പ്രതികൂലാവസ്ഥയില്‍ ഉയര്‍ത്തുവന്നവന്റെ മികവാര്‍ന്ന തുറവിയാണ് ‘അംബേദ്കര്‍ ജീവിതം കൃതി ദര്‍ശനം’

0
151

The Reader’s View

അന്‍വര്‍ ഹുസൈന്‍

ഡോ ബി ആർ അംബേദ്ക്കർ, ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ ധൈഷണിക സംഭാവനയാണ്. ആ മഹത്തായ ജീവിതത്തെ വിവിധ ഭാഷകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രചോദനാത്മകമായ ആ ജീവിതവും ദർശനവും കൃതികളും ഒരു ചെറുപുസ്തകത്തിൽ രാജഷ് ചിറപ്പാട് സമന്വയിപ്പിച്ചിരിക്കുന്നു. ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകം അംബേദ്ക്കർ ജീവിതം കൃതി ദർശനം.

മഹർ എന്ന സമുദായത്തിൽ ജനിച്ച് സ്കൂളിൽ ചാക്കു കീറിൽ ഇരുന്ന് പഠിക്കേണ്ടി വന്ന അംബേദ്ക്കർക്ക് ജീവിതത്തിലുടനീളം അസ്പൃശ്യതയുടെ കയ്പുനീർ അനുഭവിക്കേണ്ടി വന്നു. ആ അനുഭവങ്ങൾ പക്ഷേ അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. മഹാപ്രതിഭയുടെ വായനയും എഴുത്തും പാണ്ഡിത്യവും സമാനതകളില്ലാത്തതാണ്. ധിഷണയിൽ ഗാന്ധിക്കും നെഹ്റുവിനും മുകളിൽ അംബേദ്ക്കർ ഉയർന്ന് നിൽക്കുന്നു.

അംബേദ്ക്കർ സമ്പൂർണ്ണ കൃതികൾ മലയാളത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നാൽപ്പത് വോള്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്. അതിനെ എടുത്തുയർത്തണമെങ്കിൽ നല്ല ആരോഗ്യമുള്ള നാല് ചെറുപ്പക്കാർ വേണം. കൃതികളിലേക്ക് കടന്നാൽ ഓരോന്നുമെത്രമാത്രം ഗവേഷണം ചെയ്തിട്ടാണ് എഴുതിയതെന്ന് കാണാം. ജാതി വ്യവസ്ഥയെപ്പറ്റി ഇത്ര ഗഹനമായ പഠനം
ലോകത്ത് വേറെയുണ്ടാവില്ല! ഇൻറർനെറ്റിൻ്റെ കാലത്തല്ല ഈ സപര്യ എന്നും ഓർക്കണം.

കേവലം എഴുത്തും വായനയും മാത്രമായി ചടഞ്ഞു കൂടിയ ആളല്ല അംബേദ്ക്കർ. സംഘാടകൻ, നിയമ മന്ത്രി, ഭരണഘടനാ ശിൽപ്പി, വിദ്യാഭ്യാസ വിചക്ഷണൻ, പ്രഭാഷകൻ ഇങ്ങനെ വൈവിധ്യമാർന്ന നിലകളിൽ ആ വ്യക്തിത്വം പ്രശോഭിക്കുന്നു. ഈ പുസ്തകത്തിൽ ഈ നാനാ വശങ്ങളും സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.

ഹിന്ദു മതത്തിലെ ജാതിഭ്രാന്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയിട്ട് പോലും അദ്ദേഹത്തിന് ഒടുവിൽ ബുദ്ധമതം സ്വീകരിക്കേണ്ടി വന്നു. ഇന്നും എത്രയോ നവോത്ഥാന നായകർ ഉഴുതു മറിച്ചിടും ജാതിപ്പിശാച് വിട്ടു പോയിട്ടില്ല. പുതുകാലത്ത് അത് വർദ്ധിത വീര്യത്തോടെ മടങ്ങി വരുന്നു എന്ന് നിരാശയോടെ നമുക്ക് കാണേണ്ടി വരുന്നു.

ഭരണഘടനയിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉറപ്പു വരുത്താൻ അംബേദ്ക്കർക്ക് ഗാന്ധിയോടും നെഹ്റുവിനോടും ഒക്കെ ഇടയേണ്ടി വന്നത് ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. സവർണ മതമായ ഹിന്ദു മതത്തെ ഇന്നും അധസ്ഥിതർ നേരിടേണ്ടി വരുന്നു, ഇന്നും ഗോത്ര വർഗങ്ങളുടെ ജീവിതാവസ്ഥക്ക് ഗുണപരമായ മാറ്റം വരുത്താൻ സ്വച്ഛഭാരതത്തിന് കഴിഞ്ഞിട്ടില്ല.

രാജഷ് ചിറപ്പാട്

രണ്ട് ഭാഗങ്ങളിലായി ഈ പുസ്തകത്തിലെ ലേഖനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നു – ജിവിതം, കൃതി ദർശനം. ബാല്യം മുതലുള്ള ജിവിതം, പഠനം, വിവാഹം, ഭാര്യയുടെ മരണം, വിവിധ പദങ്ങളിൽ എത്തിപ്പെട്ടത്, രോഗാവസ്ഥ, പുനർ വിവാഹം, മതപരിവർത്തനം തുടങ്ങിയവ ആദ്യ ഭാഗത്ത് ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ജാതി നിർമ്മാർജനം പോലെയുള്ള ദർശനമാണ് രണ്ടാം ഭാഗത്ത്. ബ്രാഹ്മണ്യവും ഗോമാംസ ഭക്ഷണവും പോലെ ഇന്നും ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ അംബേദ്ക്കറുടെ വീക്ഷണങ്ങൾ ഭംഗിയായി വിളക്കിച്ചേർത്തിരിക്കുന്നു.

ഡോ ബി ആർ അംബേദ്കർ ഏറെ പഠന വിധേയനാക്കേണ്ട അനുപമ വ്യക്തിത്വമാണ്. ഏത് പ്രതികൂലാവസ്ഥയിൽ നിന്നും പ്രതിഭയുള്ള ഒരാൾ ഉയിർത്തെഴുന്നേറ്റു വരും എന്നതിന് തെളിവാണ് ആ ജീവിതം. വിപുലമായ ആ ജീവിതത്തിലേക്ക് മികവാർന്ന ഒരു തുറവിയാണ് ഈ പുസ്തകം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here