ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 11
ഡോ. രോഷ്നി സ്വപ്ന
Put some dreams, magic, reality
into a glass and shake it
that’s my cinema”
ചിലപ്പോൾ കാഴ്ചയുടെ വേറിട്ട ചില സൗന്ദര്യശാസ്ത്ര സമീപനങ്ങൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. ഒരു പുതിയ ലോകം സമ്മാനിക്കും. ബുദ്ധദേവ് ദാസ് ഗുപ്തയുടെ സിനിമകളിലെ നിശബ്ദതകൾ എങ്ങനെയാണ് ശബ്ദത്തെക്കുറിച്ച് സംസാരിക്കുന്നത് എന്ന് നിരീക്ഷിച്ചാൽ അതറിയാൻ കഴിയും.
ആഖ്യാനത്തിൽ അദ്ദേഹം പുലർത്തുന്ന കാവ്യാത്മകത, സംഗീതാത്മകത ഇവയൊക്കെ ഇത്തരമൊരു വായനയ്ക്ക് സാധ്യമാണ്. ഏതുതരം ആസ്വാദകർക്കും സമീപിക്കത്തക്കതായ ഒരിടം അദ്ദേഹം തന്റെ സിനിമകളിൽ നൽകുന്നുണ്ട്. പ്രണയത്തിന്റേയും വിപ്ലവത്തിന്റേയും കലാപത്തിന്റെയും ഇടമാണത്. മനുഷ്യനും പക്ഷികളും തമ്മിലുള്ള സംവേദനത്തിന്റെ ഇടമാണത്. ഭൂമിയും ആകാശവും പ്രകൃതിയും കലരുന്ന അപൂർവ്വമായ അനുഭവ ഇടമാണത്. ഭാഷയുടെയും കാഴ്ചയുടെയും അസാധാരണമായ ഇഴയടുപ്പങ്ങൾ ബുദ്ധദേവ് ദാസ് ഗുപ്തയുടെ കവിതകളിലുണ്ട്. ബംഗാളിലെ ആധുനിക കവി എന്ന് വിശേഷിപ്പിക്കപ്പെട്ട ബുദ്ധദേവിന്റെ കവിതകളിലെ പരിസരങ്ങളും പ്രമേയങ്ങളും അതിനുമുമ്പ് ആരും തന്നെ കവിതകളിൽ ഉപയോഗിച്ചു കണ്ടിട്ടില്ല.
സെല്ലുലോയ്ഡിൽ അദ്ദേഹം മാന്ത്രികനിമിഷങ്ങൾ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കാലാതീതമാണ്. ജീവിതത്തിൽ നിന്ന് നേരിട്ട് പകർത്തുന്ന കഥാപാത്രങ്ങൾക്കാണ് അദ്ദേഹം കൂടുതൽ ജീവൻ നൽകിയത്. ബാഗ് ബഹാദൂറിലെ ഘുനുറാം (1989) ജീവിക്കാനായി കടുവയായി അഭിനയിക്കുന്നു. ചരാചറിലെ ലഖീന്ദർ ഒരു പക്ഷിവേട്ടക്കാരനാണ് (1993), തഹാദർ- ലെ ഷിബിനാദ് (1992)
സ്വാതന്ത്ര്യാനന്തര ജന്മനാടിന്റെ യാഥാർത്ഥ്യത്തെ നേരിടാൻ കഴിയാതെ ഉന്മാദത്തിലേക്ക് നീങ്ങുന്ന ആദരണീയനായ സ്വാതന്ത്ര്യസമരസേനാനി ! ഉത്തര (2000) യിലെ നിമയും ബൽറാമും ഗുസ്തിക്കാരാണ്. ടോപ്പ് (2017) ലെ പോസ്റ്റ്മാൻ ഒരു മരത്തിലാണ് താമസിക്കുന്നത്.
The world beyond reality
which is
another aspect of the
reality,
ever me
ever me.
എന്നദ്ദേഹം ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. തന്റെ ഭാവനകളുടെ ലോകത്ത് സ്വപ്നങ്ങളുടെയും മാന്ത്രികതയുടെയും മഹത്തായ പങ്ക് അദ്ദേഹം അംഗീകരിച്ചു. എന്നാൽ തന്റെ രംഗങ്ങളിൽ യാഥാർത്ഥ്യവും വിപുലീകൃത യാഥാർത്ഥ്യവും സ്വനവും മാന്ത്രികതയും തമ്മിൽ വേർതിരിച്ചെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. സമയകാലങ്ങളെ ചേർത്തു കെട്ടുന്ന രീതി ഏകദേശം സമാനമായിരുന്നു. ഒരേസമയം യഥാർത്ഥവും അയഥാർത്ഥവുമായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. സിനിമയുടെ ഭാഷ പുതുക്കുന്നതിലദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. സമകാലിക ബംഗാളി സിനിമക്ക് അപരിചിതമായ അപൂർവ്വമായ ഒരു ശൈലി അദ്ദേഹം വളരെ ഗൗരവത്തോടുകൂടി വളർത്തിയെടുത്തു. കഥപറയുകയെന്നതിലുപരിയായി ചലച്ചിത്ര ഭാഷയിൽ, ആ ഭാഷയുടെ പരിണാമത്തിൽ ഒരു സമൂലമാറ്റം അദ്ദേഹം കൊണ്ടുവന്നു. ഒരു വിഷയത്തിന്റെ അസാന്നിധ്യത്തിന് ആ വിഷയത്തെ കൂടുതൽ പ്രസക്തമാക്കാനും, അത് മറ്റൊരു പുതിയ വിഷയമായി മാറാനും കഴിയുമെന്ന് അദ്ദേഹം തന്റെ സിനിമകളിലൂടെ വ്യക്തമാക്കി. കവിതയും ചിത്രകലയും അദ്ദേഹത്തെ സിനിമയിലേക്ക് കൂടുതൽ പ്രചോദിതമാക്കുകയായിരുന്നു. അദ്ദേഹം
കവിതകളെഴുതിയിട്ടുണ്ട്. അത് ഒരു മനുഷ്യനെന്ന നിലനിൽപ്പിനുള്ള ആവശ്യമാണ് അത് എന്നാണദ്ദേഹം പറഞ്ഞത്. ഏറെ വ്യത്യസ്തമാണ് ബുദ്ധദേവ് ദാസിന്റെ കവിതകൾ, ബുദ്ധദേവ് ദാസ് ചലച്ചിത്ര രംഗത്തേക്കെത്തുമ്പോൾ സത്യജിത് റായിയും ഋത്വിക് ഘട്ടക്കും ചലച്ചിത്രരംഗത്തുണ്ടായിരുന്നു.
ഇന്ത്യൻ സിനിമയിൽ അന്ന് പരിചിതമല്ലാത്ത ഒരു ചലച്ചിത്ര ഭാഷയായിരുന്നു സത്യജിത് റായി കാഴ്ചവെച്ചിരുന്നത്. അവിടെ ബുദ്ധദേവിന് സ്വതന്ത്രമായ ഒരിടം, വേറിട്ട ഒരു നിലപാട് കണ്ടെത്തണമായിരുന്നു. റായിയും ഘട്ടക്കും കണ്ടെടുത്ത ഇടത്തിന് സമാന്തരമോ ബദലോ ആയ ഒരിടം കണ്ടെത്തുകയെന്നതായിരുന്നു ബുദ്ധദേവ് ദാസ് ഗുപ്തയുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ചലച്ചിത്ര സംവിധായകനാകുന്നതിന് മുമ്പേ, ബുദ്ധദേവ് ദാസ് കവിതകൾ എഴുതിയിരുന്നു. ചലച്ചിത്ര ജീവിതത്തിൽ തുഴയുമ്പോഴും കവിതയെ അദ്ദേഹം കൈവിട്ടില്ല. കവിതയോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം അദ്ദേഹത്തിന്റെ സിനിമകളിൽ പ്രതിഫലിക്കുന്നു. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ വ്യാപ്തി, ബുദ്ധദേവിന്റെ വരികളും വാക്കുകളും സിനിമകളും പരിശോധിച്ചാൽ ചില സമാനതകൾ പ്രകടമാണ്.
ജീവിതത്തെക്കുറിച്ചുള്ള അതിതീവ്രമായ അവബോധത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായ ദൃശ്യങ്ങളും, മൂർച്ചയുള്ളവയും, വ്യക്തവുമായ ദൃശ്യങ്ങൾ… (കമ്പ്യൂട്ടറിനെ പ്രണയിനിയായി സങ്കൽപ്പിച്ചുകൊണ്ടുള്ള ഒരു കവിത തന്നെ ഉദാഹരണം.). ഇത് ഒരു ചലച്ചിത്രകാരനെന്ന നിലയിൽ അദ്ദേഹത്തെ കാവ്യാത്മകമായ ദൃശ്യങ്ങൾ ചമക്കുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. സ്വപ്നേർദിൻ പോലുള്ള ചലച്ചിത്രങ്ങളിൽ അദ്ദേഹമെഴുതിയ സംഭാഷണങ്ങളിലെ ഭാഷ കവിതയോടടുത്തു കിടക്കുന്നതാണ്.
“ഹൃദയം
ക്ഷയിക്കുന്നതാണ്
പ്രണയം’
എന്നാണ് ആ സിനിമയിൽ അദ്ദേഹം പറയുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ പ്രണയത്തിന് ഇത്രമേൽ ആഴത്തിൽ, കാച്ചിക്കുറുക്കിയ ഒരു ദൃശ്യ നിർവ്വചനം നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. സ്വപ്നേർദിനിൽ ഈ ഭാഗം വരുമ്പോൾ നടന്റെ മനസ്സിൽ ഓർമ്മകൾ കടന്നുവരുന്നത് കാഴ്ചക്കാർക്ക് കാണാനും അനുഭവിച്ചറിയാനും ആകുന്നുണ്ട്.
But love is a feeling,
we can
experience, but never explain’
എന്ന് തർക്കോവ്സ്കി ചിന്തിച്ചതോർക്കാം.
പ്രണയത്തെക്കുറിച്ചു പറയുമ്പോൾ ഗുപ്ത കവിയാണ് മുഴുവനായും.
‘കുട’ എന്ന കവിതയിൽ
ഒരു തെരുവിൽ നിന്ന്
ഒരു കുട
ഒരു കുടയുടെ കറുപ്പ്
മറ്റു കറുപ്പുകളെ ആശ്രയിക്കുന്നു
ചലിക്കുന്ന ഒരു കുടയുടെ ചുമലിൽ
മറ്റൊരു കുടയുടെ കൈത്തലം
ബസ് സ്റ്റോപ്പിൽ മുഷിഞ്ഞു നിൽക്കുന്നു.
ആൾക്കൂട്ടത്തിൽ
ഒരു ചെറിയ കുട
അപ്രത്യക്ഷമാവുന്നു
വരുമെന്ന പ്രതീക്ഷിക്കുന്ന
ഒരു കുട
വിദൂരത്തിൽ… അപരിചിതമായി
ഒരു വെളുത്ത കുട
എവിടെ നിന്നെന്നറിയില്ല.
ഒരു കനത്ത മേഘം
പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു
അതങ്ങനെ പടരുകയാണ്
അവിടെയും ഇവിടെയും
കുടകൾ ഇപ്പോൾ ഒരു സംഘമായിരിക്കുന്നു
ഒന്ന് മറ്റൊന്നിനെ
മടക്കാൻ ഓടുന്നു.
ദിവസം മുഴുവൻ കുടകൾ അങ്ങോട്ടുമിങ്ങോട്ടും
പാഞ്ഞു കൊണ്ടിരിക്കുന്നു.
ഇപ്പോൾ
അവസാനത്തെ കുട വീട്ടിലേക്ക്
പോയിരിക്കുന്നു.
ഒരു വെളിച്ചമില്ലാത്ത
ഇരുണ്ട മൂലയിൽ
പതുങ്ങിയിരിപ്പായിരുന്നു
അത്.
അതിൽ നിന്ന് വെള്ളം ഇറ്റുന്നുണ്ടായിരുന്നു
ഇറ്റി….. ഇറ്റി…. ഇറ്റി…..””
ഈ കവിതയിൽ ദൃശ്യഭാഷകൊണ്ടു തീർക്കുന്ന ഒരു യഥാർത്ഥ ചിത്രമുണ്ട്. ക്യാമറയുമായി സംവദിക്കുന്ന ഒരു കവിക്ക് മാത്രം സാധ്യമാകുന്ന ദൃശ്യഭാഷയാണിത്. കുടകളെ ചിത്രീകരിക്കുന്നതിലദ്ദേഹം പ്രകടിപ്പിക്കുന്ന അസാധ്യമായ ചലനാത്മകത ശ്രദ്ധേയമാണ്. പക്ഷെ കവിതയിലേതുപോലെയല്ല സിനിമയിലെ ദൃശ്യങ്ങൾ. ഭാഷയിൽ തീർക്കാനാവുന്ന രചനാതന്ത്രങ്ങളല്ലല്ലോ ചലച്ചിത്ര ഭാഷയിലെ രചനാതന്ത്രങ്ങൾ !
കുട എന്ന രൂപകത്തെ വൈയക്തികമാക്കുന്നുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമയിൽ കവിതയുണ്ട് എന്നതുപോലെത്തന്നെയാണ് അദ്ദേഹത്തിന്റെ കവിതയിൽ സിനിമയുണ്ട് എന്ന് പറയുന്നതും.
“വിരലുകൾ” എന്ന കവിതയിൽ തീൻമേശയിലൂടെ വിരലോടിക്കുമ്പോൾ വിരലുകൾ അറിയാതെ സിഗരറ്റിലേക്ക് പോകുന്നു. വിരലുകൾ ഒരു പെൻസിൽ എടുക്കുന്നു. വിരലുകൾ, താളുകൾ ഓരോന്നായി മറിക്കുന്നു അഞ്ചു വിരലുകൾ ചേർന്ന ഒരു സംഘാതം.
”ഒരു ജോഡി ഷൂ, റോഡിലേക്കിറങ്ങുന്നു.
ഒരു മെഴുകുതിരി കത്തിക്കുന്നു.
മുപ്പതു വർഷത്തെ ആയുസുള്ള ഒരു ശിരസ്സ്.
അതിനുപിന്നിൽ പ്രവർത്തിക്കുന്ന വിരലുകൾക്കിടയിൽ
ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത സമയം,
ഒരു മൂർച്ചയിൽ തെളിയുന്നു,
സൂര്യവെളിച്ചത്തിൽ തിളങ്ങുന്നു.
ഒരു വിരൽ അതിന്നറ്റത്തുകൂടി ഓടിക്കളിക്കുന്നു
ഒരു മൂർച്ചയുള്ള ബ്ലേഡിന്റെ അകത്തേക്കെന്നപോൽ
ഇലയോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത കലാകാരൻ”
ചലച്ചിത്രകാരൻ, കവി, തത്വചിന്തകൻ എന്നിവകളിലുപരിയായി കവിതയെ എങ്ങനെ സിനിമയിലേക്ക് പടർത്തണമെന്ന് അല്ലെങ്കിൽ, സിനിമയിൽ കവിതക്ക് എന്തുചെയ്യാനാവുമെന്ന് കൃത്യമായിത്തിരിച്ചറിഞ്ഞ ചലച്ചിത്രകാരനാണ് ബുദ്ധദേവ് ദാസ് ഗുപ്ത. കവിതയിലദ്ദേഹം കൊണ്ടുവന്ന ബിംബങ്ങളെല്ലാം ഏറെ ലളിതവും ചിത്രണപരവുമാണ്. വിരലുകൾ എന്ന കവിതയിൽ, വിരലുകൾക്കിടയിൽ കാറ്റ് പടർത്തുന്ന ശബ്ദമുണ്ട്. കവിതയുടെ രണ്ടാം പകുതിയിൽ അപൂർണ്ണമായ ആശയങ്ങൾ കൊണ്ടു തീർക്കുന്ന മനോഹരമായ ദൃശ്യഭാഷയുണ്ട്. സർറിയലിസ്റ്റിക് എന്നുപറയാമെങ്കിലും കൃത്യമായ സംവേദനക്ഷമത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണിവ.
അദ്ദേഹത്തിന്റെ ആദ്യകാല സിനിമകളിൽ ഈ സൂക്ഷ്മത കാണാം. വാക്കുകളുടെ, ഭാഷയുടെ അസാന്നിധ്യത്തിന്റെ മുഴങ്ങുന്ന ദൃശ്യപാടവമാണ് ഗുപ്ത സീനിൽ പടർത്തിയത്.
“വിരലുകൾ,
മറ്റു വിരലുകൾക്ക് പലകാര്യങ്ങളും പറഞ്ഞു കൊടുക്കുന്നു.
തൊണ്ടക്കുഴിയിൽ ഒരു ബ്ലേഡ് വെക്കുന്നതുപോലെ വിരലുകൾ ആ മൂർച്ചയെ പ്രേരിപ്പിക്കുന്നു.
കഴുത്തിലേക്ക് ആഴ്ന്നിറങ്ങാൻ
തൊലിയിലൂടെ രക്തത്തിലേക്കു പടരാൻ
ആ മൂർച്ചയിലൂടെ നീങ്ങി നീങ്ങി
മാംസത്തിന്നടരുകളിലേക്ക്
അസംഖ്യം കാറ്റുകുഴലുകളിലേക്ക്…”
സിനിമയും കവിതയും തമ്മിൽ ഇടകലർന്നു നിൽക്കുന്ന അപൂർവ്വാനുഭവങ്ങളുടെ കാഴ്ചയും അനുഭവവുമാണ് ബുദ്ധദേവിന്റെ സിനിമകളും കവിതകളും. അദ്ദേഹത്തിന്റെ കവിതകൾ ചലച്ചിത്രമാണോ, ചലച്ചിത്രങ്ങൾ കാവ്യാത്മകമാണോ എന്നു മാത്രമാണ് സംശയം. തന്റെ പല ചിത്രങ്ങളുടെ രൂപത്തിലും (form) ഘടനയിലും (structure) സ്റ്റൈലിലും ഡിസൈനിലും തന്റേതായ സ്വത്വകൽപനകൾ കൊണ്ടുവരുന്നതിലദ്ദേഹം ഏറെ ശ്രദ്ധിച്ചു.
ഏകാന്തതയുടെ പടവുകൾ
പലസിനിമകളിലായി പടർന്നു കിടക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഏകാന്തതയുടേയും അന്യവത്കരണത്തിന്റേയും മറക്കാനാവാത്ത ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. ലോക സിനിമകളിൽ തന്നെ അടയാളപ്പെടുത്തപ്പെട്ട നിമിഷങ്ങളാണവ. യാഥാർത്ഥ്യത്തിന്റേയും അയാഥാർത്ഥത്തിന്റേയും
ഇടയിൽ അന്യവത്കരിക്കപ്പെട്ടു കിടക്കുന്ന ലോകത്തിന് തന്റെ സിനിമകളിലൂടെ ശബ്ദം പകരാൻ ശ്രമിക്കുമ്പോഴൊക്കെ സർറിയലിസ്റ്റിക് സമീപനങ്ങളിലേക്ക് അദ്ദേഹം കടക്കുന്നത് നമുക്ക് കാണാനാകും. കാഴ്ചയെ കവിതയാക്കാനാണ് ബുദ്ധദേവ് ശ്രമിക്കുന്നത്. അപ്പോൾ തന്നെ മാജിക്കൽ റിയലിസത്തെയും, ഒട്ടും മെരുങ്ങാത്ത അതിന്റെ രീതികളെയും ഉപയോഗിച്ചുകൊണ്ട് സാമൂഹ്യപ്രസക്തമായ പല ആശയങ്ങളും രൂപീകരിച്ചുകൊണ്ട് ഒരു ലോകം സൃഷ്ടിക്കാനും ആ ലോകത്തെ അരികുവത്കരിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കാനുമുള്ള സാഹസികതയാണദ്ദേഹം സ്വാംശീകരിച്ചെടുത്തത്.
അന്നത്തെ കാഴ്ചാസമൂഹം അത്രത അലിവോടെയല്ല കണ്ടതെങ്കിലും, ബുദ്ധദേവിന്റെ സിനിമകൾ എപ്പോഴും സ്വപ്നസദ്യശമായ ഒരു യാഥാർത്ഥ്യത്തെ ആവിഷ്കരിച്ചു. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിലൂന്നി നിന്നുകൊണ്ട് ചലച്ചിത്രങ്ങളെ സമീപിച്ച സംവിധായകനല്ല അദ്ദേഹം, ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ എന്ന് അദ്ദേഹത്തെക്കുറിച്ചു പറയാൻ എളുപ്പമാണ്. പക്ഷെ, അതിനപ്പുറത്തേക്ക് സമാന്തര സിനിമയുടെ ഏറ്റവും ശക്തനായ വക്താവ് എന്നദ്ദേഹത്തെ വിളിക്കുകയാണ് ഉത്തമം. കലാത്മക മൂല്യങ്ങളുള്ള സിനിമകളുടെ പാറ്റേണുകളിൽ ഒരേസമയം അദ്ദേഹം കമേഴ്സ്യൽ സിനിമകളുടെ ചേരുവകളും കൂടി ചേർക്കുകയായിരുന്നു. ആദ്യചിത്രങ്ങളായ ദൂരത്വ (1978) ഗൃഹയുദ്ധ (1982) ആന്ധി കലി (1984) എന്നിവ ഒരു ചലച്ചിത്രത്രയമായാണ് കണക്കാക്കപ്പെടുന്നത്. പ്രത്യയശാസ്ത്രപരമായി ഇടിവുകളുടെയും മൂല്യ വിചാരങ്ങളുടെയും പുനർവിചിന്തനങ്ങളോടും, സ്വത്വപ്രതിസന്ധികളോടും അദ്ദേഹം പ്രകടിപ്പിച്ച ദൃശ്യാവിഷ്കാരപ്രതികരണങ്ങളായിരുന്നു ഈ ചലച്ചിത്രങ്ങൾ.
ദുരത കൈകാര്യം ചെയ്തത് വിവാഹം, വിവാഹമോചനം പുതിയ ജീവിതത്തിലേക്കുള്ള പ്രതീക്ഷ എന്നിവയാണ്. ഗൃഹ യുദ്ധയാകട്ടെ ഒരു അന്വേഷണാത്മക സ്വഭാവമുള്ള സിനിമയുമായിരുന്നു. ചരാചർ ആരംഭിക്കുന്നത് പക്ഷികളുടെ വിശാലദൃശ്യത്തിൽ നിന്നാണ്. അവസാനിക്കുന്നതും അതേ ദൃശ്യത്തിലേക്ക് ഒരു മനുഷ്യൻ കൈകൾ വിരിച്ച് ഓടിച്ചെല്ലുന്നതായാണ്. പക്ഷികളും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ അംശങ്ങൾ ചരാചറിലുണ്ട്. ലഹീന്ദറിന് പക്ഷികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാനാവുന്നുണ്ട്. കൂട്ടിൽ നിന്നയാൾ പക്ഷികളെ ഏറെ കൗശലത്തോടെ പിടിക്കുന്നുണ്ട്. പക്ഷെ അയാൾക്ക് അവയെ വിൽക്കാനല്ല; പറത്തി വിടാനാണ് താത്പര്യം. പക്ഷിയെ ഒരാൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതിന്റെ ചില കാഴ്ചകൾ കൻ ചരാചറിലുണ്ട്. ഒരാൾ സ്വന്തം ഉടലിനെ തൊടുംപോലെയാണ് ലഹീന്തർ പക്ഷികളെ തൊടുന്നത്. അവർ കൂട്ടിൽ കിടക്കുന്നത് അയാൾക്ക് സഹിക്കാനാവുന്നില്ല. മനുഷ്യൻ എന്നതിലുപരി, അയാൾക്കുള്ളിലെ സ്വാതന്ത്ര്യദാഹിയാണ് ആ പക്ഷികളുമായി സംവദിക്കുന്നത്. സ്വാഭാവികമായി പക്ഷികളെ വിറ്റുകിട്ടുന്ന പണം അയാൾക്ക് കുറഞ്ഞുവരുന്നു. പക്ഷികളെ ഏൽപ്പിക്കാമെന്ന ഉറപ്പിലയാൾ വാങ്ങിയ മുൻകൂർ പണം അയാളെ കടക്കാരനാക്കുന്നു. ലഹീന്ദറിന് ജീവിതത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ പക്ഷികളോടാണ് കൃത്യമായ സംവേദനം സാധ്യമാകുന്നത്. ലോകസിനിമയിൽത്തന്നെ പക്ഷികളെ പല രീതിയിൽ ചിത്രീകരിച്ച പ്രമുഖരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ബുദ്ധദേവ് ദാസ് ഗുപ്ത.
എല്ലാ മനുഷ്യരോടൊപ്പവും പക്ഷികളുമുണ്ട്. ഒരു പക്ഷേ ആഖ്യാനത്തിലും ചലനത്തിന്റെ സ്റ്റൈലിലും വരെ പക്ഷികൾ പ്രധാന പങ്കുവഹിക്കുന്ന ഒരുപാട് ചിത്രങ്ങളുണ്ട്. എമയെർ കുസ്തോറിക്കയുടെ “ഓൺ ദി മിൽക്കി റോഡി”ലെ വെളുത്ത അരയന്നങ്ങൾ, ഫാൽക്കൺസിലെ വലിയ ഉടലുള്ള പക്ഷികൾ, സെവൻത് സീലിലെ കടൽക്കാക്കകൾ, ഹവേഴ്സിൽ മണ്ണിനോട് കൊക്കു ചേർത്തുമരിച്ചു കിടക്കുന്ന പക്ഷി.
1963ലെ ” ദി ബേർഡ്”.
പക്ഷികൾ!
പക്ഷി സാന്നിധ്യങ്ങളുള്ള സിനിമകൾ എന്റെ കാഴ്ചയുടെ ഏറ്റവുമടുത്ത ഒരിടം എപ്പോഴും അപഹരിക്കുന്നുണ്ട്. പക്ഷികൾ കവിതകളാകുന്ന അപൂർവ്വാനുഭവം പിന്നീട് കാഴ്ചയായിപ്പറന്നു പോകുമ്പോൾ,….ഞാൻ എന്നിലേക്ക് തിരിച്ചു വരുന്നു. ദൂരങ്ങൾ അദ്ദേഹത്തിന് കവിതയിൽ ചേർത്തു വെക്കുന്ന രണ്ട് വാക്കുകൾ പോലെയാണ്. സൗന്ദര്യം ആത്യന്തികമായി ഭാഷയിലാണ് എന്ന ദരിദയുടെ സങ്കൽപ്പം പോലെ, ഭാഷയുടെ വാക്കിന്റെ കരുത്തിൽ അദ്ദേഹം ആഴത്തിൽ വിശ്വസിച്ചു. തന്നെത്തന്നെ മുഖാമുഖം കാണും പോലെ.
ഒരു കണ്ണാടിയിൽ
നോക്കി
ഒരു കവിക്ക്
നിൽക്കാനാവും”
എന്ന അദ്ദേഹത്തിന്റെ വരികൾ ഈ അനുഭവത്തെ ദൃഢപ്പെടുത്തുന്നു. ബുദ്ധദേവിന്റെ ഉള്ളിലെ കവിതയാണ് അദ്ദേഹത്തിന്റെ എല്ലാ ചലച്ചിത്രങ്ങളിലും കലയുടെ അടിസ്ഥാനതത്വമായി നിലനിൽക്കുന്നത് എന്നെനിക്കു തോന്നുന്നു. ഭാഷയിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന അതീവസൂക്ഷ്മത, അതുപോലെ തന്നെ അദ്ദേഹത്തിന്റെ സിനിമകളിലുമുണ്ട്. ദൂരത്വയിലദ്ദേഹം ആവിഷ്കരിച്ച പ്രമേയത്തിൽ ആത്മാംശങ്ങൾ ഏറെയുണ്ട്.1970 കളിലെ കൽക്കത്തയിലെ നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയെക്കുറിച്ചും രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചുമൊക്കെ സിനിമ ചർച്ച ചെയ്യുന്നുണ്ട്. മറ്റൊരർത്ഥത്തിൽ സിനിമയിലെ ഭാഷയിലേക്ക് യാഥാർത്ഥ്യവും കാവ്യാത്മകവുമായ ഭാഷണത്തിന്റെ അംശങ്ങൾ കലർത്തി,അത് ബാലൻസ് ചെയ്ത് സിനിമ നിർമ്മിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മേന്മ.
നമുക്കു ചുറ്റും ഇപ്പോഴുമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഭൂമിയും പരിസരങ്ങളുമാണ് ബുദ്ധദേവിന്റെ സിനിമകളിൽ. ചാരാചർ,ടോപ്പ് തുടങ്ങിയ എത്രയോ സിനിമകളിൽ മനുഷ്യരെയും പ്രകൃതിയെയും മരങ്ങളെയും ശാഖകളേയും വേരുകളെയുമൊക്കെ സമയത്തിന്റെ നീക്കിവെയ്പ്പുകളായദ്ദേഹം കണ്ടെടുത്തു. മനുഷ്യരുടെ തെരഞ്ഞെടുപ്പിലുമുണ്ട് ഈ വൈവിധ്യങ്ങൾ, അവ, സിനിമക്കുവേണ്ടി ഒതുക്കി വെക്കുകയല്ല, നാടോടികളും സംഗീതജ്ഞരും യാത്രക്കാരും സാധാരണ മനുഷ്യരും അതാത് സ്ഥലങ്ങളിൽ (space ) സ്വന്തം കർതൃത്വം അനുവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സിംഫണിയാണ് ബുദ്ധദേവ് ദാസിന്റെ കവിതകൾ,സിനിമകൾ. അദ്ദേഹത്തിന്റെ ഭൂപ്രദേശങ്ങൾ കാണുന്ന ഒരു കാഴ്ചക്കാരന് ഒരിക്കലും അതൊരു അപരിചിതദേശമായി അനുഭവപ്പെടുകയില്ല എന്ന് തോന്നിയിട്ടുണ്ട്. മനുഷ്യരെയും വസ്തുക്കളെയും പ്രകൃതിയെയും ചേരുംപടി ചേർക്കുന്ന അപൂർവ്വമായ അനുഷ്ഠാനകല അദ്ദേഹം തന്റെ സിനിമകളിൽ കൊണ്ടുവന്നു. കാഴ്ചക്കാർ യാഥാർത്ഥ്യത്തിന്റെയും അഥാർത്ഥ്യത്തിന്റെയും സർറിയലിസത്തിന്റെയും ഇടയിൽപ്പെട്ടുപോവുകയാണ്.
തർക്കോവ്സ്കിയെപ്പോലെ സമയത്തെയും സ്ഥലത്തെയും എത്ര മനോഹരമായാണ് ബുദ്ധദേവ് മെരുക്കിയെടുക്കുന്നത്.! കൽക്കത്ത കോളേജിൽ സാമ്പത്തിക ശാസ്ത്രവിഭാഗം അധ്യാപകനായിരുന്ന ബുദ്ധദേവിന്റെ മനസ്സ് പുസ്തകങ്ങൾക്കിടയിലായിരുന്നില്ല. ദൂരത്വയിലും, ആന്ധിഗലിയിലും ആ
സംഘർഷങ്ങൾ കൃത്യമായി കാണാൻ കഴിയും. 1989ൽ ഇറങ്ങിയ ബാഘ് ബഹാദൂർ സ്വന്തം ഉടലിൽ കടുവകളെയും വലിയ വരകളും കള്ളികളും വരക്കുന്നു. ലോങ്‌ഷോട്ടുകളും ട്രാക്കിംഗ് ഷോട്ടുകളും ധാരാളമടങ്ങിയ അദ്ദേഹത്തിന്റെ ചലച്ചിത്രാഖ്യാന രീതി തിരക്കഥയുടെ അയഞ്ഞ ചലനങ്ങളെ വിടർത്തുന്നുണ്ട്. ചിലപ്പോൾ ബുദ്ധദേവിന്റെ എല്ലാ കഥാപാത്രങ്ങളും അതിതീവ്രമായ അന്തരീക്ഷ പ്രക്ഷോഭങ്ങളുടെയും വൈയക്തികാനുഭവങ്ങളുടെയും ഇടയിൽ ജീവിക്കുന്നവരാണ്. നീം, അന്നപൂർണ്ണ എന്നീ സിനിമകളൊക്കെത്തന്നെ ഏറെക്കുറേ ഈ വ്യത്യസ്തതകളെ കൈയ്യേൽക്കുന്നുണ്ട്.
ഒരു കവിയെ സംബന്ധിച്ചിടത്തോളം ചലച്ചിത്രകാരനാകുകയെന്നത് എളുപ്പമാണെന്ന് ബുദ്ധദേവിനെ കാണുമ്പോൾ തോന്നിയേക്കാം. അദ്ദേഹം അത് പ്രാവർത്തികമാക്കിയത് ദൃശ്യങ്ങളെയും ശ്രവ്യങ്ങളെയും കൃത്യമായ തെരഞ്ഞെടുപ്പോടെ സമ്മേളിപ്പിക്കുന്നതിലൂടെയായിരുന്നു. ഭാഷയിൽ കവി ചെയ്യുന്നതുപോലെത്തന്നെയാണ് ചലച്ചിത്രകാരനെന്ന നിലയിൽ ബുദ്ധദേവ് സിനിമയുടെ ഭാഷയെയും കാവ്യവത്കരിച്ചത്. താളത്തിന്റെയും ചലനത്തിന്റെയും സന്തുലനം, രൂപം, ഘടന എന്നിവയുടെ കൃത്യത എന്നത് മറ്റേത് കലകളിലുമെന്നപോൽ സിനിമയിലും അത്യന്താപേക്ഷിതമാണ് എന്നദ്ദേഹം തിരിച്ചറിഞ്ഞു.
“ഫേര”യുടെ തുടക്കത്തിൽ ഒരാളുടെ മുഖത്ത് പലതരത്തിലുള്ള ചായങ്ങൾ തേക്കുന്ന ഒരു ദൃശ്യമുണ്ട്. സൂക്ഷ്മമായി ആ മുഖത്തെ മറ്റൊരു അവസ്ഥയിലേക്ക് പടർത്തുന്നുണ്ട്. ചിത്രം അവസാനിക്കുന്നിടത്തും
ഒരു സ്ത്രീയുടെ സമീപദൃശ്യം കാണാം. അത് പതുക്കെ ഓടിപ്പോകുന്ന കുട്ടിയുടെ എക്സ്ട്രീം ലോങ്ങ് – മിഡ് ഷോട്ടുകളിലേക്ക് പരിവർത്തിപ്പിക്കുന്നു.
കവിതയാണ് ഗുപ്തയുടെ ചലച്ചിത്രങ്ങൾ എന്ന് അനുഭവിച്ചറിയുന്ന ചില സാന്നിധ്യങ്ങൾ തർക്കോവിസ്കിയുടെ ചില ഫ്രെയിമുകൾ കവിതയായി മാറും പോലുള്ളതാണ്. സാക്രിഫൈസ്, നൊസ്റ്റാൾജിയ എന്നീ സിനിമകളിലെ ചില ദൃശ്യങ്ങൾക്ക് അപൂർവ്വമായ കാവ്യസൗന്ദര്യമുണ്ടല്ലോ! ബുദ്ധദേവ് ദാസ് ഗുപ്തയോട് തർക്കോവ്സ്കിയെ മാത്രമല്ല ചേർത്തു കാണാനാവുക, യാങ്ങ് ചേയും ബുനുവലിനെയുമൊക്കെയാണ്. അവരുടെ വേറിട്ട നടത്തങ്ങൾ ബുദ്ധദേവ് ദാസ് ഗുപ്തതയിൽ ധാരാളമായുണ്ടെങ്കിലും അവരുടെ യൂറോ
കേന്ദ്രീകൃതമായ വ്യവഹാരങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ ഗുപ്തക്കു കഴിഞ്ഞിട്ടുമുണ്ട്. അത് അദ്ദേഹത്തിനുള്ളിൽ കവിതയുണ്ടായിരുന്നതുകൊണ്ടുമാണ് എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകുന്നു.
ബുദ്ധദേവിന്റെ ഏറ്റവും കാവ്യാത്മകമായ ചലച്ചിത്രം “ഫേര” ആണ്. ഇതിൽ കവിതയും സിനിമയുമായുള്ള ബന്ധം ഏറെ കൂടുതലാണ്. എവിടെയാണ് വാക്കുകൾ ചലച്ചിത്ര ഭാഷയിലേക്ക് പടരുന്നത് എന്ന് തിരിച്ചറിയാനാവാത്ത വിധം കവിത കലർന്ന ഒരു ചിത്രമാണിത്. ചലച്ചിത്രകാരന്റെ ചിന്തയിൽ നിന്ന് രൂപപ്പെട്ടുവരുന്ന ഇമേജുകളുടെ സംവേദനത്തിൽ സമൃദ്ധമായി ഉപയോഗിക്കപ്പെട്ട ഇമേജുകൾ പലതും തത്വചിന്താപരമായ വികാസസാധ്യതകളോടെയാണ് സിനിമകളിലദ്ദേഹം വിന്യസിച്ചിരിക്കുന്നത് എന്ന് കാണാം. മനുഷ്യർക്കിടയിലെ പാലങ്ങളോ ചെറിയ നിഴലുകളോ, വിദൂരങ്ങളെ, സമീപങ്ങളെ, ഭ്രമാത്മകതയെ എത്രയെളുപ്പമാണ് ഒരാൾ കവിതയിലേക്കും അവിടെ നിന്ന് സിനിമയിലേക്കും കലർത്തുന്നത്; ജലസമൃദ്ധമായ നിറക്കൂട്ടുകൾ ഇരുട്ടും വെളിച്ചവും കലർന്ന പ്രതലത്തിലേക്ക് പടരുംപോൽ.
സ്വപ്നങ്ങളെത്തേടി നടക്കുന്ന ഒരു കവിയെ ഒരു പക്ഷേ ബുദ്ധദേവ് ജീവിച്ചിരുന്നുവെങ്കിൽ ചലച്ചിത്രത്തിലേക്ക്
പടർത്തിയേനെ. ഇലകളും പക്ഷികളും, കണ്ണുകളും കലർന്ന ഒരു സ്വപ്നത്തിൽ നിന്നാണ് ഞാനിപ്പോഴും ആ ചലച്ചിത്രങ്ങൾ കാണുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല