പ്രതാപ് ജോസഫ്
Every viewer is going to get a different thing. That’s the thing about painting, photography, cinema.”
– David Lynch
കല ചെയ്യുന്നവരോട്, അവർ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യം വളരെ സാധാരണമാണ്. പല കാരണങ്ങൾകൊണ്ട് ആ ചോദ്യം ഉണ്ടാകാം. കല നിശ്ചയമായും എന്തെങ്കിലും അർത്ഥം ഉത്പാദിപ്പിക്കേണ്ടതാണ് എന്ന ധാരണയിൽനിന്നാവാം, സൃഷ്ടാവിന്റെ ഭാഷ്യം അറിയുന്നതിനുള്ള വ്യഗ്രതയിൽനിന്നാവാം, കലയെ വ്യാഖ്യാനിക്കാനുള്ള അവരവരുടെ കഴിവില്ലായ്മയിൽനിന്നുമാവാം. ഫോട്ടോഗ്രാഫർക്കും കാണിക്കുമിടയിൽ അത്തരമൊരു ചോദ്യത്തിന് എത്രമാത്രം പ്രസക്തിയുണ്ട്. 1967 ലാണ് റോളാങ് ബാർത്തിന്റെ ഡെത്ത് ഓഫ് ദി ഓതർ (Death of the Author) തിയറി പ്രസിദ്ധീകൃതമാവുന്നത്. കലാസൃഷ്ടിയും അതിന്റെ വ്യാഖ്യാനവും സംബന്ധിച്ചുള്ള നാളിതുവരെയുള്ള സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്ന ഒന്നായിരുന്നു അത്. ഒരു സാഹിത്യകൃതി വ്യാഖ്യാനിക്കുന്നിടത്ത് എഴുത്തുകാർ എന്ത് ഉദ്ദേശിച്ചു എന്നതിനായിരുന്നു പൊതുവെ പ്രാമുഖ്യം ലഭിച്ചിരുന്നത്. ഏതൊരു കലാസൃഷ്ടിയും ഒരു ടെക്സ്റ്റ് (Text) മാത്രമാണെന്നും അതിനെ വ്യാഖ്യാനിക്കാനുള്ള അവകാശം അതിന്റെ കാണികൾക്കാണെന്നും റൊളാങ് ബാർത് സ്ഥാപിച്ചു. Author എന്നതിലെ Authority അതോടെ അവസാനിച്ചു എന്നു പറയാം. കൃതി പൂർത്തിയാകുന്നതോടെ എഴുത്തുകാർ മരിക്കുന്നു. അല്ലെങ്കിൽ അവരുടെ റോൾ അവസാനിക്കുന്നു. പിന്നീട് അതിന്റെ മുന്നോട്ടുള്ള പോക്ക് അനുവാചകരുടെ കൈയിലാണ്. അവിടെ കർത്താവ് എന്ത് ഉദ്ദേശിച്ചു, ഉദ്ദേശിച്ചില്ല എന്നതിനേക്കാൾ കാണി എന്തു വായിക്കുന്നു, കാണുന്നു എന്നതിനാണ് കൂടുതൽ പ്രസക്തി.
ഡേവിഡ് ലിഞ്ചും അതുതന്നെയാണ് പറയുന്നത്. പെയിന്റിങ്ങ്, ഫോട്ടോഗ്രഫി, സിനിമ എന്ന് പേരെടുത്ത് പറയുന്നുണ്ടെങ്കിലും ഏതു കലയ്ക്കും അത് ബാധകമാണെന്ന് വ്യക്തമാണ്. ഓരോ കാണിയും അവരവരുടേതായ ഒരു സിനിമ നിർമിക്കുകയാണ്, ഗാലറിയിലൂടെ കടന്നുപോകുന്ന ഓരോ ആളും അവരവരുടേതായ രീതിയിൽ ആണ് ഒരു ഇമേജിനെ സമീപിക്കുന്നത്. ഇതിൽ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നത് അപ്രസക്തമാണ്. അല്ലെങ്കിൽ ഈ കാഴ്ചകൾ എല്ലാം കൂടിച്ചേരുമ്പോഴാണ് കലാസൃഷ്ടി അതിന്റെ പൂർണതയിലേയ്ക്ക് എത്തിച്ചേരുന്നതെന്ന് പറയാം. ഇവിടെ കലാസൃഷ്ടിയുടെ സ്വഭാവത്തിലും സമീപനത്തിലും പ്രകടമായ മാറ്റം സംഭവിക്കുന്നുണ്ട്. എല്ലാം പറഞ്ഞുതീർക്കുക, വ്യാഖ്യാനിച്ചുതീർക്കുക എന്നതിന് പകരം കലാസൃഷ്ടിയെ ഒരു തുറന്ന ഇടമാക്കി മാറ്റേണ്ടതുണ്ട്. അടഞ്ഞുകിടക്കുന്ന ഒരു വാതിലിനുമുന്നിൽ ഒരാൾക്ക് ഒന്നും ചെയ്യാനില്ല, തിരിച്ചുപോകുക എന്നതല്ലാതെ. കലാസൃഷ്ടികൾ അടഞ്ഞ ഇടങ്ങളായി മാറാതിരിക്കാൻ അതിന്റെ സൃഷ്ടാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോഴേ അനുവാചകർക്ക് അതിലേയ്ക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഏത് ചിത്രത്തിലും രണ്ടുമനുഷ്യരുണ്ട്; കർത്താവും കാണിയും. ആ രണ്ടുമനുഷ്യർ ചേരുമ്പോഴാണ് കല അർത്ഥവത്താകുന്നത്. ഫോട്ടോഗ്രാഫിയിലേയ്ക്ക് വന്നാൽ ഒരു ഫ്രെയിം എന്നത് അതിന്റെ ഒരു പരിമിതി തന്നെയാണ്. പറയാനുള്ള മുഴുവൻ കാര്യങ്ങളും ആ നാലുചുവരുകൾക്കുള്ളിൽ സംഭവിക്കണം. ഇവിടെ പുറത്തുനിന്നുള്ള കാറ്റും വെളിച്ചവും പ്രവേശിക്കുന്ന വിധത്തിൽ ആ ഫ്രയിമിനെ തുറന്നിട്ടാൽ മാത്രമേ കാണിക്ക് ആ ഇമേജിലേയ്ക്ക് പ്രവേശിക്കാൻ കഴിയൂ. ഏത് വിഷയത്തെയും നമുക്ക് അടഞ്ഞ രീതിയിലും തുറന്ന രീതിയിലും സമീപിക്കാൻ കഴിയും. ആ സമീപനമാണ് നമ്മുടെ സൃഷ്ടിയെ സംവേദനാത്മകമാക്കുന്നത്. അതായത് ഒരു കലാസൃഷ്ടി പൂർത്തിയായി കഴിഞ്ഞാൽ അതിന്റെ കർത്താവും ഒരു കാണി മാത്രമാണ്. മറ്റേതൊരു കാണിക്കും ഉള്ള അവകാശാധികാരങ്ങൾ മാത്രമേ അയാൾക്കും അതിന്റെമേൽ ഉള്ളൂ. അതല്ലെങ്കിൽ ഒരു കലാസൃഷ്ടി പൂർത്തിയായി കഴിഞ്ഞാൽ അതിലൂടെ കടന്നുപോകുന്ന ഓരോ മികച്ച കാണിയും കർത്താക്കളായി മാറുകയാണ് എന്നും പറയാം. കല ഒരു അനുസ്യൂതിയാണ്, അതെവിടെയും അവസാനിക്കുന്നില്ല. നിരന്തരമായ പുതുക്കം ആണതിന്റെ വഴക്കം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല