മാമുക്കോയ എന്ന കോഴിക്കോടൻ കാലം

0
265

അനുസ്മരണം

മുഹമ്മദ്‌ റാഫി എൻ. വി

മാമുക്കോയ തൻറെ ഇഹലോകജീവിതം അവസാനിപ്പിക്കുമ്പോൾ സാംസ്കാരികവും സാമൂഹികവും സൗഹൃദപരവുമായ പാരസ്പര്യത്തിൽ അടിപ്പടവിട്ട ഒരു കാലം കൂടി ഏതാണ്ട് പൂർണമായും വിടവാങ്ങുകയാണ്. ഒരു നാടകകാലത്തിൽ ജീവിതമാരംഭിക്കുകയും ( കോഴിക്കോട്ടെ പഴയ നാടകകാരനായിരുന്ന വാസുപ്രദീപ് തൻറെ കൈപ്പട കൊണ്ടാണ് മാമുക്കോയയുടെ കല്യാണക്കുറി അടിച്ചത്. എസ്‌കെ പൊറ്റക്കാട് നിർദ്ദേശിച്ചതാണ് വധുവിനെ ) സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ വഴി സിനിമയിൽ കാലുറപ്പിക്കുകയും ബാബുരാജ്, കെ ടി മുഹമ്മദ്, തിക്കോടിയൻ, കോഴിക്കോട് അബ്ദുൽഖാദർ, ജോൺ എബ്രഹാം, സുരാസു, വി കെ എൻ, എം ടി തുടങ്ങിയവരുമായി ആത്മബന്ധം പുലർത്തുകയും ചെയ്ത മാമുക്കോയ സത്യൻ അന്തിക്കാടിൻറെ സോഷ്യോ ബ്ലാക് സെറ്റയർ ചിരിവണ്ടിയിലെ സുപ്രധാന ഘടകം തന്നെയായി മലയാള സിനിമയിൽ മാറിത്തീർന്നു. മാമുക്കോയയുടെ വീടിന്റെ അടുക്കളയിൽ കൂടി ഒരു ഹിന്ദു സ്ത്രീയുടെ ആട് വഴി നടന്ന കഥ താഹമാടായി ആയിരുന്നു എന്ന് തോന്നുന്നു മാതൃഭൂമിയിൽ എഴുതിയതായി ഓർമയുണ്ട്. ആ ‘ഹിന്ദുസ്ത്രീ’ യുടെ ആട് വഴി നടന്നു എന്ന പ്രസ്താവന കേവലമൊരു തമാശയല്ല. അത് ഒരു ജീവനസംസ്കാരത്തിന്റെ അടിപ്പടവയായി വർത്തിച്ച സെക്കുലറിസത്തിന്റെ പോരിശപ്പെട്ട കഥയാണ്. ആ ഓർമയിൽ നിന്നാണ് നേരത്തെ സൂചിപ്പിച്ച ആ ചിരിവണ്ടി യാത്ര എത്തിച്ചേർന്ന പൗരത്വബില്ലിൻറെ കാലത്തെ അദ്ദേഹം വിചാരണ ചെയ്യുന്നത്. സിനിമയിലെ മറ്റ് കലാകാരന്മാരിൽ നിന്ന് വ്യതിരിക്തത പുലർത്തിയ ഒരു സുപ്രധാന ഘടകം അദ്ദേഹം പുലർത്തിയിരുന്ന സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളുടെ മൂല്യവത്തായ സവിശേഷതകൾ കൂടിച്ചേർന്നതാണ് മാമുക്കോയ എന്നതും കൂടിയാണ്.

മുസ്ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട പിന്തിരിപ്പൻ മൂല്യങ്ങളെ [ സ്വത്ത് പിന്തുടർച്ചാവകാശ നിയമത്തെയും മുസ്ലിയാക്കന്മാരുടെ അന്ധവിശ്വാസ പ്രചാരണങ്ങളെയും മറ്റും അദ്ദേഹം നിശിതമായി വിമർശിക്കുന്നുണ്ട്. കെ ടി മുഹമ്മദ് മുസ്ലിയാരുടെ മൈക്ക് വിരുദ്ധതയെ കളിയാക്കുന്നത് മാമുക്കോയ ഒരിടത്ത് എടുത്തു പറഞ്ഞു മുസ്ലിം പൗരോഹിത്യത്തെ വിമർശിക്കുന്നു. ബഷീറും കെ.ടിയുമൊക്കെ അടങ്ങുന്ന ഈ ഒരു പരമ്പരയുടെ ഇങ്ങേ കണ്ണി കൂടിയായിരുന്നു മാമുക്കോയ എന്നതും ഇവിടെ ചേർത്ത് വായിക്കുക.] വിമർശിക്കുകയും പൗരത്വ ബില്ലുമായി ബന്ധപ്പെട്ടുയർന്നുവന്ന സമരത്തെ ശക്തമായി പിന്തുണച്ചു സംസാരിക്കുകയും ചെയ്ത ഒരു സെക്കുലർ സംസ്കാരത്തിന്റെ അവസാന കണ്ണികളിൽ ഒരാള് കൂടിയാണ് മാമുക്കോയ. ഇവിടെ ജനിച്ച നമ്മൾക്ക് ഇവിടെ ജീവിക്കാനും ഇവിടെ മരിക്കാനുമുള്ള സമരമാണ് ഇതെന്നും ഈ സമരത്തിൽ ഒരു അഡ്ജസ്റ്റ്മെന്റും സാധ്യമല്ലെന്നും ഒക്കെയാണ് മാമുക്കോയ പ്രസംഗിച്ചത്. ഇവിടെ ജീവിക്കാനുള്ള രേഖ. നമ്മൾ ഇവിടെയാണ് ജനിച്ചത്, അല്ലെങ്കിൽ നമ്മളാണ് ഇവിടം രൂപപ്പെടുത്തിയത് എന്നൊക്കെയാണ് ആ വിവക്ഷ. മുസ്ലിങ്ങൾ മാത്രം, ഹിന്ദുക്കൾ മാത്രം, അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗം മാത്രമുള്ള ഒരു ദേശത്തല്ല താൻ ജനിച്ചതും വളർന്നതും. ഇവിടെ ജീവിക്കുക എന്നത് എന്റെ ജന്മാവകാശം തന്നെയാണ്. അതാരുടെയും ഔദാര്യമല്ല എന്നതും മാമുക്കോയ സൂക്ഷിച്ച കൃത്യമായ രാഷ്ട്രീയ സാമൂഹിക ബോധ്യങ്ങളുടെ അവകാശപ്രശ്നം കൂടിയായി അദ്ദേഹം ഉയർത്തുന്നത് നമ്മൾ കാണുന്നു. തന്റെ വരുന്ന തലമുറയുടെ ആവശ്യത്തിന് വേണ്ടി കൂടിയാണ് താൻ ഈ സമരത്തിൽ പങ്കുചേരുന്നത് എന്നദ്ദേഹം പ്രഖ്യാപിക്കുമ്പോൾ തന്റെ രാജ്യം സെക്കുലർ പാരമ്പര്യം പുലർത്തേണ്ടതിന്റെ ആവശ്യത്തിലേക്ക് രാഷ്ട്രീയമായി വിരൽ ചൂണ്ടുകയാണ് മാമുക്ക. തന്റെ സഹപ്രവർത്തകർ കൂടിയായ പലരും ഒന്നുകിൽ ഇതിനോടൊക്കെ നിശബ്ദത പുലർത്തുകയോ തിരുവിതാംകൂർ ബേസ്ഡ് സിനിമാ നടന്മാരും മറ്റും ഈ ഒരുകാലത്തെ അപ്രമാദിത്യപരമായ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുകയോ ചെയ്യുകയും അവരവരുടെ മതജീവിതവുമായി ബന്ധപ്പെട്ട ആചാരങ്ങളോടും മറ്റും അന്ധത എന്ന് തന്നെ വിളിക്കാവുന്ന തരം വിശ്വാസാചാരങ്ങൾ പുലർത്തുകയും ചെയ്യുമ്പോൾ, മാമുക്കോയ തന്റെ മതത്തിലെ അന്ധവും പിന്തിരിപ്പനുമായ ആചാരങ്ങളോടും വിശ്വാസങ്ങളോടും പൂർണമായും കലഹിക്കുകയും ചെയ്തു.

കേവലമൊരു സിനിമാക്കാരൻ എന്നതിലുപരി, ഒരു നാടിൻറെ ജീവനസംസ്കാരത്തെ ഉൾവഹിക്കുകയും അതിൽ നിരന്തരം ഇടപെടുകയും ഒക്കെ ചെയ്ത മനുഷ്യൻ കൂടിയായിരുന്നു ചിലരൊക്കെ സ്നേഹത്തോടെ മാമു എന്ന് വിളിച്ചിരുന്ന മാമുക്കോയ. സ്വന്തം വിവാഹക്കത്തടിക്കാനും അന്നേദിവസം ഒരു ചെരിപ്പ് ധരിക്കാനും കയ്യിൽ കാശില്ലാതിരുന്ന അവസ്ഥയിൽ നിന്നാണ് മാമുക്കോയ ജീവിതം തുടങ്ങിയത്. ഭാഷാപരമായും ജീവനപശ്ചാത്തലപരമായും പ്രാദേശികത്വം മലയാള സിനിമയിലേക്ക് മാമുക്കോയക്ക് ശേഷം പിൽകാലത്താണ് ഇരമ്പിയെത്തിയത്. മഹേഷിന്റെ പ്രതികാരവും ആൻഡ്രോയ്ഡ് കുഞ്ഞപ്പനും ന്നാ താൻ കേസ് കൊട് തുടങ്ങി, പ്രാദേശികത്വം ട്രെൻഡ് ആയി മാറുന്നതിനു മുമ്പ് മാമുക്കോയ ഇത് പരീക്ഷിച്ചു എന്ന് തന്നെ പറയാം. ഒരു പക്ഷെ ഭാഷാപരമായും ആംഗ്യ വിക്ഷേപപരമായും വേഷം മറ്റു ചലനങ്ങൾ ഒക്കെ നോക്കിയാലും ഇതിന്റെ പ്രോത്‌ഘാടകൻ മാമുക്കയായിരിക്കും. സാഹിത്യത്തിൽ ബഷീർ ചെയ്തത് സിനിമയിൽ മാമു ചെയ്തു എന്നും പറയാം. സിനിമയിൽ പുതിയ വാക്കുകൾ മാമുവിന് നേർക്കു കരഞ്ഞു വിളിച്ചു. ആ വാക്കുകൾക്ക് സിനിമയിൽ ഇടം കിട്ടിയപ്പോൾ പുതിയ ജീവിതപരിസരവും ജൈവപരിസരത്തെ കാണാക്കാഴ്ചകളും സിനിമ കണ്ടു. നോക്കൂ, മാമു കൈപിടിച്ച് സിനിമയിലേക്ക് കൊണ്ട് വന്ന വാക്കുകളുടെ സാമ്പിൾ. മാണ്ട, കൊയമാന്തിരം, കുട്ടിച്ചോറാക്കുക, വെവെസ്തേം വെള്ളിയായ്ചെം ഇല്ലാത്ത, മുണുങ്ങിക്കാളി, എല്ലാം കൂടി മുസീബത്ത് ആയി, ലോക ഹിമാറെ, ബർക്കത് കെട്ടോനെ, ഞ്ഞി ൻറെ കൽബില് ല്ലേ, എന്റെ ബീടര് തുടങ്ങി മലയാള സിനിമയിൽ ഒരു മാപ്പിള ഭാഷ ഉൾവഹിക്കുന്ന കോഴിക്കോടൻ ഡൈലക്ടോളജി തന്നെ മാമുക്കോയ തന്റെ തനതു ശൈലിയിൽ പൊതിഞ്ഞെടുത്ത് നിർമിച്ചു എന്നും പറയാം. മാമുക്കോയ സിനിമയിൽ ധാരാളം കല്യാണം കഴിച്ചിട്ടുണ്ടെങ്കിലും [വെട്ടം പോലുള്ള സിനിമകളിൽ നാലും അഞ്ചും ഒക്കെ കെട്ടിയ മുസ്ലിം കാക്കയാണ്] ജീവിതത്തിൽ ഒന്നേ കെട്ടിയിട്ടുണ്ടായിരുന്നുള്ളു. സിനിമയിലെ ഈ നാലു കെട്ടലും എട്ടു കെട്ടലും കള്ളനോട്ടടിയും കള്ളക്കടത്തു സാധനവില്പനയുമെല്ലാം മാമുകോയക്ക് ഒരു പക്ഷെ തന്റെ സമുദായികാസ്തിത്വം അധികബാധ്യതയായി ഏൽപ്പിച്ചു കൊടുക്കുന്നതാവാം.

ആട് പോലുള്ള സിനിമകളിൽ ആ കള്ളനോട്ടിന്റെ അച്ച് കെട്ടിപ്പിടിച്ച് ”മ്ഉം ഞാൻ തരില്ല” എന്ന ആ പറച്ചിലിന്റെ സ്വാഭാവിക രസികത തന്റെ പ്രായത്തിനു പോലും അതിനെ അങ്ങിനെ പരിക്കേൽപ്പിക്കാൻ പറ്റാത്ത വിധം അത് അത്ര ജൈവികമായ ഉൾപ്പേച്ചലിനെ കേൾപ്പിക്കുന്നു. റാംജിറാവ് സ്പീക്കിങ്ങിലെ തന്റെ പെങ്ങളുടെ കല്യാണം നടത്താൻ വെച്ച കാശുമായി മുങ്ങിയ ‘ബാലെഷ്‌ണനെ’ അന്വേഷിച്ചു ചെല്ലുന്ന ഹംസക്കോയ എന്ന കഥാപാത്രം കേവല ഹാസ്യത്തിന്റെ പ്രതിനിധാനമല്ല. ആ ചിരിയിൽ ഒളിപ്പിച്ചുവെച്ച ജീവിതത്തിന്റെ കൈപ്പുനീരും ഹൃദയവേദനയും തിങ്ങിവിങ്ങുന്നുണ്ട്. ‘ഞാൻ നിന്നോട് പൈസ വാങ്ങാൻ അടുത്ത തവണ വരുമ്പോൾ നാലഞ്ചു സുഹൃത്തുക്കളെ കൂടി കൊണ്ട് വരും, നീ പണം തന്നിട്ടില്ലെങ്കിൽ നിന്നെ അടിക്കാനല്ല, എൻറെ മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാ..’ എന്ന് പറയുന്നുണ്ട് ഹംസക്കോയ. ജീവിതത്തിന്റെ റിയൽ ഗ്രൗണ്ടിൽ നിന്നും ഉയരുന്ന വേദനയുടെ ചിരി പെട്ടെന്ന് കണ്ണീരായി തീരുന്നപോലെ പ്രേക്ഷകൻറെ ഉള്ളം അത് നനയിപ്പിക്കുന്നു. രണ്ടും കൂടി ഇവിടെ ഇടകലരുന്നു. ചിരിയുടെ ശാരദാകാശം നിഴലിച്ചു പ്രകാശം ചൊരിയുമ്പോൾ കണ്ണീരിൻ്റെ മഴവില്ല് സമീപത്ത് വിരിഞ്ഞു നിൽക്കുന്ന പോലെ!
കേവല ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്നതിന് പെരുമഴക്കാലത്തിലെ റസിയയുടെ ബാപ്പ അബ്ദുവിന്റെ ഹൃദയവ്യഥ സാക്ഷ്യം പിടിക്കുന്നു. മാമുക്കോയ ഒരു കാലത്തിലെ ഇങ്ങേയറ്റത്തെ കണ്ണികൂടിയായിരുന്നു. മുന്നേ നടന്നവരും പിന്നെ നടന്നവരും പലരും വീണു തീർന്നു, മാമുക്ക കൂടി തീർന്നപ്പോൾ ആ കാലവും പകരം വെക്കാൻ മനുഷ്യരില്ലാതെ തീരുന്നു. താൻ മരിച്ചു എന്ന് കേട്ട് സത്യമാണോ എന്നറിയാൻ ഫോൺ വിളിച്ച ഒരാളോട് മാമുക്കോയ പറഞ്ഞ ഒരു കാര്യമുണ്ട്. ‘ഞ്ഞി അറിഞ്ഞില്ലേ, ഞമ്മള് മയ്യത്തായിട്ട് കൊറച്ചു നേരായി, ഇപ്പൊ വയനാട്ടിലെ ഒരു റിസോർട്ടിൽ കോയി എറച്ചി കടിച്ചു പറക്യാ..അനക്ക് വേണോ ?’
മാമുക്കോയ പരലോകത്ത് ചെല്ലുമ്പോൾ സുവർഗ്ഗത്തിൽ ഇരുന്ന് കോയി എറച്ചി തിന്നുന്ന തന്റെ പ്രിയപ്പെട്ടവരോട് ഇങ്ങിനെ ഒരു ഡയലോഗ് ഉണ്ടാകും..’എല്ലാരും ബരീ, ഞമ്മക്ക് ഒന്ന് കൂടാ,,ങ്ങളൊക്കെ നേരെത്തെ ഇങ്ങെത്യേത് നന്നായി.. മ്മക്ക് ചീട്ട് കളിക്കാൻ കൊറേ ആളുണ്ടല്ലോ..'[സത്യൻ അന്തിക്കാടിന്റെ സിനിമയിലാണെന്നാണ് ഓർമ, വഴിയേ പോകുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിച്ച് ഒരു കുത്ത് ചീട്ടുമായി കളിക്കാൻ പിറകെ നടക്കുന്ന ഒരു കഥാപാത്രമുണ്ട്. മാമുവിന് പടച്ചോൻ അവന്റെ ഖജാനയിൽ നിന്ന് അനുവദിച്ച സമയം കഴിഞ്ഞു. ബഷീർ പറഞ്ഞ പോലെ അവിടെ മാത്രമാണല്ലോ സമയമുള്ളത്! സ്വർഗ്ഗപൂങ്കാവനത്തിൽ സിദറത്തുൽ മുൻതഹ എന്ന നിത്യ ഹരിത വൃക്ഷത്തിൽ മാമുക്കയുടെ പേര് കുറിച്ച ഇല വീണു. ഇനി സുവർഗ്ഗത്തിലെ ഹൂറുലീങ്ങളെ കുടു കുടെ ചിരിപ്പിക്കും മാമുക്ക!

സിനിമയിലെ കോഴിക്കോടൻ കാലം ഹരീഷ് കണാരനിലൂടെയും നിർമൽ പാലാഴിയിലൂടെയുമൊക്കെ തുടരുന്നുണ്ടാവാം. എന്നാൽ സിനിമയിലെയും സാഹിത്യത്തിലേയും സാംസ്‌കാരിക കലാസാംസ്‌കാരിക രാഷ്ട്രീയ ബോധ്യങ്ങളിലെയും മാമുക്കോയ കാലം ഏതാണ്ട് അസ്തമയത്തോടടുത്തു. പക്ഷെ അദ്ദേഹം അവശേഷിപ്പിച്ചുപോയ തിരശീല ജീവിതം ഇനിയും ആളുകളെ ചിരിപ്പിക്കും, സന്തോഷിപ്പിക്കും. കാരണം അത് ഉൾക്കാമ്പുള്ള ജൈവ പരിസരത്തെ ഭാഷയും ജീവിതവുമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here