(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 4
ഒരു കവിത പോലെ
ഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന ഒരു കുട്ടിയെപ്പോലെ സമീറ ഓർമ്മകളെ ചികഞ്ഞു. അന്ന് താനനുഭവിച്ച അതേ അനുഭൂതി തന്നിലേക്ക് തിരിച്ചു വന്നതിൽ അവൾക്കത്ഭുതം തോന്നി.
തൻറെ കയ്യിലിരുന്ന പുസ്തകത്തിൽ നിന്നു കീറിയെടുത്ത കടലാസ്സില്‍ ഒരു കവിത രചിച്ചു സമീറ മുകളിലേക്കിട്ടു. എന്നാലത് വായുവിൽ വഴിയറിയാതെ സഞ്ചരിക്കുന്നതിനു പകരം വളരെ പതിയെ വായുവിൽ തങ്ങി നിന്നു.
“ആരോ പിടിച്ചത് പോലെ,” അവൾ തന്നോടെന്ന പോലെ പറഞ്ഞു. അത് കേട്ട മാത്രയിൽ കുസൃതി കണ്ടു പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അത് പിന്മാറി. വായുവിൽ നൃത്തമാടുന്ന കടലാസിനെ ഭൂമിയുടെ മടിത്തട്ടിൽ വീഴുന്നതിനു മുൻപേ സമീറ കൈവശപ്പെടുത്തി.
‘ഇതെന്തൊരു മറിമായം,’ അവൾ മനസ്സിൽ വിചാരിച്ചു.
സമീറ ആ സന്ദർശനമൊരു പതിവാക്കി. ഒരു ദിവസം കടലാസ് പിടിച്ചും വിട്ടും കളിക്കുന്നതിനിടയിൽ അവൾ ഒരു അപ്പൂപ്പൻ താടി കണ്ടു. അവളതിനെ നോക്കിയ മാത്രയിൽ അപ്പൂപ്പൻ താടി പറന്നു വന്നു അവളുടെ കയ്യിലിരുന്നു. ഒരു പരീക്ഷണത്തിനായി സമീറ അപ്പൂപ്പൻ താടി പറത്തി വിട്ടു. വീണ്ടുമതൊരു ബൂമറാങ്കു പോലെ സമീറയുടെ കൈകളിലെത്തിച്ചേർന്നു.
അന്ന് കേട്ട ശബ്ദം അവളുടെ മനസ്സിൽ അലയടിച്ചു,
‘നിന്നെ ആരോ ജീവനുതുല്യം സ്നേഹിക്കുന്നു.’
ആരായിരിക്കുമത്?
ഇനി തന്നെ ആരെങ്കിലും പറ്റിക്കുന്നതാകുമോ? ഈ സിനിമയിലൊക്കെ കാണുന്നത് പോലെ? അവൾക്കു ആരോടെങ്കിലും അതെല്ലാം പറയണമെന്ന് തോന്നി.
“എന്നോട് പറഞ്ഞോളൂ,” ആ ശബ്ദം വീണ്ടും വന്നു. സമീറ ചിന്താമഗ്നയായി. ചിലപ്പോളവൾ മനസ്സിൽ തോന്നുന്നതെല്ലാം ഉറക്കെ വിളിച്ചു പറയും. ചിലപ്പോൾ മൗനം പാലിക്കും. പലപ്പോഴും അവളുടെ ദുഖങ്ങൾക്കും ആവലാതികൾക്കുമുത്തരം ലഭിച്ചു.
തന്നെ ആരോ സ്നേഹിക്കുന്നുണ്ട് എന്ന ചിന്ത തന്നെ സമീറയ്ക്കു ധാരാളമായിരുന്നു. തന്നെ അയാൾ പിന്തുടരാറുന്നുണ്ടെന്നു അവൾക്കു തീർച്ചയായിരുന്നെങ്കിലും അതവളെ തെല്ലും ഭയപ്പെടുത്തിയില്ല.

സമീറയ്ക്കാ വാകപ്പൂക്കൾ കാണണമെന്ന് തോന്നി. അന്ന് സ്കൂൾ മൈതാനത്തു നിന്നു പെറുക്കിയെടുത്ത വാകപ്പൂക്കൾ അവൾ തൻറെ വീട്ടിലെ മരപ്പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതെടുക്കാനായി അവൾ മച്ചിൻ പുറത്തു കയറിയപ്പോൾ ഒരു ചാക്കിൽ പൊടിപിടിച്ചു കിടക്കുന്ന അമ്മച്ചിയുടെ പഴയ പുസ്തകക്കെട്ടു കണ്ടു. അതിൽ ചുവന്ന നിറത്തിൽ വരച്ചിട്ട വാകമരപ്പൂവ് എന്ന പേരുമവൾ കണ്ടു.
“അവൾ സ്വപ്നലോകത്താണ്. ഒന്നും പഠിക്കുന്നില്ല എന്ന് അപ്പച്ചനോട് പറഞ്ഞു ഹെഡ്‌മിസ്ട്രെസ്. അതാ ഞാൻ പിന്നെ ആ പുസ്തകങ്ങളെടുത്ത് വെച്ചത്,” പിന്നീട് അമ്മച്ചി ഫോണിലൂടെ ലുക്കായോട് പറഞ്ഞത് സമീറ കേട്ടിരുന്നു. ആ നെഗറ്റീവ് എനർജിയിൽ നിന്നും മറ്റെന്തോ സമീറയെ പിൻ തിരിപ്പിച്ചു. ആവേശത്തോടെ, സമീറ ആ പുസ്തകങ്ങളോരോന്നായി മറിച്ചു നോക്കി. അതിൽ ഇന്ത്യയുടെ മാപ്പ് വരച്ചിരുന്ന ഒരു പേജിന് മുകളിൽ കുറച്ചു ചുമന്ന ബിന്ദുക്കൾ കണ്ടു. അവ വളർന്നു ഒരു വാകമരമായി മാറുന്നത് സമീറ നോക്കി നിന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
അക്ഷരങ്ങൾ കൊണ്ട് വർണ്ണ വിസ്മയം തീർത്ത അധ്യായം . ആകാംക്ഷക്ക് അവധി നൽക്കിക്കൊണ്ട് പ്രിയ എഴുത്തുകാരി സമീറയിൽ തന്നെ വായനക്കാരെ തളച്ചിട്ടെങ്കിലും ഒരു പരിധിവരെ അവളെ അഗാതമായി പ്രണയിക്കുന്നവനെ തേടി വായനക്കാരുടെ മനസ്സും സഞ്ചരിച്ചു കൊണ്ടിരുന്നു
ആശംസകൾ ഡോക്ടർ