ന് ചിരിച്ചു. ‘കള്ളാണ് ഉള്ളിലെന്ന്

കള്ളാണ് ഉള്ളിലെന്ന്’ സേവിയറും കൂടെക്കൂടി.

‘ഇതൊന്നുമല്ലടാ രസം ഞാന്‍ ജനിക്കുന്നതിനുംമുന്‍പ് അമ്മയെ അപ്പന്‍ വിവാഹം കഴിച്ച് നാട്ടില്‍ വന്ന കാലം അന്നൊന്നും വീടുകളില്‍ കക്കൂസില്ലായിരുന്നു. തൂറാന്‍പോലും പറമ്പില്‍ പോവണം. അന്നൊക്കെ രണ്ടുസെക്ഷനായാണ് വെളിക്കിരിക്കാന്‍ പോവാറ്; അഞ്ചാറ് വീടുകള്‍ക്ക് ചേര്‍ന്ന് ഒരു പറമ്പ്. ഞങ്ങളുടെ പറമ്പിനോട് ചേര്‍ന്ന ഒരു എടയുണ്ട്. മുകളിലിരുന്ന്  എടയിലേക്ക് കാര്യം സാധിപ്പിക്കും. വേണമെങ്കില്‍ ആ എടയെ നാലഞ്ചു വീടുകളുടെ കുപ്പ എന്നും വേണേല്‍ പറയാം.  അടുക്കള മാലിന്യങ്ങള്‍, കച്ചറകള്‍ ഒരു വീടിന് വോണ്ടാത്തതെന്തും അതിലേക്ക് വലിച്ചെറിയും.

നാട്ടിലെ പെണ്ണുങ്ങളെല്ലാം പുലർച്ചെ മൂന്നുമണിമുതല്‍ ഒരു നാലുമണിവരെ പതിയെ ആരുമറിയാതെ കുഞ്ഞുങ്ങളെയും കൂട്ടി പറമ്പിലേക്ക് പോവും. കയ്യില്‍ ഒരു മൊന്തവെള്ളവും കാണും. എല്ലാം കഴിഞ്ഞ് ഒന്നുമറിയാത്തവരെപോലെ വീട്ടില്‍ വന്നുകിടക്കും. അഞ്ചരയാവുമ്പോള്‍ പുരുഷജനം പുറത്തിറങ്ങും എല്ലാം സൂര്യോദയത്തിന് മുന്‍പേകഴിയും.

ഒരുദിവസം, സൂര്യോദയത്തിനുമുന്‍പ് പതിവുപോലെ തോമ പറമ്പിലേക്ക് വെളിക്കിരിക്കാന്‍ പോയി. എപ്പോള്‍ രാത്രിയില്‍  ഒറ്റക്കാവുമ്പോഴും അയാളുടെ മനസ്സിലേക്ക് എവിടെന്നില്ലാതെ യക്ഷിക്കഥകള്‍ ഓടിവരും. പിന്നെ ശരീരമാസകലമൊരു  പിടുത്തമാണ് ഒറ്റവിറയല്‍ അന്നും അതുതന്നെ സംഭവിച്ചു. കാണുന്നതെല്ലാം ആള്‍രൂപമായി തോന്നും വാഴയിലയാണ് ഏറ്റവും കൂടുതല്‍ പറ്റിക്കാറ്.

പകലെത്ര ഉറപ്പുവരുത്തിയാലും രാത്രി അത് മുടിയഴിച്ച് നില്‍ക്കുന്ന ഒരു പെണ്ണന്നേ തോന്നാറുള്ളൂ. പെട്ടെന്നായിരുന്നു  അടുത്തുള്ള തെങ്ങില്‍നിന്നും ഒരു കൊയിമ്പില്‍ അയാളുടെ മുന്നില്‍ വീണത്. പേടിച്ചുവിറച്ച തോമ സര്‍വശക്തിയും  സംഭരിച്ച് വീട്ടിലേക്കോടി.

‘പ്രേതം… പ്രേതം…’

വീട്ടുമുറ്റത്തെത്തിയ തോമയുടെ നാവ് പതിയെപ്പതിയെ കുഴഞ്ഞുതുടങ്ങി. പ്രേതം… പ്രേ..തം..തം പിന്നെ ശബ്ദം ഒരേങ്ങൽ മാത്രമായി ഠിം… കിടക്കുന്നു താഴെ.

ബോധംപോയ തോമയെ വീട്ടകാരെല്ലാം ചുറ്റുംകൂടി വെള്ളംകൊടഞ്ഞ് വിളിച്ചെണീപ്പിച്ചു. ആ സംഭവത്തെ തുടര്‍ന്ന് തോമ പേടിച്ച് വിറച്ചു പനിപിടിപെട്ട് ആഴ്ചയോളം പുറത്തിറങ്ങിയില്ല. ഏതോ ബാധ കൂടിയതാണെന്നും പറഞ്ഞ് കുറേ ചികിത്സിച്ചു എന്തുകാര്യം ഒരു മാറ്റവുമില്ല. ആ പേടിയില്‍നിന്ന് ഇന്നും തോമ മുക്തി നേടിയില്ല എന്നതാണ് സത്യം.’

‘പാവം.’- സേവിയര്‍ രാഹുലന്റെ വര്‍ത്തമാനത്തിന് ഒരൊഴുക്കിനങ്ങു പറഞ്ഞു.

‘ഇതൊന്നുമല്ല രസം മൂപ്പര്‍ ഇപ്പോഴും ഒറ്റയ്ക്ക് കിടക്കില്ലത്രേ. പേടിയാണ് പോലും. ആരേലും കൂടെയില്ലാതെ മൂപ്പര്‍ക്കുറങ്ങാന്‍ കഴിയില്ല. ചേച്ചി എവിടെയാണോ അവിടെയാണ് മൂപ്പിലാന്‍. രണ്ടുപേരും പൊട്ടിച്ചിരിച്ച്, സംസാരത്തിനിടെ ഒരുപാട്   ദൂരം നടന്നുകഴിഞ്ഞിരുന്നു. അവരുടെ സംസാരത്തിനൊന്നും ഇടപെട്ടില്ലെങ്കിലും കുറച്ച് പിറകിലായി നല്ല ഫിറ്റില്‍തന്നെ  ആടിയാടി റാഫേലും ഉണ്ടായിരുന്നു.

തനിക്ക് തോന്നിയതാണോ. പെട്ടെന്ന് നടത്തം നിര്‍ത്തി രാഹുലന്‍ കണ്ണ് ഒന്നുകൂടി തിരുമ്മി തുറന്നു. സേവിയറും പെട്ടെന്ന്  തന്നെ കണ്ണുമിഴിച്ച് സ്തംഭിച്ച് നിന്നുപോയി. വെളിവിലാണോ കള്ളിന്റെ പുറത്താണോ എന്നറിയാന്‍ അവന്‍ ഒന്നുകൂടി  തലകുലുക്കി നോക്കി. അതുവരെ തങ്ങള്‍ക്ക് പിന്നിലായി ആടിയാടി നടന്ന റാഫേല്‍ അസ്ത്രം വിട്ടതുപോലെ ഓടുന്നു.

‘റാഫേലല്ലേ അത്?’

‘അതെ.’

‘ഇവിടെന്താ സംഭവിക്കുന്നേ!’

‘നീ വല്ലതും കണ്ടോ?’

‘നീയ്യോ?’

‘ഞാന്‍ കണ്ടിരുന്നു. അത് വെള്ളപ്പുറത്താണോ അതോ?’

‘ആ, കറുത്തരൂപം മിന്നായംപോലെ ഓടി മറയുന്നതാ ഞാന്‍ കണ്ടത്, നീയ്യോ?’

‘ഞാനും അതുതന്നെ.’

‘ചിലപ്പോ അത് പന്നിയായിരിക്കുമോ?’

‘പേടി തോന്നുന്നു രാഹുലാ…’

‘എടാ നമ്മുടെ റാഫേല്‍!!!’

‘കര്‍ത്താവേ… അവനതിന്റെ പുറകയല്ലേ പോയത്.’

പേടിച്ചാണേലും റാഫേലിനേയും തേടി അവരും മുന്നോട്ടോടി. ഒരുപാട് ദൂരം പോയെങ്കിലും റാഫേലിനേയും ആ രൂപത്തെയും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയി. അവന് വല്ല അപകടവും പറ്റിക്കാണുമോ? അത് ആ കാട്ടുപന്നി തന്നെയാണ്. തോമയെ കുത്തിവീഴ്ത്തിയ കാട്ടുപന്നി. ആളുകളൊക്കെ എവിടെ? രാഹുലനും സേവിയറും ഉറക്കെ വിളിച്ചുനോക്കി. ആരു വിളികേള്‍ക്കാന്‍? എല്ലാവരും ഇപ്പോള്‍ അടിവാരം ഇറങ്ങിക്കാണും.  എന്തുചെയ്യണമെന്നറിയാതെ സേവിയര്‍ രാഹുലന്റെ മുഖത്തു തന്നെനോക്കി. അതുവരെ സരളമായി തോന്നിയ കാട് അവര്‍ക്ക് അതിഭീകരമായ രൂപമായി. ചുറ്റുപാടുകള്‍ മുഴുവനും കൈനീട്ടി പേടിപ്പിക്കുന്നതുപോലെ. ഭയം നല്ലൊരു വേട്ടക്കാരനാണ്, പൂച്ചയെപ്പോലെ. ഇപ്പോള്‍ അവരുടെ മനസ്സിനെ കാണാതായ സുഹൃത്തിനെക്കുറിച്ചുള്ള ആകുലതകള്‍ അലട്ടുന്നേയില്ല. എങ്ങനെ ഇവിടുന്ന് രക്ഷപ്പെടുമെന്ന ചിന്തമാത്രമേ അവരിലുണ്ടായിരുന്നുള്ളൂ.

നില്‍ക്കുന്ന സ്ഥലവും സമയവും എല്ലാം ഒന്നുതന്നെ. പക്ഷേ, എത്ര പെട്ടെന്നാണ് ഭയം മനുഷ്യനെ പിടികൂടുന്നത്. ചീവീടിന്റെ മുരള്‍ച്ചയേക്കാളും ശബ്ദത്തിൽ ഇപ്പോള്‍ അവരുടെ താളംതെറ്റിയ ഹൃദയമിടിപ്പ് കേള്‍ക്കാം. രണ്ടുപേരും  വിയര്‍ത്ത് പിടക്കുന്ന കണ്ഠനാളത്തോടെ കൈകള്‍ മുറുക്കെപ്പിടിച്ചു. ഒന്നു സംസാരിക്കാന്‍ അവരുടെ നാവുപൊന്തിയില്ല.

ആ രൂപത്തിനു പിന്നാലെയുള്ള റാഫേലിന്റെ ഓട്ടം ചടുലമായിരുന്നു. അവന്‍പോലുമറിയാതെ അവന്റെ പാദങ്ങളെ ആരോ  നിയന്ത്രിക്കുന്നപോലെ റാഫേല്‍ ഓടിക്കൊണ്ടേയിരുന്നു. അവസാനം അവന്റെ ഓട്ടം ചെന്നുനിന്നത് ചോലമലയുടെ ഉച്ചിയിലായിരുന്നു. അതിനും മുകളിലായുള്ള ഒറ്റയാന്‍ പാറക്കെട്ടിനു മുകളില്‍ ആ രൂപം തിരിഞ്ഞു നിന്നിരിക്കുന്നു. ഓടുമ്പോഴേ അതൊരു മൃഗമല്ല എന്ന് റാഫേലിന് മനസ്സിലായിരുന്നു. ഇരുട്ടില്‍ ഇടക്കിടക്ക് മിന്നുന്ന ടോര്‍ച്ച്‌വെട്ടത്തില്‍ നീളന്‍ കറുത്ത തുണി മാത്രമേ അവന് കാണാന്‍ കഴിഞ്ഞുള്ളൂ. ഒന്നുകില്‍ മനുഷ്യന്‍ അല്ലെങ്കില്‍ പിശാച്. ഏതായാലും  അറിയുക തന്നെ. ഭയത്തോടെയാണെങ്കിലും. റാഫേല്‍ പാറക്കെട്ടിനു മുകളിലേക്ക് ടോര്‍ച്ചടിച്ചു നോക്കി. നിര്‍ത്താതെയുള്ള  ടോര്‍ച്ചടിവെട്ടം അസ്വസ്ഥമായപ്പോള്‍ ആ രൂപം തിരിഞ്ഞുനിന്നു. നീണ്ടുകാടായ താടിരോമം തുറിച്ച കണ്ണുകള്‍ മനുഷ്യന്‍തന്നെ. റാഫേലിന്റെ ഭയം പാതികുറഞ്ഞു. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനിലേക്കൊഴുക്കുന്ന രാസപ്രവര്‍ത്തനം.

റാഫേല്‍ പാറക്കെട്ടിനടുത്തേക്ക് നടന്നു, ഒരു ഭ്രാന്തനെപ്പോലെ ഇരിക്കുന്ന ആ മനുഷ്യന്റെ അടുത്തേക്ക്. അതുവരെ ഉണ്ടായ  സകല ഭയത്തെയും മറച്ചുവെച്ച് റാഫേല്‍ അയാളെതന്നെ സൂക്ഷിച്ചുനോക്കി. തൊമ്മിച്ചായന്‍! രൂപം കണ്ടാല്‍ തിരിച്ചറിയാനാവാത്തവിധം മാറിയിരിക്കുന്നു. വര്‍ഷങ്ങളായി തൊമ്മിച്ചനെ കാണാതായിട്ട്. ഭാര്യ സിസിലിയുടെ ശവമടക്കും  കഴിഞ്ഞ് നാടുവിട്ടതാണ്. മരിച്ചോ ജീവിച്ചോ എന്നു പോലുമറിയാത്ത വര്‍ഷങ്ങള്‍. അത്ഭുതത്തോടെ ഒരക്ഷരംപോലും ഉരിയാടാനാവാതെ റാഫേല്‍ അയാളെതന്നെ നോക്കിനിന്നു.

‘വന്നോ..? അവന്‍ വന്നോ… പറയൂ… അവന്‍ വന്നോ?’ അയാള്‍ ഒരു ഭ്രാന്തനെപ്പോലെ പുലമ്പുന്നുണ്ടായിരുന്നു.

‘ആര്?’

‘അവന്‍ വന്നോ… ലോകരേ… പറയൂ…????’

റാഫേല്‍ ഒന്നും മനസ്സിലാവാതെ തരിച്ചുനിന്നുപോയി. പെട്ടെന്നുതന്നെ അയാള്‍ ആ പാറക്കെട്ടിനു മുകളില്‍ കയറി നിന്നു  ഒരു പ്രഭാഷകനെപോലെ ഉറക്കെ വിളിച്ചു പറഞ്ഞു. ‘അവന്‍ വരും. വരികതന്നെ ചെയ്യും. ഈ ലോകം മുഴുവനും അവന്റെ വരവിനുവേണ്ടി സജ്ജമായിരിക്കുന്നു. പിശാചുക്കള്‍ നൃത്തം ചെയ്യുന്നു. ദൈവം മൗനിയായിരിക്കുന്നു. പോ… എവിടെയെങ്കിലും പോ… രക്ഷപ്പെടണമെങ്കില്‍ ഏതെങ്കിലും ഗര്‍ത്തത്തില്‍ പോയൊളിച്ചിരിക്കൂ… അല്ലെങ്കില്‍ മരിക്കൂ… അവന്റെ സൈന്യവും സന്നാഹങ്ങളും ഇതാ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു.’

‘തൊമ്മിച്ചാ നിങ്ങള്‍ എന്തൊക്കെയാ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല’

‘മനസ്സിലാവില്ല… ആര്‍ക്കും ഒന്നും മനസ്സിലാവില്ല. ഭയം… ഭയം… ഉള്ള് മുഴുവന്‍ ഭയം…’ അയാള്‍ ശാന്തനായി ആ പാറക്കെട്ടില്‍ കുനിഞ്ഞിരുന്നു.

റാഫേല്‍ പതിയെ അയാളുടെ അടുത്തേക്ക് നീങ്ങി ‘അച്ചായോ എന്താ നിങ്ങള്‍ക്ക് പറ്റിയത്?’

‘ആ രഹസ്യം മരണമാണ് റാഫേൽ…’ തന്റെ കീശയില്‍നിന്നും പാതിവലിച്ചുവെച്ച കഞ്ചാവിന്റെ ചുരുട്ടെടുത്ത് കത്തിച്ചു. വളരെ സാവധാനം അയാള്‍ തിരയടങ്ങിയ കടലുപോലെ ശാന്തമായി പറഞ്ഞു തുടങ്ങി

‘അവന്റെ ആജ്ഞാനുവര്‍ത്തികള്‍ ഇപ്പോള്‍ ഇവിടെയുണ്ടാവും, നമുക്ക് ചുറ്റും നാം പോലുമറിയാതെ.’


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here