മരണമില്ലാത്ത ജോൺ

0
163

ലേഖനം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

“ജോൺ, പ്രിയപ്പെട്ട ജോൺ
ജീവിച്ചിരിക്കുന്നു നീ ഇന്നും! ”
എന്നുച്ചത്തിൽ സിനിമയും
ലഹരിയും ജീവശ്വാസമാക്കിയ ഒഡേസകൾ,
രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ,
തിരക്കേറിയ തെരുവിൽ ആർത്തുവിളിച്ചു.
പാറുന്ന നീളൻ മുടിച്ചുരുളുകൾ മാടിയൊതുക്കി,
നരച്ച താടിരോമങ്ങളിൽ കരമോടിച്ച്,
മുഷിഞ്ഞ ജുബയിൽ പരതി തീപ്പെട്ടിയും,
ചുളിഞ്ഞ കാൽസ്രായിയിൽ നിന്ന്
തപ്പിയെടുത്ത ദിനേശ് ബീഡിയും കൊളുത്തി,
ചുണ്ടിൽ പുകച്ച്
അവർക്കൊപ്പം ലഹരി നുകർന്ന്
നൃത്തം വെച്ച് തീക്ഷ്ണമാം
ക്യാമറക്കണ്ണുമായി ചലച്ചിത്ര
കാവ്യങ്ങൾ രചിച്ചു ഗന്ധമായി
ആ മിഠായി തെരുവിൽ അലിഞ്ഞു…..

ക്യാമറ ചീറുന്ന തോക്കാക്കി സിനിമ എടുത്ത അയാൾ ഓർമയായിട്ട് ഇന്നേക്ക് 36 വർഷങ്ങൾ പിന്നിടുന്നു. ലോകത്തിലെ ആദ്യ ജനകീയ സിനിമ യാഥാർഥ്യമാക്കിയ മലയാള സിനിമയിലെ എക്കാലത്തേയും ജീനിയസ്സായ ആ സംവിധായകൻ, 1987 മെയ് 31 ആം തിയതി ആയിരുന്നു കോഴിക്കോട്ടെ മിഠായിത്തെരുവിലുള്ള ഒയാസീസ് ബിൽഡിങ്ങിൻ്റെ ടെറസിൽ നിന്ന് ജീവിതത്തിൻ്റെ മറുപുറത്തേക്ക് മറിഞ്ഞു വീണത്. ജീവിതം കലയ്‌ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു. സിനിമ തന്റെ ഏറ്റവും വലിയ ദൗർബല്യവും ഏറ്റവും വലിയ ശക്തിയും ആണെന്ന് എപ്പോഴും അദ്ദേഹം വിശ്വസിച്ചിരുന്നു.

കുട്ടനാട്ടിലെ ചേന്നങ്കരി വാഴക്കാട്ട് എബ്രഹാമിന്‍റെയും അടിമാത്ര സാറാമ്മയുടെയും മകനായി 1937 ആഗസ്റ്റ് 11 ആം തിയതി കുന്നംകുളത്താണ് ജോൺ എബ്രഹാം ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം കുട്ടനാട്ടിലായിരുന്നു. അതിനു ശേഷം കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു. മുത്തച്ഛനായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ലോകത്തെ പഠിപ്പുര. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കോട്ടയത്ത് മുത്തച്ഛനോടൊപ്പം ആയിരുന്ന സമയത്തായിരുന്നു അദ്ദേഹം സിനിമയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അന്ന് മുതൽക്കേ അദ്ദേഹത്തിന്റെ മനസ്സിൽ ഒരു ചലച്ചിത്ര സംവിധായകനാകണമെന്ന മോഹം ഉടലെടുത്തു.

തുടർന്ന്, അദ്ദേഹം തിരുവല്ല മാർത്തോമ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദത്തിന് ചേരുകയുമുണ്ടായി. എന്നാൽ അദ്ദേഹം ആ പഠനം പൂർത്തീകരിക്കാൻ നിൽക്കാതെ, 1962 ൽ കോയമ്പത്തൂരിലെ എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലിക്ക് ചേർന്നു. എന്നാൽ അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം 1965 ൽ ആ ജോലിയിൽ നിന്ന് രാജിവെക്കാനും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനും വഴിയൊരുക്കി. 1968 ൽ അവിടെ നിന്ന് സ്വർണ്ണമെഡലോട് കൂടി സംവിധാന ഡിപ്ലോമ പൂർത്തിയാക്കിയ അദ്ദേഹം, 1967 ലെ തന്റെ പഠന കാലത്ത് ‘കോയ്ന നഗർ’ എന്ന ഹിന്ദി ചിത്രം ആദ്യമായി സംവിധാനം ചെയ്യുകയുണ്ടായി. പഠനശേഷം അദ്ദേഹം ബംഗാളി സംവിധായകനായ ഋത്വിക് ഘട്ടക്കിന്റെ സഹസംവിധായകനായി. അതോടൊപ്പം 1969 ൽ ഋത്വിക് ഘട്ടക്കിന്റെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ‘ഉസ്കി റൊട്ടി’ എന്ന സിനിമയിൽ സഹായിയായി പ്രവർത്തിച്ച അദ്ദേഹം ഈ ചിത്രത്തിൽ ഒരു ഭിക്ഷക്കാരന്റെ വേഷവും ചെയ്തു. അതേ വർഷം തന്നെ അദ്ദേഹം ‘പ്രിയ’ ഒരു ഹിന്ദി ചിത്രവും ‘ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ്’ എന്ന
ഒരു ഇംഗ്ലീഷ് ചിത്രവും സംവിധാനം ചെയ്തു.

1972 ൽ സംവിധാനം ചെയ്ത ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ. കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിമർശനമായിരുന്നു ഈ സിനിമ. കുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ പന്ത് തട്ടി സ്കൂൾ സ്ഥാപകന്റെ പ്രതിമ തകരുന്നു. അതിന്റെ കേടുപാട് തീർക്കാൻ അതിന് കാരണക്കാരനായ രാജു എന്ന വിദ്യാർത്ഥി പണം നൽകണം. ഇല്ലെങ്കിൽ അവൻ സ്കൂളിൽ നിന്ന് പുറത്താക്കപ്പെടും എന്ന അവസ്ഥ വരുന്നു. ഷൂ പോളിഷ് ചെയ്തും ലോട്ടറി ടിക്കറ്റ് വിറ്റും കുട്ടികൾ പണം സ്വരൂപിക്കുന്നു. ഇതുകണ്ട് മതിപ്പു തോന്നിയ പ്രിൻസിപ്പൽ സ്കൂൾ മാനേജ്മെന്റ് തന്നെ പ്രതിമ നന്നാക്കാൻ ഉള്ള നടപടി എടുക്കുകയും കുട്ടികൾ സ്വരൂപിച്ച പണം കൊണ്ട് അവരെ ടൂർ കൊണ്ടു പോകുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ചിത്രം അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് ചിത്രമായിരുന്നു. 1977 ൽ സംവിധാനം ചെയ്ത ഈ ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്‌തമായ പ്രതിഷേധവുമായി രംഗത്തെത്തി. അഗ്രഹാരത്തിൽ എത്തുന്ന ഒരു കഴുതയെ അവിടെയുള്ള പ്രൊഫ. നാരായണ സ്വാമി തന്റെ വീട്ടിൽ വളർത്താൻ തീരുമാനിക്കുന്നു. ഇതിനെ നോക്കാൻ അദ്ദേഹം ഒരു മൂകയായ ഒരു പെൺകുട്ടിയെ ചുമതലയേൽപ്പിക്കുന്നു. ഇതിൽ അതൃപ്തരായ ഗ്രാമീണർ കഴുതക്കെതിരെയും സ്വാമിക്കെതിരെയും തിരിയുന്നു. അതിനിടെ ഈ പെൺകുട്ടി പ്രസവിച്ച ചാപിള്ളയെ അമ്പലത്തിന്റെ പുറത്തു നിക്ഷേപിക്കപ്പെടുകയും കഴുത കാരണമാണിവയെല്ലാം എന്ന് പറഞ്ഞ് അവിടെയുള്ള ആളുകൾ കഴുതയെ കൊല്ലുകയും ചെയ്യുന്നു. ഇതിൽ പിന്നെ ഗ്രാമത്തിൽ ചില അത്ഭുതങ്ങൾ നടക്കുന്നു. കഴുതയാണ്‌ ഈ അത്ഭുതങ്ങൾക്ക് കാരണമെന്ന് അവർ വിശ്വസിക്കുകയും ആ കഴുതയുടെ മൃതദേഹം സംസ്‌ക്കരിക്കാൻ ഒരു ചിത ഒരുക്കുന്നു. ആ ചിതയിലെ തീ ഗ്രാമമാകെ പടർന്ന് പ്രൊഫസറും ആ പെൺകുട്ടിയും ഒഴികെയുള്ള എല്ലാവരും തീയിൽ വെന്ത് മരിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

1979 ൽ സംവിധാനം ചെയ്ത ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെ ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ്‌ അരാജകത്വത്തെയും അദ്ദേഹം വരച്ചുകാട്ടി. ചിത്രത്തിൽ ഒരു ഭൂപ്രഭുവിനെ ജോൺ തെങ്ങിൻമുകളിലേക്ക് കയറ്റിയത് ഒട്ടേറെ അർഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെട്ടു. അവറാച്ചൻ മുതലാളിയും അയാളുടെ ഗുണ്ടകളും ചേർന്ന് 5 കർഷകരെ കായലിൽ മുക്കികൊല്ലുന്ന ക്രൂരകൃത്യത്തിന് സാക്ഷി ആയ ചെറിയാച്ചൻ എന്ന ഭൂപ്രഭുവിന്റെ ആത്മസംഘര്‍ഷങ്ങളാണ്‌ ഇതിൽ പറയുന്നത്. ആ മരണങ്ങൾക്ക് താൻ കൂടി ഉത്തരവാദിയാണ് എന്ന കുറ്റബോധം ചെറിയാച്ചനെ ഭീതിയിലേക്കും മനോവിഭ്രാന്തിയിലേക്കും നയിക്കുന്നു, പോലീസ് തന്നെ പിന്തുടരുകയാണെന്ന ഭീതിയിൽ തട്ടിൻപുറത്തും പത്തായത്തിലും മറ്റുമായി ഒളിച്ചിരിക്കുന്ന അയാളെ പിന്നീട് ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അവിടെ നിന്ന് അയാൾ ഏറെക്കുറെ പൂർവസ്ഥിതി വീണ്ടെടുക്കുന്നു. എന്നാൽ വിസ നൽകാമെന്ന് പ്രലോഭിപ്പിച്ച് സഹോദരിയെ മറ്റൊരാൾ നശിപ്പിക്കുന്നത് കാണുന്ന അയാളുടെ മനോനില വീണ്ടും തെറ്റുന്നു. തേങ്ങ മോഷണവുമായി ബന്ധപ്പെട്ട് എത്തുന്ന പോലീസ്, തന്നെയാണ് അന്വേഷിക്കുന്നതെന്ന് ധരിച്ച് ഒളിക്കാനായി തെങ്ങിൽ കയറിയിരിക്കുന്നു. നാട്ടുകാരും ബന്ധുക്കളും എത്ര ശ്രമിച്ചിട്ടും ഇറങ്ങിവരാൻ കൂട്ടാക്കാത്ത അയാൾ തെങ്ങിൽനിന്ന് വീണുമരിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

പിന്നീട് വന്ന അദ്ദേഹത്തിന്റെ അവസാന ചിത്രമായ അമ്മ അറിയാൻ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് അവിസ്മരണീയനാക്കി. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്‌ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്‌ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു ഈ ചലച്ചിത്രം. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മ നേതൃത്വം നൽകി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്. ഗവേഷണത്തിനായി ഡൽഹിയിലേക്ക് യാത്രപോകുന്ന ജോയ് മാത്യു എവിടെയാണെങ്കിലും കത്തയക്കും എന്ന് അമ്മയോട് വാഗ്ദാനം ചെയ്ത് യാത്ര പുറപ്പെടുന്നു. അയാൾ തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ്‌ ഈ ചിത്രത്തിലെ കഥ. യാത്രക്കിടയിൽ അയാൾ ഒരു മൃതശരീരം കാണുകയും, അതു തന്റെ സുഹൃത്തായ ഹരിയുടെതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നതിനായി അവരുടെ വീട്ടിൽ പോകാൻ അയാൾ തീരുമാനിക്കുന്നു. യാത്രാമദ്ധ്യേ ഹരിയുടെ സുഹൃത്തുക്കളെ ഇയാൾ കണ്ടുമുട്ടുന്നു. സുഹൃത്തുക്കൾക്ക് തന്നെ കുറിച്ചുള്ള പരസ്പരമേറ്റുമുട്ടുന്ന ഓർമ്മകളുടെ ചുരുൾനിവർത്തുകയാണ്‌ ഹരിയെന്ന കഥാപാത്രം. ഇയാളുടെ കൂടെ ഈ സുഹൃത്തുക്കളും ഹരിയുടെ വീട്ടിലേക്ക് പോകുന്നു. പുറപ്പെടുമ്പോൾ ചെറിയ സംഘമായിരുന്ന ഇവർ ഹരിയുടെ വീട്ടിലെത്തുമ്പോൾ യുവാക്കളുടെ ഒരു വൻ‌കൂട്ടമായി മാറുന്നു. അവർ ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നു. വയനാട്ടില്‍ നിന്ന് ആരംഭിച്ച് മട്ടാഞ്ചേരിയില്‍ അവസാനിക്കുന്ന ഒരു യാത്ര കാണിക്കുന്ന ഈ ചിത്രം 1986 ലാണ് പുറത്തിറങ്ങുന്നത്.

കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശി‍പ്പിക്കുകയും ചെയ്തു. ജനങ്ങളുടെ സിനിമ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവുവരെ ഈ ചിത്രത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. സാധാരണക്കാരന്റെ സിനിമ എന്നും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്ന് അദ്ദേഹം പറയുമായിരുന്നു. വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും അദ്ദേഹത്തിന്റെ ഓരോ സിനിമയേയും വേറിട്ടു നിർത്തി.

ഇദ്ദേഹം സഹസംവിധായകനായി 1971-72 കാലത്ത് ഹിന്ദിയിലും മലയാളത്തിലുമായി ചിത്രീകരിച്ച ത്രിസന്ധ്യ എന്ന ചിത്രം ഇദ്ദേഹം മരണപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം 1990 ൽ റിലീസ് ചെയ്യുകയുണ്ടായി. ഇരുട്ടിനും വെളിച്ചത്തിനും മധ്യേ എന്ന ഉറൂബിന്റെ ചെറുകഥയെ ആസ്പദമാക്കി കണ്ണൂർ സ്വദേശി രാജൻ എന്ന രാജ്മാർബ്രോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 1974 ൽ പുറത്തുവന്നുവെങ്കിലും മലയാളത്തിൽ റിലീസ് ചെയ്തിരുന്നില്ല. പിന്നീട് ഇദ്ദേഹം വിഖ്യാതനായി വാഴ്ത്തപ്പെടുകയും പാതിവഴിയിൽ അരങ്ങൊഴിയുകയും ചെയ്ത വേളയിൽ അദ്ദേഹത്തിന്റെ ആരാധകർ ഈ ചിത്രം എവിടുന്നോ കണ്ടെത്തുകയും റിലീസ് ചെയ്യുകയുമായിരുന്നു. നല്ലൊരു കഥാകൃത്ത് കൂടിയായിരുന്ന അദ്ദേഹത്തിന്റേതായി നേര്‍ച്ചക്കോഴി, ജോണ്‍ എബ്രഹാം കഥകള്‍ എന്ന രണ്ട് പുസ്തകങ്ങൾ പുറത്തുവന്നിട്ടുണ്ട്. 50 ആം വയസ്സിൽ വിടവാങ്ങിയെങ്കിലും നിറഞ്ഞ ഓർമപ്പെടുത്തലായി ജോൺ മരണമില്ലാതെ നമുക്കിടയിൽ ഇന്നും ജീവിക്കുന്നു…….


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here