ജെ വിഷ്ണുനാഥ്
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസമായ, എട്ടാം ദിനം സമാപനവേദിയിലിരുന്നാണ് കഴിഞ്ഞുപോയ ഏഴ് ദിവസങ്ങളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയത്. ലോകത്തിന്റെ പല കോണുകളിൽ നിന്നുമെത്തിയ പതിനായിര കണക്കിന് ഡെലിഗേറ്റുകൾ, കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയായി ഉയർത്തിയ വിദ്യാർത്ഥികളുടെ പാസ്സുകൾ, ഇങ്ങനെ പലകാര്യങ്ങൾക്കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളയിൽ, ദൗർഭാഗ്യവശാൽ പലകാരണങ്ങളാൽ വലിയ തോതിൽ ജനാധിപത്യം അപഹരിക്കപ്പെടുന്നുണ്ട്.
ഇരുപത്താറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുത്ത ഒരു ഡെലിഗേറ്റ് എന്ന നിലയിൽ, അനുഭവിച്ചതും, കണ്ടതും, മറ്റുള്ളവരാൽ അറിഞ്ഞതുമായ ഏതാനും സത്യങ്ങൾ തുറന്നടിയ്ക്കുന്നു.
2018 ൽ കേരളം അതിജീവിച്ച വെള്ളപ്പൊക്കത്തെ തുടർന്നാണ്, പിൻവർഷത്തെ 500 എന്ന നിരക്കിലുള്ള ഡെലിഗേറ്റ് പാസ്സ് ഒറ്റയടിയ്ക്ക് നിഷ്കരുണം അതിന്റെ ഇരട്ടിയാക്കി ഉയർത്തിയത്, പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചിട്ടും ഡെലിഗേറ്റ് പാസ്സിന്റെ കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല, ഇന്നുമത് ആയിരം രൂപയായി തന്നെ തുടരുന്നുവെന്നതാണ് സത്യം.
മേള തുടങ്ങുന്നതിന് ഏതാനും ദിവസം മുൻപാണ്, സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേളയുടെ ഭാഗമായി യാത്ര സൗകര്യമൊരുക്കുന്നതിന് ഇലക്ട്രിക്ക് ഓട്ടോകളും, ഫെസ്റ്റിവൽ ബസ്സായി കെ.എസ്സ്.ആർ.ടി. സി യും ഫ്‌ളാഗ് ഓഫ് ചെയ്‌തത്. വലിയ രീതിയിലുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയകളും മറ്റ് വാർത്ത ഏജൻസികളും ഒഴുക്കി വിട്ടത്, എന്നാൽ സ്ഥിതിഗതികൾ മറിച്ചായിരുന്നു. പതിനായിരത്തോളം വരുന്ന ഡെലിഗേറ്റുകൾക്കായി വിരലിൽ എണ്ണാവുന്ന ഏതാനും ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തിയത്, കാശില്ലാത്ത സാധാരണക്കാരായ ഡെലിഗേറ്റുകളും, വിദ്യാർത്ഥികളും സിനിമ എന്ന ആവേശമുൾക്കൊണ്ടു ചൂടിനെ തൃണവൽക്കരിച്ച് നട്ടുച്ചകളിൽ പോലും നടന്നു. ഫെസ്റ്റിവൽ ബസ്സ് എന്നത് പടത്തിലെ കുതിരയെക്കാളും മോശമായ അവസ്ഥയിലായിരുന്നു. ഇതൊന്നും ഔദാര്യമല്ല, മറിച്ച് അവകാശമാണ് എന്ന തോന്നലാണ് ഉണ്ടാകേണ്ടത്. ഒരു ഡെലിഗേറ്റിന്റെ കയ്യിൽ നിന്ന് വാങ്ങുന്നത് ആയിരം രൂപയാണ്, പതിനായിരത്തോളം ഡെലിഗേറ്റ് പാസുകൾ മാത്രമാകുമ്പോൾ ഉണ്ടാകുന്ന ലംസം എത്രയാണ് സർക്കാരിന്റെ കയ്യിലെത്തുക എന്ന് ചിന്തിക്കുക, ബജറ്റിൽ വകയിരുത്തിയതിനു പുറമെ പൊതുജനങ്ങളുടെ പണമുൾപ്പെടെ കൊണ്ടാണ് മേള നടത്തുന്നത്. മേളയിലെത്തുന്ന ഗസ്റ്റുകൾക്ക് എത്തുന്ന കാറുകൾ മാത്രമാണ് കൃത്യമായി സർവീസുകൾ നടത്താറുള്ളത്.
പലപ്പോഴും നിശാഗന്ധിയിൽ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങും, അതുപോലെ മറ്റ് തിയേറ്ററുകളിലെ രാതിയിലെ സ്ക്രീനിംഗ് സമയത്തെയും അടിസ്ഥാനപ്പെടുത്തി ബസ് – ഫെസ്റ്റിവൽ ഓട്ടോ ഗതാഗത സൗകര്യങ്ങൾ ഒരുക്കാതെ, ഞാനടക്കം പലരും മറ്റ് ഓട്ടോകളെ ആശ്രയിച്ച് വലിയരീതിയിലുള്ള സാമ്പത്തികമായ ചൂഷണങ്ങൾക്ക് പാത്രമായിട്ടുണ്ട്, അവസ്ഥയെ വലിയ രീതിയിൽ മുതലെടുക്കാനും അവർ മടിയ്ക്കില്ല.
മേളയിലെ, ഡിജിറ്റൽ ഡിവൈഡാണ് മറ്റൊരു ജനാധിപത്യ ലംഘനം!
സിനിമ കാണാൻ റിസേർവ് / അൺ റിസേർവ് എന്ന തരം തിരിയ്ക്കൽ തുടങ്ങിയത് അടുത്തിടയ്ക്കാണ്. എല്ലാവരുടെ കയ്യിലും അതിവേഗ ഇന്റർനെറ്റും വിലകൂടിയ സ്മാർട്ഫോണും ഉള്ളപ്പോൾ, അതില്ലാതെയും ആരെങ്കിലുമൊക്കെ മേളയ്ക്ക് വരുന്നുണ്ട് എന്ന തോന്നൽ വേണം, അവർക്കായി ഒരു പത്ത് ശതമാനമെങ്കിലും സീറ്റ് മാറ്റിവെയ്ക്കുകയും ചെയ്യുന്നത് ഉചിതമാണ്.
പാലക്കാട്, കഞ്ചിക്കോട് നിന്നെത്തിയ അഖിലേഷ് എന്ന ഒരു സുഹൃത്തിനെ മേളയുടെ അവസാന ദിനം ഞാൻ പരിചയപ്പെട്ടിരുന്നു, സ്മാർട്ട് ഉപയോഗിക്കാത്ത അദ്ദേഹം, പല ചിത്രങ്ങളും കണ്ടത് നിലത്തിരുന്നാണ്, ചില ചിത്രങ്ങൾ കാണാനും സാധിച്ചില്ല. പത്ത് വർഷത്തോളമായി മേളയ്ക്ക് വരുന്ന അദ്ദേഹത്തിന്റെ വാക്കുകളിലും മേളയുടെ ജനാധിപത്യത്തെ ചോദ്യം ചെയ്തു.
സീറ്റുകളുടെ റിസർവേഷൻ സിസ്റ്റത്തെ ചോദ്യം ചെയ്തുള്ള കശപിശകൾ തിരക്കേറിയ സ്‌ക്രീനിങ്ങുകളിൽ മിക്കതിലും പ്രതിപാത്യ വിഷയം തന്നെയാണ്. ഇവിടെയുള്ള ഏറ്റവും വലിയ ഐറണി എന്തെന്നാൽ, തീയേറ്ററിലെ ഏത് സ്ക്രീനിംഗ് ആയാലും പണം കൊടുത്ത ഒരു ഡെലിഗേറ്റിനും അങ്ങനെ ചാടിക്കയറി യഥേഷ്ടമൊന്നും ഇരിക്കാൻ പറ്റില്ല, അതിനാണ് വോളന്റീർസ്! സത്യത്തിൽ അവരൊരു ലോബി പോലെയാണ് ഓരോ ഡെലിഗേറ്റിനോടും പെരുമാറുന്നത്. ഏറ്റവും മുകളിലത്തെ, മനോഹരമായ നിരകൾ എല്ലാം ഗസ്റ്റുകൾക്കായി പട്ടുമെത്ത വിരിച്ചിട്ടിരിക്കുന്നു, അതിലൊന്ന് തൊട്ടാലോ ഇരിയ്ക്കാനോ ശ്രമിച്ചാൽ പിന്നെ ആകെ കശപിശ സീനാണ്. തൊട്ട് താഴെ പിന്നീടുള്ള നിര വോളന്റീർസിനുള്ളതാണ് ‘റിസേർവ്ഡ്’ അതായത് ഞങ്ങൾക്കും, ഞങ്ങളുടെ സുഹൃത്തുകൾക്കും, ക്യുവൊന്നും പാലിയ്ക്കാതെ യഥേഷ്ടം ഓരോ പടവും കാണാനുള്ള അവസരം, അവിടെയും നിങ്ങൾക്ക് നോ എൻട്രി! ഇതിനും താഴെ വല്ലോ സീറ്റുകളുമുണ്ടെങ്കിൽ അനങ്ങാതെയിരുന്നു സിനിമ കണ്ടിട്ട് പൊയ്ക്കോണം.
മേളയുടെ അവസാന ദിവസം, അസ്‌ഗർ ഫർഹാദിയുടെ ‘എ ഹീറോ’ പ്രദർശനത്തിനുണ്ടായിരുന്നു, ചിത്രത്തിന്റെ അവസാന സ്ക്രീനിംഗ് ആണെന്നും, നല്ല തിരക്കുള്ള ചിത്രമാണെന്നുമുള്ള ബോധ്യത്താലും അത് ‘നിള’ യ്ക്ക് പകരം കുറച്ചുകൂടി കപ്പാസിറ്റിയുള്ള ഒരു തീയേറ്ററിലേയ്ക്ക് മാറ്റാത്തതും സംഘാടനത്തിലെ വലിയൊരു പിഴവായി തോന്നി, നിരവധി മനുഷ്യർ നിലത്തും – മൂലയിലുമായി ഇരുന്ന് ചിത്രം കാണേണ്ടി വന്നു.
മേളയുടെ അടുത്ത വർഷം വേർതിരിവുകൾ ഇല്ലാത്ത ലോകം ആഗ്രഹിക്കുന്നു. പകുതി സീറ്റുകൾ റിസേർവേഷന് പുറമെ ഉണ്ടായിരിക്കണം, ഫെസ്റ്റിവൽ ബസുകൾ കൂടുതൽ വേണം, എന്നതിനൊപ്പം രാത്രി സർവീസുകൾ ഷേഡ്യൂൾ അനുസരിച്ച് നടത്തുന്നിടത്തൊക്കെയാണ് സംഘാടന മികവ്.
വീണ്ടും, ഞാൻ സ്റ്റേജിലേയ്ക്ക് നോക്കുമ്പോൾ ടി. പദ്മനാഭൻ മാഷിന്റെ പ്രസംഗത്തിന് മറുപടിയായി മന്ത്രി സജി ചെറിയാൻ പറയുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചൊരു നിയമം ഉടനെ വരുന്നുണ്ട്. ഞാനും, തൊട്ടടുത്തിരുന്ന സുഹൃത്തും മുഖത്തോട് മുഖം നോക്കി ചിരിച്ചു! എന്നാലും റിപ്പോർട്ട് പുറത്തുവിടരുത്!
…
ജെ വിഷ്ണുനാഥ്, ഐഎഫ് എഫ് കെ ഡെലിഗേറ്റ്
ഗവേഷണ വിദ്യാർത്ഥി
ഫാത്തിമ മാത നാഷണൽ കോളേജ്, കൊല്ലം
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
❤️❤️
❤