(നോവല്‍)
യഹിയാ മുഹമ്മദ്
അവന്‍ അവരോട് പറഞ്ഞു, സാത്താന്‍ ഇടി മിന്നലുപോലെ സ്വര്‍ഗത്തില്‍നിന്നും
ഭൂമിയിലേക്ക് പതിക്കുന്നത് ഞാന്‍ കണ്ടു.
(ലൂക്ക)
എല്ലാ രഹസ്യങ്ങളും രാത്രിപോലെ ഇരുട്ടാണ്.
കട്ടപിടിച്ച കൂരിരുട്ട്.
അത് പരസ്യമാവുമ്പോള്‍ വെളിച്ചമാവുന്നു;
പകലുപോലെ പട്ടാപകലുപോലെ
ഈ രഹസ്യം മരണമാണ്. മരണംപോലെ നിഗൂഢമായ രഹസ്യം മറ്റെന്താണ്…!
ഭാഗം 1
ആ രാത്രി പിന്നീട് ഉറങ്ങാനെ കഴിഞ്ഞില്ല. ജോസഫിന് ചുറ്റും നൂറുകണക്കിന് മാലാഖമാര്‍ നൃത്തംവെക്കുന്നു.
നിലാപൊയ്കയില്‍ മുങ്ങിക്കുളിച്ച വിളക്കുമരംപോലെ അവന്റെ മുഖം പ്രഭാപൂരിതമായിരിക്കുന്നു. മണ്ണില്‍ ഒരു പൂര്‍ണചന്ദ്രന്‍ ഉദിച്ചതുപോലെ യാക്കോബ് അവനെയും ചന്ദ്രനെയും മാറിമാറി നോക്കി.
ഒരു ദൈവപുത്രന്റെ ഉദയത്തിനായി ഭൂമി നിശബ്ദം കാത്തിരിക്കുന്നു. മലമുകളില്‍നിന്നും അവന്റെ അരുളപ്പാടിനായി കാതുകള്‍ കൂര്‍പ്പിച്ചിരിക്കുന്നു.
തെളിഞ്ഞ മേഘങ്ങള്‍ രാത്രിയുടെ കറുപ്പിനെ വകഞ്ഞുമാറ്റി അതിവേഗം ഉത്സാഹത്തോടെ ഒഴുകിപ്പോവുന്നു. ഉദയത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇതാ അവസാനിച്ചിരിക്കുന്നു. ഏത് ഇരുട്ടിലും ഒരിക്കല്‍ സത്യത്തിന്റെ പ്രഭ അനര്‍ഗളം ഗമിച്ചുകൊണ്ടേയിരിക്കും. വില്ലോമരച്ചില്ലകളില്‍ ഊര്‍ന്നുവീണ ആനന്ദത്തിന്റെ മഞ്ഞുകണങ്ങളില്‍ അവന്റെ വദനം ജ്വലിച്ചുനില്‍ക്കുന്നു. ഇരുട്ടിന്റെ കണ്ണുകള്‍ ഭീതിയോടെ വെപ്രാളപ്പെട്ട് എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നു. ഭയത്തിന്റെ മാളങ്ങളില്‍ നിശബ്്ദതയില്‍ ഇടറുന്ന നെഞ്ചിടിപ്പുതാളങ്ങള്‍. ഒരു പ്രഭാതത്തിന്റെ വരവേല്‍പ്പിന് ദൈര്‍ഘ്യം കുറഞ്ഞു കുറഞ്ഞു വരുന്നു.
ഭൂമിയിലും ആകാശത്തുമുള്ളവര്‍ അവന് സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നു. അവന്‍ വാഴ്ത്തപ്പെട്ടിരിക്കുന്നു.
ഹല്ലേലുയാ… ഹല്ലേലുയാ…
യാക്കോബ് ആനന്ദനിര്‍വൃതിയില്‍ ഞെട്ടിയുണര്‍ന്നു. ഉറക്കബള്‍ബിന്റെ ചുവന്നവെട്ടം കുടിച്ചു തുടുത്ത മുറിയില്‍ തപ്പിത്തടഞ്ഞ് മേശവലിപ്പില്‍നിന്നും തന്റെ സോഡാഗ്ലാസ് കണ്ണടയെടുത്ത് മുഖത്തുവെച്ചു. അയാള്‍ ജനലരികില്‍ ചെന്നുനിന്നു. സ്വപ്നങ്ങള്‍ ചിലപ്പോള്‍ ദൈവസന്ദേശങ്ങളാവാറുണ്ട.് അങ്ങനെയുള്ള ഒരു സ്വപ്നമായിരിക്കും ഇതും.
ഓര്‍ത്തഡോസ് സഭയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു സത്യക്രിസ്ത്യാനിയാണ് യാക്കോബ്. മുതിര്‍ന്നപ്പോള്‍ പലപ്പോഴും താനൊരു ദൈവികനായില്ലല്ലോ എന്ന കുറ്റബോധം അയാളെ അലട്ടാതിരുന്നില്ല. ദൈവത്തോടടുക്കാന്‍ ഇതിലും നല്ല വഴിയില്ല എന്നുതന്നെയാണ് യാക്കോബിന്റെ അടിയുറച്ച വിശ്വാസം. അതിനെക്കുറിച്ച് അപ്പന്റെ അവസാനസമയത്തും യാക്കോബ് പരാതിയായി ഉന്നയിച്ചിരുന്നു. കൃഷിയാണ് ഭൂമിയിലെ ഏറ്റവും നല്ല പുണ്യപ്രവര്‍ത്തനം എന്നു വിശ്വസിച്ച ആ വൃദ്ധന്‍, യാക്കോബിനെ നല്ലൊരു കൃഷിക്കാരനാക്കി. അഞ്ചേക്കറോളം വരുന്ന കൃഷി ഭൂമിയും രണ്ടുനില വീടും നല്‍കിയാണ് അപ്പന്‍ യാത്രയായത്.
അമാവാസിയുടെ കട്ടപിടിച്ച കൂരിരുട്ടില്‍ പാതിതുറന്ന ജനല്‍പാളികള്‍ വഴി ആകാശത്തേക്കയാള്‍ കണ്ണിമവെട്ടാതെ നോക്കിനിന്നു. ഇപ്പോള്‍ ഭൂമിക്കും ആകാശത്തിനും ഒരേനിറം. വേര്‍തിരിച്ചറിയാന്‍ നേരിയ അതിര്‍വരമ്പുപോലും കാണാനില്ല. എല്ലാം സമമാക്കുന്ന കറുപ്പിന്റെ ഇന്ദ്രജാലത്തിലേക്കയാള്‍ നോക്കിനിന്നു. ഇരുട്ടില്‍ ഒരു നിഴലനക്കംപോലുമില്ലാത്ത ഈ താഴ്വര നിശബ്്ദമാണ്. മറിയാമ്മയുടെ നേരിയ കൂര്‍ക്കംവലിത്താളത്തില്‍ അയാള്‍ സ്ത്രോത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
‘അവനെയും കര്‍ത്താവെ, നിന്റെ വഴിയില്‍ ചേര്‍ക്കേണമേ… ആമേന്‍…’ യാക്കോബ് ദീര്‍ഘശ്വാസം വിട്ടു.
മറിയാമ്മ ഉറക്കത്തിലാണ്. അവളുറങ്ങട്ടെ. സ്ത്രീകളെപ്പോലെ സ്വസ്ഥമായി ഉറങ്ങുന്നത് മറ്റാരാണ്. അയാള്‍ വാത്സല്യംനിറഞ്ഞ ഒരുനോട്ടം അവളിലേക്കെറിഞ്ഞു.
റബ്ബര്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ നിരപ്പാതയിയില്‍ കൂടി ഒരു സൈക്കിള്‍ഡൈനാമോ. കൊള്ളിയാന്‍മീനുപോലെ ആ മങ്ങിയവെളിച്ചം അതിവേഗം ഇങ്ങോട്ടേക്ക് പാഞ്ഞുവരുന്നുണ്ട്. ഈ രാത്രിയുടെ രണ്ടാംയാമത്തില്‍ ഒരു ദൈവദൂതന്റെ ദിവ്യവിളിക്കായി കാതുകള്‍ പാകപ്പെട്ടിരിക്കുകയാണല്ലോ: ഏത് കൂരിരുട്ടിനെയും വിഭജിക്കാന്‍ ഒരു മിന്നാമിന്നിവെട്ടത്തിന്റെ പാകതമാത്രം മതിയല്ലോ.
റബ്ബര്‍ക്കാടും കടന്ന്, കുറ്റിമല തോടിന്റെ പാലവും പിന്നിട്ട് ആ വെളിച്ചം അണഞ്ഞു. വന്നത് ആരെന്നറിയാതെ ജനല്‍പ്പാളി വഴി യാക്കോബ് അങ്ങോട്ടുതന്നെ നോക്കി നിന്നു.

‘അച്ചായോ… യാക്കോബച്ചായോ…’
വന്നത് മാണിച്ചനാണെന്ന് യാക്കോബ് ഊഹിച്ചു. മാണിച്ചന്റെ ശബ്ദംതാഴ്ത്തിയുള്ള വിളിയില്‍ മറിയാമ്മയുടെ ഉറക്കമുണരരുതെന്ന നിര്‍ബന്ധംകൂടി ഉണ്ടെന്ന് തോന്നുന്നു. മാണിച്ചന്‍ വീണ്ടും പതുക്കെ വാതിലുതട്ടി വിളിച്ചു.
മാണിച്ചന്‍ യാക്കോബിന്റെ നല്ല സുഹൃത്താണ്. അതിലുപരി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന ഏറ്റവും നല്ല വിശ്വസ്തനും. ബന്ധം പറഞ്ഞുവരികയാണെങ്കില്‍ യാക്കോബിന്റെ ഭാര്യ മറിയാമ്മയുടെ ആങ്ങളയായിട്ടുവരും. കാഞ്ഞിരമുറ്റത്ത് കുഞ്ഞൗദോക്ക് രഹസ്യവഴി ഉണ്ടായ മകന്‍. കള്ളുചെത്തുകാരന്‍ പീറ്റരുടെ മരണശേഷം, ഭാര്യ കെയ്റയെ വച്ചുപൊറുപ്പിച്ചത് കുഞ്ഞൗദയാണെന്ന് നാട്ടില്‍ പരസ്യമായ രഹസ്യമാണ്. അവളിലുണ്ടായ മകനാണ് മാണിച്ചന്‍.
ഔദോയുടെ ജീവിതകാലത്തും മരണശേഷവും അവനെ ആ നാട്ടുകാരും ഔദോയുടെ വീട്ടുകാരും അംഗീകരിച്ചിരുന്നില്ല. ഔദോ അവനെ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചെറുപ്പത്തിലെ അമ്മയോടൊപ്പം റബ്ബര്‍വെട്ടുന്ന പണിക്ക് പോയിത്തുടങ്ങി. തന്തയില്ലാത്തവനെന്നേ നാട്ടുകാരനെഅഭിസംബോധന ചെയ്തിട്ടുള്ളൂ. മറിയാമ്മയ്ക്കും അവളുടെ ആങ്ങളമാര്‍ക്കും അവനെ കാണുന്നതുതന്നെ കലിപ്പാണ്. പക്ഷേ, യാക്കോബ് അവനെ അംഗീകരിച്ചു, ബഹുമാനിച്ചു. അവളുടെ മറ്റ് നാലാങ്ങളമാര്‍ക്ക് നല്‍കിയ അതേ സ്ഥാനം അവനും നല്‍കി. അത് മനുഷ്യത്വപരമായ യാക്കോബിന്റെ ഇടപെടലാണ്. അവനുവേണ്ടി അവരോട് വാദിച്ചു. മറിയാമ്മയോട് കലഹിച്ചു. ഈ അംഗീകാരം മാണിച്ചനില്‍ യാക്കോബിനോട്വിധേയത്വമുണ്ടാക്കിയത് കുറച്ചൊന്നുമല്ല.
കോട്ടയത്തുനിന്ന് മാറിയാമ്മയെയും കൂട്ടി സ്വന്തം നാടായ കൂരാച്ചുണ്ടിലേക്ക് തിരിച്ചുവരുമ്പോള്‍ മാണിച്ചനും ഒപ്പംപോന്നു. അന്നുമുതല്‍ നിഴലുപോലെ മാണിച്ചന്‍ യാക്കോബിനോടൊപ്പംതന്നെയുണ്ടായിരുന്നു. വീടിന് കാവലായും, ചരക്കുവില്‍ക്കാന്‍ അങ്ങാടിയിലും, റബ്ബറുവെട്ടാന്‍ തോട്ടത്തിലും… എല്ലാ കാര്യവും നോക്കിയും കണ്ടും ചെയ്യും. അയാള്‍ യോക്കോബിന് സഹായിയായി. റബ്ബര്‍ത്തോട്ടത്തിലെ ഔട്ടോസിലാണ് മാണിച്ചന്റെ താമസം.
അസമയത്തെ മാണിച്ചന്റെ വിളിയില്‍ കാര്യമറിയാതെ അമ്പരപ്പോടെ കതകുതുറന്ന്, യാക്കോബ് അവനെ നോക്കി. മടക്കിക്കുത്തഴിഞ്ഞ ലുങ്കിമുണ്ട് വീണ്ടും കെട്ടിയൊപ്പിച്ച്, കയ്യിലെ ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് അവന്‍ ധൃതിപിടിച്ച്, ‘ഇച്ചായോ… ഒന്ന് വേഗം വാ… കവലവരെ പോകണം…’
മാണിച്ചന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുവെച്ചു.
അവന്റെ മട്ടും ഭാവവും കണ്ടാലറിയാം എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന്. ഒന്നും പറയാതെ യാക്കോബ് അകത്തുകയറി തന്റെ നീളക്കമീസ് എടുത്തിട്ട് പുറത്തേക്ക് വന്നു. വാതില്‍ പഴുതിലൂടെ ഹാളിലെ ചുമരില്‍ തൂക്കിയിട്ട വലിയ ഘടികാരത്തില്‍ സമയം നോക്കി. രണ്ടുമണി കഴിഞ്ഞിരിക്കുന്നു.
മാണിച്ചന്‍ ആകെ വിളറിപ്പിടിച്ചമട്ടാണ്.
‘വേഗം വാ അച്ചായാ…’
അയാള്‍ അനുസരണയുള്ള കുഞ്ഞിനെപ്പോലെ ഒന്നും പറയാതെ പിന്നാലെ നടന്നു. മാണിച്ചന്റെ കയ്യിലുള്ള ബാറ്ററി ടോര്‍ച്ചിന്റെ ഇത്തിരിവെട്ടത്തില്‍ ചെറിയ ഇടവഴിയും കടന്ന് പാലത്തിനപ്പുറം നിര്‍ത്തിയിട്ട സൈക്കിളിന്റെ അടുത്തേക്ക് അവര്‍ വേഗത്തില്‍ നടന്നു.
സൈക്കിളിനു പിറകില്‍ യാക്കോബിനെയും കയറ്റി റബ്ബര്‍ക്കാടുകള്‍ക്കിടയിലൂടെ കാറ്റുപോലെ പാഞ്ഞു. സൈക്കിള്‍ഡൈനാമോയുടെ നേരിയവെളിച്ചത്തില്‍ മാണിച്ചന്‍ എങ്ങനെയാണ് ഇത്രയും വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നത്. യാക്കോബിന്റെ മനസ്സില്‍ നല്ല ഭയമുണ്ട്. അവര്‍ കവലവരെ ഒന്നും സംസാരിച്ചില്ല. ചീവീടുകളുടെ കാതുതുളയ്ക്കുന്ന ശബ്്ദം അവരുടെ മൗനത്തിന്റെ ഗാഢത വര്‍ദ്ധിപ്പിച്ചു. മനസ്സിനെ ഉഴുതുമറിക്കുന്ന ചിന്തകളുടെ കറുത്തമേഘങ്ങളില്‍ തപ്പിത്തടഞ്ഞു വീഴുന്നുണ്ടായിരുന്നു യാക്കോബ് അപ്പോള്‍.
‘ഇച്ചായോ… വേഗം വാ…’
സൈക്കിള്‍ ഒരു ഭാഗത്ത് ഒതുക്കിനിര്‍ത്തി യാക്കോബിനെയും കൂട്ടി നാലുംകൂടിയ കവലയിലേക്ക് മാണിച്ചന്‍ വലിഞ്ഞു നടന്നു. ആ നടത്തത്തില്‍തന്നെയുണ്ടായിരുന്നു എന്തോ വലിയ അപകടത്തിന്റെ സൂചന.
ചട്ടുകാലനെപോലെ ചിതലരിച്ച തൂണിന്റെ ബലത്തില്‍ ഇപ്പോള്‍ വീഴുമെന്ന മട്ടില്‍ തലകുനിച്ച് നില്‍ക്കുന്ന തോമയുടെ ചായക്കട. ചായക്കടയോട് ചേര്‍ന്ന് നില്‍ക്കുന്ന ടിനുവിന്റെ സ്റ്റയ്ലോ സലൂണ്‍. അതിനപ്പുറം ഏലിയാമ്മയുടെ പലചരക്കുകട. വര്‍ഷങ്ങളോളം പഴക്കമുള്ള ഓടുമേഞ്ഞ ചെറിയ ഒരു കെട്ടിടമാണത്. അതിന്റെ മുകളില്‍ മലയോര കോണ്‍ഗ്രസ്സിന്റെ ഓഫീസ്. മുകളിലേക്ക് കയറിപ്പോകാന്‍ പാതിതകര്‍ന്ന മരത്തിന്റെ ഗോവണി.
എതിര്‍വശം കമ്യൂണിസ്റ്റപ്പയും കുറെ കാട്ടുചെടികളും വള്ളിച്ചെടികളും ചേര്‍ന്ന കുറ്റിക്കാട്. ബ്രാന്‍ഡിക്കുപ്പിമുതല്‍ കുഞ്ഞുങ്ങളുടെ പമ്പേഴ്സ്, സിഗരറ്റ് കവര്‍, പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍, ചപ്പുചവറുകള്‍ എല്ലാം ചേര്‍ന്ന കവലയുടെ പൊതുകൂപ്പ. അതോടുചേര്‍ന്ന് എന്നോ റോഡുപണിക്ക് ഇറക്കിയിട്ടുപോയ കരിങ്കല്‍കൂന. അതിനുതൊട്ട് എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന മട്ടില്‍ ഓലമേഞ്ഞ ബസ് സ്റ്റോപ്പ്. ബസ് സ്റ്റോപ്പ് തിരിഞ്ഞാല്‍ താഴേക്ക് പോകുന്ന ടാറിട്ട റോഡ്. അടിവാരം ടൗണിലേക്ക്. ബസ് സ്റ്റോപ്പിനും ആ കെട്ടിടത്തിനും ഇടയിലുള്ളത് ഉയര്‍ന്ന ഒരു പ്രദേശമാണ്. എന്നോ മണ്ണുവലിച്ച് പണിതെടുത്തതാണീ കവല. ഹെയര്‍പിന്‍വളവ് രൂപത്തിലുള്ള ഈ കവലയുടെ ഒത്ത നടുക്കായി ഒരു വിളക്കുമരമുണ്ട്. പതിറ്റാണ്ടുകള്‍ക്കുമുന്‍പേയുള്ള ആ വിളക്കുമരത്തില്‍ ഇപ്പോള്‍ ഇലക്ട്രിസിറ്റിയുടെ വലിയ ഒരു കൈവിളക്കാണ്. മുമ്പൊക്കെ വിളക്ക് കത്തിച്ച് പ്രകാശിപ്പിച്ച ഇവിടെയിപ്പോള്‍ കറന്റില്‍ കത്തുന്ന ഒരു ബള്‍ബാണ് ആ കവലയിലെ ആകെയുള്ള പ്രകാശസ്രോതസ്സ്. ഉറക്കുത്തിപ്പോയ മരത്തടിയാണേലും ഇനിയും നൂറുകൊല്ലം നിലനില്‍ക്കാന്‍ പ്രാപ്തിയുള്ള ശക്തന്‍.
യാക്കോബിന്റെ നടത്തത്തിന് അനിയന്ത്രിതമായി വേഗത കൂടിവന്നു. മുന്നില്‍ മാണിച്ചനും പിന്നില്‍ യാക്കോബും. എന്താണ് കാര്യമെന്നറിയാത്തതിന്റെ ജിജ്ഞാസയില്‍ അയാളുടെ ക്ഷമ നെല്ലിപ്പടിയോളം എത്തിനിന്നതുകൊണ്ടാവണം ശ്വാസത്തിന്റെ ഗതിയും, കണ്ണിന്റെ വലിപ്പവും നിയന്ത്രണമില്ലാതെ വികസിച്ചു തുടങ്ങിയത്. കൂടെ ശക്തമായ കിതപ്പും. അവര്‍ വളവുതിരിഞ്ഞ് കവലയില്‍ എത്തിയപ്പോള്‍ കവലയിലെ ബള്‍ബിന്റെ മഞ്ഞകലര്‍ന്ന വെളിച്ചത്തില്‍ വിളക്കുമരത്തിനു ചുറ്റിലും കുറെയാളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നു. അപ്പോഴേക്കും യാക്കോബിന്റെ കാലുകള്‍ തളര്‍ന്ന് തുടങ്ങിയിരുന്നു. മാണിച്ചന്‍ യാക്കോബിന്റെ കൈമുറുകെപ്പിടിച്ച് ആ ജനക്കൂട്ടത്തിനിടയിലേക്ക് ഇരച്ചുകയറി.
‘അച്ചന്‍ വരട്ടെ… എന്നിട്ട് അഴിച്ചുവിട്ടാല്‍ മതി…’ അക്കൂട്ടത്തില്‍നിന്നും ആരോ പറഞ്ഞു. ഇടവകയിലെ അവസാനത്തെ വാക്കാണ് അച്ചന്റേത്. കോട്ടയത്തുകാരന്‍ ഫാദര്‍ എബ്രഹാം ഫിലിപ്പ് തോട്ടുവക്ക് വര്‍ഷങ്ങളായി ഇടവകയിലെ വികാരിയാണ്. കൃത്യമായി പറഞ്ഞാല്‍ ഇരുപതുവര്‍ഷമായി അച്ചന്‍ ഇവിടെ സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ വികാരി എന്നതിലുപരി അയാള്‍ ഈ നാടിന്റെ കാര്യക്കാരന്‍കൂടിയാണ്. കഴുകപ്പാറയിലെ നൂറ്റിതൊണ്ണൂറു വീടുകള്‍ക്കും വീട്ടുകാര്‍ക്കും അയാളെ തങ്ങളുടെ സ്വന്തം കുഞ്ഞിനെപോലെ സുപരിചിതനാണ്. അയാൾ ഒരിടയനാണ്. താൻ നയിക്കുന്ന വഴികളിലൂടെ നിശബ്ദം സഞ്ചരിക്കുന്ന കുഞ്ഞാടുകളാണ് ഇവിടുത്തുകാര്‍. അച്ചൻ്റെ വാക്ക് നിര്‍ദ്ദേശം എല്ലാം അവിടുത്തുകാർക്ക് ദൈവസന്ദേശങ്ങളാണ്. അദ്ദേഹം ന്യായം മാത്രമേ പറയൂ എന്നത് അവരുടെ വിശ്വാസം മാത്രമല്ല അവരിൽ ഉറച്ചു പോയ ഉറപ്പുകൂടിയായിരുന്നു.
യാക്കോബ് ഏകദേശം വിളക്കുമരത്തിന്റെ അടുത്തെത്തിയിരിക്കുന്നു. ജ്വലിക്കുന്ന ദിവ്യപ്രഭയ്ക്ക് താഴെ അവര്‍ കര്‍ത്താവിനെ കുരിശില്‍ തറച്ചിരിക്കുന്നു. ചുറ്റും ആര്‍പ്പുവിളികളുമായി യൂദാസുമാര്‍. കൈകാലുകള്‍ ബന്ധനസ്ഥനാക്കി, സകലപാപങ്ങളും സ്വന്തം ശിരസില്‍ ചുമന്ന് ഈ ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി തലതാഴ്ത്തി ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാതെ സഹനത്തിന്റെ ക്ഷമയുടെ കാവലാളന്‍ മൗനിയായ് കിടക്കുന്നു. ചുറ്റും മാന്യതയുടെ മുഖംമൂടികളണിഞ്ഞ വെള്ള വസ്ത്രധാരികളായ യൂദാസുമാര്‍ അവനെ തെറിവിളിക്കുന്നു, അവര്‍ അടക്കം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.
‘കൊച്ചങ്ങള് ഇങ്ങനെയായാല്‍ എന്തുചെയ്യാനാ..? മൂക്കറ്റം കള്ളുംമോന്തി കടിപ്പ് മാറ്റാന്‍ പോയിരിക്കുന്നു… തൂഫ്…” “വൃത്തികെട്ടവന്‍”. ആള്‍ക്കൂട്ടത്തിലെ കുശുക്കുശുപ്പുകള്‍ക്കിടയില്‍നിന്ന് ആരോ കാര്‍ക്കിച്ചു തുപ്പി. അവജ്ഞയോടുകൂടിയ എല്ലാ സദാചാരമൂല്യങ്ങളും ആ തുപ്പലില്‍ ഉണ്ടായിരുന്നു. സര്‍വമാന്യദേഹങ്ങള്‍ക്കിടയില്‍ യാക്കോബിന് തന്റെ കണ്ണുകള്‍ അന്ധമായി പോയതുപോലെ തോന്നി.
‘കര്‍ത്താവേ ഞാനെന്താ ഈ കാണുന്നത്, കേള്‍ക്കുന്നത് അയാള്‍ ആകുലപ്പെട്ടു. തന്റെ സ്വപ്നത്തില്‍ ദര്‍ശിച്ച ജോസഫിന്റെ മുഖവും കുരുശില്‍ കിടക്കുന്ന കര്‍ത്താവിന്റെ മുഖവും മാറിമാറി മനസ്സില്‍ തെളിഞ്ഞു. അച്ചന്‍പട്ടത്തിനു പോവേണ്ടവന്‍… കര്‍ത്താവേ… യാക്കോബിന്റെ ശരീരമാസകലം തളരുന്നതുപോലെ.
അല്ലെങ്കിലും വേശ്യയുടെ അടുത്തുപോയ മകനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി കെട്ടിയിട്ടത് കാണുന്നത് ഏത് തന്തക്കാണ് സഹിക്കാനാവുക!
ജോസഫ്! യാക്കോബിൻ്റെ ഉള്ളിൽ നിന്നും ഒരു വിളി പുറത്തേക്ക് തികട്ടി.
തന്റെ മകനെക്കുറിച്ചുള്ള സകലസ്വപ്നങ്ങളും ആകാശത്തുനിന്ന് ഉതിര്‍ന്നുവീണ നക്ഷത്രംപോലെ ചിന്നിച്ചിതറിപ്പോയിരിക്കുന്നു. മുതുകില്‍ കനമുള്ള പാറക്കല്ലുവെച്ചതുപോലെ… യാക്കോബ് തളര്‍ന്ന് ഇരുന്നുപോയി. അപ്പന്റെ മുഖത്തുനോക്കാനാവാതെ ജോസഫ് തലതാഴ്ത്തിത്തന്നെ നിന്നു. അവന് ശരിക്കും ആരെയും കാണാന്‍ പറ്റുന്നില്ലല്ലോ. കണ്ണില്‍ ഇരുട്ടുകയറിയവന് ചുറ്റുപാടുകള്‍ എങ്ങനെ കാണാന്‍ കഴിയും. കലപില കൂട്ടുന്ന കാട്ടുകിളികളുടെ അപശബ്ദം പോലെ എന്തൊക്കെയോ അവന്റെ കാതുകളില്‍ അലയടിക്കുന്നു. നാട്ടുകാരുടെ പൊതു വിചാരണയിൽ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട ജോസഫ് ഒരു ശവത്തെ പോലെ നിർവികാരനായി തീർന്നിരുന്നു.
പാപം ചെയ്തവന്റെ മുമ്പില്‍ കര്‍ത്താവിന്റെ വിളക്കണയുന്നു. പിന്നെ ഇരുട്ടാണ് കട്ടപിടിച്ച ഇരുട്ട്. പട്ടാപകലിലും ഇരുട്ടു ചുമന്നു നടക്കുന്ന സകലപാപികളെയും അവനപ്പോള്‍ ഓര്‍ത്തു. അല്ലെങ്കില്‍ എന്താണ് പാപം? അങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കില്‍ ഈ കൂടിയിരിക്കുന്നവരില്‍ എത്രപേരെ ഇതുപോലെ വിചാരണ ചെയ്യണം. ചെയ്യുന്ന തെറ്റുകള്‍ പിടിക്കപ്പെടുമ്പോള്‍ മാത്രം വിധികല്‍പ്പിക്കുന്ന മിഥ്യധാരണയല്ലാതെ മറ്റെന്താണ് പാപം?
രാത്രിയുടെ കൂരിരുട്ടിനെ വകഞ്ഞുമാറ്റി അതിനിടയില്‍ ഒരു കാര്‍വെട്ടം. താഴ്‌വാരത്തിന്റെ ചുരം കയറി കവലയെ ലക്ഷ്യമാക്കി വന്നു നിന്നു. ഒരു കറുത്ത അംബാസിഡര്‍ കാര്‍, ജനങ്ങള്‍ ഭവ്യതയോടെ മടക്കിക്കുത്തിയ മുണ്ടഴിച്ചിട്ടു. ബീഡിവലിക്കുന്നവര്‍ നിലത്തിട്ടു ചവിട്ടി, വായ തുടച്ചു. നിശബ്ദം അവര്‍ രണ്ടു ഭാഗങ്ങളിലായി ഒതുങ്ങിനിന്നു. ക്ഷീണിതനെങ്കിലും യാക്കോബും ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കാറിലേക്ക് നോക്കി. ബഹുമാനത്തോടെ അതിലേറെ ആദരവോടെ കൈകൂപ്പിനിന്നു. ചുണ്ടുകള്‍ വിതുമ്പിപ്പോയി. കണ്ണുകളറിയാതെ ഒരു പുഴപോലെ ഒഴുകിപ്പോയി!. ഒരാശ്രയത്തിന്റെ മഹാസമുദ്രത്തിലേക്ക് ആ പുഴവെള്ളം ചെന്നുചേരുന്നതുപോലെ അയാള്‍ക്ക് ആശ്വാസം തോന്നി.
അച്ചന്‍ കാറില്‍നിന്നും പുറത്തിറങ്ങി കാപ്പിനിറത്തിലുള്ള നീളക്കമീസ്. നര ഇടകലര്‍ന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നീളന്‍തലമുടി. അധികമല്ലാത്ത ഇരുനിറത്തിലുള്ള താടി. ചുളിവുവീണ നെറ്റിത്തടം. രൂക്ഷമായ നോട്ടം എറിയാന്‍ പാകത്തിലുള്ള കണ്ണുകള്‍. കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന കുരിശുമാല.
‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…’ ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
അച്ചന്‍ തലയാട്ടി ആ തലയാട്ടലില്‍ രാത്രി വീണ്ടും നിശബ്ദതയിലേക്ക് തെന്നിവീണു.
ജോസഫ് അപ്പോഴാണ് തലയുയര്‍ത്തി നോക്കിയത്. അച്ചന്റെ കണ്ണും അവന്റെ കണ്ണുകളും കൂട്ടിയിടിച്ചു. സകലരും തലതാഴ്ത്തി കണ്ണു താഴ്ത്തി ശ്വാസമടക്കി നിന്നു. എല്ലാവരും ഒറ്റുകാര്‍തന്നെ. ജോസഫ് ഓരോ കണ്ണുകളിലേക്കും മാറിമാറി നോക്കി. മാന്യന്മാര്‍… പുണ്യാളന്മാര്‍… ഞാന്‍ മാത്രം പാപി. ഇതെന്റെ വിചാരണ ദിവസമാണ്. മനുഷ്യന്മാര്‍ മുഴുവനും അനീതി തന്നെയല്ലേ പ്രവര്‍ത്തിക്കുന്നത്. ദൈവം വിചാരണ ചെയ്ത് ശിക്ഷ നടപ്പിലാക്കുന്നു. നിങ്ങളോ ശിക്ഷ നടപ്പിലാക്കി വിചാരണ ചെയ്യുന്നു. ഇതില്‍ ഏതൊരുവനാണ് തെറ്റുചെയ്യാത്തത്. അവളോടൊപ്പം മനസ്സുകൊണ്ടെങ്കിലും രമിക്കാത്തവര്‍ ഉണ്ടാവില്ല. ഈ മലയോരത്തെ ഏതവനാണ് രാത്രിയുടെ കരിമ്പിടവും പുതച്ച് അവളുടെ കിടപ്പറയിലേക്ക് കയറിച്ചെല്ലാത്തവര്‍! നാടന്‍ കള്ളിന്റെയും മൂത്രത്തിന്റെയും ഛര്‍ദ്ദിയുടെയും മനം പുരട്ടുന്ന മണങ്ങള്‍ക്ക് നടുവില്‍ അവളുടെ വീട്ടിനു ചുറ്റുമുള്ള കുറ്റിക്കാടുകള്‍ക്ക് നടുവില്‍ തങ്ങളുടെ ഊഴവും കാത്ത് എത്ര മാന്യന്മാരാണ് തലയില്‍ തോര്‍ത്തുമുണ്ടും ചുറ്റി തികഞ്ഞ ക്ഷമയോടെ കാത്തുകെട്ടി നില്‍ക്കുന്നത്.
കര്‍ത്താവായ യേശു! ലോകരുടെ മുഴുവന്‍ പാപങ്ങളും സ്വമേധയാ ഏറ്റെടുത്ത് കുരിശുവരിച്ചവനാണ്. ഞാനുമിതാ ഇവിടുത്തെ മുഴുവനാണുങ്ങളുടെയും പാപങ്ങള്‍ തലയില്‍വഹിച്ച് ഈ വിളക്കുമാടത്തില്‍ ബന്ധനസ്ഥനായിരിക്കുന്നു. ഞാനൊരു പ്രതീകംമാത്രമാണ്, ഈ മുഴുവന്‍ മാന്യന്മാരുടെയും. ചിന്തകളെല്ലാം അവനില്‍ അനിയന്ത്രിതമായ ഒരു ഊര്‍ജ്ജത്തെ പ്രസരിപ്പിച്ചു. നിശബ്ദതയിലപ്പോള്‍ അവന്റെ ശബ്ദം ഒരു ഇടിനാദമായി, ‘ഞാന്‍ കെട്ടിക്കോളാം. ഈ നില്‍ക്കുന്ന എല്ലാവര്‍ക്കുംവേണ്ടി അന്നയെ ഞാന്‍ വിവാഹം ചെയ്‌തോളാം. അച്ചോ ഇതെന്റെ തീരുമാനമാണ്.’
അച്ചന്‍ ജോസഫിനെയും, യാക്കോബിനെയും ഒരുവേള മാറിമാറി നോക്കി. കയ്യിലെ ജപമാലയിലെ മുത്തുകള്‍ മറിച്ച് മറിച്ച് ഒരു നിമിഷത്തെ മൗനത്തിനുശേഷം അച്ചന്‍ പറഞ്ഞു, ‘നിങ്ങളവന്റെ കെട്ടഴിച്ചു വിടൂ…’
‘മുടിയനായ പുത്രന്‍… കുടുംബത്തിന് മൊത്തമായും കളങ്കം വരുത്തിയവന്‍… കര്‍ത്താവേ… ഇതിനായിരുന്നോ ഇങ്ങനെയൊരു സന്തതിയേ അവസാനമായി എനിക്ക് തന്നത്. നിന്റെ വഴിയില്‍ നടന്നവനല്ലേ ഞാന്‍? നിന്റെ സുവിശേഷകനാകാന്‍വേണ്ടി പോറ്റിയതല്ലേ ഞാനിവനെ? ഒടുക്കം… ഒരു തേവിടിശ്ശിയോടൊപ്പം… ഇത് ഞാനെങ്ങനെ സഹിക്കുമെന്റെ ഈശോ…?’ യാക്കോബിന് നെഞ്ചുംകൂട് ഒന്നാകെ വലിഞ്ഞുപൊട്ടുന്നതുപോലെ തോന്നി.
‘കര്‍ത്താവേ… എന്റെ സകലസ്വപ്നങ്ങളും ഉടഞ്ഞുപോയല്ലോ. നിനക്ക് ഞാന്‍ നേര്‍ന്ന നേര്‍ച്ച…’ വികാരാധീതനായി പിറുപിറുക്കുന്ന യാക്കോബിന്റെ ചുമലില്‍ കൈവച്ച് മാണിച്ചന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വാക്കുകളെല്ലാം അസ്ഥാനത്താണെന്ന് ഉറച്ചബോധ്യമുള്ളതുകൊണ്ടുതന്നെ മാണിച്ചന്‍ ആശ്വാസവാക്കുകളായി ഒന്നുംതന്നെ ഉരിയാടിയില്ല.
കുരിശില്‍നിന്നും മോചിതനായ കര്‍ത്താവിനെപോലെ കെട്ടഴിക്കപ്പെട്ട ജോസഫ് ഇരുട്ടിന്റെ മറവിലേക്ക് പതുക്കെ നടന്നുനീങ്ങി. അല്ലെങ്കിലും ഇരുട്ടാണല്ലോ പരമമായ സത്യം. വെളിച്ചം ഇരുട്ടില്‍ ഉദിക്കുന്നു ഇരുട്ടില്‍ തന്നെ അസ്തമിക്കുകയും ചെയ്യുന്നു. അസ്തമിക്കുന്ന ദൂരം മാത്രമാണല്ലോ വെളിച്ചത്തിന്റെ ആയുസ്സ്.
ഇരുട്ടിനെ മറച്ചുപിടിക്കാന്‍ അവര്‍ കത്തിച്ചുവെക്കുന്ന മെഴുകുതിരിവെട്ടമല്ലാതെ മറ്റെന്താണ് വെളിച്ചം. ഇരുട്ടിനെ വെളിച്ചംകൊണ്ട് മറച്ചുപിടിക്കാന്‍ കഴിയുന്നവര്‍ മാന്യന്മാരാവുന്നു. നല്ലവരാവുന്നു. എന്നാല്‍, അതിന് കഴിയാത്തവര്‍ പാപികളും കുറ്റക്കാരുമാവുന്നു. ദുര്‍നടപ്പുകാരെ സൃഷ്ടിക്കാത്ത ഏത് മതമാണ് ഈ പ്രപഞ്ചത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്?
യാക്കോബിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ പ്രവഹിച്ചു. താടിരോമങ്ങൾ നനഞ്ഞു. മറിയാമ്മയോട് എനി ഞാനെന്ത് സമാധാനമാണ് പറയുക. അവൾ ഉറങ്ങട്ടെ പുരുഷനോളം ദുരന്തങ്ങൾ അവരറിയുന്നില്ലല്ലോ.
കുരുശു വീട്ടിൻ്റെ കവാടം വലിയ ഒരു ശബ്ദത്തിൽ അടഞ്ഞു പോവുന്നത് പോലെ അയാൾക്ക് തോന്നി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല