ബഷീര്‍ എഴുത്തിലെ ‘തങ്കം’

1
214

(വായന)

യാസീന്‍ പെരുമ്പാവൂര്‍

ബഷീറിന്റെ തൂലികയില്‍ പിറവികൊണ്ട ആദ്യ രചനകളില്‍ ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര്‍ ഒരു മുഖവുരയില്‍ പറഞ്ഞ വാക്കുകളാണ്. ‘തങ്കം’എഴുതി പ്രസിദ്ധീകരിക്കാന്‍ ബഷീര്‍ ജയകേരളം മാസിക പത്രാധിവരെ ചെന്ന് കാണുന്നുണ്ട്. അതില്‍ പ്രതിഫലമായി കിട്ടിയ തുകയുമായി അദ്ദേഹം അടുത്തുള്ള ഹോട്ടലിലേക്ക് ഓടുകയാണ്. വിശപ്പിന്റെ കാഠിന്യം അറിഞ്ഞ ഒരു മനുഷ്യന്‍ എഴുതുന്ന കൃതികള്‍. ധാരാളം ബഷീര്‍ കൃതികള്‍ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് തങ്കം എന്ന രചനയെക്കുറിച്ച് അറിയുന്നത്. തങ്കവും കേശുമൂപ്പനും ഉള്‍ക്കൊള്ളുന്ന വിശപ്പ് എന്ന ആദ്യ കഥാസമാഹാരം 1941ലാണ് പുറത്തിറങ്ങുന്നത്. ഈ കഥയുടെ പ്രമേയം പ്രണയമാണ്. പക്ഷേ ഈ പ്രണയത്തിന്റെ പശ്ചാത്തലം വളരെ വ്യത്യസ്തമാണ്. ബഷീര്‍ ഈ സാഹിത്യ സൃഷ്ടിയിലൂടെ ഉപരിവര്‍ഗത്തിന്റെ പ്രണയമല്ല പറയാന്‍ ഉദ്ദേശിച്ചത്. ചേരിയില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥയാണ് തങ്കത്തിലൂടെ ബഷീര്‍ പറയുന്നത്. വൈരൂപ്യത്തിന്റെ എല്ലാ സാധ്യതകളും ഇതില്‍ അദ്ദേഹം ഉപയോഗപ്പെടുത്തുന്നത് കാണാം. പ്രണയ പശ്ചാത്തലത്തിലൂടെ കടന്നുപോകുമ്പോഴും അവരുടെ പട്ടിണിയുടെയും പ്രാരാബ്ധങ്ങളുടെയും നേര്‍ചിത്രങ്ങള്‍ അനാവൃതമാകുന്ന രചനയാണ് തങ്കം. ഇതിലെ നായകന്‍ ചട്ടുകാലനും കോങ്കണ്ണനും കൂനനുമായ യാചകനാണ്. മുടന്തി മുടന്തിയാണ് നായകന്റെ നടത്തം. എച്ചില്‍ പെറുക്കിയാണ് അയാളുടെ ജീവിതം. കറുത്തിരുണ്ട് തേറ്റകള്‍ പുറത്തേക്ക് തെറിച്ച് കണ്ടാല്‍ അറയ്ക്കുന്ന ഒരു സ്ത്രീയാണ് നായിക. എന്നാല്‍ ഇങ്ങനെയുള്ള ഒരു നായിക നായക കഥാപാത്രങ്ങളെ ബഷീര്‍ തന്റെ മാന്ത്രിക തൂലിക കൊണ്ട് കടഞ്ഞെടുത്ത് തനി തങ്കമാക്കി മാറ്റുന്നിടത്താണ് കഥ മറ്റു സാഹിത്യകൃതികളില്‍ നിന്നും വ്യത്യസ്തനാവുന്നത്.

ഉദാഹരണത്തിന് ഈ വരികള്‍ എടുത്തു നോക്കുക ‘എന്റെ തങ്കത്തിന്റെ നിറം തനിക്കറുപ്പാണ്. വെള്ളത്തില്‍ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ട് കണ്ണിന്റെ വെള്ള മാത്രമേയുള്ളൂ. പല്ലും നഖങ്ങളും കൂടി കറുത്തതാണ്. തങ്കം ചിരിക്കുമ്പോള്‍ അവളുടെ മുഖത്തിനു ചുറ്റും ഒരു പ്രകാശം പരക്കും. പക്ഷേ, ആ പ്രകാശം അന്ധകാരത്തിന്റെ മൂടുപടമിട്ടതാണ്. കറുത്ത ചിമ്മിനിയില്‍ നിന്നും പരക്കുന്ന വെളിച്ചത്തിന്റെ ഒരു കാളിമ’

കഥയുടെ അവസാന വാക്കുകള്‍ വരെ നമ്മുടെ നെഞ്ചുകളിലേക്ക് ഇട്ടു തരുന്ന സാഹിത്യാനുഭൂതി വൈവിധ്യമാര്‍ന്നതാണ്. ഉപരിവര്‍ഗ്ഗ സാഹിത്യത്തെ പൊളിച്ചെഴുതി, വര്‍ണ്ണ വ്യവസ്ഥയെയും വര്‍ണ്ണ ബോധത്തെയും തുടച്ചുനീക്കുന്ന ഒരു സാഹിത്യസൃഷ്ടിയെന്ന് ഞാനിതിനെ മനസ്സിലാക്കുന്നു. ഒരു പെരുമഴയത്ത് ഭിക്ഷ യാചിച്ച് ഒരു വീടിന്റെ തറയില്‍ ചുരുണ്ടു കൂടിയ നായകനെ ആ വീട്ടിലെ പയ്യന്‍ ചവിട്ടി പുറത്താക്കുമ്പോള്‍ അവന്റെ അച്ഛന്‍ പറയുന്നുണ്ട്; ‘വേണ്ട മോനെ അവര്‍ പാവങ്ങളാണ്’. എന്നാല്‍ മകന്റെ മറുപടി ‘അച്ഛന് എല്ലാവരും പാവങ്ങളാണ്. ഇവന്‍ ചിലപ്പോള്‍ പെരുങ്കള്ളനായിരിക്കും’. മുക്കാല്‍ നൂറ്റാണ്ടുമുമ്പ് രചിച്ച കഥയിലെ ഈ ഭാഗം നമുക്ക് ഇന്നത്തെ നിത്യജീവിതത്തിലും ചേര്‍ത്തു വായിക്കാന്‍ സാധിക്കും. എല്ലാ യാചകരെയും കള്ളന്മാരായും ക്രിമിനലുകളായും തെറ്റിദ്ധരിക്കുന്ന ഒരു ലോകത്താണ് നാം കഴിയുന്നത്. ബഷീര്‍ സൃഷ്ടിച്ച യാചകന് ഈ ലോകത്ത് തന്റെ വിഷമങ്ങള്‍ തുറന്നു പറയാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് തങ്കം. ഈ പ്രണയിനികളുടെ സംഭാഷണങ്ങളും അവര്‍ പേറുന്ന യാതനകളുടെ കൈമാറ്റങ്ങളും ഒരു ആത്മവിചിന്തനത്തിലേക്ക് വായനക്കാരനെ പിടിച്ചിരുത്തുന്നു. ബഷീര്‍ കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ; ‘ഞങ്ങള്‍ അങ്ങനെ കഴിയുകയാണ്. ആനന്ദത്തി???ന്റെ ആരാമത്തില്‍ തങ്കരശ്മികള്‍ ചിതറുന്ന പൊന്‍പുലരിയില്‍ സ്‌നേഹത്തിന്റെ പൂഞ്ചിറകുകള്‍ വിടര്‍ത്തി പാടിപ്പറക്കുന്ന രണ്ടു പൈങ്കിളികളാണു ഞങ്ങള്‍. തങ്കം. അതേ എന്റെ തങ്കം തനിത്തങ്കം തന്നെയാണ്. മഴവില്ലൊളിയാല്‍ പൊന്നുടുപ്പിട്ട വസന്തപ്രഭാതമാണവള്‍!’……


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here