കഥ
ലതിക. കെ.കെ
അന്ന് പ്ലാറ്റ്ഫോമിൽ നിറയെ ആളുകളായിരുന്നു. ഏത് പാതിരാത്രിയും അങ്ങനെ തന്നെ. തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന ആളുകൾ. ഒട്ടും തിരക്കില്ലാതെ, കിട്ടിയ കസേരകളിൽ ചാരിയിരുന്ന് വായിക്കുകയും മൊബൈലിൽ തലോടുകയും ചെയ്യുന്ന ആളുകൾ. രാത്രിയാണെങ്കിൽ ഒഴിഞ്ഞ ഇടങ്ങളിലെല്ലാം തുണിയിലോ ചാക്കിലോ കടലാസ്സിലോ വെറും നിലത്തോ കിടന്നുറങ്ങുന്ന ആളുകൾ. കസേരകളിൽ ഇരുന്ന് ഉറങ്ങുകയും ഞെട്ടി ഉണരുകയും ചെയ്യുന്ന ആളുകൾ.
അന്ന് ഒരു സുഖം തോന്നുന്ന പ്രഭാതമായിരുന്നു. മഞ്ഞുവീണു നനഞ്ഞ പുൽപരപ്പിലൂടെ നടക്കുമ്പോൾ **ദേവിയും കൂടെ ഉണ്ടായിരുന്നു. ബാഗിനുള്ളിൽ നിന്ന് ദേവി ചോദിക്കുന്നുണ്ടായിരുന്നു. “നിനക്ക് തനിച്ചു നടക്കാൻ പേടിയാവുന്നില്ലേ?”
നാട്ടിലേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതായിരുന്നു അവൾ. ഒരു പുസ്തകം തിരിച്ചേൽപിക്കാനുമുണ്ടായിരുന്നു . അയാൾ എത്തിയിട്ടില്ല. വണ്ടിയും ലേറ്റാണ്. അവൾ ചുറ്റും നോക്കി ഒഴിഞ്ഞ കസേര നോക്കി നടന്നു. ബാഗിൽ നിന്ന് പാണ്ഡവപുരം പുറത്തേക്കെടുത്തു. ദേവി പാണ്ഡവപുരത്ത നിന്ന് മടങ്ങിയിരുന്നു. ദേവിയോടൊപ്പം അയാളെയും കാത്തിരിക്കുമ്പോൾ അവളും ആ ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലായിരുന്നു.
വലതുകാലിൽ ആണിയുള്ള വയസ്സൻ പോർട്ടർ ഇരുമ്പ് പാളത്തിൽ വാശിയോടെ അടിച്ചതും ബഞ്ചുകളിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന വളരെ കുറച്ച് യാത്രക്കാർ ഞെട്ടിയുണർന്നതും ദൂരെ കമ്പിത്തൂണുകൾക്കപ്പുറം ഒരു കറുത്ത വട്ടം തെളിഞ്ഞതും പിന്നെ പെട്ടെന്ന് വലിപ്പം വെച്ച്, പുകതുപ്പി, ഇരുണ്ട മുഖത്തോടെ, മറ്റേതോ ഗൃഹത്തിൽ നിന്നുള്ള രഹസ്യ സന്ദേശവുമായി വരുന്ന ദൂതനെപ്പോലെ, കുളമ്പിട്ടടിച്ചു നീങ്ങി വന്ന് താവളമെത്തിയ ആശ്വാസത്തോടെ അമ്പരപ്പോടെ വണ്ടി നിന്നതും ദേവിയുടെ കൂടെയിരുന്ന് അവൾ കണ്ടു. അന്നേരം അഴികളിട്ട മരബെഞ്ചിൽ ദേവിയെപ്പോലെ അവളും തനിച്ചായിരുന്നു.
അത് ഒരു ശനിയാഴ്ച ആയിരുന്നു. ഇന്നും ശനിയാഴ്ചയാണ്. ഇന്ന് അവൾ അടുക്കളയിൽ ദോശ തിരിച്ചിടുകയാണ്. രാവിലെ മുതൽ റേഡിയോ അവൾക്കു വേണ്ടി പാടുകയും സംസാരിക്കുകയുമായിരുന്നു. എട്ടുമണിയുടെ ഹിന്ദി വാർത്ത തുടങ്ങിയപ്പോൾ അവൾ മറ്റൊരു എഫ് എം. സ്റ്റേഷനിലേക്ക് മാറ്റി. കേൾക്കൂ കേൾക്കൂ കേട്ടുകൊണ്ടേയിരിക്കൂ.ആർ.ജെ മണിപ്രവാളം തുടങ്ങിയിരുന്നു. പാട്ട് കേൾക്കാൻ ഇഷ്ടമാണ്. മണിപ്രവാളം സഹിക്കണമെന്നതാണ് ആ ഇഷ്ടത്തിന് ലഭിക്കുന്ന ശിക്ഷ. അവതാരകർ ആർ.ജെ എന്നാണ് അറിയപ്പെടുന്നത്. ഡോക്ടർ, പ്രൊഫസർ , അഡ്വക്കേറ്റ് എന്നൊക്കെ പറയുന്നതു പോലെ ആർ.ജെ ഒരു അലങ്കാരമാകുന്നു പേരിന്റെ കൂടെ ചേർത്തു വെക്കുമ്പോൾ. പുതിയ പദങ്ങൾ പലതും മനസ്സിന്റെ അതിരുകൾക്ക് പുറത്തായിപ്പോകുന്നുണ്ട് പലപ്പോഴും. മഴ പെയ്യുമ്പോലെ മണിപ്രവാളം പെയ്തു കൊണ്ടിരിക്കുന്നു. മഴയെ കേട്ടുകൊണ്ട് അവൾ ദോശ ചുട്ടു കൊണ്ടിരുന്നു. ഒരു പാട്ടിന്റെ ഇടവേളയിലാണെന്നു തോന്നുന്നു അത് കേട്ടത്. വെറുതെ കേട്ട് മറന്നു കളയാനുള്ള ഒരു വാർത്ത. പ്ലാറ്റ്ഫോം ടിക്കറ്റിന് ഇനി മുതൽ 50 രൂപ ആക്കിയിരിക്കുന്നു. സാമൂഹ്യ അകലം പാലിക്കാൻ റെയിൽവെയുടെ മുൻകരുതൽ. വേണ്ടതു തന്നെ. ആവശ്യമില്ലാതെ റെയിൽവേ പ്ലാറ്റ്ഫോമിൽ വന്നു കൂടുന്ന ആൾക്കൂട്ടം സൃഷ്ടിക്കുന്ന രോഗ പടർച്ചയ്ക്ക് തടയിടാൻ എന്നു തന്നെയാണ് വിശദീകരണം വന്നത്.
വാർത്ത അവളെ അന്നത്തെ പ്ലാറ്റ്ഫോമിലേക്കെടുത്തെറിഞ്ഞു. ദോശ കരിയാതെ തിരിച്ചിട്ടു കൊണ്ട് അവൾ ജനലഴികളിലൂടെ മതിലിനു പുറത്തേക്ക് കണ്ണയച്ചു. ഒരു പ്ലാറ്റ്ഫോം പോയിട്ട് ഓട്ടോസ്റ്റാന്റ് പോലും കണ്ടിട്ട് എത്ര ദിവസമായിക്കാണും? ഈ വീടിനു പുറത്ത് ,മതിലിനു പുറത്ത്, ഗേറ്റ് കടക്കാതെ എത്ര ദിവസം കഴിഞ്ഞു ! ബസ്സിൽ – ഓട്ടോയിൽ – നടന്നിട്ടു പോലും എങ്ങോട്ടെങ്കിലും സഞ്ചരിച്ചത് പഴയൊരോർമ്മ മാത്രമായി. വെറുമൊരു പെൺകുട്ടി മാത്രമായിരുന്നപ്പോൾ തീവണ്ടി കാണാനും അതിൽ കയറാനും വേണ്ടി മാത്രം തലശ്ശേരിയിൽ നിന്ന് കണ്ണൂർ വരെ പോയി വന്നത് ഇന്നൊരു ചെറുചിരിയോടെ ഓർക്കാൻ കഴിയുന്നു.
ടിക്കറ്റുകളുടെ വില കൂടുമ്പോൾ ഏതൊക്കെ കാഴ്ചകളാണ് ഒറ്റ ക്ലിക്കിൽ മാഞ്ഞു പോകുന്നത് ? ഏതൊക്കെയാണ് കൂടുതൽ മിഴിവോടെ തെളിഞ്ഞു വരുന്നത്? കൊച്ചുമകളുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളിലൊന്ന് വാളങ്ങളിലൂടെ വട്ടത്തിലോടുന്ന കറുത്ത ബോഗികളുള്ള തീവണ്ടിയാണ്. അവളുടെ കളിയിൽ ആളുകൾ നിറഞ്ഞ പ്ലാറ്റ്ഫോമും ചായയും ബിരിയാണിയും വിൽക്കുന്നവരും പുസ്തകക്കടയും പ്ലാറ്റ്ഫോം ടിക്കറ്റ് പോലും ഉണ്ടായിരിക്കും. ടിക്കറ്റ് വില കൂടിയത് അവൾ അറിഞ്ഞിരിക്കില്ല. അതുകൊണ്ട് അവളുടെ പ്ലാറ്റ്ഫോമിൽ ടിക്കറ്റിനായി നീണ്ട ക്യൂ കാണാം. ടെയിനിലും നിറയെ ആളുകൾ തിങ്ങി നിറഞ്ഞിരിക്കും. അവൾക്ക് എല്ലാവരെയും ചേർത്ത് നിർത്താനാണിഷ്ടം. പക്ഷേ എല്ലാവരും അതുപോലെയല്ലല്ലോ. ഒറ്റ ക്ലിക്കിൽ ഓർമ്മകളെയെന്ന പോലെ മനുഷ്യരെയും തുടച്ചു നീക്കാനാണ് ചിലർക്ക് ഏറെ ഇഷ്ടം.
ടെയിനിൽ ജനലഴികൾക്കിടയിലൂടെ നീണ്ടു നീണ്ടു വരുന്ന അനേകം കൈകൾ, വിറകൊള്ളുന്ന വിരലുകൾ, അവരുടെ ഉടലിനുള്ളിലെ പിടച്ചിലുകൾ, ഒന്നിച്ചു ചേർന്നു നിൽക്കാനുള്ള സ്നേഹനോവുകൾ, തുടക്കുന്തോറും നിറഞ്ഞു വരുന്ന മിഴിനീർത്തുള്ളികൾ. നീട്ടിപ്പിടിച്ച കൈകളുമായി അകന്നകന്നു പോകുന്ന മനുഷ്യർ.
വണ്ടി നീങ്ങി വേഗം കൈവരിക്കുന്നതു വരെ അത്രയും നേരമെങ്കിലും ചേർന്നു നിൽക്കാൻ , കുഞ്ഞുമുഖങ്ങളെ കൊഞ്ചിക്കാൻ, വാക്കു കൊണ്ടും നോക്കു കൊണ്ടും പ്രണയിക്കാൻ, വെമ്പുന്ന ശരീരങ്ങൾ. ഇനിയെന്നു കാണുമെന്ന് പറയാൻ കഴിയാതെ , തിരിച്ചു വരുമെന്ന ഉറപ്പില്ലാതെ അതിർത്തി കാക്കാൻ പോകുന്നവരുടെ തൊട്ടുതലോടുകൾ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളിൽ നിന്ന് പറിച്ചെടുക്കുന്ന ഒരു സാരിത്തുമ്പ് , ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാകുന്ന മകൾക്ക് നൽകുന്ന നിലക്കാത്ത ആലിംഗനങ്ങൾ – എത്രയെത കാഴ്ചകളാണ് ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് അവിടെ ഒരു ഒഴിഞ്ഞ മൂലയിലിരിക്കുന്ന നിങ്ങൾക്ക് കാണിച്ചു തരുന്നത് ?
ഓരോ മതിലുകൾക്കുമപ്പുറത്തു നിന്ന് നീണ്ടു വരുന്ന സ്നേഹ വിരലുകൾക്കായി കൊതിയോടെ കാത്തുനിൽക്കുന്ന ആത്മാവുകൾ നിറഞ്ഞ വീടുകളാണ് അവൾക്ക് ചുറ്റും. അതിലൊന്നിനുള്ളിലിരുന്നുകൊണ്ട് പ്ലാറ്റ്ഫോമിലേക്ക് നോക്കുമ്പോൾ അവൾ കമൽഹാസനെ കണ്ടു. വണ്ടിക്കകത്തിരുന്ന് ശ്രീദേവി തന്നെ നോക്കി സഹതാപത്തോടെ പിച്ചക്കാശ് നീട്ടിയിട്ടും അവളുടെ ഓർമ്മകളെ തിരിച്ചു നൽകാനായി , അവളെ നഷ്ടപ്പെടാൻ കഴിയാതെ , നീങ്ങിപ്പോകുന്ന വണ്ടിയുടെ പിന്നാലെ നിസ്സഹായനായി പട്ടിയായും പൂച്ചയായും പിന്നെ കുരങ്ങനായും തലകുത്തിമറയുന്ന ഇളിച്ചു നിൽക്കുന്ന കമലഹാസൻ എന്ന മഹാനടൻ. എല്ലാ സങ്കടങ്ങളും ആ പ്ലാറ്റ്ഫോമിൽ ബാക്കിയാക്കി മാഞ്ഞു പോയ ശ്രീദേവി എന്ന വിസ്മയം .
ഒറ്റക്കൊരാളെ യാത്രയാക്കാനായി ഒരു കുടുംബം മുഴുവൻ , അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളും പ്ലാറ്റ്ഫോമിൽ തിക്കിത്തിരക്കുന്നത് കണ്ട് അസഹ്യതയോടെ നോക്കി നിൽക്കാറുള്ളത് ഓർത്തു പോയി അവൾ . ഇപ്പോൾ അവൾ അറിയുന്നു, പൊങ്ങച്ചങ്ങൾക്കപ്പുറം ഒരു ചേർത്തുപിടിക്കലിന്റെ , ഒരു സ്പർശനത്തിന്റെ സുഖം, നൊമ്പരം. ജീവിതത്തിന്റെ നിറങ്ങൾ, നിറവുകൾ.
വീണ്ടും അവൾ അന്നത്തെ കാത്തിരിപ്പിലേക്കെത്തി ചുറ്റും നോക്കി. നീങ്ങി നീങ്ങി വേഗം കൂടുന്ന അനേകം തീവണ്ടികളിൽ നീട്ടിപ്പിടിച്ച കൈകളുമായി അനേകം ഷാരൂഖ് ഖാൻമാർ. ആ വിരലുകളിൽ ഒന്ന് തൊടാൻ പോലും കഴിയാതെ പിന്നിലേക്ക് പിന്നിലേക്ക് മാഞ്ഞുമാഞ്ഞു പോകുന്ന കാജോൾ മാർ അനേകം സിനിമകളിലെ തീവണ്ടി രംഗങ്ങൾ എല്ലാം ചേർത്തൊരു കൊളാഷ് അവളുടെ കണ്ണുകളിൽ തെളിഞ്ഞു മറഞ്ഞു കൊണ്ടേയിരുന്നു. അവയെല്ലാം ആരുടെയൊക്കെയോ ജീവിതങ്ങളായിരുന്നു.
ടെയിനിൽ യാത്ര തുടരുന്നവരാണോ അതോ പ്ലാറ്റ്ഫോമിൽ നിന്ന് മടങ്ങിപ്പോകുന്നവരോ തനിച്ചായിപ്പോകുന്നവർ! ഓർമ്മകൾ തിരിച്ചു കിട്ടിയ ശ്രീദേവി പിന്നീടെന്നെങ്കിലും കമലഹാസനെ ഓർക്കുമോ? ടെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ എങ്ങനെ ആയിരിക്കും?
ട്രെയിനിൽ തനിച്ചും അല്ലാതെയും നടത്തിയ അനേകം യാത്രകളിൽ കണ്ട പ്ലാറ്റ്ഫോമുകൾ അവൾ വീണ്ടും കണ്ടു. ഉത്തരേന്ത്യയിലെ ഒരു സ്റ്റേഷനിൽ നിന്ന് റിസർവ്വേഷൻ കമ്പാർട്ട്മെന്റിലേക്ക് ഇരമ്പിക്കയറിയ ഒരു കൂട്ടം മനുഷ്യർ. അവർ ചുമന്ന ചാക്കു കെട്ടുകൾക്കും അവർക്കും തമ്മിൽ ഭേദമുണ്ടായിരുന്നില്ല. ഒരു മിനുട്ടുകൊണ്ട് ആ ബോഗിയിലെ തറ മുഴുവൻ അവർ നിറഞ്ഞൊഴുകി. സീറ്റ് ഒഴിവുണ്ടോയെന്ന് ഒരാൾ പോലും നോക്കിയതായി ഓർക്കുന്നില്ല. ടിക്കറ്റില്ലാത്തതിന്, റിസർവ്വേഷൻ കമ്പാർട്ട്മെന്റിൽ കയറിയതിന് അവരിൽ നിന്ന് എത്ര പിഴ ഈടാക്കേണ്ടിവരും? ടി ടി അവരെ കണ്ട ഭാവം നടിച്ചില്ല. ആരും അവരെ കാണുന്നുണ്ടായിരുന്നില്ല. ഒന്നും സംഭവിക്കാത്തതു പോലെ എല്ലാവരും. ഒരേ ബോഗിയിലിരുന്ന് അവരും മറ്റുള്ളവരും പുറത്തേക്കു നോക്കിയാൽ കാണുന്ന കാഴ്ചകൾ ഒരുപോലെ സുന്ദരമായിരുന്നെങ്കിൽ എന്ന് അവൾ ഓർത്തു.
കൊറോണ മാത്രമല്ല ആളുകളുടെ ഇടയിലെ ദൂരം കൂട്ടുന്നത്. ഏതൊക്കെ പകർച്ചവ്യാധികൾക്കാണ് കൈ കഴുകിയും മാസ്കിട്ടും അകന്നുനിന്നും പ്രതിരോധം തീർക്കേണ്ടത്? **അവൾക്ക് ചിരിവന്നു. സ്വാതന്ത്ര്യത്തിൽ വന്നു വീഴുന്ന വിലങ്ങുകൾ. വണ്ടിയാപ്പീസിൽ വന്ന് കാത്തിരിക്കാൻ പാടില്ല. കാത്തു കാത്തിരുന്ന് വന്നു കയറുന്ന അതിഥിയെ വീട്ടിൽ താമസിപ്പിക്കാൻ പാടില്ല. ആരാണ് ഇതൊക്കെ നിശ്ചയിക്കുന്നത്?
ഒരേ സമയം അവൾ അടുക്കളയിൽ ദോശ ചുടുകയും പ്ലാറ്റ് ഫോമിൽ ദേവിയുടെ കൂടെ അയാളെ കാത്തിരിക്കുകയും ചെയ്തു. വണ്ടിയും അയാളും ഒന്നിച്ചാണ് എത്തിയത്. വൈകിയതുകൊണ്ട് ഒന്നും പറയാതെ അവൾ വേഗം കവറിൽ പൊതിഞ്ഞ പുസ്തകം അയാളെ ഏൽപിച്ചു. പ്ലാറ്റ്ഫോമിലാകെ പടർന്ന നിസ്സംഗതയുടെ പുകപടലം അവളുടെ മനസ്സിലും കടന്നു കയറിയപ്പോൾ അവൾക്ക് ശ്വാസം മുട്ടി.
“തനിച്ചിരുന്ന് മുഷിഞ്ഞുവോ? അല്പം താമസിച്ചു പോയി.’’ – അയാൾ പറഞ്ഞു.
“ഇല്ല . ദേവി ഉണ്ടായിരുന്നു കൂട്ടിന്. ” അവൾ പറഞ്ഞു
അയാളുടെ മുഖത്തെ ചോദ്യം അവൾ കണ്ടില്ല. പിന്നീടൊന്നും അവർക്ക് പറയാനുണ്ടായിരുന്നില്ല. വണ്ടിയുടെ ചൂളം വിളി കേട്ട് വണ്ടിയിലേക്ക് കയറുമ്പോഴും അയാളുടെ കണ്ണുകൾ ദേവിയെ തിരയുകയായിരുന്നു.
അവൾ തിരിഞ്ഞു നോക്കാതെ നടന്നു.
ദേവി അപ്പോഴും അതേ കസേരയിൽ ജാരനെ കാത്തിരുന്നു. ഇല്ല, ഈ വണ്ടിയിലുമില്ല. നാളെയോ?
വീട്ടിൽ അവൾ തനിച്ചായിരുന്നു. ദേവിയോ ജാരനോ അയാളോ ആരും വരാതെയായിട്ട് അനേകം നാളുകളായിരുന്നു. അവൾക്കന്നേരം പ്ലാറ്റ്ഫോമിൽ ആ ദിവസം തനിച്ചിരിക്കുന്ന ദേവിയെ ഓർമ്മ വന്നു. പ്ലാറ്റ്ഫോം ശൂന്യമായിത്തുടങ്ങിയിരുന്നു. ആളുകൾ എല്ലായിടങ്ങളിൽ നിന്നും അപ്രത്യക്ഷരായിക്കൊണ്ടിരുന്നു. ഒരു കാറ്റ് മതിൽ കടന്ന്, വാതിൽ തുറന്ന് അവളെ വന്ന് തൊട്ടു. അവൾ അപ്പോഴും ദോശ ചുടുകയായിരുന്നു. കാറ്റ് അവളോട് പറഞ്ഞു.
“ആരെങ്കിലും വരാതിരിക്കില്ല. ”
**സേതുവിന്‍റെ പാണ്ഡവപുരം എന്ന നോവലില്‍ നിന്ന്
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.