അച്ഛന്റെ വഴിയിലൂടെ, പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ എന്ന് മകൻ

0
178

ഡോ. ശാലിനി. പി

ഏതൊരു സത്യൻ അന്തിക്കാട് ചിത്രങ്ങളുടേത് പോലെ, മനുഷ്യത്വവും, മാനുഷിക മൂല്യങ്ങളും, കുടുംബ ബന്ധങ്ങളും, ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.
അഖിൽ സത്യൻ, മറ്റൊരു സത്യൻ അന്തിക്കാട് തന്നെയല്ലേയെന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന അനേകം സന്ദർഭങ്ങളുണ്ട്. സ്ഥിരം അന്തിക്കാട് ചിത്രങ്ങൾ, കാര്യമായി ശ്രദ്ധിക്കുന്ന പ്രേക്ഷകർക്ക് മാത്രം മനസ്സിലാകുന്ന ചില നിമിഷങ്ങൾ.

ടിക്കറ്റ് പണത്തിന് തുല്യമായ, സംതൃപ്ത മനസോടെ തിയേറ്റർ വിടാമെന്ന് മിനിമം ഗ്യാരന്റിയുള്ളവയെന്നതാണ് അന്തിക്കാടൻ സവിശേഷതയായി എക്കാലവും എനിക്ക് തോന്നിയിട്ടുള്ളത്. അത് മകനും ആവർത്തിച്ചിരിക്കുന്നു. ജൂനിയർ അന്തിക്കാടനോടതിനാൽ ഒരു പ്രത്യേക സ്നേഹം തോന്നി. സ്ഥിരമായ അന്തിക്കാടൻ രേഖപ്പെടുത്തലുകൾ ചിത്രത്തിലുടനീളം ഉണ്ടെങ്കിലും സസ്പെൻസ് നിലനിർത്തിപ്പോരുന്ന സ്വഭാവത്തിൽ അച്ഛനേക്കാൾ മിടുക്കൻ മകനാണെന്ന് തോന്നുന്നു. കാരണം ശുഭപര്യവസായികളായ ചിത്രങ്ങളാകുമെങ്കിലും ക്ലൈമാക്‌സിനെക്കുറിച്ച്‌ ഏകദേശ ധാരണ പ്രേക്ഷകർക്ക് നൽകുന്നവയാകാറുണ്ട് ഒട്ടുമിക്ക സത്യൻ ചിത്രങ്ങളും.

ഈ ചിത്രത്തിലും ശുഭരമായ ക്ലൈമാക്സ് തന്നെ. എങ്കിലും, അഖിൽ അവസാന രംഗങ്ങളിൽ നടത്തിയ മാന്ത്രിക സ്പർശം വളരെ വ്യത്യസ്തമാണ്. യാഥാർത്ഥ്യമെങ്കിലും ചില ജീവിത സത്യങ്ങളെ വേദനിപ്പിക്കാതെ, ഏറ്റവും മൃദുവായി പറയുക എന്ന സത്യൻ അന്തിക്കാടൻ ശൈലിയിൽ നിന്നു വ്യത്യസ്തമായി, യാഥാർത്ഥ്യത്തിന് കടുപ്പമെങ്കിൽ അതിനെ അതേ കടുപ്പത്തിൽ തന്നെ അവതരിപ്പിക്കുന്ന അഖിൽ, സംഭാഷണങ്ങളിലൂടെ അതുറപ്പിക്കുന്നുമുണ്ട്.
ഹംസധ്വനി എന്ന, കഥാപാത്രത്തിന് തീർത്തും അനുയോജ്യയായ നായികയെ കാസ്റ്റ് ചെയ്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്ന് എനിക്ക് മാത്രമാകുമോ തോന്നിയത്? അത്ര മികച്ച തിരഞ്ഞെടുപ്പ്.
അത് പോലെ തന്നെ വിനീത് അഭിനയിച്ച കഥാപാത്രം ഏറ്റവും കൃത്യതയാർന്ന അഭിനയത്തികവിനാൽ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്നുണ്ട്. എങ്കിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം ആ ഉമ്മ തന്നെയാകണം. പ്രൗഢയായ, ധനികയായ അതേ സമയം ദയാലുവും ധർമ്മിഷ്ഠയുമായ ആ കഥാപാത്രത്തോട് അത്രയേറെ ഇഴുകി ചേര്‍ന്ന ഒരു നടി. കണ്ണുകളും, പുരികവും എന്തിനേറെ ആ വിരലുകളു പോലും ആ കഥാപാത്രത്തെ ആവാഹിച്ചുകൊണ്ട് ചിത്രത്തിലുടനീളം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. സ്ഥിരം സങ്കൽപങ്ങളിൽ പെടാത്ത നായികാനായകൻമാർ. മെലിഞ്ഞുകൊലുന്നനെയുള്ള നായകനേക്കാൾ അളവ് കുറഞ്ഞ നായികയല്ല എന്നതാണ് ഈ ചിത്രത്തിലെ പൊളിച്ചെഴുതിയ നല്ല നിയമം. ശാരീരിക അളവുകോലുകൾ ഉപയോഗിച്ചെഴുതിവച്ച മുൻപ്രമാണങ്ങളെ മാറ്റി എഴുതുന്ന ചിത്രം.
കഥയിലൊരു അവിശ്വസനീയത നിലനില്‍ക്കുന്നു എങ്കിലും മനുഷ്യത്വത്തെ മുറുകെപിടിക്കുന്ന ഇത്തരം ചിത്രങ്ങളിലൂടെയാണല്ലോ മാറ്റങ്ങളുടെ ശംഖൊലി മുഴങ്ങി കേൾക്കണ്ടത്. അതിനാൽ തന്നെ കേവലം ഒരു ജോലിക്കാരിപ്പെണ്ണിന് വേണ്ടി ഒരു കൊച്ചമ്മയുടെ പരാക്രമങ്ങൾ എന്ന അവിശ്വസനീയത മാറ്റിനിർത്താം.
പലതവണ പറഞ്ഞു കഴിഞ്ഞവയാണ്, ചില പരസ്പര ബന്ധങ്ങൾ അപരനെ ബോധ്യപ്പെടുത്തുക എന്നത് ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ്. ഏറ്റവും ലളിതമായ ഭാഷയിൽ അത് വിശദീകരിച്ചു ബോധ്യപ്പെടുത്തുന്ന നല്ലൊരു ചിത്രമാണിത്.
ഉമ്മ അവതരിപ്പിച്ച കഥാപാത്രത്തെ എത്ര കണ്ടിട്ടും മതിയായില്ല…. ഇതും മനോഹരമായ മറ്റൊരു കാസ്റ്റിങ് വിസ്മയം.. ഉമ്മ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളും, ആഭരണങ്ങളുമെല്ലാം അത്ര തന്നെ കൃത്യം. ഓരോ കഥാപാത്രങ്ങളിലും കൃത്യമായി ഇടപെട്ടിരിക്കുന്ന കാസ്റ്റിങ് പ്രൊസസിലൂടെ ഓരോ അഭിനാതക്കളേയും നന്നായി തന്നെ രൂപപ്പെടുത്തിയിരിക്കുന്നു. അബലയായ  തീർത്തും നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ജീവിത സാഹചര്യങ്ങൾ അടയാളപ്പെടുത്തുന്ന രംഗങ്ങളും, പരിസരവും കൃത്യതയാർന്ന നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ടവയാണ്. പെൺകുട്ടിയും അത്രതന്നെ തന്മയത്വത്തോടെ കഥാപാത്രത്തെ നെഞ്ചേറ്റിയിരിക്കുന്നു.പ്രൗഢമായ ജീവിത സാഹചര്യത്തിന്റെ ഉടമയായിരുന്ന ഒരു വൃദ്ധന്റെ നിലവിലെ ജീവിതവും, പതനാവസ്ഥയും അവതരിപ്പിച്ചിരിക്കുന്ന രീതി നന്നായിട്ടുണ്ട്.വ്യത്യസ്തരായ വ്യക്തികളുടെ ജീവിതകഥകളിലൂടെ കടന്ന് പോകുന്ന, പല ജീവിതങ്ങൾ ഒരു നൂലിൽ കൊരുത്ത ഒരു നല്ല ചലച്ചിത്രം.
ശബ്ദമില്ലെങ്കിലും, ശാരീരിക ദുർബലതകളും അവശതകളും തന്റെ പോരായ്മകളിലും മറികടക്കുന്ന ആ ശക്തമായ ആ അപ്പൂപ്പൻ കഥാപാത്രം , വളരെ കുറഞ്ഞ സമയത്തേക്ക് മാത്രം തിരശീലയിൽ പ്രത്യക്ഷമാകുന്നുള്ളൂ എങ്കിലും മനസ്സിൽ തങ്ങി നില്‍ക്കുന്നുണ്ട്. അവസാന രംഗങ്ങളിൽ ആ വൃദ്ധന്റെ ഇടപെടലിലൂടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്. അന്നിലെ ശാസനയുടെ ഗർവ്വ് ഇന്നും നിലനില്‍ക്കുന്നെന്ന് തെളിയിച്ച അതേ നിമിഷത്തിലാണ് പ്രേക്ഷകരുടെ ശ്വാസത്തിനും അൽപം തണുപ്പനുഭവപ്പെട്ടത്.
വേണ്ടിയിരുന്നില്ല എന്ന് തോന്നിയത് അവസാന രംഗങ്ങളിലൊന്നിലെ ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്കൂളിലേക്കുള്ള വരവിലെ അതിഭാവുകത്വം നിറഞ്ഞ ഒരു രംഗമായിരുന്നു. ആ രംഗം അപ്രകാരം വേണ്ടിയിരുന്നില്ല എന്ന് ഉറപ്പായും തോന്നി. ആദ്യ രംഗങ്ങളിലെ ചില സന്ദർഭങ്ങൾ ചില സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ പഴയ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നവയായിരുന്നു. ചിത്രത്തിലെ പെണ്ണുകാണൽ രംഗങ്ങളിൽ ഒരു പൊരുത്തമില്ലായമ തോന്നി.പക്ഷെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ അനുയോജ്യമായ തിരഞ്ഞെടുപ്പിലും,അത് നൽകിയ കാഴ്ചാസുഖത്തിനും, കഥയുടെ ഒഴുക്കിനും പിറകിലായി ഇവയെല്ലാം നിലകൊണ്ടതിനാൽ… അതിനെ ഒരു പോരായ്മയായി കാണേണ്ടതില്ലെന്ന് കരുതാം.
ചിത്രത്തെ ഒന്നാകമാനം വിലയിരുത്തുകയാണെങ്കിൽ മികച്ച കാഴ്ചപ്പാടുകളുള്ള,സാമൂഹിക പ്രതിബദ്ധത വെളിവാകുന്ന, നല്ല കുറെ മനുഷ്യരുടെ നന്മ നിറഞ്ഞ മനസ്സിന്റെ നേർകാഴ്ചയാണീ ചിത്രം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here