നാടകനിരൂപണം
ഡോ. രോഷ്നി സ്വപ്ന
Why be a man
when you can be a success.”
– Bertolt Brecht
ആഖ്യാനത്തിന് വാക്കുകളേക്കാളേറെ നടന്റെ ശരീരം സംവദിക്കപ്പെടും എന്ന് ഉറപ്പിച്ചു പറയുന്ന ഒരു രംഗഭാഷയാണ് അമൽ രാജും രാജേഷ് ശർമയും രൂപകൽപന ചെയ്ത് പി.ജെ. ഉണ്ണികൃഷ്ണൻ രംഗത്തെത്തിക്കുന്ന ശുദ്ധമദ്ദളം എന്ന നാടകം. വേദിയിലേക്ക് ഒറ്റക്ക് നടന്നുവരുന്ന നടന്റെ ഏകാന്തതയിൽ നിന്നാണ് ഈ നാടകം ആരംഭിക്കുന്നത്. ജലത്തിന്റെയും യാത്രയുടെയും ശബ്ദമാണ് ഈ വരവിന്റെ സംഗീതം. കനത്തു കറുത്ത ഇരുട്ടിൽ അയാളുടെ പതിഞ്ഞ കാലടികൾ മരണത്തെ ആഗ്രഹിക്കുന്നു. കലങ്ങിമറിയുന്ന പുഴയുടെ കയത്തിലേക്ക് കണ്ണുമടച്ച് കുതിച്ചുചാടുന്ന ഒരു മരണനാടകമാണയാളുടെ സ്വപ്നം. മരണങ്ങൾ ഓരോന്നും വ്യത്യസ്തമാണെന്ന് അയാൾ പറയുന്നു. അപ്രതീക്ഷിതമായി അവിടെ കണ്ടുമുട്ടുന്ന ഒരപരിചിതൻ കുറച്ചുസമയംകൊണ്ട് അയാളുടെ ജീവിതത്തിന്റെ മരണയാത്രയുടെ സമാന പാളങ്ങളിലേക്ക് കയറിയിരിക്കുന്നു. മരണനിമിഷത്തെക്കുറിച്ച് വ്യക്തമായി ധാരണയുണ്ട് ആ അപരിചിതന്. ബോധം മറഞ്ഞുപോകുമ്പോഴുണ്ടാകുന്ന അവാച്യമായ ആനന്ദാനുഭൂതി ഓർത്തയാൾ കവിതപോലെ തരളിതനാകുന്നു. ജനനം മുതൽ ആ നിമിഷംവരെയുള്ള ജീവിതാനുഭവങ്ങളോരോന്നും വർണോജ്ജ്വല ചിത്രങ്ങളായി ഹൃദയഫലകത്തിൽ മിന്നുന്നത് അയാൾ ആനന്ദത്തോടെ സങ്കൽപത്തിൽ വരക്കുന്നു.
പക്ഷേ, പറിച്ചെറിയുന്ന പ്രാണന്റെ തീവ്രയാതനയെക്കുറിച്ചോർത്ത് നടൻ വ്യാകുലപ്പെടുന്നുണ്ട്. പരസ്പര പൂരിതങ്ങളായ ആഖ്യാന ശരീരങ്ങളായി അമൽ രാജും രാജേഷ് ശർമയും വേദിയിൽ അനുഭവസാക്ഷ്യങ്ങളാകുന്നു. നാടകത്തിന്റെ പൊതുശിൽപത്തെക്കുറിച്ചുള്ള മൗലികവും ജൈവികവുമായ അന്വേഷണങ്ങളുടെ ഏറെ പുതുമയേറിയ ഒരവതരണമാണ് ശുദ്ധമദ്ദളത്തിന്റെത്. എൻ.എൻ. പിള്ളയുടെ രംഗപാഠത്തെ ആരോഹണക്രമമാർന്ന വികാസത്തിലൂടെ രണ്ട് രംഗശരീരങ്ങളിലായി പരിവർത്തിപ്പിക്കുന്നുവെന്നതാണ് ശുദ്ധമദ്ദളത്തിന്റെ പ്രത്യേകത. ഓരോ കാലത്തിലും വായനയുടെ വഴികളേറി വരുന്ന ഒരു പാഠമെന്ന രീതിയിൽ ബിംബങ്ങളും നിർവഹണ പ്രക്രിയകളും രംഗസന്നിവേശവും ഏറെ കൃത്യതയോട് കൂടിത്തന്നെ ഈ നാടകത്തിന്റെ ആന്തരിക ബാഹ്യശിൽപങ്ങളെ പിന്തുടരുന്ന കാഴ്ച പ്രതീക്ഷ നൽകുന്നു.
എപ്പോഴെങ്കിലും നമ്മെ മുക്കിക്കൊല്ലാൻ പ്രാപ്തമായ ഒരു ചുഴി നിർമിക്കപ്പെടുമെന്ന് ഒരു സന്ദർഭത്തിൽ നാടകം പറയുന്നുണ്ട്. പക്ഷേ, നാം പ്രതീക്ഷിക്കുന്ന ചുഴികളിൽത്തന്നെ നാം വീണില്ലെങ്കിലോ എന്ന ഒരു മറുപുറം കൂടി ഉണ്ടുതാനും. ഇവിടെയാണ് നാടകത്തിൻറ ചലനാത്മകമായ പ്രതിക്രിയകൾ ഉയരുന്നത്. സ്വന്തം കാഴ്ചയുടെയും കേൾവിയുടെ അനുഭവത്തിന്റെയും യാഥാർഥ്യത്തെ അപഗ്രഥിക്കാനും പുനരവലോകനം ചെയ്യാനുമുള്ള ഊർജത്തിലേക്ക് മനുഷ്യപ്രകൃതിയെ കൊണ്ടെത്തിക്കാനുള്ള ആർജവം ഈ നാടകം സൃഷ്ടിക്കുന്നുണ്ട്. നാടകകൃത്തിന്റെ ആഖ്യാനത്തിൽ നിന്ന് പ്രതിഫലിക്കുന്ന ബിംബങ്ങളുടെ ശിൽപഭംഗി അമൽ രാജും രാജേഷും ചേർന്ന് നിർമിച്ചെടുക്കുന്ന ശരീരഭാഷയുടെ പ്രതിരണങ്ങൾ കാഴ്ചക്കാരിൽ അതേ അളവിൽ സംവദിക്കപ്പെടുന്നുണ്ട്. വ്യവസ്ഥാപിത ലോകത്ത് ഒരാൾ കടന്നുപോകുന്ന അതിതീവ്രമായ അവസ്ഥകളേക്കാൾ ഭീകരമാണ് നടനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കൂട്ടിമുട്ടേണ്ടിവരുന്ന ബിന്ദുക്കൾ. മരണയാത്രയിലേക്ക് നടന്നടുക്കവെ കണ്ടുമുട്ടുന്ന രണ്ടുപേർ സൃഷ്ടിച്ചെടുക്കുന്ന ചില സമവാക്യങ്ങളിൽനിന്ന് ജീവിതത്തിന്റെ പൂക്കൾ വിടരുന്നത് ഹൃദ്യമായ കാഴ്ചയാണ്. ജീവിതത്തിന്റെയും മരണത്തിൻറയും അഭിമാനത്തെ ഒരുമിച്ച് ചോദ്യം ചെയ്യുന്ന നിശ്ശബ്ദത ഈ നാടകത്തിലെ ഒരു പ്രധാന കഥാപാത്രമാണ്.
“പ്രാണവായുവിന് വേണ്ടിയുള്ള ജീവന്റെ പരാക്രമത്തിനിടയിൽ, മൃദുവായ ശ്വാസകോശത്തിന്റെ സൂക്ഷമരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറുന്ന കലക്കവെള്ളവും ചളിമണ്ണും കൂടി സ്നായുബന്ധങ്ങളും കോശഭിത്തികളും ഞെക്കിഞെരുക്കി പറിച്ചുകീറുമ്പോഴുണ്ടാകുന്ന ആ പ്രാണവേദന’ എന്ന് ഒരുവേള ഇവർ അനുഭവിക്കുന്നുണ്ട്. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ, അഭിനയ സ്വത്വവും വ്യക്തിസ്വത്വവും പരസ്പരം കണ്ടുമുട്ടുന്ന തീവ്രസംഘർഷങ്ങളിൽ, തീവ്രവും തീക്ഷ്ണവുമായ ലാവാപ്രവാഹങ്ങളിലവർ ഉടക്കിപ്പോകുന്നുണ്ട്. ഇതിൽ നിന്ന് അവനവനെത്തന്നെ തിരിച്ചെടുക്കാനും തിരിച്ചറിയാനും വേണ്ടി അവർ സ്വയം പീഡിതമാകുന്നുണ്ട്. ജീവിതവും വഞ്ചനയും പ്രണയവും സത്യവും നാടകത്തെയും നടന്മാരെയും കാണികളെയും ഒരുപോലെ ബാധിക്കുന്നു. തന്നിൽനിന്നിറങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന തന്റെതന്നെ ചോദ്യങ്ങളെയാണ് ഇരുവർക്കും നേരിടേണ്ടിവരുന്നത്. സ്ത്രീയുടെ ജീവിതാവസ്ഥകളെ സ്വന്തമാക്കാനും അവക്ക് തൻറതായ ന്യായാന്യായങ്ങൾ ചാർത്തിക്കൊടുക്കാനും ആഗ്രഹിക്കുന്ന പുരുഷന്റെ മനസ്സുകൾ മാത്രമായി മാറിപ്പോയാൽ ദുർബലമായിപ്പോയേക്കാവുന്നയിടങ്ങളെ അസാമാന്യമായ ഉടൽ കവിതകളിലൂടെ അമലും രാജേഷും മറികടക്കുന്ന കാഴ്ച രസകരമായൊരു രംഗഭാഷയായി അനുഭവപ്പെടുന്നുണ്ട്. പാരസ്പര്യത്തിന്റെ ഒരു രംഗത്ത് നിങ്ങളുടെ ജീവിതങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ത്രീയുടെ സത്യത്തെ വിശാലമായൊരു കടലാസിൽ എഴുതപ്പെട്ട കവിതപോലെ ഇരുവരും വായിക്കാൻ ശ്രമിക്കുകയാണ്.
പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും ഋജുരേഖകളെ അടർത്തി നോക്കി ജീവിതമെന്ന യാഥാർഥ്യത്തിന് നേരെ മുഖം നോക്കുകയാണിവർ. സ്നേഹിതാ… നമുക്കിനി ഉള്ളുതുറന്നൊന്ന് സംസാരിക്കാം. അവസാനമായി….വ്യഥിതവും ശിഥിലവുമായ രണ്ടു ഹൃദയങ്ങൾ ഒഴുകിച്ചേരാം. എന്നിട്ട് അതൊന്നാകെ ഭാരതപ്പുഴയിലേക്ക് ഒഴുകിവീഴാം’ എന്നാണ് ഒരാൾ അപ്പോൾ പറയുന്നത്. മുഖം ഒളിപ്പിക്കാനാവാതെ, ഉടൽ പറയുന്ന കവിതകളെ കേൾക്കാനാവാതെ, കണ്ണുകൾ കാണാനാഗ്രഹിക്കുന്ന കാഴ്ചകളിലേക്ക് നോക്കാനാവാതെ, ആകാശത്തിൽ നിന്ന് ഊർന്നുവീണ അജ്ഞാതമായൊരു രക്ഷാകവചത്താൽ മറയ്ക്കപ്പെടാൻ അയാൾ തീവ്രമായി ആഗ്രഹിക്കുന്നു. പ്രണയത്തിൽ, ചതിയിൽ, ജീവിതത്തിൽ പരാജയപ്പെട്ടവരെന്ന് സ്വയം വിളിച്ചറിയിച്ചു കൊണ്ട് കുതിച്ചു പായുന്ന റയിൽപ്പാളത്തിൽ, മരണത്തിന്റെ തൊട്ടടുത്തെത്തിയോ എന്ന നിമിഷത്തിൽ രണ്ടാമത്തെയാൾ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചിറങ്ങാൻ ആർത്തുകരയുന്നു. അവിടെ അയാൾക്കുമുന്നിൽ അപരിചിതനായ സുഹൃത്ത് കൈനീട്ടുന്നു. എല്ലാം തെളിഞ്ഞു കാണുന്ന ജീവിതമെന്ന കണ്ണാടിപ്പാളത്തിൽനിന്ന് ജീവിതത്തിന്റെ തുറസ്സിലേക്ക് കയറിപ്പോരുന്നു. അരങ്ങും ജീവിതവും ഇഴപിരിയുമ്പോൾ ബാക്കിയാവുന്നിടത്ത് സാക്ഷാത്കരിക്കപ്പെടുക നടന്റെ വ്യക്തിത്വമോ അതോ വ്യക്തിയുടെ ആത്മബോധമോ എന്നൊരു ചോദ്യം നാടകം സമ്മാനിക്കുന്നുണ്ട്. മനുഷ്യനെക്കുറിച്ചുള്ള പുനർവിചിന്തനങ്ങളാണിനി വേണ്ടതെന്നും മരണമല്ല. ജീവിതമാണ്,. ജീവിതം തന്നെയാണ് ലഹരികരം എന്നും ഇടുങ്ങിയ പാലത്തിൽനിന്ന് മറ്റുള്ളവരുടെ മൊഴി സംഗീതമായി ആസ്വദിക്കാൻ കഴിയുന്ന ഒരു ലോകത്തേക്ക് ഇറങ്ങി നടക്കാമെന്നും തിരുമാനിക്കുന്നിടത്ത്
ശുദ്ധമദ്ധളം അവസാനിക്കുന്നു.
കേരളത്തിനകത്തും പുറത്തും നാടകപ്രവർത്തനവുമായി നിലനിൽക്കുന്ന രാജേഷ് ശർമ, അമൽരാജ് ദേവ് എന്നീ അഭിനേതാക്കളുടെ കലർപ്പില്ലാത്ത പ്രതിബദ്ധത അഭിനയ മുഹൂർത്തങ്ങളുടെ ഓരോ അടരിലും വേറിട്ട് കാണാനും അനുഭവിക്കാനുമാകും. ഒരു തരത്തിൽ ഇതൊരു പ്രതിസംസ്കൃതിയുടെ അടയാളപ്പെടുത്തലാണ്. മറ്റൊരു തരത്തിൽ പ്രതീതി യാഥാർഥ്യങ്ങളുടെയും കെട്ടുകാഴ്ചകളുടെയും കാലത്ത് മനുഷ്യനിലും സ്നേഹത്തിലും പാരസ്പര്യത്തിലുമെല്ലാം വിശ്വസിക്കുന്ന, നമ്മുടെ തന്നെ ഒച്ചകൾ പ്രതിഫലിക്കുന്ന ഒരു സംസ്കൃതിയുടെ അടയാളപ്പെടുത്തൽ.! പ്രതിബദ്ധപൂരണമായ ഒരവതരണം അവസാനിക്കുമ്പോൾ പതുക്കെ രംഗവേദി ഒഴിഞ്ഞ് അണിയറയിൽ മുഖത്തെഴുത്തുകൾ കഴുകിക്കളയുന്ന അനുകർത്താക്കളായ അഭിനേതാക്കൾ, ഒടുവിൽ, ഉന്മാദം പൂണ്ട കിളികളെ വെളിപ്പെടുത്തിയ
വേദിയിലേക്ക് പ്രകാശമണിവീഴുന്നുവെന്നും ബ്രഹ്ത് പറയുംപോലെ എന്തോ ഒരുറപ്പ് ഇവർക്കുണ്ട്. ഉപയോഗശൂന്യമെന്ന് ആരോ കരുതുന്ന മുറിയിലേക്ക് മൂവന്തി വെട്ടം ചരിഞ്ഞുപതിക്കുമ്പോൾ, ഒഴിഞ്ഞ നിശ്ശൂന്യത മണക്കുന്ന കാഴ്ചയിടത്തിൽ അരങ്ങിന് മുന്നിൽ, ഒഴിഞ്ഞ കാണിക്കസേരകളിലൊന്നിൽ സത്യസന്ധനായി നാടക രചയിതാവ് ഇരിക്കുമെന്നും സമാധാനമില്ലാതെ, തന്റെ ഏറ്റവും നല്ല എന്തോ ഓർമിക്കപ്പെടുമെന്ന ഉറപ്പിൽ എന്ന് ബ്രെഹ്ത് കൂട്ടിച്ചേർക്കുന്നതുപോലെ ഇവരുടെ നാടകം കണ്ടിറങ്ങാം.പ്രതീക്ഷയോടുകൂടിത്തന്നെ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല