അനിലേഷ് അനുരാഗ്
ഭയത്തിൻ്റെ സിംഹഭാഗവും സാംസ്കാരികമാണ്. ചെറുതോ,വലുതോ ആയ അപ്രതീക്ഷിത സംഭവങ്ങളോട് ശരീരവും, മനസ്സും നടത്തുന്ന അനൈച്ഛികമായ, ഞെട്ടിത്തരിക്കൽ – പ്രതികരണങ്ങളെ മാറ്റിനിർത്തിയാൽ, ഭയം, സംസ്കാരം നമ്മളിൽ ആദിയിൽ നട്ട വിത്തിൻ്റെ അസമയത്തുള്ള പുഷ്പിക്കലാണ്. ഓരോ സംസ്കാരവും അതിൻ്റെ അനന്യഭയങ്ങളെ കാലാകാലങ്ങളിൽ ഉല്പാദിപ്പിക്കുകയും,ബഹുവിധങ്ങളായ കഥപറച്ചിലുകളിലൂടെ അവ നിലനിർത്തുകയും ചെയ്യും. ഒന്നു ശ്രദ്ധിച്ചാൽ കാണാം, ഭയത്തിന് ഓരോ സംസ്കാരത്തിലും വ്യതിരിക്തമായ ഒരു സൗന്ദര്യശാസ്ത്രം കൂടിയുണ്ടെന്ന്. മറ്റൊരു കാരണം കൊണ്ടല്ല ഒരിടത്തെ ഭയം മറ്റൊരിടത്തെയും, മറ്റൊരു കാലത്തിലെയും ഹാസ്യം പോലുമായി മാറുന്നത്.
മലയാളിയുടെ ഭീതിയുടെ ഭൂമികയിലെങ്ങും സമാനതകളോ, താരതമ്യങ്ങളോ സാധ്യമാകാത്ത വിധം രൂഡമൂലമായ ഒരു വാങ്മയചിത്രമാണ് യക്ഷിയുടേത്. ഈ ഭൂമിമലയാളത്തിൽ ദേശവ്യത്യാസങ്ങൾക്കെല്ലാം അതീതമായി,എന്നാൽ പ്രാദേശിക പാഠഭേദങ്ങളെയെല്ലാം സ്വാംശീകരിച്ചു കൊണ്ട് കൂടിയോ,കുറഞ്ഞോ, കാലാതീതമായി നിലനില്കുന്ന ഒരു ‘ഭയങ്കര’ പുരാവൃത്തമാണ് ‘യക്ഷി’യുടേത്. ഏച്ചിമാരുടെ മടിയിലിരുന്ന്, അവരുടെ സംസാരം ഒരക്ഷരം പോലും, ഒരു തുപ്പലുപോലും വിടാതെ ഒപ്പിയെടുത്തുകൊണ്ടിരുന്ന എൺപതുകളിലെവിടെയോ ആണ് എൻ്റെ ബാല്യം ഉള്ളിൽ നടുക്കമുണ്ടാക്കുന്ന ആ വാക്ക് കേട്ടിട്ടുണ്ടാവുക. ഒരേ സമയം ആകർഷണവും, വികർഷണവുളവാക്കുന്ന ഭയത്തിൻ്റെ അപ്രതിരോധ്യ – മാസ്മരികതയിൽ നിന്ന് എനിക്കെന്നല്ല, ഒരു കുട്ടിക്കും തെന്നിമാറാൻ കഴിയില്ല. തുടർന്നു വന്ന കാലങ്ങളിൽ ഞാൻ ‘യക്ഷി’യോട് കൂടുതൽ അടുക്കുകയും, അവളെ കൂടുതൽ ഭയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാലം ചെല്ലെ, ‘യക്ഷി’യുമായുള്ള ഓരോ ‘അഭിമുഖങ്ങളും’എൻ്റെ ഭയമെന്ന അനുഭൂതിയെ കൂടുതൽ സൂക്ഷ്മവും,അനുഭവവേദ്യവുമാക്കി മാറ്റിയെന്ന് തോന്നുന്നു.
പദോൽപ്പത്തിയിൽ ‘യക്ഷി’യിൽ ഭീതിയുടെ ലാഞ്ചന പോലുമില്ല എന്നത് ഒരു കൗതുകകരമായ കാര്യമാണ്. പ്രാചീന ദൈവശാസ്ത്രമനുസരിച്ച് ഗഗനചാരികളായ സിദ്ധ-കിന്നര-ഗന്ധർവ്വ-വിദ്യാധര-ചാരണന്മാരുടെ വർഗ്ഗത്തിലെ സൗന്ദര്യവും, കലാപ്രാവീണ്യവും മികച്ചുനില്കുന്ന ഉപദേവതമാരാണ് യക്ഷന്മാരും, അവരുടെ സ്ത്രീഭാവമായ യക്ഷികളും. ബുദ്ധ-ജൈന മതങ്ങളിൽ,പ്രത്യേകിച്ച് വജ്രായനത്തിൽ, സാധകന്/ധ്യാനിക്ക് അതീന്ദ്രിയാനുഭവങ്ങൾ പ്രദായനം ചെയ്യുന്ന വിശിഷ്ടദേവതകളാണ് യക്ഷികൾ; തന്ത്രയിൽ, കുണ്ഡലിനീശക്തിയുണരുമ്പോൾ സ്വായത്തമാകുന്ന യക്ഷിണീ-യോഗിണീ സിദ്ധികളെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളുണ്ട്. പക്ഷെ, ആദ്യകാലത്ത് സമ്പത്തിൻ്റെ സദ്-ദേവവതമാരായി ആരാധിക്കപ്പെട്ടിരുന്ന അവർ കാലക്രമേണ ഊർവ്വരതയുടെ ഉടമകളായ ഭീകരരൂപിണികളായി മാറുകയായിരുന്നു എന്ന് പ്രാചീന ഇന്ത്യാ-ചരിത്രപഠനങ്ങൾ വെളിപ്പെടുത്തും.
ടിബറ്റിലും, ബംഗാളിലും പ്രചരിച്ച ഈ യക്ഷി-സങ്കല്പങ്ങൾക്ക് കേരളത്തിലും, തമിഴ്നാടിലും, കർണ്ണാടകത്തിൻ്റെ ചില ഭാഗങ്ങളിലും കേട്ടുവരുന്ന യക്ഷിക്കഥകളുമായി യാതൊരു ബന്ധവുമില്ലെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും. ‘പൊതുവേ വേഷം മാറുകയും, ജനപീഡ ചെയ്യുകയും ചെയ്യുന്ന ഒരുതരം പിശാച്’ എന്ന് ശ്രീകണ്ഠേശ്വരം തൻ്റെ ശബ്ദതാരാവലിയാൽ നിർവ്വചിക്കുന്ന ‘യക്ഷി’യാണ് മലയാളികൾക്ക് എന്നും പരിചിത. അപമൃത്യുവടഞ്ഞ സ്ത്രീ (പൊതുവെ യുവതി) പ്രതികാരാഗ്നിയുമായ് ഉയിർത്തെഴുന്നേല്കുന്ന പ്രാദേശിക യക്ഷി-പുരാവൃത്തങ്ങളുടെ പ്രാഗ് രൂപം. ‘ഐതിഹ്യമാല’ യിൽ കള്ളിമുൾച്ചെടിയെ മാത്രം സാക്ഷിയാക്കി ”കള്ളിയേ,നീയേ സാക്ഷി !!” എന്ന ആത്മരോദനത്തോടെ പഞ്ചവൻകാട്ടിൽ ക്രൂരമായി ചതിച്ചുകൊല്ലപ്പെട്ട ഗർഭിണിയുടേതാണ്. അവിടെ ഉയിർത്തെഴുന്നേറ്റ അമാനുഷികതയാണ് കേരളം മുഴുവൻ പിന്നീട് കഥകളിലൂടെ വിറപ്പിച്ച കള്ളിയങ്കാട്ട് നീലിയായി മാറിയത്. തലയിൽ കയറിയ ഇരുമ്പുനാരായവുമായി കടമറ്റത്ത് കത്തനാരെ കബളിപ്പിച്ച കുമാരപുരം, പഴവങ്ങാടി യക്ഷികൾ നീലിക്ക് ശേഷമുള്ള കേരളമാതൃകകളായി. തമിഴ്നാട്ടിൽ അവർ ‘ഇയക്കി/ഇശക്കി’ എന്നറിയപ്പെടുകയും, കാലക്രമേണ ആരാധനാമൂർത്തികളായിത്തീരുകയും ചെയ്തു എന്ന് കാണാൻ കഴിയും. തമിഴ്, മലയാളവുമായി കൂടിക്കലർന്ന നാഞ്ചിനാട്ടിൽ സംസ്കാരസങ്കലനത്തിൻ്റെ യക്ഷിക്കഥകളുമുണ്ടായി: നാക്ക് പിഴുത് മരിച്ച് മേലാങ്കോട്ട് യക്ഷിയായി മാറിയ ഉമ്മിണിത്തങ്ക; മാതുലനായ കുടമൺപിള്ളയാൽ വധിക്കപ്പെട്ട് യക്ഷിയമ്മയായ് ആരാധിക്കപ്പെട്ട ചെമ്പകം അക്കൻ എന്ന സുഭദ്ര. ഇതേ സമയം, സമാന്തരമായി, സ്വയംഭൂവായ യക്ഷികളുടെ കഥകളും മലയാളത്തിലുണ്ടായിട്ടുണ്ട്: ചോറ്റാനിക്കര അമ്മയാൽ ഗളച്ഛേദം ചെയ്യപ്പെട്ട യക്ഷിയും, സൂര്യകാലടി ഭട്ടതിരിയാൽ സംഹരിക്കപ്പെട്ട്, അദ്ദേഹത്തെ ശപിച്ചു മറയുന്ന യക്ഷിയും വിധിയാൽ സൃഷ്ടിക്കപ്പെട്ട പൈശാചിക ശക്തികളായിരുന്നു. രക്തദാഹികളായി പ്രത്യക്ഷപ്പെട്ടെങ്കിലും, മുന്നിൽപ്പെട്ട മഹാമാന്ത്രികരുടെ അപേക്ഷയാലും, ചിലപ്പോൾ മന്ത്രശക്തിയാലും, വിളക്കുപിടിച്ച് സത്യം ചെയ്ത് ദേശസംരക്ഷകരായ ദേവതമാരായി (അത്യപൂർവ്വമായി അവരുടെ പ്രണയിനിമാരും) മാറിയ യക്ഷികളുടെ ചരിത്രവും നമ്മുടെ നാടുകളിൽ സുലഭമാണ്.
മലയാളത്തിലെ ലിഖിതസാഹിത്യം സിനിമയിലൂടെ ദൃശ്യരൂപമാർന്നു വന്ന ആദികാലം മുതൽ അത് ‘യക്ഷി’യെയും വഹിയ്ക്കുന്നുണ്ടായിരുന്നു എന്ന് കരുതണം. ബഷീറിൻ്റെ ‘ഭാർഗ്ഗവീ നിലയ’വും, മലയാറ്റൂരിൻ്റെ ‘യക്ഷി’യും, പി.വി.തമ്പിയുടെ ‘ശ്രീകൃഷ്ണപ്പരുന്തും’, മോഹനചന്ദ്രൻ്റെ ‘കലിക’യും പദങ്ങൾക്ക് ദൃശ്യഭാഷ നല്കപ്പെട്ട എണ്ണം പറഞ്ഞ യക്ഷിക്കഥകളായിരുന്നു. ഭയത്തിൻ്റെ ലാവണ്യം നിറഞ്ഞൊഴുകിയതാണ് അവയിലെ ഗാനങ്ങളും, ശബ്ദ- വെളിച്ച ക്രമീകരണങ്ങളും, കഥാകഥന രീതികളും. ഒന്ന് മറ്റൊന്നിലേക്ക് മഞ്ഞുപോലെ അലിഞ്ഞുമായുന്ന ‘ഭാർഗ്ഗവിനിലയ’ത്തിലെ ഫ്രെയിമുകളും; ‘യക്ഷി’യിലെയും,’കലിക’യിലേയും നിഗൂഡമായ കഥപറച്ചിലും;’ ശ്രീകൃഷ്ണപ്പരുന്തി’ലെ ”കുമാരേട്ടാ” ന്നുള്ള വിളിയും മറക്കാനാകാത്ത ആവിഷ്കാരങ്ങളായിരുന്നു. പറഞ്ഞാൽ തീരാത്തത്ര ഭീതിതമായ ദൃശ്യ-ശ്രവ്യാനുഭവങ്ങൾ മലയാളസിനിമ നമുക്ക് തന്നിട്ടുണ്ട്, എന്നാലും ഒറ്റയിരിപ്പിൽ ഓർമ്മയിൽ വരുന്ന മോശമല്ലാത്ത ‘യക്ഷി’ സിനിമ ‘ലിസ’ മാത്രമാണ്; വളരെ അകലെയായി ‘ ആകാശഗംഗ’യും. പാട്ടുകളാണെങ്കിൽ മൂന്നെണ്ണം: “നിശീഥിനീ,ഞാനൊരു രാപ്പാടി… “(‘യക്ഷഗാനം’), “നിഴലായ് ഒഴുകി വരും… (‘കള്ളിയങ്കാട്ട് നീലി’) “, പിന്നെ, “താരകങ്ങൾ കേൾക്കുന്നു… ” (‘ശ്രീകൃഷ്ണപ്പരുന്ത്’).
സാഹിത്യവും,സിനിമയും വിട്ടിറങ്ങിയ ‘യക്ഷി’കൾ നാടുവഴക്കത്തിലും സുലഭമായിരുന്നു. മുഖംനോക്കാതെ തെറിപറയാനും, അധാർമ്മികമായി പെരുമാറാനും മടിയില്ലാത്ത സ്ത്രീകൾ നാട്ടിൻപുറത്ത് ‘യക്ഷി’ എന്നറിയപ്പെട്ടിരുന്നു. മൂർച്ചകൂടിയ പച്ചത്തെറി, നാലാളുടെ മുൻപിലും മടിയില്ലാതെ വിളിച്ചിരുന്ന ഒരു പാറുവേച്ചി ഓർമ്മയിൽ വരുന്നു. അവർ ബന്ധുക്കളുടെ ഇടയിൽപ്പോലും രഹസ്യമായി വിളിക്കപ്പെട്ടിരുന്നത് ‘യക്ഷിപ്പാറു’ എന്നായിരുന്നു. അമ്മക്കുട്ടനായി വളർത്തിക്കൊണ്ടു വന്ന അരുമമകനെ പ്രേമിച്ചുവശത്താക്കി, തലയിണമന്ത്രം കൊണ്ട് തന്നിൽനിന്നും വേർപെടുത്തി എന്ന്(അകാരണമായും) ആരോപിക്കപ്പെടുന്ന മരുമകളെ അമ്മായിഅമ്മ പലപ്പോഴും ‘സ്നേഹപൂർവം’ അഭിസംബോധന ചെയ്യുന്നതും ‘യക്ഷി’ എന്നാവും. അപ്രാപ്യയും, അതിസുന്ദരിയുമായ അന്യനാട്ടുകാരിയെ അസൂയക്കാരായ അയൽക്കാർ വിളിക്കുന്നതും അങ്ങിനെത്തന്നെയാവും.
അമ്മയുടെ മടിയിലിരുന്ന്, ചെവിപൊത്തി ‘ശ്രീകൃഷ്പ്പരുന്ത്’ കണ്ട; ‘ലിസ’ കണ്ടതിൻ്റെ ഒരാഴ്ച രാത്രി പുറത്തുപോയി മൂത്രമൊഴിക്കേണ്ട എന്ന് തീരുമാനിച്ച കാലമൊക്കെ എന്നോ കഴിഞ്ഞുപോയി. ഭയത്തിൻ്റെ നിർമ്മിതിയും, അതിൻ്റെ ലാവണ്യശാസ്ത്രവും പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന മാഷായി; മനുഷ്യൻ പഴയ ഭയങ്ങളെ മറികടക്കുന്നതും പുതിയ ഭയങ്ങളെ രൂപപ്പെടുത്തുന്നതും കൗതുകത്തോടെ
വീക്ഷിക്കുന്ന ആളായി. എങ്കിലും നിലാവുള്ള രാത്രിയിൽ ചുണ്ണാമ്പുചോദിക്കുന്ന ഭീതിയുടെ പുരാവൃത്തങ്ങളൊന്നും ഇന്നും ശ്രദ്ധിയ്ക്കാതെ പോകാറില്ല, ഈ ഭൂമിയിലെ ഭയങ്ങളെ അവഗണിയ്ക്കാൻ തോന്നാറില്ല.
(ലേഖകൻ എഴുതിയ ഭീതിജനകമായ എട്ട് കഥകളുടെ സമാഹാരം വൈകാതെ പുറത്തിറങ്ങുന്നു)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല