എടായി

0
195

(കഥ)

അമൃത സി 

 

ഇടവഴിയിൽ പെട്ട പട്ടിയുടെ അവസ്ഥ പോലെയെന്നൊരു നാടൻ ചൊല്ലുണ്ട് മനുഷ്യർക്കിടയിൽ. ഒരുപക്ഷേ വീതി കുറഞ്ഞ വഴികളിലെത്തുമ്പോളുണ്ടാവുന്ന പരിഭ്രമത്തെയാവും ഈ ചൊല്ല് സൂചിപ്പിക്കുന്നത്. സംഗതി വാസ്തവമാണ്. തോട്ടിൻ പുറം കോളനിയിലേക്കുള്ള രണ്ട് വഴികളും ഇറുകിയതും ഇടുങ്ങിയതുമാണ്. ഒരാൾക്ക് കഷ്ടിച്ച് നടന്നു പോവാം എന്നതാണാവസ്ഥ. ഇമ്പിച്ചി വളവിൽ നിന്ന് ഇടത്തോട്ട് തിരിയുമ്പോൾ കാണുന്ന റോഡിനോട് ചേർന്നൊരു ഓടയുണ്ട്. അത് ചാടിക്കടന്നാൽ കാണുന്ന കുറിയ വഴിയിലേക്ക് ചാടി നേരെ നടന്നാൽ തോട്ടിൻ പുറം കോളനിയിലേക്ക് എളുപ്പമെത്താം. എന്നാൽ ഈ വഴി അധികമാരും ഉപയോഗിക്കാറില്ല.അതിന് രണ്ട് കാരണങ്ങളാണുള്ളത്. ഓട ചാടിക്കടക്കാനുള്ള പ്രയാസമാണ് അതിൽ പ്രധാനപ്പെട്ടത്. പ്രത്യേകിച്ചും പ്രായമായവർക്ക്. ഇമ്പിച്ചി വളവ് മുതൽ മൂത്തേടത്ത് താഴം വരെയുള്ള മുഴുവൻ കടകളിലെയും ചില വീടുകളിലെയും മാലിന്യങ്ങൾ ഈ ഓടയിലും പരിസരത്തും നിക്ഷേപിക്കുന്നതാണ് രണ്ടാമത്തെ കാരണം.

രണ്ടാമത്തെ വഴി സാമാന്യം മെച്ചപ്പെട്ടതാണെന്ന് കാണുന്നവർക്ക് തോന്നും. എന്നാൽ അത് തോന്നൽ മാത്രമാണെന്ന് മാളുവിന്‌ ബോധ്യപ്പെട്ടത് സുജ കുളിമുറിയിൽ തലയടിച്ച് വീണ ദിവസമാണ്. അന്ന് 3 മാസമാണ് മാളുവിന്റെ പ്രായം. ഓർമ തെളിഞ്ഞു തുടങ്ങുന്ന പ്രായം.പാലും കുടിച്ച് വയറ് വീർപ്പിച്ച് മനോജിന്റെ വർക്ക്‌ ഷോപ്പിന്റെ മുന്നിൽ കിടക്കുമ്പോഴാണ് സംഭവം. മനോജിന്റെ വർക്ക്‌ ഷോപ്പും റബീഹിന്റെ മൊബൈൽ ഷോപ്പും പിന്നെയും ചില കടകളൊക്കെയുള്ള ഏരിയയ്ക്ക് പിന്നിലൂടെയാണ് കോളനിയിലേക്കുള്ള  ദുരിതം പിടിച്ച ആ രണ്ടാമത്തെ വഴി. ചോര തലയിൽ നിന്ന് വാർന്നൊഴുകുന്ന സുജയെ മൂന്ന് പേര് ചേർന്ന് മലർത്തിയെടുത്തിട്ടുണ്ട്. പാതി ബോധത്തിൽ സുജ മുരളുന്നു. വഴിയിലൂടെ അവളെയുമെടുത്ത് നടന്നു വരുന്ന മനുഷ്യരുടെ മുഖം പിന്നീടൊരിക്കലും മറക്കാനാവുന്നതല്ല.അതായിരുന്നു മാളുവിന്റെ ഓർമയിലെ ആദ്യത്തെ ദുരിതകാഴ്ച.

ആസ്പത്രിൽ നിന്ന് സുജയെ തിരികെ കൊണ്ട് വരുന്നത് വരെ എങ്ങും പോകാൻ തോന്നാതെ മാളു വർക്ക്‌ഷോപ്പിന്റെ അരികിൽ തന്നെ കിടന്നു. വണ്ടി നിർത്തി സുജയും കൂടെയുള്ളവരും ഇറങ്ങി കോളനിയിലേക്കുള്ള വഴിയിലേക്ക് നടക്കുമ്പോൾ പിന്നാലെ മാളുവും നടന്നു. മാളുവിനെ കുണുങ്ങിയുള്ള നടത്തം കണ്ടപ്പോൾ സുജ കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവരുടെ തലയിൽ വെളുത്ത പരുത്തി കൊണ്ട് കെട്ടിയിട്ടുണ്ട്. നനഞ്ഞ മുടിയിഴകൾക്ക് നേരിയ ചോര മണമുമുള്ളതായി മാളുവിന്‌ അനുഭവപ്പെട്ടു. സുജയും കൂട്ടരും കൂടെ മാളുവും നടന്നു. വീടെത്തും വരെയുള്ള കാഴ്ചകളെല്ലാം മാളുവിന്‌ പുതിയ അനുഭവമായിരുന്നു. ഇടുങ്ങിയ വഴികളിലൂടെ നടന്നപ്പോൾ മാളുവിന്‌ പോലും ശ്വാസം മുട്ടി. ആ വഴിയിലൂടെ അവരെങ്ങനെ സുജയെ റോട്ടിലേക്കെത്തിച്ചെന്നോർത്ത് മാളു വേവലാതിപ്പെട്ടു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

വഴി അവസാനിക്കുന്നയിടത്ത് നിന്ന് പുതിയ വഴികൾ ആരംഭിക്കുന്നത് മാളു കണ്ടു. ചുറ്റിലും തുരുതുരെ വീടുകൾ. ഒരു വീട്ടിൽ നിന്ന് അടുത്തതിലേക്ക് വേണ്ടത്ര അകലമില്ല. മുറ്റത്തും മുന്നിലുമായി കുട്ടികളും പ്രായമായവരും ഇരിക്കുന്നു. മിക്ക വീടുകളിലും ആളനക്കമില്ല. അതിരാവിലെ പലരും ആ വഴി നടന്ന് വന്ന് തൊഴിൽ വണ്ടികളിൽ കയറുന്നത് മാളു കണ്ടിട്ടുണ്ട്. അവരുടെ തുണികൾ അയകളിൽ വിരിച്ചിട്ടിട്ടുണ്ട്. കഴുകിയ പത്രങ്ങളെല്ലാം പുറത്തുള്ള മണ്ണടുപ്പിനോട് ചേർന്ന് മനോഹരമായി ക്രമപ്പെടുത്തിയിട്ടുണ്ട്. ചില വീടുകളുടെ പുറമെയായി ടാർപ്പായ കൊണ്ട് കെട്ടിയ കുളിമുറികൾ.പിന്നെ വീടും ചുറ്റുപാടും വൃത്തിയാക്കുന്ന ഉത്സാഹികളായ കോഴികൾ. ഓരോ വീട്ടിലും ഓരോന്നെന്ന മട്ടിൽ പൂച്ചകൾ. അവർ കുട്ടികളുടെയും പ്രായമായവരുടെയും അരുമയായി വിലസുന്നു. മുറ്റമേത് അതിരേതെന്ന് തിരിച്ചറിയാനാവാത്തത്ര ഇഴയെടുപ്പത്തിൽ എല്ലാ വീടുകളിലും പൂക്കളും, ചെടികളും, പച്ചക്കറി കൃഷികളും. വിസ്താരം കുറഞ്ഞ ആ കുഞ്ഞു സ്ഥലത്തെ എത്ര മനോഹരമായാണിവർ പരിപാലിക്കുന്നതെന്ന് മാളു അത്ഭുതം കൊണ്ടു. വീടെത്തിയപ്പോൾ സുജ അകത്തേക്ക് കയറി. ഒരു പത്രത്തിൽ ചോറുമായി പതുക്കെ വന്നു. എത്രയോ കാലമായി അടുപ്പമുള്ളൊരാളോടെന്നപോലെ മാളുവിന്റെ അരികിലേക്ക് വന്നു.സുജയ്ക്ക് അറപ്പോ ഭയമോ ഇല്ല. സ്നേഹമുള്ള കണ്ണുകൾ, കൈകൾ. മാളു വാലാട്ടി കൊണ്ട് സുജയ്ക്ക് ചുറ്റും ഓടി നടന്നു.സുജ കുഴച്ച ചോറ് പാത്രത്തോടെ മാളുവിന്‌ മുന്നിൽ വച്ചു. മാളു സുജയുടെ കണ്ണുകളിലേക്ക് നോക്കി.കോളനിയിലേക്കുള്ള വഴികൾ മാത്രമാണ് ഇടുങ്ങിയതായുള്ളതെന്ന് മാളുവിന്‌ തോന്നി.

തിരിച്ചു നടക്കുമ്പോൾ മാളുവിന്‌ കണ്ണ് നിറഞ്ഞു. വഴികൾ കാണുമ്പോൾ വീണ്ടും ശ്വാസം മുട്ടി.മനോജിന്റെ വർക്ക്‌ഷോപ്പിന്റെ അരികിലെ തിണ്ണയിൽ പോയ്‌ കിടന്നു. കോളനിയിലെ മനുഷ്യരെയോർത്ത് മാളുവിന്‌ ഭയം വന്നു. കണ്ണുകളടയ്ക്കാൻ പറ്റുന്നില്ല. ഒരു ഗർഭിണി എടായിലൂടെ കാലുകൾ വിടർത്തി വച്ച് നടന്ന് നടന്നു വരുന്നത് മാളുവിന്റെ കണ്ണിൽ നിറയുന്നു. നിരവയറുണ്ടർക്ക്.കൈകൾ ഊരയ്ക്ക് കൊടുത്ത് വയറ് താങ്ങി കിതച്ച് പതുക്കെയാണവർ വരുന്നത്. ഭയം കൊണ്ട് മാളുവിന്റെ ശരീരം വിറച്ചു. അവർ ഓടയുടെ കുറുകെയുള്ള കോൺക്രീറ്റ് കഷ്ണത്തിലേക്ക് കാല് വക്കാനോങ്ങിയതും പെട്ടന്നൊരു പൂച്ച കുറുകെ ചാടിയതും മാളു കുരച്ച് മുന്നോട്ടാഞ്ഞതും ഒന്നിച്ചയിരുന്നു. ഓടയ്ക്ക് ചുറ്റും ചോര മണം.ഭയത്തിന് ചുവപ്പ് നിറം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

  

 

 

   

 

LEAVE A REPLY

Please enter your comment!
Please enter your name here