കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹോളിക്രോസ്സ് കോളേജിൽ യുവ ഉത്സവ് -2022 പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനായ യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവതലമുറ ഒന്നിച്ചുനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും, ഇത്തരം പരിപാടികൾ അതിനുതകുന്നതാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ യൂത്ത് ഓഫീസർ ശ്രീ. സനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോളിക്രോസ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ: ഷൈനി ജോർജ് പരിപാടിക്ക് സ്വാഗതം പറഞ്ഞു.
എസ്‌കെ പൊറ്റക്കാട് അക്കാദമി അവാർഡ് ജേതാവും യാത്രാസാഹിത്യകാരനുമായ ശ്രീ. അനു പാട്യം മുഖ്യ പ്രസംഗം നടത്തി. പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനും ഇന്ത്യൻ റൂമിനേഷൻ കവിതാ അവാർഡ് ജേതാവുമായ ശ്രീ. പി എ നൗഷാദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നവനീത് കെ, ശ്രീ. ജയപ്രകാശ് എന്നിവർ പരിപാടിക്ക് ആശംസാ പ്രസംഗം നടത്തി. നെഹ്‌റു യുവ കേന്ദ്ര വളണ്ടിയർ കെ. വൈ ജോസ്ന നന്ദി പറഞ്ഞു. വാട്ടർ കളർ ചിത്രരചന, കവിതാ രചന, പ്രസംഗമത്സരം, യുവ സംവാദം, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം, ഫോൾക് ഡാൻസ് തുടങ്ങിയ മത്സരങ്ങളിൽ മുന്നൂറോളം പേർ പങ്കെടുത്തു.