ഒരു വഞ്ചനയുടെ കഥ

0
391
SugathanVelayi

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി
കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി മീശ. മുഖക്കുരു മാഞ്ഞു പോയ പാടുകൾ. നരച്ച നീല ജീൻസും വെള്ള ടീ ഷർട്ടും ധരിച്ചിരിച്ചിരിക്കുന്നു. ഏതാണ്ട് എൻ്റെ ഏട്ടൻ്റെ ഒരു ഛായ! പതിഞ്ഞ ശബ്ദത്താൽ പരുങ്ങലോടെ അയാൾ ചോദിച്ചു: “മലയാളിയല്ലേ…..” ഞാൻ കണക്കുകളുടെ കെട്ടുപാടുകളിൽ
നിന്നും തലയൂരി ‘ഏട്ടനെ’ എതിരേറ്റു. എന്ത് സഹായമാണാവോ ഇയാൾ എന്നിൽ
നിന്നും പ്രതീക്ഷിക്കുന്നത്….? വല്ല തട്ടിപ്പും
പുതിയ രൂപത്തിൽ അവതരിച്ചതായിരിക്കുമോ? ‘ആരെ നമ്പിയാലും മലയാളിയെ നമ്പരുതെന്ന്’ പറഞ്ഞതാരാണ്’?
വിടരാൻ മടിച്ച ചിരിയും മഞ്ഞനിറം ബാധിച്ച കണ്ണുകളുമുള്ള ഒരോന്തായി
അയാൾക്കു മുന്നിൽ മറു ചോദ്യമായ് ഞാൻ നിന്നു.'”കുറച്ച് അരിയും സാധനങ്ങളും വാങ്ങിക്കാൻ വന്നതാണ്.'”
മലയാളിയോടുള്ള അടുപ്പത്തോടെ അയാൾ അടുത്തു; പോക്കറ്റിൽ നിന്നും
ലിസ്റ്റ് പുറത്തെടുത്തു. ഗിരാക്കി*യോടുള്ള ആദരവോടെ, തെളിഞ്ഞ മുഖമണിഞ്ഞ് ഞാൻ സാധനങ്ങൾ പായ്ക്ക് ചെയ്തുകൊണ്ടിരുന്നു…..ഇതിനിടയിൽ അയാൾ തൻ്റെ താമസസ്ഥലത്തെപറ്റി, കുടുംബത്തെപ്പറ്റി, ജോലിയെ പറ്റി പലതും പറഞ്ഞു കൊണ്ടിരുന്നു. ഞാൻ പാതി മനസ്സോടെ മുട്ടിയും മൂളിയും അയാളെ നേരിട്ടു. ചിലപ്പോൾ ഇയാൾ രൂപം മാറി മറ്റൊരു പററുകാരനാകുമോ എന്ന പേടിയും എന്നെ പിടികൂടാൻ തുടങ്ങിയിരുന്നു. ഒടുവിൽ കണക്ക് തീർത്ത് പൈസ തന്ന്, വീണ്ടും കാണാമെന്ന് പറഞ്ഞ് മാന്യനായ് ഭവ്യതയോടെ നടന്നു മറഞ്ഞു.

എൻ്റെ ഏട്ടൻ്റെ ചിരിയും വാക്കും നോട്ടവും ഒരു മിന്നലാട്ടമായി അയാളിൽ എവിടെയോ മിന്നിമറഞ്ഞില്ലേ?
ഏതായാലും അയാളോട് ഒരു മമത തോന്നിത്തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ അടുത്തു. ഭൂമി മലയാളത്തിലെ സകലമാന കാര്യങ്ങളിലേക്കും തട്ടിയും മുട്ടിയും ഞങ്ങൾ നടന്നു. ചിലയിടങ്ങളിൽ അവൻ എൻ്റെ വഴികാട്ടിയുമായി. എൻ്റെ കഥയും കഥയില്ലായ്മകളും അനുഭവങ്ങളും അവനുമായി പങ്കുവെച്ചു. അവൻ എല്ലാം നിർവ്വികാരനായി കേട്ടിരിക്കേ ഏതോ മഹാമൗനത്തിലേക്ക് നിപതിച്ചു. ഏറെക്കാലത്തിനു ശേഷം സമാന ഹൃദയമുള്ള സുഹൃത്തിനെ കിട്ടിയെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞ് കെട്ടിപ്പിടിച്ച് പിരിഞ്ഞു. ഒരു ദിവസം ജോലിക്കു പോകാനുള്ള തിരക്കിട്ട പോക്കിനിടയിൽ ഡയറിയും രണ്ട് പുസ്തകങ്ങളും വെച്ചു നീട്ടികൊണ്ട് അവൻ പറഞ്ഞു:”…. ഇത് ഇവിടെ വെച്ചേക്കൂ ;നാളെ കാലത്ത് കാണാം…” ഞാൻ ഗിരാക്കികളുമായി തിരക്കിലായതിനാൽ ഒന്നും ചോദിക്കാനോ പറയാനോ പറ്റിയില്ല. ഇരുന്ന് മുഷിഞ്ഞ ഒരിടവേളയിൽ ചുമ്മാ അവൻ്റെ ഡയറിയിലൊന്ന് മുങ്ങി തപ്പാമെന്ന് തോന്നി. പുസ്തകങ്ങളിലൊന്ന്
അരുന്ധതി റോയിയുടെ ‘THE GOD OF SMALL THINGS’ ആയിരുന്നു!
‘സാഹിത്യ വാരഫല’ത്തിൽ എം.കൃഷ്ണൻ നായർ പറഞ്ഞ കറുത്ത കാക്കയെയും ഇ.എം.എസ്സിനെയും പിന്നീട്
നോക്കാമെന്ന് കരുതി. (വായിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല)

അനുവാദം കൂടാതെ അകത്തു കടക്കരുത്
ഡയറി തുറന്നതും ഞാനൊന്ന് പതറി ! പിന്നെ, സുഹൃത്തിൻ്റെ അധികാരത്തോടെ
സുധീരനായി മുന്നോട്ട് പോയി. ഇംഗ്ലീഷിലും മലയാളത്തിലും കുറിച്ചിട്ട കവിതകൾ… മഹാന്മാരുടെ ഉദ്ധരണികൾ…. അവൻ്റെ ജീവിതയാത്രയിലെ ദിശാസൂചികൾ….
കൊട്ടാരവും ചിട്ടവട്ടങ്ങളും ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോന്ന അഭിനവ സിദ്ധാർത്ഥനോ
ഇദ്ദേഹം! കോട്ടയത്ത് തിരുനക്കര അമ്പലത്തിനടുത്തുള്ള തെക്കുംകൂർ കൊട്ടാരത്തിലെ ഇളമുറക്കാരനായ മനോജ്‌ വർമ്മ എന്ന ഇദ്ദേഹം!
വിപ്ലവവും കൂട്ടുകെട്ടും പ്രേമവും തലയ്ക്കു പിടിച്ച് ,നാട്ടിലും വീട്ടിലും പേരുദോഷം വരുത്തി, വിവരദോഷിയെന്ന് ഏവരാലും വിളിക്കപ്പെട്ട് നിൽക്കക്കള്ളിയില്ലാതെ നാടുവിട്ട് ഇറങ്ങിപ്പോന്നവനും ഇവനോ?

ഇവനിൽ വിപ്ലവത്തിൻ്റെ വീര്യമാർന്ന വിഷം കുത്തിവെച്ചതാരാണ്?
ഇവനെ പ്രേമിച്ച് പെരുവഴിയിറക്കിയ
പെണ്ണേത്?? കൂട്ടുകൂടി ജീവിതം കുളംതോണ്ടിയ
കൂട്ടുകാർ ആരൊക്കെ???

ഒരു മാത്ര ആദിയും അന്തവുമില്ലാത്ത
നടുക്കടലിൽപ്പെട്ടു ഞാൻ. മനോജിൻ്റെ ഉയർച്ചതാഴ്ച്ചകളിൽ മനസ്സ് നൊമ്പരപ്പെട്ടു. സഹജീവിയോട് തോന്നാറുള്ള സഹതാപം എന്നിൽ
തപിച്ചു. അവൻ ഞാനായി! ഞാൻ അവനും!

ഒരു ഞായറാഴ്ച രാത്രി വാതിലിലെ തുടർച്ചയുള്ള മുട്ടുകേട്ട് ഞാൻ പുറത്തുവന്നു. മദ്യത്തിൻ്റെ തീക്ഷ്ണഗന്ധം എന്നെ എതിരേറ്റു. മുന്നിൽ മദ്യത്തിൽ മുങ്ങിയ മനോജ്! ഉറയ്ക്കാത്ത കാലുകളിൽ ഉലയുകയായിരുന്ന അവൻ എൻ്റെ കൈയ്യിൽ ബലമായി പിടിച്ചു. ഞാൻ വല്ലാത്തായി. “…….. പ്ലീസ് ,എനിക്ക് കുറേ കാര്യങ്ങൾ
പറയാനുണ്ട്…. വരൂ നമുക്ക് പുറത്തിരുന്ന്
സംസാരിക്കാം…. പ്ലീസ്…”
അവൻ കുഴഞ്ഞ നാവുമായി കിതച്ചു.

മുറിയിൽ മറ്റു പലരും ഉണ്ടായിരുന്നു. ഞാൻ അവനെയും കൊണ്ട് ഒരു വിധം
മട്ടുപ്പാവിൽ എത്തി. തണുത്ത കാറ്റ് ഇടയ്ക്കിടെ ഞങ്ങളെ തഴുകി തലോടിക്കൊണ്ടിരുന്നു. ആകാശ ചെരുവിൽ ഒററ നക്ഷത്രം പോലും ഉദിച്ചിരുന്നില്ല. ഭൂമിയിൽ മാത്രമായിരുന്നു
നക്ഷത്ര തിളക്കം !. ആളും ആരവവും
ഒഴിഞ്ഞ് തെരുവ് ശാന്തമായിരുന്നു. വിളക്ക് കാലിൻമേൽ കാവലാളായി നിയോൺ വിളക്കിൻ്റെ മഞ്ഞ വെളിച്ചം മാത്രം!. അകലെ എച്ചിൽ കൂനയിൽ ഒരു തെരുവ് പട്ടി ചോറ് ചികയുന്നു. “എടാ എല്ലാത്തിനും കാരണം ആ നശിച്ച പെണ്ണാണ്; അല്ല ഞാനാണ്…..” അവൻ മൗനം മുറിച്ചു കൊണ്ട് ആ കഥ പറഞ്ഞു തുടങ്ങി.
പിന്നെയും പലതും പുലമ്പിക്കൊണ്ടിരുന്നു…
ചൂട്ടുവേലി ഷാപ്പിലെ ചൂട് പുഴുക്കിൻ്റെ രുചിയെ കുറിച്ച് , മധുരക്കള്ളിൻ്റെ ലഹരിയെ കുറിച്ച്. സി.എം എസ്സ് കോളജിലെ മഹത്തായ ക്ലാസിനെ കുറിച്ച്, വിപ്ലവ വീര്യമുള്ള കൂട്ടുകാരെ കുറിച്ച്, സെക്യൂരിറ്റിക്കാരൻ്റെ തുച്ഛമായ ശമ്പളത്തെ കുറിച്ച്… ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്ന ദിനങ്ങളെ കുറിച്ച്…പക്ഷെ, ആ പെണ്ണിൻ്റെ കഥ മാത്രം
മനസ്സിൽ പച്ച പിടിച്ചങ്ങനെ നിന്നു.അത് ഏതാണ്ട് ഇതുപോലെ,…….

ഐ.ടി.സി കമ്പനിയുടെ ട്രെയിനിയായി വിദേശത്തു പോയി തിരിച്ചു വന്ന കാലം. കൂട്ടുകുടുംബത്തിലെ ഒരു അത്യാവശ്യകാര്യത്തിനു വേണ്ടി ജോലി പോലും വേണ്ടെന്നു വെച്ച് തിരിച്ചുപോരുകയായിരുന്നു. കൂട്ടുകാർക്ക് വേണ്ടി വിദേശത്തു നിന്നും കൊണ്ടുവന്ന വില കൂടിയ മദ്യം വിളമ്പാൻ ഫലപ്രദമായ
താവളം അവൻ്റെ കുമരകത്തുള്ള ഫാം ഹൗസ് ഒന്നു മാത്രമായിരുന്നു. അങ്ങനെ കൂട്ടുകാരെയും കൂട്ടി കൂടുമാറി. വിശാലമായ പാടപ്പരപ്പിൽ ഒരു തുരുത്തു പോലെ ആ ‘പാടപ്പുര’ ഒറ്റപ്പെട്ടു നിന്നു. പാട്ടും കൂത്തുമായി കൂത്താടിയ ദിനങ്ങൾ…
ആയിടയ്ക്കാണ് ഒരു പാവം പയ്യനുമായി അവർ പരിചയപ്പെടുന്നത്.
അവൻ നല്ല ഇളം കള്ള് എന്നും എത്തിച്ചു കൊടുത്തു. വെച്ചുവിളമ്പിയും
ബാക്കി വന്നതു കഴിച്ചും ഉപചാരപൂർവ്വം അവരെ പരിചരിച്ചു പോന്നു.
ആടിനെ പോറ്റിയും പാൽ വിറ്റുമാണ് അമ്മയും സഹോദരിയുമടങ്ങുന്ന അവൻ്റെ കുടുംബം കഴിഞ്ഞു വന്നത്. അച്ഛൻ വേറെ പെണ്ണുകെട്ടി എവിടെയോ കഴിയുന്നു. പയ്യൻ്റെ പരിതാപകരമായ അവസ്ഥയിൽ മനോജിൻ്റെ മനംനൊന്തു. പിടിച്ച് നിൽക്കാൻ പാടുപെടുന്ന ഒരു കൂരയായിരുന്നു അത്. അതിൻ്റെ ചായ്ച്ചുകെട്ടിയ ഒരു ഭാഗം കാറ്റിൽ പാടേ തകർന്നിരുന്നു. ആട്ടിൻ കാട്ടവും ചൂരും പെരുത്ത മുറ്റത്തു നിന്ന് അവർ ആകുലപ്പെട്ടു.

നിങ്ങളൊക്കെ…. ആരാ മക്കളെ..
കൂരയിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി വന്ന്
പരിഭ്രമത്തോടെ ചോദിച്ചു. അവരുടെ ആഗമനോദ്ദേശ്യത്തിന് മുന്നിൽ ആ സ്ത്രീ തൊഴുതു; കുരിശു വരച്ചു. പനിപിടിച്ചു കിടന്ന മകനും കാറ്റിൽ തകർന്ന കൂരയും അവർക്ക് തോരാ കണ്ണീരായി. എന്തോ തീരുമാനിച്ചുറച്ച് മനോജ് കുടിലിനുള്ളിലേക്ക് നൂണ് കടന്നു. തഴപ്പായയിൽ തളർന്നു കിടക്കുകയായിരുന്ന പയ്യൻ
പിടഞ്ഞെണീറ്റു. അവൻ്റെ മുഖത്ത് ഒരു വിളറിയ ചിരി പരന്നു. മനോജിൻ്റെ കരളലിഞ്ഞു. കൈയ്യിൽ കരുതി വെച്ചിരുന്ന ഒരു തുക അപ്പോൾ തന്നെ അവനെ ഏൽപ്പിച്ചു തിരിച്ചു വന്നു. അമ്മയോട് പുര കെട്ടിമേയാൻ പറഞ്ഞ് ആശ്വസിപ്പിച്ചു.

അപ്പൊഴാണ് അത് ശ്രദ്ധയിൽപ്പെട്ടത്. അകലെ ആടുമാടുകൾക്കിടയിൽ ഒരു നക്ഷത്രത്തിളക്കം.! ഗ്രാമീണ ശാലീനതയുമായി ഒരു പെൺകൊടി! കണ്ണുകളിൽ
അസാധാരണമായ ചിരിത്തിളക്കത്തോടെ അവൾ… അങ്ങനെ വന്നും പോയും അവർ അടുത്തു. ഒടുവിൽ ഭാവിയെക്കുറിച്ചുള്ള ഭ്രാന്തൻ സ്വപ്നങ്ങളുമായി അവനോടൊപ്പം അവളും പടിയിറങ്ങി. സംഭവം നാലുകെട്ടിലും പാട്ടായി. അമ്മാവൻ അട്ടഹസിച്ചു. കൊട്ടാരവാതിലുകൾ എന്നന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു. അങ്ങനെ അനുഭവങ്ങളുടെ ആത്മവിശ്വാസവുമായി മതത്തിൻ്റെ വേലിക്കെട്ട് തകർത്ത്
അതിരുകളില്ലാത്ത ലോകത്തേക്ക് അവർ ഇറങ്ങിത്തിരിച്ചു.

കിട്ടുന്ന ഏത് ജോലിയും ചെയ്തും മറ്റ് ജോലികൾ അന്വേഷിച്ചും അതിമോഹമൊന്നുമില്ലാതെ അവർ ജീവിച്ചു. കോയമ്പത്തൂർ, ചെന്നൈ, മുംബൈ….. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ,ജോലിയുടെ അനന്തസാധ്യതകളിലേക്ക് അവളെയും കൂട്ടി അവൻ പാലായനം ചെയ്തു കൊണ്ടിരുന്നു……
ഒടുവിൽ ഇതാ ഈ ബാംഗ്ളൂരിലും..വാച്ച്മാൻ ജോലിയുടെ താൽക്കാലിക ആശ്വാസവുമായി അവൻ……
പലപ്പോഴായി പങ്കുവെച്ച കഥകളിൽ നിന്നും ഞാൻ കൂട്ടി വായിച്ചതാണിക്കഥ!

വാക്ചാതുരിയുടെ വശീകരണ മന്ത്രവുമായി അവൻ ഏവരോടും അടുത്തു. അവൻ്റെ മാന്ത്രിക വലയത്തിലേക്ക് ഒരു ഇരയേപ്പോലെ ഞാനും പതുക്കെ അകപ്പെട്ടു.
അങ്ങനെ എൻ്റെ പറ്റു പുസ്തകത്തിൽ മനോജ് വർമ്മ എന്ന മറ്റൊരു പറ്റുകാരൻ കൂടി പിറന്നു. അതിൽപ്പിന്നെ നല്ല തരം അച്ചാറുകളും മാഗിയും മുട്ടയും അവൻ്റെ
ഇഷ്ടഭോജ്യവുമായി. മനോജ് തടിച്ചു കൊഴുത്തു., ഒപ്പം കണക്കു പുസ്തകത്തിൽ അവൻ്റെ കടവും പെരുകാൻ തുടങ്ങി. കൂടാതെ പണത്തിന് പഞ്ഞം പറഞ്ഞപ്പൊഴൊക്കെ പത്താം തിയ്യതി മാസശമ്പളം വാങ്ങി പറ്റ് തീർക്കാമെന്ന് പറഞ്ഞ് അവൻ എന്നെ സമാധാനിപ്പിച്ചു. അങ്ങനെ പത്താം തിയ്യതിയും വന്നെത്തി.
പണം ഒടുക്കി പറ്റുതീർക്കാൻ മനോജ് മാത്രം വന്നില്ല. വരും വരാതിരിക്കില്ല. മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു. ഒടുവിൽ ക്ഷമ നശിച്ച് അവൻ്റെ വീടന്വേഷിച്ച് പുറപ്പെട്ടു. ഒരു വാടക കെട്ടിട സമുച്ചയം! അടഞ്ഞുകിടക്കുന്ന ജനാലയും വാതിലും കണ്ട് ഞാൻ വ്യാകുലനായി. അകത്ത് ആരുമില്ലെന്നോ? അവൻ്റെ ആൻമേരിയെങ്കിലും ഇല്ലാത്തിരിക്കുമോ? കാളിംഗ്ബെൽ സ്വിച്ചിൽ വിരലമർത്തി. കിളി ചിലച്ച ഒച്ച കേട്ടു. വാതിലിൽ തട്ടി നോക്കി. അകത്ത് ആളനക്കമില്ല. ആരും പുറത്തു വന്നില്ല. ശബ്ദം കേട്ട് അടുത്ത മുറിയിൽ നിന്നും ഉറക്കച്ചടവോടെ ഒരാൾ ഇറങ്ങി വന്നു.
എൻ്റെ പരിചയത്തിനു മുന്നിൽ മുനിരാജ് ചിരിച്ചു. പിന്നീട് നീരസത്തോടെ പറഞ്ഞു:
അവരന്നു നോഡി ഒന്തു വാര
ആഗിദേ…റൂം റെൻ്റൂ കൂഢ കൊട്ടില്ല;
ഗൊത്തേൻ രേ ….”**
എനിക്ക് മേലാസകലം ഒരു വിറ പാഞ്ഞു. അയാൾക്ക് നേരിയ ചിരിയെറിഞ്ഞ്
യാത്ര പറഞ്ഞിറങ്ങി. ഉള്ളിൽ രോഷാഗ്നി എരിഞ്ഞു. വെളിയിൽ വെട്ടിത്തിളങ്ങുന്ന വെയിൽ! ആത്മനിന്ദയാൽ ഒരു പരാജിതനേപ്പോലെ തല താഴ്ത്തി നടക്കവേ ഓർത്തു:
” ആരെ നമ്പിയാലും മലയാളിയെ നമ്പരുതെന്ന് പറഞ്ഞതാരാണ് ??? ”

* ഗിരാക്കി= കസ്റ്റമർ
**” അവരെ കണ്ടിട്ട് ഒരാഴ്ചയോളമായി….
മുറി വാടകയും കൊടുത്ത മട്ടില്ല… ”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here