ഒറ്റച്ചോദ്യം – വീരാൻകുട്ടി

0
211

അജു അഷ്‌റഫ് / വീരാൻകുട്ടി

“Art for art sake, കല കലയ്ക്ക് വേണ്ടി..”

ഫ്രഞ്ച് തത്വചിന്തകനായ വിക്ടർ കസിൻ ഉയർത്തിയ, പിന്നീട് ഓസ്കാർ വൈൽഡിലൂടെ പ്രസിദ്ധിയാർജിച്ച ഈ മുദ്രാവാക്യം സാഹിത്യത്തിന്റെ കാര്യത്തിലും മുഴങ്ങിക്കേൾക്കാറുണ്ട്. വീരാൻകുട്ടി ഈ നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ? അതോ, സാഹിത്യകാരന് സമൂഹത്തോട് കൃത്യമായ പ്രതിബദ്ധതയുണ്ടെന്ന വിശ്വാസമാണോ കൈമുതൽ?

 

എഴുത്തുകാരന്റെ / എഴുത്തുകാരിയുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുള്ള ചോദ്യത്തിന് ഒരുപാട് കാലത്തെ പഴക്കമുണ്ട്. ഇനിയുമാ ചോദ്യം ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. കാരണം, വളരേ സങ്കീർണമായൊരു വിഷയമാണ് എഴുത്തുകാരനും സമൂഹവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ളത്. മനുഷ്യൻ വളരേ വേഗത്തിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. രാഷ്ട്രീയമല്ലാത്തതൊന്നും ഈ ലോകത്തില്ല എന്ന് പറയത്തക്ക രീതിയിൽ, എല്ലാ വസ്തുക്കളും ‘രാഷ്ട്രീയ അർത്ഥം’ കൈവരിക്കുന്ന കാലം. കുടിവെള്ളമായാലും, ക്രൂഡോയിലായാലും, ഏത് വസ്തുവായാലും സമരങ്ങളുടെ ഭാഗമാവുന്ന, ചേർത്ത് വായിക്കപ്പെടുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ, എഴുത്തുകാരന് മാത്രം തന്റെ ശുദ്ധ സൗന്ദര്യ ആവിഷ്കാരത്തിൽ ഒതുങ്ങിക്കൂടാനിന്ന് സാധിക്കില്ല.

തന്റെ ഓരോ എഴുത്തിലും അറിഞ്ഞോ അറിയാതെയോ അയാൾ രാഷ്ട്രീയത്തെ പ്രക്ഷേപിക്കുന്നു എന്നതാണ് വാസ്തവം. എന്നുമാത്രമല്ല, എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അയാളുപയോഗിക്കുന്ന ഭാഷ, സ്വാംശീകരിക്കുന്ന അനുഭവങ്ങൾ അതൊക്കെയും വ്യക്തിപരമാണെന്ന് പറഞ്ഞുകൂടാ. സമൂഹത്തിൽ നിന്ന് സ്വീകരിക്കുന്നതാണവ. സാമൂഹ്യ അനുഭവങ്ങളുടെ ഈർപ്പമുൾച്ചേർന്ന വാക്കാണ് കവിയെടുത്ത് കവിതയിൽ വെക്കുന്നത്. സ്വാഭാവികമായും, എഴുതി കഴിയുമ്പോൾ തന്നെ സമൂഹവുമായുള്ള ബന്ധമയാൾ സ്ഥാപിച്ചുകഴിഞ്ഞു. സമൂഹത്തോടുള്ള ഒരു ഉത്തരവാദിത്തം അയാളിൽ നിർമ്മിക്കപ്പെട്ടുകഴിഞ്ഞു. അതിനുമപ്പുറം, സമൂഹത്തിന്റെ വിവിധ ഘടനകളിലും വിതാനങ്ങളിലും പുതിയ പുതിയ മനുഷ്യജനുസ്സുകൾ ദൃശ്യമാവുന്ന, അവർക്ക് ദൃശ്യത കൈവരുന്ന കാലം കൂടിയാണിത്. സ്ത്രീകളും ആദിവാസികളും ദളിതരുമൊക്കെ സാഹിത്യത്തിൽ നിറസാന്നിധ്യമായി കടന്നുവന്നിട്ട് കാലം അധികമായിട്ടില്ല. അതിന് ശേഷം, ട്രാൻസ്‌ജന്റർ വിഭാഗവും മറ്റ് ക്വീർ വിഭാഗങ്ങളും, വിവിധ ലിംഗ വ്യവസ്ഥയിൽ കഴിയുന്ന ജനവിഭാഗങ്ങളൊക്കെയും സാഹിത്യത്തിൽ അവരുടെ പങ്ക് ചോദിച്ചുകൊണ്ട് കടന്നുവന്നുകൊണ്ടേയിരിക്കുകയാണ്. സാഹിത്യം കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുന്ന കാലം. അവിടെയൊക്കെയും സമൂഹവുമായുള്ള ഉത്തരവാദിത്തം അല്ലെങ്കിൽ, രാഷ്ട്രീയമായിരിക്കുക എന്ന ഉത്തരവാദിത്തം കവിതയ്ക്കും കവിക്കും നിറവേറ്റാതിരിക്കാൻ സാധ്യമല്ല. താൻ സൃഷ്ടിക്കുന്ന കലയെ ഏറ്റവും ശക്തമായ, മൗലികമായ, മൂർച്ചയുള്ള ഒരു കലാസൃഷ്ടിയായി മാറ്റുക എന്നതാണയാളുടെ പ്രാഥമിക ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിർവഹിച്ചു കഴിയുമ്പോൾ തന്നെ, അത്തരമൊരു സൃഷ്ടി നിർമിച്ചു കഴിയുമ്പോൾ തന്നെ അയാളുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ വലിയൊരു പങ്ക് നിറവേറ്റപ്പെട്ടുവെന്ന് നമുക്ക് പറയാനൊക്കും. സാമൂഹ്യ പ്രതിബദ്ധത എന്നത് കലയിലൂടെ സൂക്ഷ്മമായി പ്രയോഗിക്കേണ്ട ഒന്നാണെന്ന് തിരിച്ചറിഞ്ഞ്, തന്റെ കലയെ ആയുധമാക്കുക. എഴുത്താണെന്റെ രാഷ്ട്രീയം, എഴുത്തിലൂടെയാണ് സമൂഹത്തോടുള്ള എന്റെ കടം വീട്ടൽ എന്ന് തിരിച്ചറിയുന്നതായിരിക്കും, അത്തരത്തിലുള്ള ഒരു സമീപനമായിരിക്കും കൂടുതൽ ഉചിതം എന്ന് ഞാൻ വിശ്വസിക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here