ലേഖനം
ഡോ. ബിച്ചു മലയില്‍
ഏകശിലാനിര്‍മ്മിതമായ മതരാഷ്ട്രസങ്കല്പം അടിച്ചേല്‍പ്പിക്കപ്പെടുന്ന രാജ്യത്ത് ‘ആരുടെ രാമന്‍’ എന്നത് വലിയ ഒരു രാഷ്ട്രീയ ചോദ്യമാണ്. മതാത്മക ദേശീയതയ്ക്ക് ഊടും പാവും നല്‍കി വിസ്തരിക്കുന്ന കാലത്ത് രാമനെ മുന്‍നിര്‍ത്തി അധികാരം പിടിച്ചു നിര്‍ത്തേണ്ടത് ഹിന്ദുത്വശക്തികളുടെ ആവശ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ച സവര്‍ക്കര്‍ രൂപപ്പെടുത്തിയ ഹിന്ദുത്വ സിദ്ധാന്തത്തെ ഹിന്ദു രാഷ്ട്രത്തിലേക്ക് പരിവര്‍ത്തിപ്പിച്ച ഗോള്‍വാള്‍ക്കറും ഇന്ത്യന്‍ ദേശീയതയെ ഉറപ്പിച്ചത് മതാത്മകതയിലാണ്. അതിനവര്‍ കൂട്ടുപിടിച്ചത് ഇതിഹാസ കൃതികളെയും. കൃത്രിമമായി നിര്‍മ്മിച്ചെടുത്ത സാംസ്കാരികയുക്തി ഉപയോഗപ്പെടുത്തി ഒരു ജനത, ഒരു മതം, ഒരു സംസ്കാരം, ഒരു ഭാഷ എന്നതിലധിഷ്ഠിതമായ മതരാഷ്ട്രസങ്കല്പത്തെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള അധികാരത്തിലേക്ക് അവര്‍ ക്രമേണ എത്തുകയും ചെയ്തു. മാത്രമല്ല ധനശക്തികളെ കൂട്ടു പിടിച്ച് ഒരു രാഷ്ട്രം, ഒരു വിപണി, ഒരു നികുതി, ഒരു തെരഞ്ഞെടുപ്പ് എന്ന സമകാലിക മുദ്രാവാക്യം വികസിപ്പിച്ച്, ഇന്ത്യന്‍ ദേശീയതയുടെ ബഹുസ്വരതയെ ഇല്ലാതാക്കുന്ന രാഷ്ട്രീയ വ്യാപാരത്തിലാണ് ഇപ്പോള്‍ ഭരണകൂടം ശ്രദ്ധിക്കുന്നത്. സാംസ്കാരിക മൂലധനത്തെ ഹിന്ദുത്വശക്തികള്‍ കവര്‍ന്നെടുക്കുന്നു എന്നു മാത്രമല്ല കോര്‍പറേറ്റുകള്‍ക്ക് ദേശീയ ആസ്തികള്‍ തീറാധാരം നല്‍കി ജനതയുടെ സാമൂഹിക സാമ്പത്തിക അടിമത്തം പൂര്‍ത്തിയാക്കുകയും ചെയ്തു കൊണ്ട് രാഷ്ട്രീയ കാലാവസ്ഥയുടെ നിര്‍മാതാക്കളുമായി മാറി.
യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്ന 2022 ന്‍റെ ആദ്യമാസങ്ങളില്‍, അതിനുള്ള ഒരുക്കങ്ങളില്‍ പ്രകടനപത്രികയുടെ ദര്‍ശനം തന്നെ ശ്രീരാമനാണെന്ന് ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശില്‍ രാമനെ മുന്നില്‍ നിര്‍ത്തി ഭരണവീഴ്ചകളെ മറച്ചുവെയ്ക്കാനാണ് ആലോചനകളും. അയോധ്യയില്‍ മത്സരിക്കണമെന്ന് യോഗിയുടെ ആഗ്രഹം രാമരാജ്യ പുനസ്ഥാപനമെന്ന സംഘപരിവാറിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യം നടപ്പാക്കലാണ്. എന്നാല്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഗൊരാഖ്പൂറാണ് ഇപ്പോള്‍ യോഗിക്കു നീക്കിവച്ചിരിക്കുന്ന മണ്ഡലം. 2006 ല്‍ അയോധ്യയില്‍ ബാബരി മസജിദ് പൊളിച്ചുമാറ്റി 2020 ല്‍ രാമക്ഷേത്രത്തിന് ശിലപാകി നിര്‍മാണം നടക്കുന്ന ഈ രാഷ്ട്രീയ കാലാവസ്ഥ ഹിന്ദുത്വവാദികളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന ഉത്തരം എന്തായിരിക്കും?. ത്രൈവര്‍ണ്ണിക ബ്രാഹ്മണ്യത്തിന്‍റെയും വര്‍ണ്ണജാതി വ്യവസ്ഥയുടേയും സമ്പദ്ക്രമവും രാഷ്ട്രീയാധികാര രൂപവും സാമൂഹിക വേര്‍തിരിവുകളെയും ദേശരൂപങ്ങളെയും ക്രമപ്പെടുത്തുന്ന സ്ഥാപനമായി അയോധ്യ മാറുന്നതും കാണാന്‍ വലിയ പ്രയാസമില്ല. എന്നാല്‍ അത്തരം കാഴ്ചകളെ നിര്‍വീര്യമാക്കുന്ന പൊടികൈകള്‍ ഹിന്ദുത്വശക്തികള്‍ പ്രയോഗിച്ച് ഒരു പറ്റം ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു.
രാമായണവും രാമായണപാഠങ്ങളും ധാരാളമുള്ള ഒരു നാടാണ് ഇന്ത്യ. അന്തര്‍ദേശീയമായും ദേശീയമായും പ്രാദേശീകമായും തര്‍ജമയും വ്യാഖ്യാനവും പഠനങ്ങളുമായി രാമായണപാഠങ്ങള്‍ക്ക് പഞ്ഞമില്ല. ഓരോ പാഠവും മുന്നോട്ടുവയ്ക്കുന്ന അന്തര്‍പരത ബൃഹത്താണ്. രാമായണത്തിന്‍റെ സ്വരൂപഘടനയെയും ഗ്രന്ഥശരീരത്തെയും ആ കൃതിയുടെ രൂപപ്പെടലിന്‍റെ കാലത്തെയും സംബന്ധിച്ച് ഇന്നും ചര്‍ച്ചകള്‍ നടക്കുന്നു. ഇതിഹാസത്തില്‍ ചമച്ചിരിക്കുന്ന വസ്തുതകളെ ഇന്ത്യന്‍ ജനത സ്വീകരിച്ചതിന്‍റെ വിവരണപാഠങ്ങള്‍ തര്‍ക്കവിഷയമായി നിലകൊള്ളുന്നു. പ്രമേയ വൈപുല്യവും അതിന്‍റെ വ്യതിരിക്തതയും വ്യാഖ്യാനങ്ങളിലും വിശദീകരണങ്ങളിലും സ്വാഗതാര്‍ഹമായതായി വിലയിരുത്തപ്പെടുന്ന സവിശേഷ സാംസ്കാരിക സന്ദര്‍ഭമാണ് ഇപ്പോഴും ഉള്ളത്. രാമായണം പ്രതിഷ്ഠിക്കപ്പെട്ട ചാതുര്‍വണ്യസന്ദര്‍ഭം ഇപ്പോഴും പ്രസക്തമാണ്. ഇന്ത്യയുടെ രാഷ്ട്രജീവിതവും അതിന്‍റെ പാരമ്പര്യവും പൗരാണികതയും ജനമനസ്സുകളിലേക്ക് എത്തിക്കാനും ചാതുര്‍വര്‍ണ്യ ജീവിതക്രമങ്ങളെ നിരന്തരം പുതുക്കാനും രാമായണാദി ഇതിഹാസങ്ങള്‍ക്ക് കഴിഞ്ഞു. ഒരു മതഗ്രന്ഥമെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതിനാല്‍ സ്വാഭാവികമായും അന്വേഷണങ്ങളെല്ലാം ജാതിബന്ധമായ ക്രമങ്ങളിലും ആചാരാനുഷ്ഠാനങ്ങളെ മുന്‍നിര്‍ത്തിയുള്ള വിശ്വാസസംരക്ഷണഗീതികയാക്കി മാറ്റുവാനുമുള്ള വിശദീകരണങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കാലദേശവ്യത്യാസമില്ലാതെ രാമനും സീതയും രാമായണവും ഉത്തമ പുരുഷന്‍റെയും, സ്ത്രീയുടെയും ഉദാഹരണങ്ങള്‍ ആയിമാറി. തന്നെയുമല്ല ഇന്ത്യയിലെ വര്‍ണാശ്രമവ്യവസ്ഥകള്‍ സ്ഥാനപ്പെടുത്തുന്നതിനും ബ്രാഹ്മണ്യത്തിന്‍റെ പദവി ഉച്ചസ്ഥായിയായി ഘോഷിക്കപ്പെടുന്നതിനുമുള്ള ക്രമങ്ങള്‍ ഊട്ടിയുറപ്പിക്കുവാന്‍ ഇതിഹാസപാരമ്പര്യത്തിന് കഴിയുകയും ചെയ്തു. ജന്മിഭൂവുടമബന്ധങ്ങളും അറിവധികാരങ്ങളും കാര്‍ഷിക വ്യവസായിക വിഭവങ്ങളുടെ കുത്തകയും ജാതിഹിന്ദുക്കളില്‍ കേന്ദ്രീകരിക്കപ്പെടുന്ന സമ്പ്രദായം ഒരു സുപ്രഭാതത്തില്‍ മുളച്ചതല്ല. ആ കോയ്മാസംസ്കാരം ഇതിഹാസങ്ങളെയും പുരാണങ്ങളെയും കൂട്ടുപിടിച്ചതിന് സ്വഭാവിക പ്രക്രിയ തന്നെ. ഇതിഹാസങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ പാഠങ്ങളുടെ വലിയൊരു വിമര്‍ശനം ‘ആരുടെ രാമന്‍’ എന്ന ഗ്രന്ഥം പ്രതിനിധാനം ചെയ്യുന്നുണ്ട്. ബ്രാഹ്മണ്യശുദ്ധി വരേണ്യതയും ജാതിഭേദങ്ങളും ആഢ്യത്വവും മ്ലേച്ഛത്വവും അസമത്വരൂപങ്ങളും അടിച്ചമര്‍ത്തല്‍ രീതിയായി വാല്‍മീകി രാമായണത്തില്‍ സാധൂകരണം നേടുന്നുവെന്ന (പുറം 51)പ്രസ്താവന സൂക്ഷ്മ രാഷ്ട്രീയത്തിന്‍റെതുതന്നെയാണ്. രാമരാജ്യത്തെയും രാമബിംബത്തെയും ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന ധാര്‍മ്മികതയ്ക്ക് എതിരായി ഉപയോഗിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ ഡോ. ശ്യാംകുമാറിന്‍റെ ‘ആരുടെ രാമന്‍’ നീതിസങ്കല്പത്തിന്‍റെ പുതിയ അടയാളമാണ്. രണ്ടു ഭാഗങ്ങളായാണ് ആരുടെ രാമന്‍ ഡോ.ടി.എസ്.ശ്യാംകുമാര്‍ അവതരിപ്പിക്കുന്നത്. വാല്‍മീകി രാമായണത്തെ മുന്‍നിര്‍ത്തി ജനജീവിതത്തെ രൂപപ്പെടുത്തിയെടുക്കാന്‍ ബ്രാഹ്മണ്യം പരിശ്രമിച്ച രാമ- സീതാദ്വന്ദ്വങ്ങള്‍ നല്‍കിയ വിപല്‍ക്കരമായ സന്ദേശങ്ങളെ വിചാരണ ചെയ്യുന്ന ആദ്യഭാഗവും മഹാഭാരതം, രാമായണം, അദ്വൈതവേദാന്തം, താന്ത്രികവിദ്യ, അര്‍ത്ഥശാസ്ത്രം, ധര്‍മശാസ്ത്രം, നവോത്ഥാനം, ക്ഷേത്ര സംസ്കാരം തുടങ്ങി ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചെടുത്ത സാമൂഹിക അപചയങ്ങളെ വര്‍ത്തമാനകാലത്തെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്ന രണ്ടാം ഭാഗവും. ഇന്ത്യന്‍ ജനജീവിതത്തെ ഭീമാകാരമായി ബാധിച്ചു നില്‍ക്കുന്ന ബ്രാഹ്മണ്യത്തെയും അതിന്‍റെ മൂല്യവ്യവസ്ഥയെയും വിമര്‍ശനപരമായി സമിപീച്ചിരിക്കുന്നുവെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അസമത്വ വ്യവസ്ഥയുടെ അടരുകള്‍ക്കിടയാക്കിയ ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ കോയ്മാ പ്രത്യയശാസ്ത്രത്തെ മുന്‍നിര്‍ത്തി ഹീനതയും മ്ലേച്ഛതയും അയിത്തവും അസ്പൃശ്യതയും ഇന്ത്യാക്കാരന്‍റെ മേല്‍ ചാര്‍ത്തിക്കൊടുത്ത വ്യവസ്ഥയെ മേലുകീഴുനോക്കാതെ വിചാരണ ചെയ്യാന്‍ ഈ ഗ്രന്ഥത്തിന് സാധിക്കുന്നുണ്ടെന്നത് സ്വീകാര്യതയെ വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.
രാമായണം മുന്നോട്ടുവയ്ക്കുന്ന രാമരാജ്യസങ്കല്പത്തിലെ അസമത്വവും സ്ത്രീവിരുദ്ധതയും ജാതിവര്‍ണവിവേചന രൂപങ്ങളും സ്വയം പേറുന്ന ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ ജീര്‍ണരൂപങ്ങള്‍ ഈ ഇതിഹാസകാവ്യം പാരായണം ചെയ്യുന്നതിന്‍റെ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും വിലിരുത്തുകയും ചെയ്യുക എന്നത് ധീരമായ ഒരു പ്രക്രിയയാണ്. ചാതുര്‍വര്‍ണ്യഭക്തിയും ബ്രാഹ്മണസേവയും മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള പാതയാണെന്ന് കാലാകാലങ്ങളായി വിശ്വസിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ ദാസ്യവൃത്തിയുടെ ആത്മസാക്ഷാത്കാരമാണ് രാമായണ പാരായണമെന്ന യുക്തിക്ക് പ്രസക്തി ഏറെയുണ്ട് താനും. ബ്രാഹ്മണ്യത്തിന്‍റെ യുവസംക്രമ ഇച്ഛയും അവയുടെ പൊളിച്ചെഴുത്തുകളുടെ സന്ദര്‍ഭവും ഇതാണ്. പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ശ്രദ്ധേയമായി തോന്നിയ പ്രധാനവശങ്ങളില്‍ ആദ്യത്തേത് രാമായണത്തിന്‍റെ അപാരമായ ചലനാത്മകയാണ്. ആറ് കാണ്ഡങ്ങള്‍, 500 സര്‍ഗ്ഗങ്ങള്‍ 24000 ശ്ലോകങ്ങള്‍ അടങ്ങിയ വാല്മീകിരാമായണം ദുര്‍ഗ്രാഹ്യമായ വേദാന്തതത്വങ്ങളെ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിലേക്ക് രചിക്കപ്പെട്ട ഒന്നാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. വാല്‍മീകിരാമായണത്തിനുശേഷം അതിനെ അവലംബിച്ച് ഉണ്ടായ വിഭിന്നങ്ങളായ ധാരാളം രാമായണങ്ങള്‍ ഉണ്ട്.
ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ ഉപരിഘടനയിലെ രാഷ്ട്രീയ പദ്ധതിയെ നിര്‍മ്മിക്കുന്ന സൂചകങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് രാമന്‍. വര്‍ത്തമാനകാല ഇന്ത്യയില്‍ വര്‍ഗീയബോധനിര്‍മാണത്തിന്‍റെ പ്രധാന ഉപകരണമായി രാമായണം മാറുന്നതും അതുകൊണ്ടാണ്. അര്‍ത്ഥമറിയാതെ പാരായണം ചെയ്യുകയും രാമനെയും സീതയെയും സ്ത്രീ-പുരുഷബിംബമായി ചിത്രീകരിക്കുകയും വിശുദ്ധരായി അവതരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തി കാലങ്ങളായി തുടരുന്നു. മഹാഭാരതത്തെയും രാമായണത്തെയും വര്‍ഗ്ഗീയതയുടെ ആയുധങ്ങളാക്കി സ്പര്‍ദ്ധസൃഷ്ടിക്കുന്ന ഹിന്ദുത്വവാദികളുടെ ദീര്‍ഘകാലങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയപരമായ മറുപടികൂടിയാണ് ‘ആരുടെ രാമന്‍’. രാമന്‍റെ ധീരകൃത്യങ്ങളെ വിചാരണചെയ്യുക മാത്രമല്ല ചരിത്രപരമായ രാമസങ്കല്പത്തെ വിശകലനം ചെയ്ത് ചാതുര്‍വര്‍ണ്യത്തിന്‍റെ ആവശ്യം മാത്രമാണ് രാമസങ്കല്പം നില നിര്‍ത്തല്‍ എന്നു കൂടി സ്ഥാപിക്കുന്നു.
അസമത്വത്തിന്‍റെ ശ്രേണീരൂപമായ ചാതുര്‍വര്‍ണ്യത്തിന്‍റെ മറ്റൊരു പേരാണ് ശ്രീരാമന്‍. ബ്രാഹ്മണ്യത്തിന് സവിശേഷമായ അധികാരവും പദവികളും അവകാശങ്ങളും നല്‍കുന്ന ഈ വ്യവസ്ഥാക്രമത്തിനു വേണ്ടിയാണ് വാല്‍മീകി രാമായണ വ്യഖ്യാനങ്ങള്‍ നാളിതുവരെ ഉണ്ടായിരിക്കുന്നത്. ലോകമെങ്ങും ഉണ്ടായിട്ടുള്ള എല്ലാ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും രാമസ്തുതിയുടെ രൂപങ്ങള്‍ തന്നെയാണ്. രാമകഥ അവതരിപ്പിച്ച് വ്യത്യസ്തഭാഷ്യങ്ങള്‍ സൃഷ്ടിച്ച് ബ്രാഹ്മണ്യപ്രത്യയശാസ്ത്രം ഊട്ടിയുറപ്പിക്കുന്ന തന്ത്രങ്ങളാണ് നടക്കുന്നത്. ജാതിവ്യവസ്ഥയുടേയും അനുബന്ധമായ ആചാര അനുഷ്ഠാനങ്ങള്‍ക്കും അടിത്തറയും മാര്‍ഗസൂചകമായി വര്‍ത്തിക്കുന്നത് മനുസ്മൃതിയാണ്. ധര്‍മ്മസൂത്രങ്ങളിലാരംഭിച്ച ചാതുര്‍വര്‍ണ്യവ്യവസ്ഥ മനുസ്മൃതിയില്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും സമൂഹം അതിനനുസരിച്ചുള്ള ജീവിതരീതിയിലേക്ക് കടക്കുകയും ചെയ്തതായി ഗ്രന്ഥകാരന്‍ (പുറം 335) നിരീക്ഷിക്കുന്നുണ്ട്. രാമരാജ്യമായ അയോദ്ധ്യയുടെ സൃഷ്ടിയില്‍ തന്നെ ചാതുര്‍വര്‍ണ്യവ്യവസ്ഥാപനമായിരുന്നു വാല്‍മീകിയുടേയും പില്‍ക്കാല വ്യാഖ്യാനകാരന്മാരുടേയും ലക്ഷ്യം എന്നതും സ്ഥാപിക്കാന്‍ കഴിയുന്നു.
ആരാണ് രാമന്‍ എന്നത് നിശ്ചയമായും ഒരു രാഷ്ട്രീയ ചോദ്യമാണ്. ചരിത്രം നിര്‍മ്മിച്ചെടുത്ത രാമന്‍റെ മുഖംമൂടി അഴിക്കേണ്ടത് വര്‍ത്തമാനകാലത്തിന്‍റെ ഏറ്റവും വലിയ ആവശ്യവും. രാമനെ മുന്‍നിര്‍ത്തി അധികാരം പിടിച്ചെടുക്കാനും അധികാരം നിലനിര്‍ത്താനും ശ്രമിക്കുന്ന ശക്തികളോട് സന്ധിയില്ലാസമരം നടത്തി നിങ്ങള്‍ തലപ്പത്തു നിര്‍ത്തിയ രാമന്‍ കള്ളനും കൊള്ളക്കാരനും സ്ത്രീ-ദളിത് വിരുദ്ധനുമാണെന്ന് അനേകം ഉദാഹരണങ്ങള്‍ വസ്തുനിഷ്ഠമായി നിരത്തി വിശദീകരിക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നുണ്ട്.
ശ്രീരാമന്‍റെ ജീവിതത്തിലെ മഹനീയ സംഭാവനയായി ഗണിക്കപ്പെടുന്ന താടകാവധം, ബാലിവധം, ശംബൂകവധം തുടങ്ങിയവയെ സൂക്ഷമമായി അവതരിപ്പിക്കുകയും നിലപാടുകള്‍ സുദൃഢമായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതിയില്‍. വിശ്വാമിത്രന്‍റെ ആവശ്യപ്രകാരം താടകയെ വധിച്ച രാമന്‍ താന്‍ ബ്രാഹ്മണരുടേയും പശുക്കളുടെയും ആവശ്യം നിഷേധിക്കാത്തവനാണെന്ന് പറയുകയും മഹര്‍ഷിയുടെ ആവശ്യം നിറവേറ്റുമെന്ന് പറയുകയും ചെയ്തു. ഉത്തരകാണ്ഡത്തില്‍ പ്രതിപാദിക്കുന്ന ശംബുകവധം മറ്റൊരുദാഹരണമാണ്. താന്‍ ശൂദ്രനാണെന്ന് പറഞ്ഞ മാത്രയില്‍ തന്നെ രാമന്‍ ശംബൂകന്‍റെ തലവെട്ടി പിളര്‍ക്കുന്നു. ഒരു ഭീരുവിനെ പോലെ ബാലിയെ വധിച്ച രാമന്‍ അതിലൂടെ തന്‍റെ ബ്രാഹ്മണ്യധര്‍മ്മം നടപ്പിലാക്കുകയായിരുന്നുവെന്നാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്. മനുവിന്‍റെ ധര്‍മശാസ്ത്രം അനുസരിച്ചാണ് രാമന്‍ ധര്‍മ്മം പ്രവര്‍ത്തിക്കുന്നത്. താരതമ്യമില്ലാത്ത ചതിയാണ്. ബാലിയെ വധിച്ച ചാതുര്‍വര്‍ണ്യപാലകനും മനുസ്മൃതിയുടെ ഉപാസകനുമായ വാല്‍മീകിയുടെ രാമനില്‍ നിന്ന് ആ രാമനെ ഭജിക്കുന്ന ആര്‍ക്കും നീതി ലഭിക്കണമെന്ന പ്രതീക്ഷപോലും അസ്ഥാനത്താണെന്ന് ഗ്രന്ഥകാരന്‍റെ നിരീക്ഷണം.
രാമായണത്തിന്‍റെ ആയിരകണക്കായ പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘ആരുടെ രാമന്‍’ എന്നത് വ്യത്യസ്തമാകുന്നതിന്‍റെ ഏറ്റവും പ്രധാനകാരണം ഇന്ത്യാചരിത്രത്തെ പൊതുവിലും കേരളാ ചരിത്രത്തെ വിശേഷിച്ചും സാംസ്കാരികമായി വിമര്‍ശനബോധ്യത്തോടെ സമീപിക്കുന്നുവെന്നതു കൊണ്ടു തന്നെയാണ്. ഇന്ത്യന്‍ മതപാരമ്പര്യങ്ങളെയും സാമൂഹികരൂപങ്ങളെയും വിശ്വാസവ്യവസ്ഥകളെയും മുന്‍നിര്‍ത്തി ജനാധിപത്യവ്യവസ്ഥയോട് ആദരവും പുലര്‍ത്തുന്ന നിരീക്ഷണങ്ങള്‍ ചരിത്രപരമായി അവതരിപ്പിക്കുവാന്‍ ഈ ഗ്രന്ഥത്തിന് കഴിയുന്നു. ബ്രാഹ്മണസാഹിത്യങ്ങളെ വിമര്‍ശനപരമായി പരിശോധിച്ച് നിലപാട് സ്വീകരിക്കണമെന്ന ബാബാസാഹിബ് അംബേദ്ക്കറുടെ ഉദ്ബോധനം ഈ കൃതി ഉന്നയിക്കുന്ന രാഷ്ട്രീയചോദ്യത്തിന്‍റെ അടിപടവായി നില്‍ക്കുന്നു. ആരുടെ രാമന്‍ എന്ന ഈ കൃതിക്ക് ആധികാരിക പഠനം എഴുതിയ പ്രൊഫസര്‍ കെ.എസ്. മാധവന്‍റെ നിലപാടും അതിനൊപ്പമാണ്. സാമൂഹികബന്ധങ്ങളുടെ നൈരന്തര്യങ്ങളെ വര്‍ത്തുളമായ ചാക്രികക്രമമായി ശാശ്വതസത്യങ്ങളുടെ ചലനമില്ലാത്ത അനാദിയായ ധര്‍മ്മമായി ചിത്രീകരിക്കുന്ന രീതി ഇതിഹാസപുരാണങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ചരിത്രബോധത്തിനുണ്ട്. ഇന്നലെയും ഇന്നിനെയും ബന്ധിപ്പിക്കുന്ന സാമൂഹിക സമയത്തെ ശാശ്വതമായ ഏകകാല സങ്കല്പമായി പുരാണങ്ങള്‍ നിര്‍മ്മിച്ചെടുത്തു. അതിന്‍റെ ഓരം പറ്റി കിട്ടിയ ജീവിതത്തെ ശപിച്ചു പഴിച്ചു കഴിയുന്ന ജനതയെ പാട്ടിലാക്കാനുള്ള അവസരമായി മാത്രമാണ് ഇതിഹാസ പുരാണങ്ങളെ ബ്രാഹ്മണ്യം കണ്ടത്.
ആണത്തമേല്‍ക്കോയ്മയുടെ സ്ഥാപനവല്‍ക്കരണം നടക്കുന്ന കുടുംബത്തിനുള്ളില്‍ സ്ത്രീയെ തളച്ചിടുന്ന ഗാര്‍ഹികബന്ധങ്ങളെ വിശകലനം ചെയ്യാനുള്ള ഒന്നായി സീതയെ മാറ്റുന്നതിന്‍റെ ആവിഷ്ക്കാരം കൂടി രാമായണത്തില്‍ കാണാം. ബ്രാഹ്മണ്യത്തിന്‍റെ മാറ്റുകൂടുന്നതിനുള്ള, അതിനെ പ്രത്യക്ഷീകരിക്കുന്ന നിലപാടുകള്‍ ഉള്ള സീതയെ നമുക്ക് കാണാം. ഉത്തമനാരീവിശേഷണത്തിന് അര്‍ഹമായ സീതയുടെ ജീവിതം കുലസ്ത്രീകളുടെ പാഠപുസ്തകമായി ചിത്രീകരിക്കുന്ന കാലത്തുനിന്നും സീത ബ്രാഹ്മണ്യത്തെ അരക്കിട്ടുറപ്പിക്കുന്ന സ്ത്രീയാണെന്ന് ഡോ.ശ്യാംകുമാര്‍ സ്ഥാപിക്കുന്നത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ പുരുഷന് അടിപ്പെട്ട് ജീവിക്കണമെന്ന കാഴ്ച സൃഷ്ടിച്ചത് പാതിവ്രത്യത്തിന്‍റെ സങ്കല്പത്തില്‍ നിന്നാണ്. ഇന്ത്യയില്‍ പാതിവ്രത്യത്തിന്‍റെ ചര്‍ച്ചയില്‍ എമ്പാടും മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് സീതയുടേത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ചിതയില്‍ ചാടി മരിക്കാന്‍ സ്ത്രീയെ പ്രാപ്തയാക്കിയതും ഈ പാതിവ്രത്യം തന്നെ. വാല്‍മീകിയുടെ സീത സ്വാതന്ത്ര്യത്തിന്‍റെ വിഹായസിലേക്ക് പറക്കുന്നില്ല. തന്ത്രിയില്ലാതെ വീണവായിക്കാന്‍ കഴിയാത്തതുപോലെ ചക്രമില്ലാതെ രഥം ചലിക്കാത്തതുപോലെ, നൂറ് മക്കളുണ്ടെങ്കിലും ഭര്‍ത്താവോടുകൂടിയവളല്ലെങ്കില്‍ സ്ത്രീ സുഖം പ്രാപിക്കില്ല (അയോദ്ധ്യാകാണ്ഡം 39.29) എന്നാണ് സീതപറയുന്നത്. വാല്‍മീകിരാമായണം അയോദ്ധ്യാകാണ്ഡത്തില്‍ പലഭാഗത്തും സ്ത്രീയുടെ അന്തസത്ത കാണാതെ ബ്രാഹ്ണ്യസ്ഥാപനത്തിനുവേണ്ടി നിലകൊള്ളുന്ന സീതയെ ഗ്രന്ഥകാരന്‍ അക്കമിട്ടു നിരത്തുന്നുണ്ട്. പാതിവ്രത്യം എന്ന ആശയം സംപൂര്‍ണ്ണമായും സ്ത്രീകളുടെ സ്വതന്ത്രാധികാരത്തെയും ഇഷ്ടങ്ങളെയും തകര്‍ത്തുതരിപ്പണമാക്കുന്നതാണ്. സ്ത്രീകളെ സ്വതന്ത്രവ്യക്തിത്വമുള്ളവരായി കാണാന്‍ വാല്മീകിക്ക് സാധിക്കുന്നില്ല. അതായത് സ്ത്രീവിരുദ്ധതയുടെ പച്ചയായ ആവിഷ്ക്കാരമാണ് പാതിവ്രത്യമായി വാല്‍മീകി വാഴ്ത്തുന്നത്. സ്ത്രീകള്‍ അനുഷ്ഠിക്കേണ്ട നിര്‍ബന്ധിത പ്രവര്‍ത്തിയായി പാതിവ്രത്യത്തെ മാറ്റിത്തീര്‍ത്തതിലൂടെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും ലിംഗനീതി സങ്കല്പങ്ങള്‍ക്കും എതിരായ ലോകബോധമാണ് വാല്‍മീകി രാമായണം മുന്നോട്ട് വയ്ക്കുന്നതെന്ന് (പുറം.129) ശ്യാം സ്ഥാപിക്കുന്നു. സ്ത്രീവിരുദ്ധതയുടെ ഘോഷയാത്ര യുദ്ധകാണ്ഡത്തില്‍ പ്രകടമാണെന്നതും നാം കാണേണ്ടതുണ്ട്. സീതയെ വീണ്ടെടുക്കാനായി രാമനോട് യുദ്ധം നടത്തി രാമന്‍ പലഘട്ടങ്ങളിലും സീതയെ- സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് നടത്തിയതെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കുമ്പോള്‍ ഉടയുന്ന രാമബിംബത്തെയാണ് ഗ്രന്ഥകര്‍ത്താവ് വെളിച്ചത്ത് നിര്‍ത്തുന്നത്. നിഗൂഢ അറയില്‍ തളച്ചിടേണ്ടതാണ് സ്ത്രീയെന്ന വാദം രാമന്‍ ഊട്ടി ഉറപ്പിക്കുന്നതായും കാണാന്‍ കഴിയുന്നു. വസ്ത്രം കൊണ്ട് മുഖം മറച്ച് രാമന്‍റെ മുന്നില്‍ നില്‍ക്കുന്ന സീതയോട് രാമന്‍ പറയുന്നത്. ‘ചാരിത്ര്യ സന്ദേഹം വന്നവളായി എന്‍റെ മുന്നില്‍ നില്‍ക്കുന്ന ഭവതി (സീത) നേത്രരോഗിക്ക് ദീപം എന്നപോലെ എനിക്ക് അഹിതമായി തീര്‍ന്നിരിക്കുന്നു’ എന്നാണ് (പുറം.149). ഭഗവാന്‍ അവതാര പുരുഷന്‍ എന്നൊക്കെ നൂറ്റാണ്ടുകളായി വിശേഷിപ്പിക്കപ്പെടുന്ന രാമന്‍, സീതയെ അഗ്നി പരീക്ഷയിലേക്ക് നയിക്കുന്ന രാമന്‍ ഏതര്‍ത്ഥത്തിലാണ് രക്ഷകനാകുന്നത്. കാലങ്ങളായി വിശുദ്ധമായ ആചാര അനുഷ്ഠാനങ്ങളുടെ അകമ്പടിയോടെ വാല്‍മീകി രാമായണം പാരായണം ചെയ്ത് ആത്മനിര്‍വൃതി അടയുന്ന ഇന്ത്യന്‍ സ്ത്രീസമൂഹത്തെ കബളിപ്പിക്കുകയാണ് ഈ ഇതിഹാസ കൃതി ചെയ്തതെന്ന് പറയേണ്ടി വരുന്നു.
രാമന്‍റെ സീതാപരിത്യാഗം ഉത്തമനായ ഭരണാധികാരിയുടെ വിവേകമാണ് കാണിക്കുന്നതെന്ന വാദത്തിലും കഴമ്പില്ലെന്ന് ഈ പഠനത്തിലൂടെ കടന്നുപോകുന്ന ആര്‍ക്കും കാണാന്‍ പ്രയാസമുണ്ടാകില്ല. ഉത്തരകാണ്ഡത്തിലെ ശ്ലോകങ്ങളിലെല്ലാം ഈ ചിന്ത പ്രകടമാണ്. മറ്റൊരുവന്‍റെ കൂടെ കഴിഞ്ഞവളെ രാമന്‍ കൂടെ പൊറുപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്കും അപ്രകാരം ചെയ്യേണ്ടിവരുമെന്ന് ചിന്തിച്ച രാമന്‍ ലക്ഷ്മണനോട് പറയുന്നത് ഇപ്രകാരമാണ് “ഗംഗാനദിയുടെ അക്കരയില്‍ വാല്‍മീകി മഹര്‍ഷിയുടെ ആശ്രമമുണ്ട്, തമസാ നദിയുടെ തീരത്ത് മനോഹരമായ ആശ്രമം, അവിടെ സീതയെ പരിത്യജിച്ച് വേഗത്തില്‍ പോന്നാലും (പുറം.153). ഡോ.ബി.ആര്‍. അംബേദ്ക്കറിന്‍റെ നിരീക്ഷണം ഗ്രന്ഥകാരന്‍ ഇവിടെ ഉദ്ധരിക്കുന്നത് ശരിയും കൃത്യവുമാണ് നിരീക്ഷിക്കേണ്ടിയിരിക്കുന്നത്. പല നിരൂപകരും ഈ സന്ദര്‍ഭം ഭര്‍ത്താവിനോടുള്ള സീതയുടെ അപരിമേയമായ ഭക്തിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ലിംഗപദവി ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സീതയുടെ നിലപാട് സ്ത്രീകള്‍ക്കുതന്നെ അപമാനകരമാണെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്. രാമനുണ്ടായ അപവാദത്തില്‍ നിന്നും അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കില്‍ ഇതാണ് മാര്‍ഗ്ഗമെന്നും അത് തന്‍റെ കടമയാണെന്നും വാല്‍മീകി സീതയെകൊണ്ട് പറയിപ്പിക്കുന്നു. മാത്രമല്ല രാമന്‍റെ തികച്ചും വൈയക്തികമായ നിലപാടിനെ ജനാധിപത്യവിരുദ്ധമായ പ്രഖ്യാപനമാക്കി മാറ്റാനും രാമായണം ശ്രദ്ധിച്ചു. തന്‍റെ പേരും പെരുമയും പരിരക്ഷിക്കുവാനുള്ള ആ അതിനീചമായ പദ്ധതി (സീതാത്യാഗം) അദ്ദേഹം വെളിപ്പെടുത്തുന്നത് തന്‍റെ സഹോദരന്മാരോടാണ്, അത് ബാധിക്കുന്ന ഏക വ്യക്തിയും അതുമുന്‍കൂട്ടി അറിയാന്‍ അര്‍ഹതപ്പെട്ട ഏകവ്യക്തിയും ആയ സീതയോടല്ല. എന്നാല്‍ സമ്പൂര്‍ണമായ അന്ധകാരത്തില്‍ നിന്നും അവര്‍ ഒഴിച്ചു നിര്‍ത്തപ്പെടുന്നു എന്ന അംബേദ്കറിന്‍റെ നിരീക്ഷണം (ഠവല ഞശററഹലെ ീള ഞമാമ മിറ ഗൃശവെിമ) ഇവിടെ പ്രസക്തമാകുന്നു.
ചാതുര്‍വര്‍ണ്യധര്‍മവും ബ്രാഹ്മണ്യത്തിന്‍റെ ഉദാത്തതയും സ്ഥാപിക്കലാണ് രാമായണത്തിന്‍റെ ലക്ഷ്യമെന്ന സമകാലിക ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ വിശകലനം ചെയ്യുന്നു നിരീക്ഷണങ്ങളാണ് ‘ആരുടെ രാമന്‍’ എന്ന കൃതിയുടെ രണ്ടാം ഭാഗം. അയോദ്ധ്യ എന്ന ജാതിരാജ്യത്തിന്‍റെ സ്ഥാപനത്തിനായി വാല്‍മീകി ഇന്ത്യയോട് ചെയ്ത അതേ വ്യവഹാരങ്ങള്‍ തന്നെയാണ് ഹിന്ദുത്വശക്തികള്‍ വര്‍ത്തമാനകാലത്തും അനുവര്‍ത്തിക്കുന്നതെന്ന് കാണാന്‍ പ്രയാസമില്ല. ആമുഖപഠനത്തില്‍ അതിന്‍റെ എല്ലാ അന്തര്‍ധാരകളെയും ഇഴകീറാന്‍ ഡോ.കെ.എസ്. മാധവന് കഴിഞ്ഞിട്ടുമുണ്ട്. ത്രൈവര്‍ണിക സംസ്കാരത്തിന്‍റെ അടിത്തറ ഉല്‍പാദന പ്രവൃത്തികളില്‍ നേരിട്ട് കായികശേഷിയും അറിവും സാങ്കേതികജ്ഞാനവും നല്‍കാതെ അതിന്‍റെ മിച്ചം കൊള്ളയടിക്കുകയും മിച്ചം ഉത്പാദിപ്പിക്കുന്ന സമൂഹങ്ങളെ കീഴോരും ജാതി ശൂദ്രരും അയിത്തക്കാരുമാക്കി പുറന്തുള്ളുന്നതാണ്. കീഴോരാക്കപ്പെട്ട സമൂഹങ്ങളുടെ മേല്‍ സാംസ്കാരികാധിപത്യവും മൂലധന അധികാരവും രാഷ്ട്രീയകോയ്മയും സ്ഥാപിച്ചുകൊണ്ട് പരാന്നഭോജികളായി നിലനില്‍ക്കുന്നു എന്നതാണ് ത്രൈവര്‍ണികരുടെയും ജാതി ബ്രാഹ്മണ്യത്തിന്‍റെയും സ്വഭാവം (പു.83,84). ബ്രാഹ്മണ്യത്തെ സംരക്ഷിക്കേണ്ട ചുമതല എല്ലാ രാജവംശങ്ങളും സ്വയം ഏറ്റെടുത്ത ആധുനികപൂര്‍വ്വ ഇന്ത്യയിലെ അധികാരവ്യവസ്ഥ രാമനോട് ചേര്‍ന്നു നില്‍ക്കുന്നുവെന്ന് കാണാന്‍ വിഷമമില്ലെന്ന് ഈ പുസ്തകം സ്ഥാനപ്പെടുത്തുന്നു. വേദകാലം മുതല്‍ നിഗൂഢവല്‍ക്കരണത്തിലൂടെയും അനുഷ്ഠാനരൂപങ്ങളിലൂടെയും ആധിപത്യമുറപ്പിച്ച രാമസ്ഥാനം പില്‍ക്കാലത്ത് ആള്‍ക്കൂട്ട രാഷ്ട്രീയത്തിലും അധികാരരൂപങ്ങളിലും ഇഴുകിച്ചേര്‍ന്നതില്‍ അല്‍ഭുതങ്ങള്‍ക്ക് അവകാശമില്ലാതാക്കുന്നതും അങ്ങനെ തന്നെയാണ്.
ഇന്ത്യയുടെ നാനാസ്ഥലികളും കാലങ്ങളായി പിന്തുടര്‍ന്ന് പ്രതിഷ്ഠിക്കപ്പെട്ട ജാതിരൂപങ്ങളുടെ വ്യത്യസ്തമായ ആഖ്യാനങ്ങള്‍ക്ക് കേരളത്തിലും പഞ്ഞമുണ്ടായിരുന്നില്ല. രാമായണം ഇന്ത്യയോട് ചെയ്ത അതേ ധര്‍മ്മം കേരളത്തിലും സംഭവിച്ചുകൊണ്ടിരുന്നു. “ജാതി മനുഷ്യരില്‍ കയറിമൂത്തുപോയി ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസന്‍ തന്നെ ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് രണ്ടുവിധം പറഞ്ഞിരിക്കുന്നു. ജാതി കളയണം അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരേ സമുദായമാണല്ലോ ആ നില വരത്തക്കവണ്ണം ജാതിയെ ഉപേക്ഷിക്കണം”- ശ്രീനാരായണഗുരുവിന്‍റെ ഈ വരികളില്‍ ശങ്കാരാചാര്യരെ നേരിട്ട് വിമര്‍ശിക്കുകയാണ്. ജാതിയെ മേല്‍കൈയ്യിട്ട് ഉറപ്പിക്കുന്ന ശങ്കരാദ്വൈതം ശൂദ്രന് വേദാധികാരമില്ലെന്ന് സ്ഥാപിച്ചിട്ടുണ്ട്. അസമത്വത്തിന്‍റെ ആര്യവല്‍ക്കരണയുക്തിയാണ് ശാങ്കരദര്‍ശനം പ്രകടിപ്പിക്കുന്നതെന്ന ഗ്രന്ഥകാരന്‍റെ നിരീക്ഷണം ചരിത്രപരതയില്‍ നിന്നുതന്നെയെന്ന് കാണാന്‍ പ്രയാസമില്ല. ഇന്ത്യയിലെ ജാതിവ്യത്യാസത്തെ ഇല്ലാതാക്കാന്‍ ശങ്കരന് സാധിച്ചില്ലെന്നു മാത്രമല്ല ജാതിഭേദം വര്‍ദ്ധിപ്പിക്കാനാണ് ശാങ്കര ദര്‍ശനങ്ങള്‍ക്ക് സാധിച്ചതെന്ന് ഗ്രന്ഥകാരന്‍ ഉറപ്പിക്കുന്നു.
ജാതിക്കൊലകളെ സംബന്ധിച്ചും ഇത്തരം ചില നിരീക്ഷണങ്ങള്‍ ‘ആരുടെ രാമന്‍’ പങ്കുവെയ്ക്കുന്നു. ആധുനിക ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജാതിക്കൊലകള്‍ ധാരാളം നടക്കുന്ന സാഹചര്യത്തില്‍ അതിനെ അഭിസംബോധന ചെയ്യേണ്ടത് ആവശ്യമാണ്. സവര്‍ണ അവര്‍ണ വിവാഹങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ജാതിക്കൊലകള്‍ ഇന്ത്യയുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിന് നല്‍കുന്ന കനത്ത വെല്ലുവിളി കണ്ടില്ലെന്ന് നടിക്കുന്ന അധികാരദുരയ്ക്കെതിരെ ‘ആരുടെ രാമന്‍’ സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. തെലങ്കാനയില്‍ കൊലചെയ്യപ്പെട്ട പ്രണയ്കുമാറും കോട്ടയത്ത് കൊലചെയ്യപ്പെട്ട കെവിനും ഇത്തരം ജാതിക്കൊലകളുടെ ഇരകളാണ്.
കേരളസമൂഹം ഇന്ന് എത്തിച്ചേര്‍ന്നു നില്‍ക്കുന്ന അപരിഷ്കൃതത്വത്തിന്‍റെയും ചരിത്രം ഈ പുസ്തകത്തില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ബ്രാഹ്മണരുടെ ‘കാലുകഴുകിച്ചൂട്ടു’ നടത്തുന്ന പാലക്കാട് ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടക്കുന്ന ആചാരം നവോത്ഥാന കേരളത്തിന് എത്രമാത്രം ആക്ഷേപകരമാണ്. കേരളീയ തന്ത്രഗ്രന്ഥങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന അധികാരചരിത്രങ്ങളും ഒട്ടും ആശാസ്യമല്ലാത്ത നിലയിലാണ്. ചരിത്രപരമായി ആഴത്തില്‍ വേരൂന്നിയ താന്ത്രികാനുഷ്ഠാനമായ കാലുകഴുകിച്ചൂട്ടല്‍ ബ്രാഹ്മണ്യത്തെ വേരുപിടിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് ഏറെയാണ്. വര്‍ത്തമാനകാല കേരളത്തില്‍ ഈ ആചാരം വേരുപിടിപ്പിക്കാത്തതിന്‍റെ പ്രധാന കാരണം രാഷ്ട്രീയ സാമൂഹികാധികാരഘടന ഫലപ്രദമായി പുതുക്കലുകള്‍ക്ക് വിധേയമാകുന്നതുകൊണ്ടും ഹിന്ദുത്വരാഷ്ട്രീയം അടിക്കടി തിരിച്ചടി നേരിടുന്ന കാലാവസ്ഥ ഉള്ളതുകൊണ്ടുമാണ്.
വേദഇതിഹാസ പുരാണ പാരമ്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ ഭക്തിയുടേയും ആത്മീയതയുടേയും വ്യാപാരങ്ങള്‍ കൊഴുക്കുന്നത്. കീഴാളജനതയുടെ ആരാധനാസ്ഥാനങ്ങളായ കാവുകളെ ക്ഷേത്രമാക്കി മാറ്റുന്നതും കാളിയും യക്ഷനും അയ്യനും അടങ്ങുന്ന ദേവതാസങ്കല്പങ്ങളെ വരേണ്യവല്‍ക്കരിച്ച് കച്ചവടമാക്കുന്നതും പ്രബലമായ കാഴ്ചകളാണ്. കീഴാള ദൈവങ്ങളെ കൊന്നുതിന്ന് കൊഴുക്കുന്ന രീതിയില്‍ ബ്രാഹ്മണ്യം അതിന്‍റെ എല്ലാഭാവങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ആള്‍ദൈവങ്ങളും അശുദ്ധി വിചാരങ്ങളും അനാചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയജനതയെ അത്യധികം വിഷലിപ്തമായ സാമൂഹികാന്തരീക്ഷത്തിലേക്ക് നയിക്കുന്നുവെന്ന് “ആരുടെ രാമന്‍” വിരല്‍ചൂണ്ടുന്നു.
കര്‍മസിദ്ധാന്തത്തെ ന്യായീകരിക്കുന്ന ജ്ഞാനപ്പാനയെ സംബന്ധിച്ചുള്ള വിമര്‍ശനം കേരളീയ സാംസ്കാരിക ചരിത്രത്തില്‍ പുതുമയുള്ളതാണ്. ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെയും സ്ത്രീവിരുദ്ധതയെയും പാന ന്യായീകരിക്കുന്നുവെന്നു മാത്രമല്ല ബ്രാഹ്മണ്യവ്യവസ്ഥയെ ഉച്ചസ്ഥാനത്തു പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നു. അരികുവല്‍ക്കരണവും അസമത്വവും ഈശ്വര സൃഷ്ടിയാണെന്ന പൂന്താനത്തിന്‍റെ വാദത്തെ ഈ ഗ്രന്ഥം സൂക്ഷ്മ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്.
ഡോ.കെ.എസ്.ഭഗവാന്‍റെ എന്തുകൊണ്ട് രാമക്ഷേത്രം എന്ന പഠനത്തില്‍ പ്രസക്തമായ ഒരു ചോദ്യമുണ്ട് അതിങ്ങനെയാണ് വാല്‍മീകിരാമായണത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള രാമന്‍റെ കഥ ഭാരതത്തിന്‍റെ ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിട്ടുള്ള സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹികനീതി, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിരുദ്ധമാണെന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണം (പു.95) യുദ്ധത്തെ സംഗീത കച്ചേരിയായി വാഴ്ത്തുന്ന ഒരു പുസ്തകം നൂറ്റാണ്ടുകളായി വിശുദ്ധ ഗ്രന്ഥം പോലെ പാരായണം ചെയ്ത് ജനതയെ അടിമകളാക്കിവെച്ച ഭരണാധികാരത്തിന്‍റെ അതേ ജാതീയ ക്രോധമാണ് ഇന്നും പാരായണം ചെയ്യാന്‍ വിധിക്കപ്പെടുന്നത്. ഈ ആദികാവ്യം കേള്‍ക്കുന്ന എല്ലാ നരന്മാരും പാപങ്ങളില്‍ നിന്ന് മുക്തരാകുമെന്നും പുത്രകാമന്മാര്‍ പുത്രരെയും ധനകാമന്മാര്‍ ധനത്തെയും നേടുമെന്ന് പറയുന്ന ഈ കൃതി ഇതര ജാതിക്കാര്‍ വായിക്കാന്‍ പാടില്ലെന്നും അത് ബ്രാഹ്മണ വായനക്കാരില്‍ നിന്നുമാത്രം കേള്‍ക്കപ്പെടേണ്ടതാണെന്നും നിഷ്കര്‍ഷിക്കുന്നു. ബ്രാഹ്മണര്‍ക്കുമാത്രം ദാനം നല്‍കുന്ന അതിനെ പ്രോല്‍സാഹിപ്പിക്കുന്ന രാമനും സീതയും രാമായണത്തില്‍ വിവരിക്കപ്പെടുന്ന എല്ലാ ഹിംസകളും ബ്രാഹ്മണഹിതം സംരക്ഷിക്കുന്നതിനായി നിര്‍വഹിച്ച് അതിനെ ന്യായീകരിക്കുന്ന രാമനും ആധുനിക ജനാധിപത്യക്രമത്തില്‍ മതനിരപേക്ഷമായി സ്വീകരിക്കപ്പെടണമെന്ന് യുക്തി എങ്ങനെയാണ് സ്വീകരിക്കപ്പെടുക. ജാതിഭേദവും മതവിദ്വേഷവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സവര്‍ണാധികാര രാഷ്ട്രീയത്തിനുള്ളില്‍ ഒരു ജനതയെ തളച്ചിടാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ യുക്തിയെയാണ് “ആരുടെ രാമന്‍ ” ചോദ്യംചെയ്യുന്നത്. നമ്മുടെ ദേശരാഷ്ട്രസങ്കല്പങ്ങളില്‍ തുല്യതയ്ക്ക് മാത്രമാണ് പ്രാധാന്യം. അവിടെ ജാതിയോ മതമോ വര്‍ണമോ ലിംഗമോ പ്രസക്തിയുള്ള ചോദ്യമല്ല. പൗരന്‍ എന്നതിനാണ് പ്രാധാന്യം. മനുഷ്യനാണ്, മനുഷ്യത്വമാണ് ജനാധിപത്യം മുന്നോട്ടു വയ്ക്കുന്ന കേന്ദ്ര പ്രമേയം. ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന നീതിദര്‍ശനത്തെ സൂക്ഷ്മപ്പെടുത്തുന്ന നിരീക്ഷണങ്ങളാല്‍ സമ്പന്നമാണ് ഡോ.ടി.എസ്.ശ്യാംകുമാറിന്‍റെ ആരുടെ രാമന്‍ എന്ന പഠനഗ്രന്ഥം. രാമന്‍ ഉടയുന്ന രാഷ്ട്രീയ ബിംബമാണെന്ന് ഈ ഗ്രന്ഥത്തിലെ ഓരോ വരിയും അടയാളപ്പെടുത്തുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.