റമദാൻ ഓർമ്മകളിലൂടെ
സുബൈർ സിന്ദഗി
ചെറുപ്പകാലത്തെ നോമ്പോർമ്മകളിൽ ഓടിവരുന്ന പ്രധാനപ്പെട്ട ഒന്നാണ് മുത്തായ വെടി, മറ്റൊന്ന് അത്താഴ മുട്ടും. വീടിന്റെ അടുത്തുള്ള അബൂക്കയുടെ അടുത്താണ് കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെ മുത്തായ വെടി കണ്ടിട്ടുള്ളത്. ഏകദേശം നാലോ അഞ്ചോ അടി നീളമുള്ള നല്ല വണ്ണമുള്ള മുളയുടെ ഏകദേശം ഒരേ പോലെ വണ്ണമുള്ള ഭാഗം കൊണ്ടാണ് മുത്തായ വെടിക്കുള്ള സംവിധാനം ഒരുക്കുന്നത്. അതിനകത്തുള്ള ആവശ്യമായ ഭാഗം നിർത്തി മറ്റു ഇടക്കെട്ടുകളെ നീക്കിയ ശേഷം അതിൽ മണ്ണെണ്ണ ഒഴിക്കും. ഏകദേശം മുകൾ ഭാഗത്തായി ഒരു ചെറിയ ദ്വാരവും ഉണ്ടാവും. മണ്ണെണ്ണ ഒഴിച്ച ശേഷം അതിലേക്ക് ചെറിയ ദ്വാരത്തിലൂടെ ചുണ്ടുകൾ ചേർത്ത് വെച്ചു ശക്തമായി ഊതി വായു നിറയ്ക്കും. പിന്നീട് കത്തിച്ചു വെച്ച വിളക്കിൽ നിന്നും മറ്റൊരു ഈർക്കിൽ ഉപയോഗിച്ചോ മറ്റോ തീ കൊളുത്തി, വായു കടത്തിവിട്ട, ചെറിയ ദ്വാരത്തിൽ കാണിക്കും ഉടൻ തന്നെ പടക്കം പൊട്ടുന്നത് പോലെയുള്ള ശബ്ദം കേൾക്കാം. ആദ്യമായും അവസാനമായും അബൂക്കയിൽ മാത്രമാണ് ഈ വിദ്യ കണ്ടിട്ടുള്ളത്. ഇത്തരം ചില കാര്യങ്ങൾ കൊണ്ട് തന്നെ അദ്ദേഹത്തെ അസാമാന്യ കഴിവുള്ള ഒരു മനുഷ്യനായിട്ടാണ് കുട്ടിക്കാലത്ത് എനിക്ക് തോന്നിയത്.
അത്താഴ മുട്ട് വർഷങ്ങളോളം പലയിടങ്ങളിൽ കണ്ടിട്ടുണ്ട് എങ്കിലും കുട്ടിക്കാലത്തെ ആദ്യ കേൾവി ഭക്തിയും ഒപ്പം ഭയവും നിറഞ്ഞ അന്തരീക്ഷത്തിൽ ആയിരുന്നു. പൊന്നാനിയിലെ അനാഥാലയത്തിലെ പഠന കാലത്ത് പലപ്പോഴായി കുറച്ചു കാലം വെളിയൻകോട് മഹ്ലർ തങ്ങളുടെ വീട്ടിൽ താമസിക്കാൻ അവസരം ലഭിച്ചിരുന്നു.വെളിയങ്കോട് ഉമർ ഖാളിയുടെ ജാറം നിലനിൽക്കുന്ന പള്ളി ഖബ്ർസ്താനും, അതിന്റെ തൊട്ടടുത്തായി വെളിയങ്കോട് വലിയ ജാറവും, അതിന് തൊട്ടു പുറകിലായി ഓലകൊണ്ട് മേഞ്ഞ ഒരു വലിയ വീടും. ആ വീടായിരുന്നു മഹ്ലർ തങ്ങളുടെ വീട്. പല തരത്തിലുള്ള മാനസിക അസ്വസ്ഥത ഉള്ള രോഗികളും അല്ലാത്തവരും ഒക്കെയായി ഒട്ടേറെ ആളുകൾ വന്നു പോകുന്നു എന്നത് കൊണ്ട് തന്നെ വീട്ടിലും ആ പരിസരത്തും മൊത്തത്തിൽ ആത്മീയമായ ഒരന്തരീക്ഷമായിരുന്നു. വല്ലാത്ത ഭയ ഭക്തിയോടെ തന്നെ രാപകലുകൾ നീക്കിയിരുന്ന ബാല്യമായിരുന്നു എന്റേത്. പകൽ സമയത്ത് ആളുകളെ കാണുമ്പോഴുള്ള സംസാരവും സലാം പറയലുമെല്ലാം ഏറെ സൂക്ഷിച്ചു മാത്രമായിരുന്നു. കുട്ടിക്കാലത്തുള്ള കേട്ടറിവുകൾ മനസ്സിനെ സ്വാധീനിച്ചതും ഇങ്ങനെയൊക്കെയാണ്. ഇങ്ങനെ വിശദമാക്കാൻ കാരണം ആദ്യമായി കേട്ട അത്താഴമുട്ട് ഭയത്തോട് കൂടിയായിരുന്നു എന്നതാണ്.
മഹ്ലർ തങ്ങളുടെ വീട്ടിൽ താമസിക്കുന്ന ഒരു ദിവസം. രാത്രിയിൽ ഏകദേശം മൂന്നു മണിയോടടുത്ത സമയം. ഉസ്താദുമാരുടെ വായിൽ നിന്നും കേട്ടിട്ടില്ലാത്ത ഒരു പ്രത്യേക ശൈലിയിലുള്ള ബൈതും മുട്ടും കേട്ടെങ്കിലും കൂടി ഒന്നും മിണ്ടാനോ പറയാനോ പറ്റുന്നുണ്ടായിരുന്നില്ല. വല്ലാത്ത പേടി, വീണ്ടും ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നു മുട്ടുന്നു, ഉച്ചത്തിൽ ബൈത്തു ചൊല്ലുന്നു. അന്ന് വരെ കേട്ട ചൊല്ലുകളിൽ നിന്നെല്ലാം ഏറെ വ്യത്യാസം. മനസ്സിൽ പല ചിന്തകൾ കയറിക്കൂടി. പള്ളിക്കാട്, ജാറം, കബറുകൾ, ജിന്നുകൾ പെട്ടന്ന് വീടിനകത്തു ലൈറ്റ് തെളിഞ്ഞു. തങ്ങൾ എണീറ്റ് വാതിൽ തുറന്നു, സലാം മടക്കി. പേടിയൊക്കെ മാറി ഞാനും എണീറ്റു. എല്ലാവരും അത്താഴത്തിനായി എഴുന്നേറ്റു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ തങ്ങളോട് ചോദിക്കാൻ പേടി. ബീവിത്തയോട് കാര്യങ്ങൾ ചോദിച്ചു. ചെറിയ ചിരിയോടെ ബീവിത്ത തങ്ങളോട് വിവരങ്ങൾ പറഞ്ഞു.
തങ്ങൾ പറഞ്ഞു തന്നു. അത് അത്താഴം മുട്ടുകാരാണ്. അജ്മീർ, ഏർവാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നോമ്പ് കാലത്ത് ഇത്തരത്തിൽ കുറേ ആളുകൾ വരും. അവർ ഓരോ ഇടങ്ങളിൽ താമസിക്കും. റംസാൻ മാസത്തിൽ എല്ലാ ദിവസവും അത്താഴ സമയത്ത് വീടുകളിൽ ചെന്നു ഉറുദു തമിഴ് ഭക്തി ഗാനങ്ങളോ അല്ലെങ്കിൽ ബൈത്തുകളോ ഒക്കെ ചൊല്ലി അറബന മുട്ടി ഉണർത്തും. പകൽ സമയങ്ങളിൽ ഇവർക്ക് അരിയും, പൈസയും, വസ്ത്രവും മറ്റുമൊക്കെയായി ഓരോരുത്തരും കഴിവനുസരിച്ചു നൽകും. പിന്നീട് അവരത് പങ്കിട്ടെടുക്കും.
എന്നാൽ ഈ കാലഘട്ടത്തിൽ അത്തരത്തിലുള്ള അത്താഴമുട്ടുകാർ ഇല്ലെന്ന് തന്നെ പറയാം. ഇടക്കാലത്തു നാട്ടിലെ ചില കുട്ടികൾ ദഫുമായി ചില ബൈത്തുകളൊക്കെ ചൊല്ലി. റോഡിലൂടെ പോകുമായിരുന്നു കൂട്ടത്തിൽ ഒന്നോ രണ്ടോ പേർ ഉറക്കെ വിളിച്ചു പറയും അത്താഴം അത്താഴം എണീറ്റോളു എന്നൊക്കെ. ആന്ധ്രായിൽ കർണൂൽ ഉള്ള സമയത്തും ഇത് പോലെ കണ്ടിട്ടുണ്ട്. അവിടെ സാധാരണ ദിവസങ്ങളിൽ സുബ്ഹിയുടെ സമയത്തും നിസ്കാരത്തിനായി എഴുന്നേൽക്കാൻ വേണ്ടിയും പള്ളിയിലേക്ക് ക്ഷണിച്ചും വാതിലിൽ മുട്ടുന്നതും വിളിച്ചുണർത്തുന്നതും കണ്ടിട്ടുണ്ട്.
അപൂർവം ചില ഇടങ്ങളിൽ മാത്രമാണ് ഇപ്പോൾ അത്താഴമുട്ടുകാരെ കാണുന്നത്. ഒരു കാലഘട്ടത്തിന്റെ അടയാളമായി അവർ മാറി എന്ന് വേണമെങ്കിൽ പറയാം. റമദാൻ ഓർമ്മകളിൽ മറക്കാനാവാത്തതായിരുന്നു മുത്തായ വെടിയും അത്താഴ മുട്ടും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.