നാട് കടക്കും വാക്കുകൾ – ‘കുരിപ്പ്’

0
281

അനിലേഷ് അനുരാഗ്

ശാപം ശക്തമായ വാക്കാണ്. അതിൻ്റെ ശക്തി പ്രയോഗ സാധ്യതയിലോ, ഫലപ്രാപ്തിയിലോ അല്ലെന്നു മാത്രം. കഠിനമായ ഹൃദയവികാരങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന തീഷ്ണവചനമാണ് ശാപം. നരകാഗ്നിയിൽ നിന്ന് പിറവിയെടുത്ത ആയുധം പോലെ ശാപം വിക്ഷേപിക്കപ്പെടും. സത്യസന്ധമായി ഉച്ചരിക്കപ്പെടുന്ന ഏതു വാക്യവും പോലെ ശാപവും പ്രപഞ്ചത്തിൽ, ചെറുതെങ്കിലും, ചലനങ്ങളുണ്ടാക്കുകയും ചെയ്യും. പക്ഷെ, അബദ്ധത്തിൽ കൈവിട്ട അസ്ത്രം പോലെ അതെവിടെച്ചെന്നു തറയ്ക്കും എന്നതിൽ പ്രേഷകന്‌ നിയന്ത്രണങ്ങളൊന്നുമില്ല. നിയതിയുടെ തനത് നിയമമനുസരിച്ച് ശാപം സഞ്ചരിയ്ക്കുന്നു. പ്രതീക്ഷിത ലക്ഷ്യത്തിലോ, ഇതരയിടങ്ങളിലോ, തികച്ചും അപ്രതീക്ഷിതമായി, എന്നാൽ നിറച്ചും അർഹമായി, അയച്ചവനിലേക്ക് തന്നെയോ,വന്നുപതിച്ച് ക്ഷതങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അതെന്തായാലും ഒരു കാര്യം നിസ്സംശയം പറയാം: അവനവൻ്റെയോ, അപരൻ്റെയോ, നാശത്തിനുള്ള അഭ്യർത്ഥനയാണ് ശാപം.

മറ്റേതൊരു ഭാഷാപ്രയോഗവും പോലെ, മനുഷ്യവ്യവഹാരത്തിൽ ഏറെ സുലഭമാണ് ശാപങ്ങളും. പ്രക്ഷുബ്ദമായ ഒരു വൈകാരികമണ്ഡലത്തിൻ്റെ ദൃശ്യങ്ങൾ പൂർണ്ണമായി എടുത്തുമാറ്റപ്പെടുന്നതു വരെ മനുഷ്യമനസ്സ്, വ്യത്യസ്ത കാരണങ്ങളാൽ, ശാപവാക്കുകൾ ഉരുവിടാൻ സാധ്യതയുണ്ട്. നമ്മുടെ ബാല്യകാലത്ത് അമ്മമാരും, മുതിർന്ന ഏച്ചിമാരും കൂട്ടംചേർന്ന്, പങ്കുവെച്ച് പകുതിയാക്കിയിരുന്ന പലവിധ വീട്ടുജോലികളുണ്ടായിരുന്നു: അലക്ക് തൊട്ട് അരിയിടിക്കൽ വരെ. അതിനിടയിൽ അവർ മാത്രം രഹസ്യമായി കൊണ്ടുനടന്നിരുന്ന പലതും, കുട്ടികൾ കേൾക്കാൻ പാടില്ലാത്ത കുശുകുശുപ്പുകളായി പുറത്തുവരും. അത്തരമൊരു പെൺ വ്യവഹാരത്തിൽ നിന്നാണ് ഞാനാദ്യമായി ആ വാക്ക് കേട്ടതെന്ന് ഓർക്കുന്നു: കുരിപ്പ്. ഉച്ചാരണത്തിന് അകമ്പടിയായി കേൾക്കുന്ന പല്ലിറുമ്മൽ തന്നെ അതിലെ ശാപധ്വനിയെ ദ്യോതിപ്പിച്ചു കാണണം. എന്തായാലും നമ്മുടെ പ്രായത്തിന് വിലക്കപ്പെട്ടതാണ് ആ വാക്ക് എന്നെനിക്ക് മനസ്സിലായിരുന്നു; അതുകൊണ്ട് തന്നെ അതെന്താണെന്നറിയാൻ ഒരു ഗൂഡതാല്പര്യവും ഉണ്ടായി: വിലക്കപ്പെട്ട അറിവിൻ്റെ ലോകത്തിന് എന്നും ചെറുക്കാൻ കഴിയാത്ത ഒരു ആകർഷകത്വമുണ്ട്.

‘കുരുപ്പ്’ എന്ന ‘കുരിപ്പിൻ്റെ’ ആദിമൂലപരാമർശം കിടക്കുന്നത് തെയ്യം പുരാവൃത്തം വാമൊഴിയായി കൈമാറുന്ന തോറ്റങ്ങളിലാവും. തെയ്യക്കഥകളിലെ ‘കുരിപ്പ്’ മനുഷ്യ-ദൈവഭേദമില്ലാതെ ബാധിയ്ക്കുന്ന മഹാമാരിയായ വസൂരി തന്നെയാണ്. വസൂരിമാല,ഘണ്ടാകർണ്ണൻ (കണ്ഠകർണ്ണൻ) എന്നീ തെയ്യങ്ങൾക്കെല്ലാം ഈ വ്യാഥിയും, അതിൻ്റെ ശമനവുമായി നേരിട്ടു ബന്ധമുണ്ടെങ്കിലും,’കുരിപ്പ്’ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടിട്ടുള്ളത് ചീറുമ്പ-കൂറുമ്പ (മൂത്തവർ, ഇളയവർ) ഭഗവതിമാരുടെയും,വിശിഷ്യാ പുതിയോത്ര (പുതിയ തിറ) എന്നറിയപ്പെടുന്ന പുതിയ ഭഗവതിയുടെ ‘പൊടിച്ചുണ്ടാകലു’മായി (ജനനം) കൂട്ടിച്ചേർത്താണ്. പൊൻമക്കൾ രണ്ടാളെയും വാത്സല്യപൂർവ്വം വാരിയെടുത്തപ്പോൾ നല്ലച്ഛൻ ശ്രീമഹാദേവന് (പരമശിവൻ) പോലും ദേഹമാസകലം കുരിപ്പ് പൊങ്ങി. പൊൻ ചിലമ്പും, തേരും, കുരിപ്പിൻ്റെ വിത്തുമായി കീഴ്ലോകത്തിറങ്ങിയ (ഭൂമിയിൽ) ജേഷ്ഠാനുജത്തിമാർ ആറ്റരികെ, കടലരികെ സഞ്ചരിച്ചുകൊണ്ട് വിത്ത് വാരിവിതയ്ക്കുമ്പോഴാണ് മനുഷ്യർക്കിടയിൽ വസൂരി പടർന്നുപിടിക്കുന്നത്: കേശിയുടെ വിയർപ്പിൽ ആഴ്ന്നുകിടക്കുമ്പോൾ ‘പാതിരാവിൽ പൂക്കുന്ന ജമന്തിയുടെ മണ’മായി രവി അറിയുന്ന (ഖസാക്കിൻ്റെ ഇതിഹാസം) നല്ലമ്മയുടെ പ്രസാദം. ശ്രീ മഹാദേവൻ്റ തിരുമുഖത്തെ, മറ്റാർക്കും ശമിപ്പിക്കാനാകാത്ത, മണിക്കുരിപ്പ് തടവിയൊഴിക്കാനായി, നാൽപ്പതുദിവസം തടസ്സമില്ലാതെ ചെയ്ത ഹോമത്തിനൊടുവിൽ പൊടിച്ചുണ്ടായ പൊൻമകളാണ് പുതിയ ഭഗവതി. ദേവകുലത്തിലും, കീഴ്ലോകത്തിലും ചീറുമ്പ – കൂറുമ്പ ഭഗവതിമാർ വിതറിയ മാരിക്കുരിപ്പ് തടവിയൊഴിക്കാനായി ആ പൊൻമകൾ നിയോഗിക്കപ്പെടുകയാണ്. ഇന്നും രോഗശമനത്തിന് പുതിയ ഭഗവതിയമ്മയ്ക്ക് നാട്ടുകാർ വെളിച്ചെണ്ണയും, വിളക്കും നേരാറുണ്ട്. തെയ്യപ്രസാദങ്ങളിൽ പ്രാമുഖ്യം രോഗശമനകാരിയായ മഞ്ഞളിനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.

പുരാവൃത്തത്തിൽ നിന്ന് ചരിത്രത്തിലേക്ക് ഇറങ്ങിയപ്പോൾ വസൂരിക്കെന്നപോലെ ‘കുരിപ്പി‌’നും മൂർച്ച കുറഞ്ഞുവന്നു. ഭയാനകവും, അവാച്യവുമായ നിഷിദ്ധപദം എന്ന പദവിയിൽ നിന്നും, വെറുക്കപ്പെടേണ്ടുന്നതും എന്നാൽ സഹനീയമായതുമായ അനുഭവങ്ങളെ അഭിസംബോധന ചെയ്യുന്ന വാക്കായി ‘കുരിപ്പ്’ മാറി. നിത്യവും മദ്യപിച്ച് വീട്ടിലെത്തി ‘നായിക്കോലം’ കെട്ടുന്ന ഭർത്താക്കന്മാർക്കും,അനുചിതമായ അവസരങ്ങളിൽപ്പോലും അതിക്രമം കാണിക്കുന്ന മക്കൾക്കും ഇതിലും നല്ലൊരു പേര് യോജിക്കില്ലെന്ന് നാട്ടിൻപുറത്തെ സ്ത്രീകൾക്ക് പറയേണ്ടി വന്നു; ‘കാലമാടനും’,’ജേഷ്ഠയും’ ‘കുരിപ്പിനും’, ‘മാരിക്കുരിപ്പിനും’ വഴിമാറുന്നതിന് നമ്മൾ സാക്ഷ്യംവഹിച്ചു. മുടിവില്ലാത്ത ദുരിതത്തിൻ്റെ പര്യായപദങ്ങളിലൊന്നായി ‘കുരിപ്പ്’, കുടുംബഛിദ്രങ്ങളിലും,വൈവാഹിക അപസ്വരങ്ങളിലും സ്വതന്ത്രമായി പരിലസിച്ചു. മെരുക്കിയാൽ മെരുങ്ങാത്ത മോഹങ്ങളും,ഒരു കരയിലുമെത്താത്ത അർത്ഥങ്ങളും നിറഞ്ഞ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്താനും പലർക്കും ‘കുരിപ്പി’ലും മികച്ചൊരു സംജ്ഞയില്ലെന്ന് തോന്നി: അവനവൻ കുരിപ്പെന്ന അസ്തിത്വ ദു:ഖം.

ജനതതികളെ ബാധിയ്ക്കുന്ന മഹാമാരികളെ മനുഷ്യൻ തൻ്റെ ബുദ്ധിയും, കൗശലവും, ത്യാഗബോധവും കൊണ്ട് നേരിടുകയും, അപ്രത്യക്ഷമാക്കുകയും ചെയ്തിട്ടുണ്ട്; തരംകിട്ടുമ്പോഴൊക്കെ തിരിച്ചടിച്ചു കൊണ്ട് അവയും ഈ ലോകത്തുണ്ട്; പുതിയ ആയുധങ്ങൾ, പുതിയ യുദ്ധതന്ത്രങ്ങൾ. ഉത്തരാധുനിക മനുഷ്യനെ പിടിച്ചുകുലുക്കിയ ഒരു പകർച്ചവ്യാഥിയെ കടന്നുവന്നിരിക്കയാണ് ഇന്ന് നമ്മൾ. വസൂരി ബാധിതനെ മരിയ്ക്കാതെ തന്നെ മറവ് ചെയ്ത, ആ രോഗത്തിൻ്റെ പേര് പറയാൻ പോലും ഭയന്ന ഇരുണ്ടയുഗം നമ്മൾ മറികടന്നിരിക്കുന്നു. വന്നുപോയ ‘കുരിപ്പി’നെയും, ഇനി വരാനിരിക്കുന്ന ‘കുരിപ്പുകളെയും’ ചികിത്സയ്ക്കുപരിയായി മുൻകരുതലും, ശ്രദ്ധയും കൊണ്ടാണ് നമ്മൾ നേരിടുന്നത്. അന്ധകാരത്തെയും തുളച്ചുകളയുന്ന ഒരു പുതിയ വെളിച്ചം പൊടിച്ചുണ്ടാകട്ടെ നമുക്ക് ചുറ്റും: പുലർച്ചയിലെ കൂരിരുട്ടിൽ പുതിയ ഭഗവതിയമ്മയുടെ പന്തം പോലെ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here